സംഘപരിവാര രാഷ്ട്രീയത്തിന്റെ അടിത്തറയായ ജാതിഹിന്ദുത്വത്തെയും കോര്‍പറേറ്റിസത്തെയും എതിര്ത്തോടിക്കാതെ ഫാസിസത്തിനെതിരായ സമരം വിജയിക്കുകയില്ല. ബി ജെ പിക്കുമേലുള്ള തെരഞ്ഞെടുപ്പുവിജയമോ സൈദ്ധാന്തിക സംവാദമോ കൊണ്ടുമാത്രം ലക്ഷ്യം നേടാനാവില്ല. പൊതുബോധവും നാട്ടുവഴക്കവും ജീവിതചര്യകളും ഏറെക്കാലമായി പ്രതിലോമപരമായ വരേണ്യവ്യവഹാരങ്ങള്ക്കു കീഴ്പ്പെട്ടേ നിര്വ്വഹിക്കപ്പെടുന്നുള്ളു. അതു മാറ്റിമറിക്കാന്‍ സമഗ്രമായ പൊളിച്ചെഴുത്തിനു വിധേയമാകണം. നമ്മുടെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും നവോത്ഥാനമുന്നേറ്റങ്ങളും സോഷ്യലിസ്റ്റാശയങ്ങളും കീഴാള പോരാട്ടങ്ങളും അത്തരമൊരു പൊളിച്ചെഴുത്തിനു തുടക്കം കുറിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരം വളര്‍ന്ന പൊതുപ്രസ്ഥാനങ്ങളും നവമധ്യവര്‍ഗ ധ്രുവീകരണവും നവമുതലാളിത്തം നിയന്ത്രിച്ച ജനാധിപത്യ സംവിധാനങ്ങളും സമവായത്തിന്റെയും വഴങ്ങലുകളുടെയും പ്രതിലോമധാരകളാണ് തുറന്നിട്ടത്.
ഇന്നിപ്പോള്‍ ,ശത്രു വാതില്‍പ്പഴുതിലൂടെ ശിരസ്സു നീട്ടിത്തുടങ്ങുമ്പോള് നാം അസ്വസ്ഥരാകുന്നുണ്ട്. അപ്പോഴും അപകടം തിരിച്ചറിയാനാവാത്തവിധം അടിമത്തം അലങ്കാരമാക്കിയവരുമുണ്ട്. ജനാധിപത്യത്തിന്റെ സത്ത ഉപേക്ഷിക്കാനും അനര്‍ഹമായ അധികാര വാഞ്ഛകളിലേക്ക് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും കഴിയുംവിധം അശ്ലീലമായ ഒരു മാന്യതാ സങ്കല്‍പ്പം വളര്‍ന്നുവന്നിരിക്കുന്നു. അല്‍പ്പമെങ്കിലും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും തുല്യനീതിക്കും തുല്യാധികാരത്തിനും വേണ്ടിയുള്ള അവകാശബോധവും ബാക്കിനില്‍ക്കുന്നവര്‍ സ്വയംകീറി നേരിനെ അഭിസംബോധന ചെയ്യും. സ്ഥൂല രാഷ്ട്രീയവ്യവഹാരങ്ങളില്‍ മുന്തിയ പരിഗണന ജനാധിപത്യ മതേതര ജീവിതക്രമങ്ങള്‍ക്കും ജാതിരഹിത ബദല്മാതൃകകള്ക്കും ചൂഷണങ്ങള്‍ക്കെതിരായ സമരഭാവുകത്വത്തിനും പതിച്ചു നല്കുന്നവര്, സാമുദായിക കുടുംബജീവിതങ്ങളുടെ അരങ്ങുകളില്‍ തീര്‍ത്തും വിപരീതമായ മറ്റൊരു ക്രമം ദീക്ഷിക്കുന്നതായി കാണുന്നു. ജാതിമികവിന്റെ അഭിമാനവും ആചാരാനുഷ്ഠാനങ്ങളിലെ അമിതാവേശവും നിലതെറ്റിയ തറവാടിത്തഘോഷണങ്ങളും ഭൂതകാലാഭിനിവേശവുമാണ് അവരില്‍ ജ്വലിച്ചുണരുന്നത്.
ജീവിതത്തില്‍ ഈ വിഭക്തവ്യക്തിസത്ത വലിയ വിമര്‍ശനങ്ങള്‍ക്കൊന്നും വിധേയമാകുന്നില്ല. മിക്കപ്പോഴും അത് അംഗീകാരം നേടിയെടുക്കുന്നുമുണ്ട്. അതിനനുയോജ്യമാംവിധം നമ്മുടെ പൊതുബോധം അഹംകേന്ദ്രീകൃതവും മത്സരാധിഷ്ഠിതവുമായി മാറിയിട്ടുണ്ട്. തന്നെത്തന്നെ നിരാകരിക്കുന്ന ഒരാള്‍ക്ക് എന്തിനോടും രാജിയാവുക പ്രയാസകരമല്ല. പിളര്പ്പന് വ്യക്തിത്വമായേ ഓരോരുത്തരും അവനവനെയോ അവളവളെയോ അടയാളപ്പെടുത്തുന്നുള്ളു. ഇത് സാമാന്യമായ പ്രസ്താവമാക്കുന്നത് ശരിയല്ലെന്നറിയാം. എങ്കിലും ഭൂരിപക്ഷാനുഭവം നമ്മെ അത് അടിവരയിട്ടു പറയാന്‍ നിര്‍ബന്ധിക്കുകയാണ്. നവോത്ഥാനവും പുരോഗമാനാശയധാരയും സമ്മാനിച്ച യുക്തിചിന്ത വ്യക്തിജീവിതത്തില്‍ കയ്യൊഴിക്കപ്പെടുന്നു. വ്യവസ്ഥയെ പൊളിച്ചെഴുതാനിറങ്ങിയവര്തന്നെ വ്യവസ്ഥയ്ക്കു കീഴടങ്ങി അതിന്റെ ജീര്‍ണാവശിഷ്ടങ്ങളില്‍ അഭിരമിക്കുന്നു. ജാതി ചോദിച്ചാലെന്താണ് എന്നു അരിശപ്പെടുന്നു. പുരോഗമന രാഷ്ട്രീയം മത വിശ്വാസങ്ങള്‍ക്ക് എതിരല്ല എന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയും എടുത്തുചാട്ടവും വര്‍ദ്ധിക്കുന്നു. ജാതിയുടെയും മതത്തിന്റെയും അടയാളവേഷങ്ങള്ക്കു പ്രാമുഖ്യവും പ്രചാരവും സിദ്ധിക്കുന്നു.
ജാതിഹിന്ദുത്വം ഒരധികാരവ്യവസ്ഥയായി കേരളീയജീവിതത്തില്‍ ഇടപെട്ടുതുടങ്ങുമ്പോള്‍ സൂക്ഷ്മജീവിതത്തിലെ വിഭജിതാന്തരീക്ഷം ധ്രുവീകരണം എളുപ്പമാക്കുന്നു. നവോത്ഥാനം കുഴിച്ചുമൂടിയ ജാതിചിന്തയുടെ ദുര്‍ഗന്ധം വമിക്കുന്ന ജഡസാമീപ്യം ഫാസിസ്റ്റുകളെ ഉന്മാദികളാക്കുന്നു. കേരളത്തിന്റെ സ്ഥൂല സാമൂഹികാന്തരീക്ഷത്തില്‍ റിവൈവലിസ്റ്റ് രാഷ്ട്രീയത്തിനു പതാകനാട്ടാന് മറ്റെന്തുവേണം? ഇരുപതത്തിയൊന്നാം നൂറ്റാണ്ടിലും ജാതിവാലുകള്‍ തൂങ്ങുന്ന നാമങ്ങളാണ് കുട്ടികള്‍ക്കു നല്കുന്നതെങ്കില്, ജാതി സ്ഥാപനങ്ങളിലാണ് വിദ്യാഭ്യാസം നല്കുന്നതെങ്കില്, ജാതിയും മതവും നോക്കിയാണ് വിവാഹമോ പ്രണയമോ മരണാനന്തര സംസ്ക്കാരമോ സാധിക്കുന്നതെങ്കില്‍ , അനുഷ്ഠാനങ്ങളിലൂടെയും മതപ്രാര്ത്ഥനകളിലൂടെയും മാത്രമേ പൊതു ചടങ്ങുകളാരംഭിക്കാന് കഴിയുകയുള്ളുവെങ്കില്‍ ആ സമുദായത്തിനകത്തേക്ക് റിവൈവലിസ്റ്റ് രാഷ്ട്രീയത്തിനു പ്രവേശിക്കാന്‍ എളുപ്പമായിരിക്കും. മതേതരത്വമെന്നതും ജനാധിപത്യമെന്നതും അവര്‍ക്കു ഭംഗിവാക്കുകള്‍ മാത്രം.
ഫാഷിസം അതിന്റെ സമഗ്രാധിപത്യത്തിലേക്ക് എത്തിയാല്‍ ഇത് ഫാസിസമാണ് എന്നു പരിചയപ്പെടുത്താന്‍ സാധിച്ചെന്നുവരില്ല. ഒരു ചൂണ്ടുവിരല്‍പോലും ഉയരുകയില്ല. ഫാസിസത്തിലേക്കു കുതിക്കുമ്പോഴേ ഇതാ ഫാസിസം എന്നു ചൂണ്ടിക്കാണിക്കാനാവൂ. ലക്ഷണം നോക്കി വന്നതു പുലിയല്ല എന്നു പന്തയം വെയ്ക്കുന്നതില്‍ കാര്യമില്ല. അതും ഫാസിസത്തിന്റെ ഒരു ഉപശാലാലീല മാത്രമാകും. പുനരുത്ഥാന വിചാരധാരകളും കോര്‍പറേറ്റ് ധനാധിപത്യവും ഒന്നിക്കുന്ന അമിതാധികാര വ്യവസ്ഥയ്ക്ക് ഫാസിസമെന്നല്ലാതെ ഉചിതമായ മറ്റൊരു പേരുമില്ല. പക്ഷെ, ഇതു പേരിട്ടു വിളിക്കാനോ കളിക്കാനോ ഉള്ള നേരമല്ല. നമ്മില്‍തന്നെ ഫാസിസത്തിനു മുട്ടയിട്ടുപെരുകാനാവും വിധം കെട്ടിക്കിടക്കുന്ന ജീര്ണജലമുണ്ടെങ്കില് അതൊഴുക്കിക്കളയാതെ ഫാസിസത്തിനെതിരെ ഒച്ചവെയ്ക്കുന്നതില്‍ കാര്യമില്ല. ഫാസിസം നമുക്കൊരു ബാഹ്യശത്രു മാത്രമല്ല ആഭ്യന്തര ശത്രുകൂടിയാണ്. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഫാസിസത്തിനു ഇടംകൊടുക്കുന്നത് നമ്മുടെ ദൗര്‍ബല്യവും ജാഗ്രതക്കുറവും തന്നെയാണ്. മതേതരത്വ ബദല്‍ ഒരു ദ്വിമുഖ സമരമാണ്.
25 സെപ്തംബര്‍ 2016