Article POLITICS

ചെറുകാടെഴുതിയ പുഴകളില്‍ വേലിയേറ്റമറിഞ്ഞുവോ?

 cherukad

ചെറുകാടിന്റെ വിയോഗത്തിനുശേഷം നാലു പതിറ്റാണ്ടു കടന്നുപോയിരിക്കുന്നു.  ഒരു കാടൊഴിഞ്ഞ ശൂന്യത നാമനുഭവിക്കുന്നുണ്ട്.  ചെറുകാടെന്നൊരു കാടുണ്ടെങ്കില്‍ ആ കാടു ചുട്ടുകരിക്കുമെന്ന് ഭീഷണിയുടെ സ്വരത്തിലല്ലെങ്കിലും വിയോജിപ്പുകളുടെ തീവ്രതയോടെ പറഞ്ഞവരുണ്ടായിരുന്നു. അവരില്‍ പലരും ആ തണലിലേക്കും ആകുലതകളിലേക്കും ചാഞ്ഞുനില്‍ക്കുന്നതും പിന്നീട് കണ്ടു.   ചെറുകാടായും ചിലപ്പോഴൊക്കെ മലങ്കാടായും അടയാളപ്പെട്ട തെഴിപ്പുകളുടെ ലാവണ്യധാര വേറിട്ടതായിരുന്നു.

കറുപ്പും കൊന്ത്രമ്പല്ലും പുറത്തുകാട്ടി നട്ടെല്ലു നിവര്‍ത്തിനിന്ന നാണിമിസ്ട്രസ്സും അവരുടെ മുത്തശ്ശിയും മലയാളനോവലിനെ അതിന്റെ വരേണ്യവിലാസങ്ങളില്‍നിന്ന് വലിച്ചിറക്കി.   ആദ്യനോവലായ മണ്ണിന്റെ മാറില്‍ പതിഞ്ഞു കിടന്ന കിതപ്പിന്റെയും വിയര്‍പ്പിന്റെയും ആശ്ലേഷത്തെ മുത്തശ്ശിയും ശനിദശയും ദേവലോകവും ഭൂപ്രഭുവും പ്രമാണിയുമെല്ലാം ഏറ്റുവാങ്ങി.   വെയില്‍വരമ്പില്‍ തലയില്‍ കഞ്ഞിക്കലവുമായി വിയര്‍ത്തൊട്ടിനിന്ന കാളിയില്‍ സൗന്ദര്യദേവതയെ കണ്ട കൊണ്ടേരനായി ചെറുകാട് നിറഞ്ഞു.

ഒക്‌ടോബര്‍ 28 അടുത്തെത്തുമ്പോഴെല്ലാം ചുവന്ന സഞ്ചിതൂക്കി പ്രസന്നവദനനായി നടന്നുവരുന്ന കട്ടിമീശക്കാരന്റെ ചിത്രം തെളിയാറുണ്ട്.  അതു നേരിട്ടു കണ്ടതിന്റെ ഓര്‍മ്മയല്ല.  ദേശാഭിമാനി വാരികയിലെ ഒരു പഴയ ചിത്രമാണ്.  കളര്‍ചിത്രമായിരുന്നില്ലെങ്കിലും ആ സഞ്ചിക്കു ചുവപ്പു നിറമേ തോന്നിയിട്ടുള്ളു. ചെറുകാടെഴുതിയതെല്ലാം ആവേശത്തോടെ വായിച്ചു തീര്‍ത്തത് സ്‌കൂള്‍ ജീവിതകാലത്താണ്.   പാവങ്ങളും അമ്മയും യുദ്ധവും സമാധാനവും വായിച്ച കൗതുകങ്ങളെ രാഷ്ട്രീയമായ ഉണര്‍വ്വുകളിലേക്കോ ദിശകളിലേക്കോ കൊണ്ടുപോയത് ചെറുകാടാണ്.   മണ്ണിന്റെ മാറിലൂടെയും മുത്തശ്ശിയിലൂടെയും നമ്മളൊന്നിലൂടെയുമെല്ലാം തുറന്നുകിട്ടിയ രാഷ്ട്രീയബോധത്തിന് ദേവലോകം തുറന്ന സ്വയംകീറിമുറിക്കലുകളുടെ വിമര്‍ശന ധീരതയും കൂട്ടുവന്നു.   ജീവിതപ്പാതയുടെ ആത്മാശ്ലേഷംപോലെ മറ്റൊരു വായനാനുഭവം കുറെകാലത്തേക്കു വേറെയുണ്ടായിരുന്നില്ല.

ചെറുകാടുമായി ബന്ധപ്പെട്ട എല്ലാം എനിക്കു ആദരണീയമായിരുന്നു. ചെറുകാടിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാരും എനിക്കു പ്രിയപ്പെട്ടവരായി.  യോജിപ്പിന്റെയും വിയോജിപ്പിന്റെയും വഴികളിലൂടെ അകന്നും അടുത്തും നടന്നിട്ടുണ്ട്.  അപ്പോഴൊക്കെ അവരോടെല്ലാമുള്ള ആദരവും സൗഹൃദവും നിലനിന്നു. ചെറുകാടിനെപ്പോലെ അടുപ്പം തോന്നിച്ച എഴുത്തുകാരന്‍ വേറെയില്ല. അനേകരോട് സൗഹൃദവും സാഹോദര്യവും തന്നത് ആ എഴുത്താണ്. ജീവിതപ്പാതയുടെ വായനയാണ് വല്ലാതെ കുലുക്കിയുണര്‍ത്തിയത്. അന്നത്തെ വായനയില്‍ അതത്ഭുതമായിരുന്നു.  ഇങ്ങനെ സ്വയം തുറന്ന് എല്ലാവരെയും അകത്തുകയറ്റുന്ന ആലിംഗനമേതുണ്ട്?

ഒരു ഒക്‌ടോബര്‍ 28ന് ചെറുകാടിനെ അനുസ്മരിച്ചത് കെ എന്‍ എഴുത്തച്ഛനായിരുന്നു.  നിറകുടമെന്നു ചെറുകാട് നേരത്തേ തിരിച്ചറിഞ്ഞ ധൈഷണിക ഗൗരവത്തിന്റെ ലളിതരൂപം.  അതീവ സൗമ്യനായ മനുഷ്യന്‍.  അദ്ദേഹമില്ലായിരുന്നെങ്കില്‍ ചെറുകാട് വിദ്വാന്‍ പരീക്ഷ പാസാകുമായിരുന്നില്ല.  പാവറട്ടിയിലെ സംസ്‌കൃത പാഠശാലയിലും പട്ടാമ്പിയിലെ സംസ്‌കൃത കോളേജിലും അദ്ധ്യാപകനാവുമായിരുന്നില്ല.  ചിലപ്പോള്‍ ഈ പുസ്തകങ്ങളേ എഴുതുമായിരുന്നില്ല.  കെ എന്ന് രാഷ്ട്രീയം കൊടുത്തു വിദ്യവാങ്ങിയ അനുഭവകാലമുണ്ട്.  ആ ഓര്‍മകളിലൂടെ പതുക്കെ സഞ്ചരിച്ചു തുടങ്ങിയതായിരുന്നു എഴുത്തച്ഛന്‍മാഷ്.  കലിക്കറ്റ് സര്‍വ്വകലാശാലയിലെ ലൈബ്രറിയുടെ മുകളിലെ നില അന്ന് ഓഡിറ്റോറിയമായിരുന്നു. അവിടെവെച്ചായിരുന്നു അനുസ്മരണം. നിശബ്ദമായ നിറഞ്ഞ സദസ്സ്.  ചെറുകാടിനെ ഓര്‍ത്തുപെയ്ത ശബ്ദം പൊടുന്നനെ ഇടറി നിലച്ചു.  എഴുത്തച്ഛന്‍മാഷ് ഞങ്ങള്‍ നോക്കിനില്‍ക്കെ യാത്രയായി.  അത് 1981ലായിരുന്നു.

പിന്നീട് ചെറുകാടുമാഷുടെ ഓര്‍മ്മകള്‍ക്കു എഴുത്തച്ഛന്‍മാഷുടെ കൂട്ടുണ്ടായി.  അതേ ദിവസം വയലാര്‍ രാമവര്‍മ്മയുടെകൂടെ ഓര്‍മ്മകളുടെ ദിവസമാണ്.  ഈ മൂന്നുപേരെ, മൂന്നിടങ്ങളിലൂടെ മലയാളിയെ സ്വന്തം വേരുകളിലേക്കു തിരിച്ചു നിര്‍ത്തിയ ചരിത്രദൂതരെ ഒറ്റദിവസം ഓര്‍ക്കുന്നതു മഹത്തായ പ്രവര്‍ത്തനമാണ്. നാമെവിടെ നില്‍ക്കുന്നുവെന്ന് അറിയാനുള്ള ലളിതസൂത്രം.  വയലാര്‍ മറഞ്ഞിട്ടു നാല്‍പ്പത്തിയൊന്നു വര്‍ഷവും എഴുത്തച്ഛന്‍മാഷ് മറഞ്ഞിട്ടു മുപ്പത്തിയഞ്ചു വര്‍ഷവുമായി.  അവരെഴുതിയ ജീവിതവും കാലവും നമ്മെ പ്രചേദിപ്പിച്ചുകൊണ്ടിരിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്നവന്റെയും അകറ്റിനിര്‍ത്തപ്പെടുന്നവന്റെയും ജീവിതമാണ് ചെറുകാട് എപ്പോഴും പറഞ്ഞത്.  അദ്ധ്വാനത്തിന്റെ ആയത്തില്‍തന്നെയാണ് ആനന്ദത്തിന്റെ ഉറവകളെന്ന് അദ്ദേഹം അനുഭവിപ്പിച്ചു.  അതളക്കാന്‍ അധികാരത്തിന്റെ രസസൂത്രങ്ങള്‍ക്കു സാധ്യമാവില്ല.  സാമാന്യയുക്തികളും കീഴ് വഴക്കങ്ങളും പൊളിച്ചുപണിയുന്ന മഹത്തായ വീണ്ടെടുപ്പിന്റെ വഴിയാണത്. പകരദര്‍ശനത്തിന്റെ തെളിച്ചംകൊണ്ട് കലയെ വിമോചിപ്പിക്കുന്ന പ്രക്രിയ.

ചെറുകാടിന്റെ ഓര്‍മ്മ ചരിത്രത്തെയും വര്‍ത്തമാനത്തെയും അഭിവാദ്യംചെയ്യുന്നത് , താന്‍ കടന്നുപോന്ന വേറിട്ട വഴിയുടെ പതാകവീശിക്കൊണ്ടാണെന്നത് തീര്‍ച്ചയായും എന്നെ ആവേശം കൊള്ളിക്കുന്നു.  ഉയര്‍ത്തിയ മുഷ്ടിയോടെ ഞാന്‍ അഭിവാദ്യം മടക്കട്ടെ.

23 ഒക്‌ടോബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )