കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ പിറവി 1973ലായിരുന്നു. വ്യവസായ വകുപ്പിനു കീഴിലെ ക്ഷീണിത വ്യവസായങ്ങളെ പുനരുദ്ധരിക്കാനും അവയ്ക്കു താങ്ങാവാനുമാണ് ഇങ്ങനെയൊരു സ്ഥാപനമുണ്ടാക്കിയത്. ഇപ്പോഴത് കേരളത്തിലെ വിമാനത്താവളങ്ങള്‍ മുഖേനയുള്ള ചരക്കു വിനിമയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവുംകൂടി വഹിക്കുന്നു. ഈ സ്ഥാപനത്തോട് വ്യവസായ മന്ത്രിക്കു പ്രത്യേക താല്പ്പര്യമുണ്ടാവുന്നതു നല്ലതുതന്നെ. പക്ഷെ, മക്കള്‍ക്കോ മരുമക്കള്‍ക്കോ വാല്‍സല്യപൂര്‍വ്വം കൈമാറാനുള്ള സ്നേഹസമ്മാനമാണ് അതിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി എന്നു ധരിക്കുന്നത് ഗുണമാവില്ല.
താന്‍ മന്ത്രിയായിരിക്കെ ബന്ധുക്കളിലാരെങ്കിലും തന്റെ വകുപ്പിലെ ഏതെങ്കിലും തസ്തികകളില്‍ അപേക്ഷിക്കുന്നതുപോലും വിലക്കിയ മന്ത്രിമാരുണ്ടായിരുന്നു മുമ്പ്. അത്രയുമൊക്കെ പരിശുദ്ധി വേണമെന്നൊന്നും ആരും പറഞ്ഞേക്കില്ല. എന്നാല്‍ ജനങ്ങളും പാര്‍ട്ടിയും നല്കിയ ഉത്തരവാദിത്തം നിര്വ്വഹിക്കുമ്പോള് പ്രധാന സ്ഥാനങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്ന ഏര്‍പ്പാട് അത്ര സുഖകരമല്ല. സ്വജനപക്ഷപാതത്തെ അഴിമതിയായേ കാണാനാവൂ. വലിയ സാമ്പത്തിക ഇടപാടുകളുടെ ചുക്കാന്‍ പിടിക്കുന്നതും സംസ്ഥാനത്തെ വ്യാവസായിക വികസനത്തെ കാര്യമായി നിര്‍ണയിക്കുന്നതുമായ ഒരു സ്ഥാപനം ഭരിക്കേണ്ടത് തന്റെ ബന്ധുവാണെന്നു ഒരു മന്ത്രിക്കു തോന്നുന്നത് അത്ര നിഷ്ക്കളങ്കമായി കാണാനാവില്ല. സാങ്കേതികമായി എത്ര യോഗ്യതയുണ്ടെങ്കിലും ധാര്‍മികമായ ഒരയോഗ്യത അതിലുണ്ട്.
സംസ്ഥാനത്തെ വ്യവസായ മന്ത്രി ഇ പി ജയരാജനെ സംബന്ധിച്ചു ദുരൂഹമായ സാമ്പത്തിക ബന്ധങ്ങളുടെ കഥകളേറെ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിക്കുമെന്നാണ് നാം പ്രതീക്ഷിച്ചത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായുണ്ടാക്കിയ രണ്ടുകോടിയുടെ ഇടപാടും ദേശാഭിമാനി ഭൂമി ഇടപാടിലെ ദുരൂഹതകളും പാലക്കാടു പ്ലീന സമയത്തു ചാക്കു രാധാകൃഷ്ണന് അനുകൂലമായി രംഗത്തുവന്നതും അദ്ദേഹത്തെ സംബന്ധിച്ച ആശങ്കകള്‍ വളര്‍ത്തിയിരുന്നു. മലബാര്‍ സിമെന്റ്സ് എം ഡി പത്മകുമാര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ ശേഷവും ആ സ്ഥാനത്തു തുടര്‍ന്നപ്പോള്‍ മന്ത്രിയുടെ നിലപാട് വിമര്‍ശിക്കപ്പെടുകയുണ്ടായി.. മലബാര്‍ ഗോള്‍ഡിനെതിരായ ജനകീയ സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ സ്വര്ണമുതലാളിയുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അംഗീകൃതവും അനംഗീകൃതവുമായ ക്വാറികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ ഗൗരവപൂര്‍വ്വം കാണാന്‍ മന്ത്രിക്കു താല്‍പ്പര്യമില്ലെന്ന ആരോപണവും ശക്തമാണ്.
അങ്ങനെയൊരു പശ്ചാത്തലത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ചു ജനങ്ങള്‍ ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നുവെങ്കില്‍ അതില്‍ തെറ്റു പറയാനാവില്ല. ജനാധിപത്യ ഭരണ സംവിധാനം രാജാക്കന്മാരെപ്പോലെ ഏകാധിപതികളാവാനുള്ള അനുവാദം വച്ചു നീട്ടുന്നില്ല. ഈയിടെയായി വ്യവസായ വകുപ്പു കയ്യേല്ക്കുന്ന മന്ത്രിമാര്‍ ധനമേലാളന്മാരുടെ സ്വന്തക്കാരോ കാര്യക്കാരോ ആണെന്ന ധാരണ നിലവിലുണ്ട്. കണ്ണടച്ചു തുറക്കുമ്പോഴേക്കും ചിലരൊക്കെയുണ്ടാക്കിയ സാമ്പത്തിക വളര്‍ച്ച നാട്ടില്‍ പാട്ടാണ്. ആ വഴിയെയല്ല പോകുന്നതെന്നു തെളിയിക്കണമെങ്കില്‍ ജയരാജനും പാര്‍ട്ടിയും വലിയ ജാഗ്രത പ്രകടിപ്പിക്കേണ്ടിവരും.
കെ എസ് ഐ ഇയില്‍ മുമ്പു് മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സജിബഷീറിനെ ഗൗരവതരമായ അഴിമതിക്കുറ്റത്തിനാണ് പുറത്താക്കിയത്. അദ്ദേഹം ചുമതലയേറ്റ ശേഷം നൂറോളം പേരെ പുതുതായി നിയമിച്ചു സ്ഥാപനത്തിനു അധിക ബാധ്യതയുണ്ടാക്കിയിരുന്നതായി മുന്‍ ഗവണ്മെന്റിന്റെ കാലത്തുതന്നെ കണ്ടെത്തിയിരുന്നു. അദ്ദേഹം പിന്‍വാതിലിലൂടെ നിയമിച്ച നാല്‍പ്പതോളം പേരെ പുറത്താക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 28ന് വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് ഉത്തരവിട്ടിരുന്നെങ്കിലും അദ്ദേഹം അതു കണക്കിലെടുത്തില്ല. പുതിയ ഗവണ്മെന്റു വന്ന ശേഷം അവരെയും ബഷീറിനെയും ഒഴിവാക്കുകയായിരുന്നു. അനധികൃത നിയമനം നേടിയ മറ്റു ചിലര്‍ക്കെതിരെയും അവിടെ അന്വേഷണം നടക്കുന്നതായി പത്രവാര്‍ത്തകളുണ്ടായിരുന്നു. ഗവണ്മെന്റ് മാതൃകാപരമായ ചുവടുവെപ്പുകള്‍ നടത്തുന്നുവെന്ന് പലരും ധരിച്ചു. ആ ധാരണയും പ്രതീക്ഷയുമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ രണ്ടു കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ തല്ലിക്കെടുത്തിയിരിക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങളുടെയും അഴിമതിയുടെയും കരിനിഴല്‍ വീണുകിടക്കുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലേക്ക് പിന്‍വാതിലിലൂടെത്തന്നെ വേണം ഒരു മേധാവിയെ നിശ്ചയിക്കാനെന്നാണ് വ്യവസായ മന്ത്രിയുടെ തീരുമാനം. ചില ആരോപണങ്ങളൊക്കെ നേരത്തേ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന പരിചയവും സഹായകമാവുമെന്നു കേള്‍ക്കുന്നു. വിശ്വാസത്തോടെ അധികാരം കയ്യാളാന്‍ കുടുംബാധികാരം ഉറപ്പിക്കണമായിരിക്കും. സാമ്പത്തിക ഇടപാടുകളുടെ സ്ഥാപനങ്ങളിലേക്കു കണ്ണുപായിച്ചുള്ള ഇത്തരം വേലകള്‍ അത്യന്തം അശ്ലീലമാണെന്ന് ഇവരോടാരു പറയും? കമ്യൂണിസ്റ്റു ജീവിത ശൈലി ഒട്ടും സ്വീകാര്യമല്ലെന്ന് എപ്പോഴും ശഠിക്കുകയും പണക്കോയ്മാ വ്യക്തിത്വങ്ങളുമായി നിരന്തര സമ്പര്‍ക്കം സൂക്ഷിക്കുകയും ചെയ്യുന്ന നേതാക്കളില്‍ അഗ്രഗണ്യനാണ് ജയരാജന്. മകന്റെ കല്യാണത്തിന് കണ്ണൂരിലേക്കു സ്വന്തം ഹെലികോപ്റ്ററില്‍ സമ്മാനവുമായി എത്തിച്ചേരാന്‍ ശേഷിയുള്ള മുതലാളിമാരെ വിളിക്കാനും അവരുടെ വരവില്‍ ഗൂഢമായി ആനന്ദിക്കാനും അദ്ദേഹത്തിനേ സാധിച്ചിട്ടുള്ളു. വ്യവസായ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴും ബഹുമാനിക്കേണ്ടവരെയും തള്ളിക്കളയേണ്ടവരെയും സംബന്ധിച്ചു സ്വന്തമായ നിലപാട് അദ്ദേഹത്തിനു കാണും. മലബാര്‍ഗോള്‍ഡ് മുതലാളിയെ സ്വീകരിച്ചിരുത്തി ഒരു പ്രദേശത്തെ ജനതയെയാകെ തീ തീറ്റിക്കാനുള്ള തീരുമാനം നല്ല ദൃഷ്ടാന്തമാണ്. സമ്പന്ന- നവസമ്പന്ന വിഭാഗങ്ങളുമായി നിരന്തര ബന്ധത്തിനും വിലപേശലിനും സഹായകമാവുന്ന തീരുമാനമാണ് കെ എസ് ഐ ഇയുടെ നേതൃത്വത്തിലേക്കു സുധീറിനെ കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ എങ്ങനെ തെറ്റു പറയും?
സ്വന്തവും സ്വകാര്യവുമായ താല്‍പ്പര്യങ്ങളും നിശ്ചയങ്ങളും അതിരുകടന്നു ജനാധിപത്യസംവിധാനങ്ങളെയും മൂല്യങ്ങളെയും കളങ്കപ്പെടുത്തുകയാണ്. അറിയേണ്ടവരത് അറിയണം. വളരെവേഗം തിരുത്തുന്നതായിരിക്കും നല്ലത്. ബോക്സര്‍ മുഹമ്മദലിയെക്കുറിച്ചു പറഞ്ഞപ്പോഴുണ്ടായതുപോലെയുള്ള വാക്കുപിഴവോ വഴുതലോ അല്ല ഇത്. തന്റെ വഴി അഴിമതിയുടെതാണ് എന്ന പ്രഖ്യാപനമാണ്.
6 ഒക്ടോബര്‍ 2016