Article POLITICS

കേരളത്തിലെ ഭൂ അവകാശപ്രഖ്യാപനവും ചലോ തിരുവനന്തപുരം പ്രസ്ഥാനവും

mevaa

മണ്ണിനുവേണ്ടിയുള്ള സമരം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ്. അകറ്റി നിര്‍ത്തപ്പെട്ടവരോ പുറന്തള്ളപ്പെട്ടവരോ ആയ ജനത ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളില്‍ അവകാശം സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായ ഭൂ അവകാശ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നലെയും ഇന്നുമായി തൃശൂരില്‍ നടന്നു. ചലോ ഉന പ്രക്ഷോഭത്തിന്റെ നേതാവ് ജിഗ്നേഷ് മേവാനിയാണ് ഉദ്ഘാടനവും സമരപ്രഖ്യാപനവും നിര്‍വ്വഹിച്ചത്.

ചലോ ഉനയും പിന്നീട് ചലോ ഉടുപ്പിയും പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പുതിയൊരു പ്രസ്ഥാനത്തിനാണ് ഇന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ജാതിഹിന്ദുത്വത്തിന്റെ സൈനികമുഖമായ സംഘപരിവാരങ്ങളെയും വിഭവാധികാരത്തെ ന്യൂനപക്ഷത്തിന്റെതാക്കുന്ന അധികാരശക്തികളെയും വെല്ലുവിളിക്കുന്നവിധം ആദിവാസികളും ദളിതരും സ്ത്രീകളും ഇതര ചൂഷിതവിഭാഗങ്ങളും സമരോന്മുഖ ഇടതുപക്ഷ ധാരകളും മതേതര ജനാധിപത്യവാദികളും സംഘടിതരായിരിക്കുന്നു. 2017ന്റെ തുടക്കത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ചലോ തിരുവനന്തപുരം പ്രക്ഷോഭം ദേശീയമായ പുതിയ ജാഗരണത്തിന്റെയും മുന്നേറ്റത്തിന്റെയും കരുത്തു വര്‍ദ്ധിപ്പിക്കും. ജിഗ്നേഷ് മേവാനിതന്നെയാണ് ഈ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുക.

ഭൂ പരിഷ്‌ക്കരണം നടപ്പായ സംസ്ഥാനമാണ് കേരളം എന്നു വിഖ്യാതമായ കേരള മോഡലിനെ മുന്‍നിര്‍ത്തി ആവേശം കൊള്ളുന്നവരുണ്ട്. ആദ്യചുവടിലേ നിന്നു പോയതോ അലസിപ്പിക്കപ്പെട്ടതോ ആയ പരിഷ്‌ക്കരണമാണത്. മണ്ണില്‍ പണിചെയ്യുന്നവന് മണ്ണിലവകാശം ലഭിച്ചില്ല. ഉണ്ടായ പരിഷ്‌ക്കരണമാവട്ടെ, ഭൂമിയുടെ യഥാര്‍ത്ഥാവകാശികളെ ജാതിക്കോളനികളിലേക്കും ചേരികളിലേക്കും വകഞ്ഞുമാറ്റി. സമഗ്രമായ ഒരു ഭൂനയം ആവിഷ്‌ക്കരിക്കാനും അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കു ഭൂമിയുടെ അവകാശം തിരിച്ചേല്‍പ്പിക്കാനും ഗവണ്‍മെന്റ് സന്നദ്ധമാവണം. എന്നാല്‍ അങ്ങനെയൊരു അജണ്ട സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. ഭൂപരിഷ്‌ക്കരണത്തെ അടഞ്ഞ അദ്ധ്യായമായേ അവര്‍ കരുതുന്നുള്ളു. പകരം ഭൂരഹിതരെയും ഭവന രഹിതരെയും പുനരധിവസിപ്പിക്കാമെന്നാണ് വാഗ്ദാനം. പാര്‍പ്പിടമല്ല, പാര്‍പ്പിടമൊരുക്കാനാവുന്ന തൊഴിലും ജീവിക്കാനുള്ള അധികാരാവകാശങ്ങളും ഉറപ്പാക്കുകയാണ് മുഖ്യം. അതിനു സര്‍ക്കാര്‍ വച്ചുനീട്ടുന്ന ഭവനപദ്ധതികളിലെ വീടോ ഫ്‌ളാറ്റു മുറിയോ മതിയാവുകയില്ല. അവകാശപ്പെട്ട ഭൂമിയില്‍നിന്നും അകറ്റി നിര്‍ത്താനും പുതിയ രീതിയില്‍ ജാതിക്കോളനികള്‍ നിലനിര്‍ത്താനും വരേണ്യാധികാരം ഉടവുതട്ടാതെ സംരക്ഷിക്കാനും മാത്രമേ അതുതകുകയുള്ളു.

തൃശൂര്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ഭൂ അവകാശ പ്രഖ്യാപനത്തിന്റെ മൂന്നാം ഖണ്ഡിക ഇങ്ങനെ പറയുന്നു; ജന്മിത്തവും പാട്ടക്കുടിയായ്മാ വ്യവസ്ഥയും അവസാനിപ്പിക്കാന്‍ ഡസന്‍ കണക്കിന് നിയമ നിര്‍മ്മാണം 1960 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ മുന്‍കയ്യില്‍ നടന്നിട്ടുണ്ട്. കൃഷിഭൂമി കര്‍ഷകന് എന്ന ആവശ്യമുന്നയിച്ചുകൊണ്ട്, നിയമ നിര്‍മ്മാണത്തെ പിന്തുണച്ചുകൊണ്ട്, സുദീര്‍ഘമായ ജനകീയ പ്രക്ഷോഭങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രകൃതി – വനഭൂമിയിലുള്ള ആദിവാസികളുടെ അവകാശം, ദളിതര്‍ – തോട്ടംതൊഴിലാളികള്‍ – കര്‍ഷകത്തൊഴിലാളികള്‍ – മത്സ്യത്തൊഴിലാളികള്‍ – തുടങ്ങിയ പാരമ്പര്യ സമൂഹങ്ങളുടെ പ്രകൃതി, വനഭൂമി, സമുദ്രം, തണ്ണീര്‍ത്തടങ്ങള്‍, മറ്റു പ്രകൃതി വിഭവങ്ങള്‍ എന്നിവയിലുള്ള അവകാശങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന ഒരു നിയമ നിര്‍മ്മാണവും നടത്തുന്നതില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ദയനീയമായി പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

ഉനയില്‍, അഞ്ചേക്കര്‍ ഭൂമി വേണം എന്നാവശ്യപ്പെടുന്ന പ്രക്ഷോഭത്തില്‍ തനിക്കൊപ്പം അണിനിരന്ന കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഇക്കാര്യം മറന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് മേവാനി ചോദിക്കുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളില്‍ ദളിതരുടെയും പ്രാന്തവല്‍കൃത ജനസമൂഹങ്ങളുടെയും സമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍, അതു സത്യസന്ധമായ സമീപനമാണെന്നു തെളിയിക്കേണ്ടത് തങ്ങള്‍ക്ക് അധികാരമുള്ള ഇടങ്ങളില്‍ ഈ മുദ്രാവാക്യങ്ങള്‍ക്കനുഗുണമായ നിയമ നിര്‍മ്മാണം നടത്തിക്കൊണ്ടാവണം. ഉള്ള നിയമങ്ങളുടെ പരിരക്ഷതന്നെ എടുത്തുമാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മലനിരകളും വനങ്ങളും ജലസ്രോതസ്സുകളും വന്‍കിട കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും കൈകളിലാണുള്ളത്. കോര്‍പറേറ്റുകളുടെ നീരാളിപ്പിടുത്തത്തില്‍ കൃഷിയിടങ്ങളും തീരസമുദ്രവും അമരുകയാണ്. ഈ സാഹചര്യം പുറന്തള്ളപ്പെടുന്നവരുടെ വലിയനിരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കാനുള്ള സമഗ്രവീക്ഷണം എല്‍ ഡി എഫ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനു മുന്നോട്ടുവെയ്ക്കാന്‍ സാധിച്ചിട്ടില്ല.

ഭരണഘടനാപരമായ മൗലികാവകാശങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്ന പാര്‍ശ്വവത്കൃത ജീവിതങ്ങളുടെ അകം സമരതീക്ഷ്ണമാണ്. പോയ രണ്ടു പതിറ്റാണ്ടുകളിലായി അവകാശ സമരങ്ങളുടെ പൊട്ടിപ്പുറപ്പെടലുകളും ആളിപ്പടരലുകളും നാം കാണുകയുണ്ടായി. മണ്ണിലും പ്രകൃതിയിലുമുള്ള ജന്മാവകാശം ഉന്നയിച്ചുകൊണ്ട് ആദിവാസികളും ദളിതരും ഇതര പാര്‍ശ്വവത്കൃതരും ധീരമായി മുന്നോട്ടുവന്നു. ത്യാഗനിര്‍ഭരമായ സമരങ്ങളോട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും കൈക്കൊണ്ട സമീപനം നിഷേധാത്മകമായിരുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശംവച്ച് അനുഭവിക്കുന്ന വന്‍കിട കയ്യേറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ അവര്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനോ ഗവണ്‍മെന്റിന് ഉത്സാഹമില്ല. കേരളത്തിലെ ഭൂവുടമസ്ഥതയില്‍ മൗലികമായ അഴിച്ചുപണി വേണമെന്ന് ഗവണ്‍മെന്റിനോ അതിനെ നയിക്കുന്നവര്‍ക്കോ ബോധ്യമാകുന്നുമില്ല. ഈ സാഹചര്യത്തില്‍ പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

2017 ജനവരിയില്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നാരംഭിക്കുന്ന ചലോ തിരുവനന്തപുരം പ്രസ്ഥാനം ഈ സാഹചര്യത്തില്‍ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട മഹത്തായ മുന്നേറ്റമാകും. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും മറ്റുമായി ജ്വലിച്ചുയര്‍ന്ന സമരങ്ങള്‍ രാഷ്ട്രീയ പക്വതയോടെയുള്ള പൊതു ഭൂവവകാശ സമരമായി രൂപമാറ്റം കൈവരിക്കും. ഡോ. അംബേദ്ക്കര്‍ ലക്ഷ്യമാക്കിയവിധം ജാതിവ്യവസ്ഥയുടെ അടിവേരിളക്കാന്‍ പ്രാപ്തമായ പ്രക്ഷോഭമായി അതടയാളപ്പെടും. ഭൂ അവകാശത്തിനുവേണ്ടിയുള്ള മുന്നേറ്റം പൊതു വിഭവങ്ങളിലും വിവിധ സേവനതുറകളുള്‍പ്പെടെ പൊതുമണ്ഡലത്തിന്റെ സമസ്ത തുറകളിലും അധികാരവും അവകാശവും പ്രഖ്യാപിക്കുംവിധമുള്ള പുറന്തള്ളപ്പെട്ടവരുടെ തിരിച്ചുവരവായിത്തീരും. വിപ്ലവകരമായ ഈ മുന്നേറ്റമാണ് വര്‍ത്തമാനകാലത്തെ വര്‍ഗസമരത്തിന്റെ കാതലെന്ന് സമരോന്മുഖ ഇടതുപക്ഷവും തിരിച്ചറിയുന്നു. അതു വിജയിപ്പിക്കലാണ് നമ്മുടെ അടിയന്തിര ലക്ഷ്യം. ജില്ലകളിലും പ്രാദേശിക തലങ്ങളിലും ഈ മുന്നേറ്റത്തിന്റെ തയ്യാറെടുപ്പുകള്‍ ഉണ്ടാവണം. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അണിനിരന്നവരും അല്ലാത്തവരുമായ ജനസമൂഹം ആസന്നമായ പ്രക്ഷോഭത്തിന്റെ പതാകയുയര്‍ത്തുമെന്ന് തീര്‍ച്ചയാണ്. നാളെയുടെ ജീവിതവും രാഷ്ട്രീയവുമാണ് തൃശൂരിലെ ഭൂ അവകാശപ്രഖ്യാപനത്തിന്റെ അന്തസ്സത്ത.

16 ഒക്‌ടോബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )