Article POLITICS

പിണറായി വിജയനെ ആര്‍ക്കാണു ഭയം?

7128കേള്‍ക്കുംതോറും കൗതുകംതോന്നിക്കുന്ന ഒരുകാര്യമാണ് നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് ഏറെയും സംസാരിച്ചു കേള്‍ക്കുന്നത്. എല്ലാവര്‍ക്കും പിണറായി വിജയനെ ഭയമാണ്, ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി, അദ്ദേഹത്തിന്റെ മുന്നില്‍ പത്രക്കാര്‍പോലും വിനീതരാവും എന്നൊക്കെയുള്ള അഭിപ്രായങ്ങളാണത്. അതു സ്തുതിയാണോ നിന്ദാസ്തുതിയാണോ ആക്ഷേപമാണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഒരു നേതാവിനെയോ സഖാവിനെയോ ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രിയെയോ ജനങ്ങള്‍ എന്തിനു ഭയക്കണം? ശക്തനായ മുഖ്യമന്ത്രി എന്നതിന് അത്രയെളുപ്പം താഴെ വീഴ്ത്താനാവാത്തവിധം എം എല്‍ എ മാരുടെ പിന്തുണയുള്ള മുഖ്യമന്ത്രി എന്നാണര്‍ത്ഥമെങ്കില്‍ തെറ്റില്ല. മറിച്ച്, ശക്തനെന്നതിന് ഭയപ്പെടുത്തുന്നവനെന്നാണ് അര്‍ത്ഥമാരോപിക്കുന്നതെങ്കില്‍ അത് ജനാധിപത്യത്തിലെ രോഗാവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്.

പിന്നെ, പിണറായിയെ അഥവാ മുഖ്യമന്ത്രിയെ ആര്‍ക്കാണ് പേടി എന്നല്ലേ സ്വാശ്രയ മുതലാളിമാരും സ്വര്‍ണമുതലാളിമാരും ടോള്‍ മുതലാളിമാരും ക്വാറിയുടമകളും അക്രമിസംഘങ്ങളും ഭൂമികയ്യേറ്റക്കാരും എല്ലാം അത്യുച്ചത്തില്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളെ എന്തു ചെയ്യാന്‍ കാണട്ടെ എന്ന അവരുടെ അഹങ്കാരത്തിനു മുന്നില്‍ വിജയന്റെ ധാര്‍ഷ്ട്യമെവിടെ?! ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവരെ അനുസരിക്കുന്ന വിജയനെയാണല്ലോ ഇരട്ടച്ചങ്കനെന്നും പേടിപ്പെടുത്തുന്നവനെന്നും ആളുകള്‍ അധിക്ഷേപിക്കുന്നത്. ജനതാല്‍പ്പര്യമെന്ന ഒന്നുണ്ടെങ്കില്‍, അതിനോടു മുഖ്യമന്ത്രിക്കു വല്ല അനുഭാവവുമുണ്ടെങ്കില്‍ ധീരത പ്രകടിപ്പിക്കുവാന്‍ ഒരവസരം കിട്ടുമായിരുന്നു.

ഞങ്ങളുടെ കുന്നുകളും നീരൊഴുക്കുകളും വഴികളും വയലുകളും ധനോന്മാദത്തിനു നൃത്തമാടാന്‍ വിട്ടു തരില്ലെന്ന്, ഞങ്ങളുടെ സഹോദരങ്ങളെ നിങ്ങളുടെ ലാഭമത്സരോത്സാഹങ്ങള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കാന്‍ സന്നദ്ധമല്ലെന്ന്, ഞങ്ങളുടെ ശ്വാസവായുവിലും കുടിവെള്ളത്തിലും വിഷം കലക്കാന്‍ അനുവദിക്കുകയില്ലെന്ന് ഒരു ജനതയുടെ സമരനേതാവായി ഒന്നു പറഞ്ഞുനോക്കൂ. ഭയക്കേണ്ടവരൊക്കെ കിടുങ്ങും. വിപ്ലവകാരികള്‍ക്കൊത്തവണ്ണം വേട്ടയാടപ്പെടും. രക്തസാക്ഷികള്‍ക്കൊത്തവണ്ണം ആദരിക്കപ്പെടും. ഇങ്ങനെയും ഒരു മുഖ്യമന്ത്രിയെന്നു ചരിത്രം ചുവപ്പെഴുതും.

ധനിക ന്യൂനപക്ഷമേ, കോര്‍പറേറ്റ് ചൂഷകരേ, സാമ്രാജ്യത്വക്കോയ്മകളേ നിങ്ങളെക്കാള്‍ എനിക്കുപ്രിയം ഈ നിസ്വമഹാഭൂരിപക്ഷത്തോടാണ്. അവരെ പുറന്തള്ളുന്നതോ നിത്യദാരിദ്ര്യത്തിലേക്കു തള്ളുന്നതോ ആയ ഒന്നിനോടും എനിക്കു രാജിയാകാനാവില്ല. ഭരണത്തെക്കാള്‍ വലുതാണ് കമ്യൂണിസ്റ്റുകാരന് ചൂഷിതസമൂഹങ്ങളുടെ അതിജീവന സമരം. എന്നൊക്കെ മുഖത്തില്ലെങ്കിലും ഉള്ളിലെങ്കിലും എഴുതിയ മുഖ്യമന്ത്രിയാണ് നമ്മുടേതെന്ന് ദുര്‍ബ്ബലരായ കുറെപേരെങ്കിലും വിചാരിക്കുന്നുണ്ടാവില്ലേ? സിപിഎമ്മിലെങ്കിലും കാണില്ലേ അങ്ങനെയൊരു കൂട്ടരെ? അവ്വിധമൊരു അസ്വസ്ഥവംശം തീരെ കുറ്റിയറ്റുകാണില്ലെങ്കില്‍ അനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്താവും?

അടിയന്തിരാവസ്ഥയില്‍ മര്‍ദ്ദനത്തിനു വിധേയമായതും ചോരപുരണ്ട വസ്ത്രവുമായി നിയമസഭയില്‍ ക്ഷോഭം വിതച്ചതും ചെറുതും വലുതുമായ സമരഭൂമികളിലൂടെ വിപ്ലവം ജയിക്കട്ടെ എന്ന് അലമുറയിട്ട് ശമിക്കാത്ത വീര്യത്തോടെ കടന്നുപോന്നതും ഏറെപ്പേരെ ആവേശംകൊള്ളിച്ചിട്ടുണ്ട്. അതു ഭയപ്പെടുത്തിയത് ഭരണവര്‍ഗങ്ങളെയായിരുന്നു. വിജയനെയും കമ്യൂണിസ്റ്റുകാരെയും ഭയന്നത് ജനങ്ങളായിരുന്നില്ല. സ്വന്തം സഖാക്കളായിരുന്നില്ല. അതു പഴയ കഥ.

ഭരണവര്‍ഗങ്ങള്‍ എന്ന പഴയ ആ ശത്രുവിഭാഗം ഇപ്പോഴുണ്ടോ? അതിന്റെ ആത്മാവായ നവമുതലാളിത്തത്തിന് വിജയനെയോ സിപിഎമ്മിനെയോ ഭയമുണ്ടോ? മുതലാളിത്ത ചൂഷണ താല്‍പ്പര്യങ്ങളെ വികസനയാഥാര്‍ത്ഥ്യമെന്ന് വിനീതമായി ആദരിക്കുന്നത് ആരൊക്കെയാണ്? വരൂ വരൂ എന്ന് സാമ്രാജ്യത്വ സാമ്പത്തിക നടത്തിപ്പുകാരെ ആശ്ലേഷിച്ചു കൂട്ടിരുത്തുന്നവരെ ആരാണ് ഭയക്കേണ്ടത്? തീര്‍ച്ചയായും പഴയപോലെ മുതലാളിത്തത്തിനോ അതിന്റെ നടത്തിപ്പുസംഘങ്ങള്‍ക്കോ പിണറായിയെ പേടിയുള്ളതിന്റെ ലക്ഷണമൊന്നും കണ്ടതേയില്ല.

pinarayi33-700x357_1_1പിന്നെ ജനം ഭയക്കണമെന്നാണോ വിവക്ഷിക്കുന്നത്? മുഖം കനപ്പിച്ചാല്‍ മൂത്രമൊഴിക്കുന്ന ബാല്യദശ എല്ലാ പീഡിത സമൂഹങ്ങളും എന്നേ പിന്നിട്ടിരിക്കുന്നു. ചുരുക്കത്തില്‍, ഭയം ജയരാജന്മാരുടെ മാത്രം വസ്ത്രമാകുന്നു. ചിലപ്പോഴൊക്കെ, ചില ധനോന്മാദങ്ങളിലേക്കു വീഴുമ്പോള്‍ ഇ പിയ്ക്കു നിലതെറ്റിയിട്ടുണ്ടാവാം.. വിജയനെ എന്തിനു ഭയക്കണം എന്നാലോചിച്ചിട്ടുണ്ടാവാം.. കൊതിമൂത്തു നേരംനോക്കാതെ വിഴുങ്ങിയതിനു പഴി കേട്ടിട്ടുണ്ടാവാം. എടുത്ത തീരുമാനം താല്‍ക്കാലികമായി അട്ടത്തു വച്ചിട്ടുണ്ടാവാം അതവരുടെ കാര്യം.

ആദരവോടെയുള്ള ഭയമാണെങ്കിലോ അതുണ്ടാവണമെങ്കിലും ജനങ്ങളുടെ നിലവിളി കേള്‍ക്കണം. വയലുകളെന്നോടു നിലവിളിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു എന്ന രക്ഷക വചനം അടയാളവാക്യമായി ഉച്ചരിക്കണം. നഷ്ടപ്പെട്ട ഒരു ആട്ടിന്‍കുട്ടിയെത്തേടി അലയണം. അപ്പോള്‍ രക്ഷകര്‍ ആദരിക്കപ്പെടും. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ രക്ഷകസമൂഹങ്ങളാണെന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ കുറിക്കുന്നത്. അതാണ് ഈ എഴുത്തിന്റെയും വിചാരത്തിന്റെയും ശക്തിയും ദൗര്‍ബല്യവും.

6 ഒക്‌ടോബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )