ചുവന്ന മണ്ണായാണ് കേരളം അറിയപ്പെട്ടുപോന്നത്. മുപ്പതുകളില്‍ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗമായിരുന്ന ഇടതുപക്ഷം വേര്‍പിരിഞ്ഞ് ആദ്യം സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സും പിന്നീട് കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി മാറിയതു ചരിത്രം. മഹത്തായ കേരളമാതൃകയിലേക്കുള്ള വഴികള്‍ ചുവന്നത് അങ്ങനെയാണ്. ഭൂപരിഷ്ക്കാരത്തിന്റെയും വിദ്യാഭ്യാസ തൊഴിലവകാശങ്ങളുടെയും ആരോഗ്യ സാമൂഹിക സുരക്ഷകളുടെയും മണ്ഡലങ്ങളിലെ വളര്‍ച്ച പുരോഗമന രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായി. അതു പക്ഷെ, സമരോത്സുകമായ തുടര്ച്ചകളില്ലാതെ വിപരീതഫലം വരുത്തിവെയ്ക്കുന്നുവല്ലോ എന്ന ഖേദം സമീപകാലത്തായി തിടംവയ്ക്കുകയാണ്.
നരേന്ദ്രമോഡി ഗവണ്മെന്റ് വന്നതോടെ കേരളത്തിന്റെ ചുവന്ന മണ്ണിലും കാവിരാശി പടരുന്നുവെന്ന് മോഹവാക്യങ്ങളെഴുതിയ മാധ്യമങ്ങളുണ്ട്. അതത്രയും അപക്വമായ കാഴ്ച്ചകളായിരുന്നില്ലെന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പുഫലങ്ങള്‍ രാഷ്ട്രീയ കേരളത്തെ അന്ധാളിപ്പിച്ചു. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തീരെ അപ്രതീക്ഷിതമായ ഒരു വിപത്തിനുമുന്നിലെന്നപോലെ, വളരുന്ന ഒരു മൂന്നാംശക്തിയെ കണ്ടു നടുങ്ങിയിരിക്കുന്നു. ഒറ്റപ്പെടുത്തി പരാജയപ്പെടുത്താമെന്ന തന്ത്രം മുന്നണികള്‍ ഏറെക്കാലം പരീക്ഷിച്ചു. ഹിന്ദുത്വവര്‍ഗീയതയുടെ ഹിംസാത്മക ഇടപെടലുകളും കടുത്ത അസഹിഷ്ണുതാ പ്രകടനങ്ങളും നവബ്രാഹ്മണിക്കല്‍ ശുദ്ധിവാദങ്ങളും രാജ്യമെങ്ങും വലിയ പൊട്ടിത്തെറികളുണ്ടാക്കിയപ്പോള് നവോത്ഥാന മുന്നേറ്റങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള കേരളത്തിലേക്ക് അവയ്ക്കു കാലൂന്നാനാവില്ലെന്നായിരുന്നു എല്ലാവരും ധരിച്ചത്.
വലിയ ആത്മവിശ്വാസത്തോടെ കേരളത്തിലെത്താന്‍ ഇപ്പോള്‍ അമിത്ഷായ്ക്കും നരേന്ദ്രമോഡിക്കും ഇതര ബി ജെ പി നേതാക്കള്‍ക്കും സാധിക്കുമെന്നു വന്നിരിക്കുന്നു. കേരള നിയമസഭയില്‍ ഒരംഗത്തെ വിജയിപ്പിക്കാനായത് വരാനിരിക്കുന്ന ഒരു പ്രവാഹത്തിന്റെ തുടക്കമാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ആ പാര്‍ട്ടി കരുത്തു നേടിയിരിക്കുന്നു. എന്താണ് കേരളത്തിന്റെ കാര്യത്തില്‍ അവരെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി മാറ്റുന്നത്? ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കരുത്തു ചോര്‍ന്നു തുടങ്ങിയ തിരിച്ചുപോക്കിന്റെ നേരത്താണ് കേരളം ബി ജെ പിക്കു പ്രതീക്ഷ നീട്ടുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പോടെ അസ്തമിച്ചത് ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയ പ്രഭാവമാണെന്ന് അവര്‍ക്കറിയാം. പ്രലോഭനങ്ങള്‍ക്കു വശംവദരായി വര്‍ഗീയ കലാപങ്ങളുടെയും വംശഹത്യകളുടെയും നാളുകളില്‍ മൗനംപുലര്ത്തിയവരില് വലിയൊരു വിഭാഗം, പുതുതായി രൂപപ്പെട്ട ദളിത് പ്രക്ഷോഭങ്ങളുടെ പിറകില്‍ അണിനിരന്നിരിക്കുന്നു. ജാതിഹിന്ദുത്വത്തിനെതിരായ വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചിത്രമാണ് മിക്കയിടങ്ങളിലും തെളിയുന്നത്.
ഈ സാഹചര്യത്തിലും പ്രബലമായ രണ്ടു മുന്നണികളുള്ള കേരളത്തില്‍ ഏറെക്കുറെ ഒറ്റയ്ക്കു നിന്നു ബിജെപിയുണ്ടാക്കിയ വളര്‍ച്ച ചെറുതല്ല. അതവരെ സംബന്ധിച്ചിടത്തോളം അഭിമാനകരംതന്നെയാണ്. 1982ല്‍ 2,63,331 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി രണ്ടു പതിറ്റാണ്ടുകൊണ്ടാണ് അത് (2011ല്‍) 10.53.654 വോട്ടുകളാക്കി ഉയര്‍ത്തിയത്. എന്നാല്‍, അഞ്ചു വര്‍ഷം കഴിഞ്ഞ് 2016 ആയപ്പോള്‍ അതിരട്ടിച്ചു. 21, 29,726 വോട്ടുകളായാണ് അതുയര്‍ന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയിലേറെയാണ് വര്‍ദ്ധനവ്. സഖ്യ കക്ഷിയായ ബിഡിജെഎസിന് 7,95,797 വോട്ടുകളുമുണ്ട്. അതേസമയം, 53,65,472 വോട്ടുകള്‍ ചിഹ്നത്തില്‍ വാങ്ങിയ സിപിഎമ്മും 47,94.793 വോട്ടു നേടിയ കോണ്‍ഗ്രസ്സും മുന്‍ കാലങ്ങളെ അപേക്ഷിച്ചു വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കിയില്ല. 2011ലെ വോട്ടുകളെക്കാള്‍ 26,63,542 വോട്ടുകള്‍ മാത്രം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത് എന്നോര്‍ക്കണം. എന്താണ് ഈ വളര്‍ച്ചയുടെ കാരണമെന്നു പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രബലമായ രണ്ടു മുന്നണികള്‍ക്കും മതേതര ജനാധിപത്യ രാഷ്ട്രീയത്തിനും വലിയ വില നല്‍കേണ്ടി വരും.
ജാതി മത സാമുദായിക ചേരികളെ സമ്മര്‍ദ്ദശക്തിയായി നിലനിര്‍ത്തുന്ന സമീപനമാണ് ഏറെക്കാലമായി മുഖ്യ രാഷ്ട്രീയ കക്ഷികളും മുന്നണികളും പുലര്‍ത്തിപ്പോരുന്നത്. ഇത് മതേതര രാഷ്ട്രീയത്തെ വലിയ അളവില്‍ ദുര്‍ബ്ബലപ്പെടുത്തി. വിലപേശല്‍ ശേഷി നല്കി ഭസ്മാസുരാവതാരങ്ങളെ പരിരക്ഷിച്ചു പോരുന്നതില്‍ ഇടതു വലതു മുന്നണികള്‍ മത്സരിച്ചു. അതിന്റെ അനിവാര്യമായ ഫലശ്രുതിയാണ് ഇപ്പോള്‍ അനുഭവിക്കേണ്ടി വരുന്നത്. മതേതര ജനാധിപത്യ മൂല്യങ്ങളുടെ ശക്തരായ വക്താക്കളെന്നു അഭിമാനിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അവിഹിതമായി ജനാധിപത്യ സംവിധാനങ്ങളില്‍ ഇടപെടാനുള്ള ശേഷി സാമുദായിക മത വിഭാഗങ്ങള്‍ക്കു നല്‍കിയത്. പൊതുപുരോഗതിയുടെ സംരംഭങ്ങളിലെല്ലാം ഒരു നറുക്കിനു ചേര്‍ത്ത് അവരെ അനുഗ്രഹിച്ചു. അപ്പോഴും പുറത്താക്കപ്പെട്ടതും കോളനികളിലേക്ക് ഒതുക്കപ്പെട്ടതും ദളിത് ആദിവാസി വിഭാഗങ്ങളാണ്.
ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കിടയില്‍ അപ്രത്യക്ഷമാകേണ്ടിയിരുന്ന മത സാമുദായിക രാഷ്ട്രീയം പച്ചപിടിച്ചു നിന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്നു സ്പഷ്ടമാണല്ലോ. ഇപ്പോള്‍ ആ തിന്മയുടെ ശക്തികള്‍ വളര്‍ന്നു തങ്ങളുടെ രക്ഷകരെത്തന്നെ സംഹരിക്കുമെന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. നമുക്കു ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ വിളംബരവും സാമുദായിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും അനുഭവപാഠവും ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ടി വരുന്നത് ജീവിതത്തിന്റെ ശീലങ്ങളില്‍നിന്ന് അതു പൊഴിഞ്ഞുപോയതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍പോലും നവോത്ഥാന പൂര്‍വ്വ ജീര്ണവിശ്വാസങ്ങളിലേക്കും അതിന്റെ അര്‍ത്ഥരഹിതമായ അനുഷ്ഠാനങ്ങളിലേക്കും മൂക്കുകുത്തി വീണിരിക്കുന്നു.
സിപിഎം പാര്ട്ടികോണ്ഗ്രസ്സു പ്രമേയങ്ങളില്‍, നിരന്തരം ആവര്‍ത്തിച്ചുപോന്ന ചില ഉപദേശങ്ങളുണ്ട്. അതിയായ ആചാരഭ്രമത്തിലേയ്ക്കും ആഘോഷധൂര്ത്തുകളിലേയ്ക്കും വീണുപോയ സഖാക്കളെ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു അത്. കേരളത്തിലെ പ്രവര്‍ത്തകരെയാണ് അത് മുഖ്യമായും ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും ഉപേക്ഷിക്കണമെന്ന് ആ പ്രമേയങ്ങള്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിപ്പിച്ചു. 1996ലെ തെറ്റുതിരുത്തല്‍ രേഖയിലും പാലക്കാട് പ്ലീനത്തിലും അടുത്തയിട നടന്ന കൊല്‍ക്കൊത്ത പ്ലീനത്തിലും ഈ തെറ്റുതിരുത്തലിന്റെ ആവശ്യകത ആവര്‍ത്തിച്ചു. ഇതു വിരല്‍ ചൂണ്ടുന്നത്, കമ്യൂണിസ്റ്റുകാരുള്‍പ്പെടെ ഭൂരിപക്ഷ ജനതയും നവോത്ഥാനാശയങ്ങളില്നിന്നു ബഹുദൂരം പിറകിലേക്കു സഞ്ചരിക്കുകയായിരുന്നു എന്ന സത്യത്തിലേക്കാണ്. മതജാതിപുനരുത്ഥാന ആശയങ്ങള്‍ വളര്‍ന്നുവന്നത് ആ ജീര്ണസഞ്ചാരത്തിന്റെ കൂടി തണലിലാണ്.
വൈരുദ്ധ്യാത്മക ഭൗതികവാദം കൈവിട്ട് ആശയവാദത്തെ ആലിംഗനം ചെയ്യുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തങ്ങളെ മാത്രമല്ല, ഭൂതകാലത്താര്ജ്ജിച്ച പുരോഗമനജീവിതത്തെത്തന്നെയും പിറകോട്ടടിപ്പിക്കുമെന്നു അനുഭവം നമ്മെ പഠിപ്പിക്കുന്നു. പ്രസ്ഥാനത്തില്‍ (അന്ധ)വിശ്വാസികള്‍ക്കുകൂടി ഇടമുണ്ട് എന്നു വിശാലമായത് തങ്ങളിലെ ജീര്‍ണതകള്‍ക്കു പകല്‍വെളിച്ചത്തില്‍ വിഹരിക്കാന്കൂടി ആയിരുന്നിരിക്കണം. പ്രസംഗവേദികളില്‍ ലെനിനും റോസാ ലുക്സംബര്‍ഗും മാവോയുമൊക്കെയായി തീ തുപ്പുന്നവര്‍ സ്വകാര്യ ജീവിതത്തില്‍ പൂണൂലും കുടുമയും ഹോമവും പൂജയുമൊക്കെയായി വിഭക്ത ജീവിതം ശീലിച്ചിരിക്കുന്നു. ജാതി ഹിന്ദുത്വത്തിനെതിരെ പൊരുതാന്‍ ജാതിരഹിത ജീവിതം ജീവിക്കണമെന്ന ബാലപാഠംപോലും വിസ്മരിക്കപ്പെടുന്നു. നിറംമാഞ്ഞു വിളറുന്ന ചോപ്പില്നിന്നു കാവിയിലേക്കു എളുപ്പവഴിയുണ്ടെന്നു സംഘപരിവാരങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ എങ്ങനെ തെറ്റുകാണും? നവോത്ഥാന കേരളത്തെ സൃഷ്ടിക്കാന്‍ യത്നിച്ചവരുടെ പിന്മുറക്കാര്തന്നെ പുനരുത്ഥാനരാഷ്ട്രീയത്തിനു വഴിയൊരുക്കാന്‍ നിയോഗിക്കപ്പെടുന്നത് ചരിത്രത്തിലെ ദുരന്തപൂര്‍ണമായ വൈപരീത്യമാണ്.
വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ, ഒരു പ്രത്യയശാസ്ത്ര വിലക്കിന്റെയും പ്രശ്നമില്ലാതെ, ജാതിഹിന്ദുത്വത്തിന്റെ പൊതുബോധത്തെ നിരന്തരം സ്വീകരിച്ചുപോന്നിട്ടുണ്ട്. അതു മറച്ചുവെയ്ക്കാനോ സന്തുലിതമാക്കാനോ ശ്രമിക്കാതെ എല്ലാ വിഭാഗങ്ങളുമായും വിലപേശല്‍ നടത്താനും അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാനും അക്കൂട്ടര്‍ സദാ സന്നദ്ധരായി. അധികാരം നിലനിര്‍ത്താനുള്ള ലീലകളില്‍ കവിഞ്ഞ് ജനാധിപത്യത്തിന് വലിയ അര്‍ത്ഥമൊന്നും അവര്‍ കാണുന്നില്ല. സമീപഭൂതകാലത്താണ് ഇവ്വിധമുള്ള വ്യതിയാനങ്ങള്‍ക്കു വേഗമേറിയത്. നേരത്തേ മിശ്രവിവാഹിതര്‍ക്കു ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെടാന്‍ മുസ്ലീംലീഗുപോലും തയ്യാറായിരുന്നു. ആ സാമൂഹിക സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഈ ജീര്ണാനുഭവങ്ങളുടെ ചളിനിലത്തിലാണ് സംഘപരിവാരത്തിന്റെ താമരകള്‍ വളരുന്നത്. അതു കൂടുതല്‍ വളര്‍ത്താനാവുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തെ സന്തുഷ്ടരാക്കുന്നത്.
23 സെപ്തംബര്‍ 2016
(മംഗളം ദിനപത്രം. ഓരം – കോളം 26 സെപ്തംബര്‍ 2016)