Article POLITICS

എം എന്‍ വിജയന്‍ പ്രഭാഷണത്തിന് ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി എത്തുമ്പോള്‍

 

 

 

maxresdefaultപ്രൊഫസര്‍ എം എന്‍ വിജയന്‍ കടന്നുപോയിട്ടു ഒമ്പതു വര്‍ഷം കഴിഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബിലെ ആ വിടവാങ്ങലിന്റെ ദൃശ്യം ഓര്‍മ്മയിലുണ്ട്. ഒട്ടും കാരുണ്യമില്ലാതെ ഒരു നവലിബറല്‍ മുതലാളിത്ത വ്യവസ്ഥ നമ്മുടെ ജീവിതത്തെ വിഴുങ്ങുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയോടെയും സമരോത്സാഹത്തോടെയും മലയാളിസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമരഘട്ടത്തിന്റെ വിജയകരമായ പരിസമാപ്തി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വായ്പാ സമ്പദ്ഘടനയും സാമ്രാജ്യത്വ മോഹസിദ്ധാന്തങ്ങളും നമ്മെ വല്ലാതെ ഭ്രമംകൊള്ളിച്ചിട്ടുണ്ട്. ബദലുകളൊന്നുമില്ലെന്നു കമ്യൂണിസ്റ്റു കക്ഷികളെപ്പോലും ബോധ്യപ്പെടുത്തുംവിധം അതു ശക്തമായപ്പോഴാണ് ആ മായക്കാഴ്ച്ചയെ തുറന്നുകാട്ടാന്‍ വിജയന്‍മാഷ് ശ്രമിച്ചത്. അദ്ദേഹമെഴുതി; “സാമ്പത്തിക മുതലാളിത്തം സൃഷ്ടിക്കുന്ന ഒരു വ്യാജ സംതൃപ്തി നമ്മുടെ സമുദായത്തിനുണ്ട്. ഇപ്പോള്‍ ചരിത്രം ഒരു നിഴല്‍ക്കൂത്തായി മാറുകയാണ്. അതായത് നിര്‍ദ്ദേശമനുസരിച്ചു നടക്കുന്ന ഒരു ജീവിതം. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കുന്ന നഗരങ്ങള്‍. ലഘുസമ്പാദ്യങ്ങള്‍കൊണ്ടു തൃപ്തിപ്പെടുന്ന ഗ്രാമീണ മനസ്സുകള്‍. ഇങ്ങനെ ഒരവസ്ഥ കേരളത്തിലുണ്ടായിത്തീരുന്നുണ്ട്. നമ്മള്‍ സന്തോഷിക്കാന്‍ ഒരു കാരണവുമില്ലാതെത്തന്നെ സന്തുഷ്ടരായിത്തീരുന്നു. കാല്‍നടയായി പോകേണ്ടിടത്തു കാറില്‍പോയി കടംകേറി മരിക്കുന്നു.”

നവലിബറല്‍ ധനാധികാരത്തിന്റെ സൗമ്യമായ പ്രകാശനമാണത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമരോര്‍ജ്ജം അതിലാണ് അലിഞ്ഞുപോയത്. നിയമപരമായ ഭൂപരിഷ്‌ക്കരണത്തിനു പകരം ഭൂദാനമെന്ന സന്നദ്ധത മതിയാകുമെന്ന വിചാരത്തിന്റെ നിഷ്‌ക്കളങ്കത നാലാംലോകം സോഷ്യലിസത്തിനും കക്ഷിരഹിത പങ്കാളിത്ത ജനാധിപത്യം പ്രാതിനിധ്യ ജനാധിപത്യത്തിനും പകരമാകുമെന്ന വാദമുഖങ്ങള്‍ക്കില്ല. അതു മുതലാളിത്തം വച്ചുനീട്ടുന്ന വ്യാജമായ സംതൃപ്തികളുടെ ലോകമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഈ ചതിക്കുഴികളില്‍ വീഴരുതേയെന്നാണ് വിജയന്‍മാഷ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, രക്തസാക്ഷികളില്‍നിന്ന് ഒരു വലിയ സ്ഥാപനത്തിലേക്കുള്ള ദൂരം, ത്യാഗത്തില്‍നിന്നു ആധിപത്യത്തിലേക്കുള്ള ദൂരം, ഒരു ജൈവാവസ്ഥയില്‍നിന്നു യാന്ത്രികാവസ്ഥയിലേക്കുള്ള മാറ്റം എന്നിവയൊക്കെയാണെന്ന് അദ്ദേഹമെഴുതി.

ആഗോളവത്ക്കരണ കാലത്തു ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇത്തരം വിഭ്രാന്തികളിലൂടെ കടന്നുപോയിട്ടുണ്ട്. ബര്‍ലിന്‍മതിലിന്റെ പതനവും സോവിയറ്റ് പെരിസ്‌ത്രോയ്ക്കയും ആ വ്യതിയാനത്തിനു വേഗമേറ്റി. തൊണ്ണൂറുകളുടെ തുടക്കം സോവിയറ്റ് യൂനിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പതനകാലമായി. അപ്പോഴും നിവര്‍ന്നുനിന്ന് ഞങ്ങള്‍ അതിജീവിക്കുമെന്നും സോഷ്യലിസം മാത്രമേ ബദലുള്ളുവെന്നും പറയാന്‍ സിപിഎം ശക്തമായിരുന്നു. പിന്നീട് ആ ശക്തി പതുക്കെപ്പതുക്കെ അപ്രത്യക്ഷമാവുന്നതും നവലിബറല്‍ ശീലങ്ങളിലേയ്ക്ക് പാര്‍ട്ടി മൂക്കുകുത്തിവീഴുന്നതുമാണ് കണ്ടത്. ആ ഖേദമാണ് വിജയന്‍മാഷെ നവമുതലാളിത്തത്തിനെതിരായ പോരാട്ടങ്ങളുടെ നായകനാക്കിയത്.

സാഹിത്യ വിമര്‍ശനത്തിന്റെയും സാംസ്‌ക്കാരിക പ്രഭാഷണത്തിന്റെയും അദ്ധ്യാപനത്തിന്റെയും അനന്യവും നിസ്തുലവുമായ വഴിയിലൂടെയാണ് വിജയന്‍മാഷ് മലയാളികള്‍ക്കു പ്രിയപ്പെട്ടവനായത്. ആര്‍ക്കുമെപ്പോഴും കടന്നുചെല്ലാവുന്ന കരുണയെന്ന വീടും സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ഈറന്‍സ്പര്‍ശവും മറക്കാനാവില്ല. ജീവിതത്തിന്റെ അവസാന ദശകത്തില്‍, താന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനം വഴിമാറി സമവായത്തിന്റെയും വിലപേശലുകളുടെയും സമരവിമുഖമായ പാതയിലേക്കു തിരിഞ്ഞപ്പോള്‍ പോരാളികളുടെ ലക്ഷ്യവും മാര്‍ഗവും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്തും പുറത്തുമായി നടന്ന പോരാട്ടങ്ങള്‍ കേരളത്തിന്റെ മാത്രം അനുഭവമല്ല.

സോവിയറ്റ് യൂനിയനില്‍ ഇതേ രാഷ്ട്രീയപ്പോരാട്ടെം നിര്‍വ്വഹിച്ച മാര്‍ക്‌സിസ്റ്റ് ധൈഷണികനാണ് ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി. എഴുപതുകളില്‍ സോഷ്യോളജിയും തിയേറ്റര്‍ പാഠങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിമതസ്വരമാണ് അദ്ദേഹത്തിന്റെത്. ഇടതുപക്ഷ സംവാദങ്ങളുടെ പ്രസിദ്ധീകരണത്തിനും അതിന്റെ പ്രചാരണത്തിനും മുതിര്‍ന്നതിന് എണ്‍പതുകളുടെ തുടക്കത്തില്‍ പതിനെട്ടു മാസത്തോളം ജയിലിലടയ്ക്കപ്പെട്ടു. പുറത്തുവന്നശേഷം പ്രസിദ്ധീകരിച്ച, സോഷ്യലിസത്തിനു കീഴിലെ റഷ്യന്‍ ധൈഷണികതയുടെ അതിജീവനം സംബന്ധിച്ച പുസ്തകം(ദി തിങ്കിംഗ് റീഡ്) പരക്കെ അംഗീകാരം നേടി. സോഷ്യലിസത്തെ പരിഷ്‌ക്കരിക്കാനും അതിനു പുതുജീവന്‍ നല്‍കാനുമെന്ന പേരില്‍ ഗോര്‍ബച്ചോവ് അവതരിപ്പിച്ച പെരിസ്‌ത്രോയ്ക്ക നവമുതലാളിത്തത്തെയാണ് ആനയിച്ചുകൊണ്ടുവരുന്നതെന്ന് കഗാര്‍ലിറ്റ്‌സ്‌കി ചൂണ്ടിക്കാട്ടി. 1992ല്‍ റഷ്യയില്‍ പുതിയൊരു തൊഴിലാളിവര്‍ഗ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. യത്സിന്റെ കാലത്ത് രണ്ടാമത്തെ അറസ്റ്റും ജയില്‍ശിക്ഷയും. അന്താരാഷ്ട്ര തലത്തില്‍ നടന്ന ഇ മെയില്‍ പ്രതിഷേധങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി പിന്നീടു വിട്ടയക്കപ്പെട്ടു.

mnv

മാര്‍ക്‌സിസം അപ്രസക്തമായി, തൊഴിലാളിവര്‍ഗം മരിച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങളെ കഗാര്‍ലിറ്റ്‌സ്‌കി ശക്തമായി ഖണ്ഡിക്കുന്നു. സോഷ്യലിസം അനിവാര്യവും സാധ്യവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് നവലിബറല്‍ മുതലാളിത്തത്തിന്റെ ഹിംസാത്മകമായ മുന്നേറ്റംതന്നെയാണ്. അത് ദാരിദ്ര്യവും പ്രതിസന്ധിയും സൃഷ്ടിച്ചുകൊണ്ടേയിരിക്കും. വര്‍ഗസമരവും വിപ്ലവകരമായ മുന്നേറ്റങ്ങളും അതിനെ പിന്‍പറ്റാതെ തരമില്ല. പക്ഷെ, കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ തൊണ്ണൂറുകളില്‍ ബാധിച്ച രാഷ്ട്രീയ സിരാരോഗം അഥവാ തളര്‍വാതം മാറ്റേണ്ടതുണ്ട്. അതു പുരോഗമന രാഷ്ട്രീയ വിശകലനങ്ങള്‍കൊണ്ടേ സാധ്യമാവൂ. കഗാര്‍ലിറ്റ്‌സ്‌ക്കിയുടെ പക്ഷമതാണ്. സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും സര്‍ഗാത്മക ജീവിതം നയിക്കുന്നവരെന്നു ഉന്നതാംഗീകാരം സിദ്ധിച്ചവരാണ്. അവരെയാകെ വാടകത്തൊഴിലാളികളാക്കി നവമുതലാളിത്തം മാറ്റിയിരിക്കുന്നു. തങ്ങളെ വീണ്ടെടുക്കാനുള്ള സമരം അവരുടെകൂടി ഉത്തരവാദിത്തമായിരിക്കുന്നു. ചൂഷിതസമൂഹങ്ങള്‍ അതിവേഗം പെരുകുന്നുവെന്നത് ബദലിന്റെ സാധ്യതയെയും അനിവാര്യതയെയും സൂചിപ്പിക്കുന്നുവെന്നും കഗാര്‍ലിറ്റ്‌സ്‌കി പറയുന്നു.

ന്യൂ റിയലിസം ന്യൂ ബാര്‍ബറിസം എന്ന കൃതി മാര്‍ക്‌സിസം കാലഗതിയടഞ്ഞു എന്നു പാടിയവര്‍ക്കുള്ള മറുപടിയാണ്. പരാജയപ്പെട്ടത് മാര്‍ക്‌സിസമല്ല, അതിന്റെ തെറ്റായ പതിപ്പുകളോ വ്യാഖ്യാനങ്ങളോ ആണ്. ആഗോളവത്ക്കരണത്തിന്റെ സാന്ധ്യശോഭ എന്ന കൃതിയില്‍ പുതിയകാലത്തെ വെല്ലുവിളികളെ സമഗ്രമായി പരിശോധിക്കുന്നു. അതിന്റെ തുടര്‍ച്ചയായ പുസ്തകമാണ് റാഡിക്കലിസത്തിന്റെ തിരിച്ചുവരവ്. നവലിബറല്‍ കാലത്തു ശരിയായ ബദലുയര്‍ത്താന്‍ സാര്‍വ്വദേശീയ ഇടതുപക്ഷം ശക്തിപ്പെടണമെന്നാണ് ഈ കൃതി വാദിക്കുന്നത്. ആഗോളവത്ക്കരണം നിര്‍വ്വീര്യമാക്കിയ ദേശരാഷ്ട്രങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനവിവാര്യമാണ്. അതിനനുഗുണമായ സമരോത്സാഹം ശക്തിപ്പെടണമെന്നും അദ്ദേഹം വാദിക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ചെറുമുന്നേറ്റങ്ങള്‍ വേറിട്ടൊരു രീതിയില്‍ സംഘടിച്ചു തുടങ്ങിയതിനെ കഗാറിലിറ്റ്‌സ്‌കി സ്വാഗതം ചെയ്യുന്നു. ഗ്രീസിലെ സിറിസയെയും സ്‌പെയ്‌നിലെ പെഡമോസിനെയും അദ്ദേഹം ഉദാഹരിക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കം കടുത്ത നിരാശയുടെതായിരുന്നെങ്കില്‍ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ മിക്കയിടങ്ങളിലും ചെറിയതോതിലെങ്കിലും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുതുടങ്ങിയെന്നു കഗാര്‍ലിറ്റ്‌സ്‌ക്കി നിരീക്ഷിക്കുന്നുണ്ട്. അത്തരമൊരു കുറിപ്പില്‍ ഇന്ത്യന്‍ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കും ഒരവസരം (1996ല്‍) കൈവന്നിരുന്നു. സിപിഎം അതു നിരസിച്ചു. ഡോഗ്മാറ്റിസത്തിന്റെ കരിനിഴലുണ്ടായിരുന്നെങ്കിലും ബൂര്‍ഷ്വാഗവണ്‍മെന്റിനെ നയിക്കാന്‍ കഴിയില്ലെന്ന ശരിയായ മാവോയിസ്റ്റു തത്വമാണ് പിന്തുടരപ്പെട്ടത്. യൂറോപ്യന്‍ പോസ്റ്റു കമ്യൂണിസ്റ്റുകള്‍ക്കു കൈമോശം വന്ന ധൈഷണികമായ സത്യസന്ധതയാണ് ഇന്ത്യന്‍ പാര്‍ട്ടി പ്രകടിപ്പിച്ചതെന്നു, ഇടതുപക്ഷം നിലനില്‍ക്കുന്നു എന്ന ലേഖനത്തില്‍ അദ്ദേഹം കുറിച്ചു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ സിപിഎം പിന്നീട് വലത്തോട്ടുമാത്രം ചാഞ്ഞുകൊണ്ടിരുന്നു. ആ കാലത്തെ പോരാട്ടമാണ് വിജയന്‍മാഷ് നിര്‍വ്വഹിച്ചത്.

cropped-cropped-mn-vijayan-a1ഇത്തവണ എം എന്‍ വിജയന്‍ അനുസ്മരണത്തിന് ഒക്‌ടോബര്‍ മൂന്നിന്(ഇന്ന്) ബോറിസ് കഗാറിലിറ്റ്‌സ്‌കി തൃശൂരിലെത്തുകയാണ്. ആഗോളവത്ക്കരണത്തിനും നവലിബറലിസത്തിനുമെതിരായ ചെറുത്തുനില്‍പ്പിന്റെ അര്‍ത്ഥശാസ്ത്രം-സോവിയറ്റ് യൂനിയനു ശേഷം എന്ന വിഷയത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണം. എം എന്‍ വിജയന്‍ കേരളത്തില്‍ തുടക്കമിട്ട ഇടതുപക്ഷ രാഷ്ട്രീയ സംവാദങ്ങളും പോരാട്ടങ്ങളും അതിന്റെ സാര്‍വ്വദേശീയമായ പശ്ചാത്തലത്തിലും അടയാളപ്പെടുകയാണ്. കാലം മാറിപ്പോയി എന്നു വിജയന്‍മാഷെ പരിഹസിച്ചവര്‍ക്കു മുന്നില്‍ നവമുതലാളിത്തത്തിനെതിരായ ആഗോള ഉണര്‍വ്വുകള്‍ പാഠമാകേണ്ടതാണ്. ബോറിസ് കഗാര്‍ലിറ്റ്‌സ്‌കിയുടെ വരവും പ്രഭാഷണവും ആരോഗ്യകരമായ സംവാദങ്ങള്‍ക്കും ലക്ഷ്യവേധിയായ മുന്നേറ്റങ്ങള്‍ക്കും കരുത്താവട്ടെ.

1 ഒക്‌ടോബര്‍ 2016

(മംഗളം ദിനപത്രം ഓരം – പംക്തി 3 ഒക്‌ടോബര്‍ 2016)

1 അഭിപ്രായം

  1. സോഷ്യലിസ്റ് വിപ്ലവത്തെക്കുറിച്ചും ലോകതൊഴിലാളിവർഗ്ഗത്തിന്റെ യോജിപ്പിനെക്കുറിച്ചും പുരോഗമനപരമായ കാഴ്ചപ്പാടുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്താനാണ് ഒരു യാഥാർത്‌ഥ കമ്യൂണിസ്റ് ആഗ്രഹിക്കുന്നത്. ഒരു യഥാർത്ഥ കമ്യൂണിസ്റ്റായിരുന്ന എം എൻ വിജയൻ മാഷിനെ അനുസ്മരിക്കാൻ എത്തേണ്ടതും ഒരു യഥാർത്ഥ കമ്യൂണിസ്റ് ആയിരിക്കണമല്ലോ? എന്നാൽ ഈ ചടങ്ങിലെ മുഖ്യ പ്രഭാഷകനായി എത്തുന്ന Boris Kagarlitsky എത്രത്തോളം സോഷ്യലിസ്റ്റും തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടും ഉള്ള ആളാണ്? 2011-ൽ റഷ്യയിൽ രൂപീകരിച്ച പുട്ടിൻ വിരുദ്ധ “ഇടതു ” കൂട്ടായ്മയായ Russian Socialist Movement (RSM) ഒരു പ്രധാന സഖ്യകക്ഷിയായ Institute of Globalization and Social Movements (IGSO) എന്ന മോസ്‌കോ ആസ്ഥാനമായ അന്തർദേശീയ സംഘടനയുടെ ഡയറക്റ്റർ ആണ് Boris Kagarlitsky. ഒരു സോഷ്യലിസ്റ് എന്ന് ഒരിക്കലും സ്വയം അവകാശപ്പെടുകപോലും ചെയ്യാത്ത ഒരു കക്ഷിയാണിത്. ആഗോളവൽക്കരണത്തിന്റെ ഇരകൾക്ക് സോഷ്യലിസ്റ് വിപ്ലവത്തിൽ കൂടിയല്ല, മറിച്ച്, ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിൽ കൂടിയുള്ള പരിഹാരമാണ് തങ്ങൾ നിര്ദേശിക്കുന്നതെന്ന് ഇവർ പറയുന്നു.

    പഴയ സോവിയറ്റ് സ്റ്റാലിനിസ്റ്റുകളും അനാർക്കിസ്റ്റുകളും ലിബറൽ ഡെമോക്രാറ്റുകളും ദേശീയവാദികളും ഒക്കെ ചേർന്നാണ് ഈ “ഇടതു” കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. വിവിധ ചിന്താഗതിക്കാരുടെ കൂട്ടായ്മയായതിനാൽ “മാർക്സിസ്റ്” എന്ന പദം പോലും അവർ സംഘടനക്ക് കൊടുത്തിട്ടില്ല. 2011-ലെ സ്ഥാപക പ്രഖ്യാപനം അനുസരിച്ച് RSM- ന്റെ നയം നിലവിലുള്ള ദേശരാഷ്ട്ര സങ്കൽപ്പത്തെ തകർക്കുകയെന്നല്ല, കൂടുതൽ ജനാധിപത്യം നൽകി, കൂടുതൽ ദേശസാൽക്കരണം നടത്തി, ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുകയെന്നതാണ് ഈ ഇടതു ഗ്രൂപ്പിന്റെ ലക്‌ഷ്യം. ഒരുമാതിരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസം പോലെ. തൊഴിലാളിവർഗ്ഗം അടിസ്ഥാന ആവശ്യങ്ങൾ നേടുന്നതിനായി മാത്രം അങ്ങനെ സംഘടിച്ചു നിന്നാൽ മതി, രാഷ്ട്രീയമായി സംഘടിച്ച അധികാരം കയ്യാളുകയൊന്നും വേണ്ട; (അതൊക്കെ ഇപ്പോഴത്തെ ബൂർഷ്വാ ഭരണവർഗ്ഗം ചെയ്തോളും).

    വിജയൻ മാഷിനെ അനുസ്മരണത്തിന് വ്യാജ “ഇടതു” കാഴ്ചപ്പാടുകളുള്ള ഇത്തരം സംഘടനകളിൽ പെട്ട ആളുകളാണോ പങ്കെടുക്കേണ്ടത്?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )