Article POLITICS

പാലിയേക്കരയിലെ കൊള്ളയും അക്രമവും അവസാനിപ്പിക്കണം.

 548376_338639202858945_1544628310_n

സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാകുന്നു. നമ്മുടെ ഭരണഘടനയും അതുറപ്പു തരുന്നു. മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ക്ക് അതു പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കാനുള്ള അവകാശമേയുള്ളു. എന്നാല്‍, അവകാശങ്ങള്‍ക്കു പരിധിയോ നിയന്ത്രണമോ ഏര്‍പ്പെടുത്താനുള്ള പഴുതുകളന്വേഷിക്കുകയും മനുഷ്യാവകാശങ്ങളുടെ സത്ത ചോര്‍ത്തിക്കളയുകയും ചെയ്യുക എന്നത് ഒരു പതിവായിരിക്കുന്നു. നവമുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന ഘടനാപരമായ അഴിച്ചുപണിയലുകളുടെ ഭാഗമായാണ് ക്ഷേമരാഷ്ട്ര നയസമീപനം അനുവദിച്ചുതന്ന മിക്ക അവകാശങ്ങളും നമുക്കു നഷ്ടമായത്. ലാഭംനോക്കി നിക്ഷേപകരുടെ മനുഷ്യത്വരഹിതമായ പടനിലങ്ങളായിരിക്കുന്നു ജനാധിപത്യ പൊതുമണ്ഡലങ്ങളാകെ.

നാം അനുഭവിച്ചുപോന്ന ജീവിതസൗകര്യങ്ങള്‍ ജനങ്ങളുടെ ദീര്‍ഘകാല പോരാട്ടങ്ങളുടെ സ്മാരകങ്ങളാണ്. പൊതുവഴികള്‍ രൂപപ്പെട്ടത് സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും സ്മാരകവുമാണത്. അതു നിലനിര്‍ത്താനും നവീകരിക്കാനും വുപുലീകരിക്കാനും വീഴ്ച്ചകൂടാതെ നികുതികൊടുക്കുന്നവരുമാണ് നാം. സംസ്ഥാനത്തെ പാതകള്‍ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

പാതകള്‍ ഏതെങ്കിലും സ്വകാര്യ മുതലാളിക്കു വില്‍ക്കാനോ പാട്ടത്തിനു കൊടുക്കാനോ ഭരണകൂടങ്ങള്‍ക്കു ധൈര്യംകിട്ടുന്നത് എവിടെനിന്നാണ്? നിലവിലുള്ള പാതകള്‍ ഒന്നുമിനുക്കി ചുങ്കം പിരിക്കാമെന്നു കരാറെഴുതുന്നത് അക്രമമാണ്. പുതിയ പാതകള്‍ നിര്‍മ്മിച്ചു ചെലവിനം ചുങ്കമായി പിരിക്കാന്‍ തീരുമാനിക്കുന്നതുപോലും അത്ര എളുപ്പമല്ല. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പല ചുങ്കങ്ങളും അനന്തമായി നീണ്ടുപോവുകയാണ് പതിവ്. എത്ര രൂപ ചെലവായിട്ടുണ്ട്, അതിലെത്രരൂപ ചുങ്കമായി പിരിക്കണം അഥവാ പിരിച്ചു എന്നൊന്നും പരസ്യമായി പ്രഖ്യാപിച്ചു കാണാറില്ല. ഒരു നിശ്ചിത കാലയളവിലേക്കു നിശ്ചിത തുക പിരിച്ചുകൊണ്ടേയിരിക്കാന്‍ ഉത്തരവു കൊടുക്കുന്ന രീതിയാണുള്ളത്. പിരിച്ചെടുക്കേണ്ട തുക പൂര്‍ത്തിയാകുന്ന നിമിഷം ആ പിരിവ് അവസാനിപ്പിക്കുന്നത് നാം കണ്ടിട്ടില്ല. ജനകീയ സമരങ്ങളും തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുകളും പ്രതിഷേധങ്ങളുമില്ലാതെ ചുങ്കംപിരിവ് അവസാനിപ്പിച്ച ചരിത്രമില്ല.

പാലിയേക്കരയിലെ ടോള്‍ബൂത്ത് രണ്ടുതരത്തില്‍ നിയമങ്ങളെ പരിഹസിക്കുന്നു. ഒന്നാമത്, കാലങ്ങളായി നാം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു റോഡില്‍ വളരെ ലഘുവായ പരിഷ്‌ക്കാരം മാത്രം നിര്‍വ്വഹിച്ചു നടത്തുന്ന കൊള്ളയാണത്. ജനതാല്‍പ്പര്യം പരിഗണിക്കാതെ ഗവണ്‍മെന്റുണ്ടാക്കിയ കരാറിലെ വ്യവസ്ഥയില്‍ പറഞ്ഞ നിബന്ധനകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സര്‍വ്വീസ് റോഡും ട്രാഫിക് സിഗ്നലുകളും യാഥാര്‍ത്ഥ്യമായിട്ടില്ല. പണിപൂര്‍ത്തീകരിക്കാതെയാണ് ചുങ്കംപിരാവാരംഭിച്ചത്. ഇരുപതുകൊല്ലത്തേക്കു അവര്‍ക്കു തുടര്‍ച്ചയായി തോന്നുമ്പോഴുള്ള വര്‍ദ്ധനവോടെ ചുങ്കം പിരിക്കാനുള്ള അവകാശമാണ് നല്‍കിയിരിക്കുന്നത്. കാലാവധി വീണ്ടും നീട്ടുകയുമാവാം. പാലിയേക്കരയില്‍ മുന്നൂറ്റിയെണ്‍പതു കോടി രൂപ ചെലവായപ്പോള്‍ മൂന്നുവര്‍ഷം കൊണ്ട് അതിന്റെ മൂന്നിരട്ടിയിലേറെ തുക പിരിച്ചുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാമത്തെകാര്യം ഈ പെരുംകൊള്ളയ്ക്കു സഹായകമായവിധം സമീപത്തെ മറ്റൊരു പാത അടച്ചുകെട്ടിയതാണ്. ഓരോ പാതയ്ക്കും അതിന്റെ സഞ്ചാരതുറസ്സുകളും വഴക്കങ്ങളുമുണ്ട്. ഒരു കോടിയോളം രൂപ ചെലവഴിച്ചു സമീപകാലത്തു പുതുക്കിയ റോഡാണിത്. അതിന്റെ സഞ്ചാരക്രമത്തെ തടയുകയും ആ വഴിയുള്ള യാത്രയുടെ ചുങ്കവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു ശഠിക്കുകയും ചെയ്യുന്ന ടോള്‍മുതലാളിയുടെ ആര്‍ത്തി ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. മുന്‍തലമുറകള്‍ പണിത് ഇക്കാലമത്രയും ജനങ്ങള്‍ ഉപയോഗിച്ച പൊതുവഴിയും സമീപ വഴികളും ഈ ദുരമൂത്ത മുതലാളിമാര്‍ക്കു പണയപ്പെടുത്തിയത് ക്ഷമിക്കാവതല്ല.

ഇത്തരം കമ്പനികളുമായി കരാറിലേര്‍പ്പെടുന്നത് ഗവണ്‍മെന്റാണ്. ജനാധിപത്യ ഗവണ്‍മെന്റെന്നു നാം വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനങ്ങളില്‍ പകുതി പേരുടെയെങ്കിലും പിന്തുണ അവര്‍ക്കൊന്നും അവകാശപ്പെടാനാവില്ല. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളായവരില്‍ താരതമ്യേന കൂടുതല്‍ വോട്ടു നേടുന്നു എന്നത് ജനങ്ങളുടെ ജീവനും സ്വത്തും ഏതുവിധേനയും കൈകാര്യം ചെയ്യാനുള്ള അവകാശമായി മനസ്സിലാക്കിക്കൂടാ. രാഷ്ട്രീയകക്ഷികള്‍ താല്‍ക്കാലിക ലാഭങ്ങള്‍ക്കു സ്വകാര്യമുതലാളിത്തവുമായി ഉണ്ടാക്കുന്ന നീക്കുപോക്കുകള്‍ ഒരു ജനതയുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഇരകളാക്കപ്പെടുന്ന നിസ്വ ഭൂരിപക്ഷം പ്രക്ഷോഭരരംഗത്തിറങ്ങിയാലും നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യം മറികടക്കാനാവുന്നില്ല. ജനവഞ്ചകരുടെ സഭയായി നിയമനിര്‍മ്മാണസഭകള്‍ അധപ്പതിച്ചുകൂടാത്തതാണ്. മര്‍മ്മപ്രധാനമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ അതു ബാധിക്കുന്നവരിലെ ജനഹിതം പരിശോധിക്കുന്നതു നന്നാവും. ജനാധിപത്യമെന്നത് ചില പ്രത്യേക താല്‍പ്പര്യമുള്ളവരുടെ ഇംഗിതം പാലിക്കാനുള്ള അധികാരവ്യവസ്ഥയൊന്നുമല്ലല്ലോ.

തങ്ങള്‍ചെയ്യുന്നത് ന്യായീകരിക്കാനാവാത്തതാണെന്നു ഗവണ്‍മെന്റിനുപോലും തോന്നുന്നുണ്ട്. ജനങ്ങളുടെ പ്രക്ഷോഭത്തെ അവഗണിക്കാനാവാത്തതുകൊണ്ടാണല്ലോ പാലിയേക്കരയില്‍ അടച്ച റോഡു തുറക്കണമെന്നു സ്ഥലം എം എല്‍ എയും മന്ത്രിയുമായ രവീന്ദ്രനാഥിനും ജില്ലാ കലക്ടര്‍ക്കും ഉത്തരവിടേണ്ടിവന്നത്. യു ഡി എഫ് ഗവണ്‍മെന്റിന്റെ തെറ്റായ സമീപനം തിരുത്തുകയാണെന്നാണ് ദേശാഭിമാനി എഴുതിയത്. പത്രത്തിലെ മഷിയുണങ്ങുംമുമ്പ് ടോള്‍ മുതലാളിമാര്‍ അതു വീണ്ടും അടച്ചുകെട്ടി. എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ പൊലീസ് കാവലിലായിരുന്നു ചടങ്ങ്. മന്ത്രിയോ ദേശാഭിമാനിയോ ഒന്നും ഉരിയാടിക്കേട്ടില്ല. ഇടതുപക്ഷ ഗവണ്‍മെന്റിനും വേറിട്ടൊരു സമീപനമില്ലെന്നു വ്യക്തം.

ചുങ്കപ്പാതകള്‍ സ്ഥാപിക്കുമ്പോള്‍ സമീപവാസികള്‍ക്കും ദരിദ്രയാത്രികര്‍ക്കും സഹായകമായ ചുങ്കരഹിത പാതകള്‍ നിലനിര്‍ത്തുകയെന്നത് ലോകമെങ്ങും പുലര്‍ത്തിക്കാണുന്ന സാമാന്യനീതിയാണ്. നമ്മുടെ മൗലികാവകാശങ്ങളില്‍പെടുന്ന ഒന്നുമാണത്. പക്ഷെ, അതിനുവേണ്ടി വാദിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയമസഭാ സാമാജികരും മറന്നുപോകുന്നു. തടസ്സം നില്‍ക്കുകയോ ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടുകയോ ചെയ്യന്നവരെ തുണയ്ക്കാന്‍ ജനാധിപത്യ ഗവണ്‍മെന്റിന്റെ പൊലീസ് സംവിധാനം സദാ സന്നദ്ധവുമാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊതുപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരേണ്ടതുണ്ട്.

നമ്മുടെ പൊതുഖജനാവില്‍ പണമില്ലല്ലോയെന്നാണ് എല്ലാ സ്വകാര്യവത്ക്കരണ നീക്കങ്ങള്‍ക്കും കാരണമായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏതുതരത്തിലുള്ള ആസൂത്രണമാണ് നമ്മുടെ പൊതുഖജനാവിനെയും സര്‍ക്കാറിനെയും ദുര്‍ബ്ബലമാക്കിയതെന്നു തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്. അത് ഈ സന്ദര്‍ഭത്തില്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ പണമില്ലാത്ത സന്ദര്‍ഭത്തിലും ഒട്ടും അനുയോജ്യമല്ലാത്ത പദ്ധതികളെന്നു എല്ലാ പഠനറിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയ പദ്ധതികള്‍ക്കു വീണ്ടും മുതിരുന്നതും അത്തരം അടിസ്ഥാന മേഖലകള്‍ സ്വകാര്യ മുതലാളിമാര്‍ക്കു തീറെഴുതുന്നതും ശരിയാണോ എന്നു ചിന്തിക്കണം. ഉദാഹരണം നിലവിലെ ദേശീയപാതതന്നെ. മുപ്പതുമീറ്ററില്‍ ആറുവരിപ്പാതയാണ് അവിടെയുണ്ടാക്കാവുന്ന വലിയ വികസനം. അതില്‍ക്കൂടുതല്‍ പണവും അദ്ധ്വാനവും ചെലവഴിക്കുന്നത് കുറെകൂടി വിപുലമായ ഭാവി സാധ്യതകളുള്ള പദ്ധതികള്‍ക്കാവണം.

സുസ്ഥിര വികസനമെന്നത് ജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കേണ്ടത്. ഒരു ചെറു ന്യൂനപക്ഷത്തിന്റെ മൂലധന വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. തെറ്റായ സമീപനത്തിന്റെ ആഘാതമാണ് പാലിയേക്കരയിലേത്. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് നയം തിരുത്താനും ജനങ്ങള്‍ക്കുനേരെയുള്ള അക്രമം അമര്‍ച്ചചെയ്യാനും ഗവണ്‍മെന്റു തയ്യാറാവണം.

8 ഒക്‌ടോബര്‍ 2016

(മംഗളം ദിനപത്രം ഓരം – പംക്തി 10 ഒക്‌ടോബര്‍ 2016)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )