Article POLITICS

പൊതുമണ്ഡലം ആണധികാരത്തിന്റെ പരേഡ് ഗ്രൗണ്ടല്ല

pulikkali

സൗമ്യാകേസില്‍, സുപ്രീംകോടതി കൊലക്കുറ്റത്തില്‍നിന്നു പ്രതിയെ വിമുക്തമാക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തപ്പോള്‍ കേരളം പ്രകടിപ്പിച്ച ഉത്ക്കണ്ഠയും പരിഗണനയും അഭിമാനകരമാണ്. സൗമ്യയുടെ അമ്മയ്ക്കും സ്ത്രീസമൂഹത്തിനുമൊപ്പം സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഒന്നിച്ചണിനിരന്നു. നവസാമൂഹിക മാധ്യമങ്ങളില്‍ വലിയ ജാഗ്രതയോടെയുള്ള ഇടപെടലുകളുണ്ടായി. ഒരുനിലയ്ക്കും കുറ്റവാളി രക്ഷപ്പെട്ടുകൂടാ എന്ന നിശ്ചയം എല്ലാവരിലുമുണ്ടായിരുന്നു. 2012 ഡിസംബറിലെ ദില്ലികൂട്ടബലാല്‍സംഗവും കൊലയും രാജ്യത്താകെയുയര്‍ത്തിയ ചരിത്രംകുറിച്ച ക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റെയും നാളങ്ങള്‍ അണഞ്ഞുപോയിട്ടില്ലെന്നു തീര്‍ച്ച.

പ്രതിഷേധങ്ങളുടെ ചൂടണയുംമുമ്പുതന്നെ ജിഷാവധക്കേസിലും കുറ്റപത്രംതയ്യാറായിരിക്കുന്നു. സൗമ്യവധക്കേസിലെന്നപോലെയോ അതില്‍ക്കൂടുതലോ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അത്. കഴിഞ്ഞ ഏപ്രില്‍ 28ന് ക്രൂരമായി ബലാല്‍സംഗത്തിനിരയായി വധിക്കപ്പെട്ട ജിഷയുടെ അനുഭവം ദില്ലിയിലെ നിര്‍ഭയയുടേതിനു സമാനം. ജനനേന്ദ്രിയത്തിനു മാരകമായ മുറിവേറ്റിരുന്നു. കണ്ണില്ലാത്ത ക്രൂരതയാണ് അഴിഞ്ഞാടിയത്. എപ്പോഴും അക്രമിക്കപ്പെടാമെന്ന ഭീതിയും എതിരിടണമെന്ന വാശിയുമുണ്ടായിരുന്ന ഒരു നിയമ വിദ്യാര്‍ത്ഥിനികൂടിയായിരുന്നു ജിഷ. ഉണരാനാരംഭിച്ച സ്ത്രീ പ്രതിരോധമാണ് അക്രമിക്കപ്പെട്ടത്. കുറ്റവാളിക്കു കനത്ത ശിക്ഷതന്നെ ലഭിക്കണമെന്ന് നമുക്കു നിര്‍ബന്ധമുണ്ട്.

സമീപകാല സംഭവങ്ങളില്‍ നാം പ്രകടിപ്പിച്ച ഈ ജാഗ്രത അനീതിയ്‌ക്കെതിരായ ധാര്‍മികശക്തിയായി വളരുമോ? നീതി ലഭിക്കാതെപോയ ഒട്ടേറെ ഇരകളുടെ നിലവിളികള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.. അവരുടെ ദുഖവും ദുരിതവുമെല്ലാം വളരെവേഗം വിസ്മരിക്കപ്പെടുകയാണ്. വാര്‍ത്തകളുടെ ആയുസ്സേ സംഭവങ്ങള്‍ക്കുണ്ടാവുന്നുള്ളു. നിരന്തരമായി നടക്കുന്ന ബലപ്രയോഗങ്ങളുടെയും ഹിംസകളുടെയും വാര്‍ത്തകള്‍ താല്‍ക്കാലികമായ നടുക്കങ്ങള്‍ മാത്രമായി അവസാനിക്കുകയാണ് പതിവ്. ഈ വര്‍ഷം ജൂലായ് മാസംവരെമാത്രം കേരളത്തില്‍ 910 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഈ കാലയളവിലെ സ്ത്രീ പീഢനക്കേസുകളുടെ എണ്ണം 7909 ആണ്. 2015ല്‍ 1263ഉം 2014ല്‍ 1283ഉം 2013ല്‍ 1221ഉം ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. സ്ത്രീ പീഢനക്കേസുകള്‍ 2015ല്‍ 12383ഉം 2014ല്‍ 13880ഉം 2013ല്‍ 13738ഉം ഉണ്ടായിരുന്നു. ഈ കേസുകളുടെയൊക്കെ ഗതിയെന്തെന്നു വ്യക്തമല്ല. ഇതത്രയും നമ്മെ അലോസരപ്പെടുത്താതെ കടന്നുപോയല്ലോ.

രാജ്യത്തു മണിക്കൂറില്‍ ഇരുപത്തിയാറു കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്കാക്കിയിരിക്കുന്നത്. ഓരോ രണ്ടു മിനിട്ടിലും ഒരു പരാതി ലഭിക്കുന്നുണ്ട്. 2005ല്‍ 1,55,553 കേസുകളുണ്ടായിരുന്നത് 2014ലെത്തുമ്പോള്‍ 3,37,922 ആയാണ് ഉയര്‍ന്നത്. പരിഷ്‌കൃതസമൂഹത്തില്‍ അക്രമങ്ങളുടെയും ഹിംസയുടെയും വഴി അടയേണ്ടതാണ്. സാക്ഷരതയില്‍ ഏറെ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടും ഹിംസാത്മകമായ ഇടപെടലുകള്‍ കുറയുകയല്ല, ഭയപ്പെടുത്തുംവിധം അധികമാവുകയാണ്. പൊതുമണ്ഡലത്തെ ജനാധിപത്യവത്ക്കരിക്കുന്നതിലെ തടസ്സങ്ങളാണ് ഇതിനു കാരണം. വിവേചനരഹിതവും ലിംഗ ജാതി മത നിരപേക്ഷവുമാകേണ്ട പൊതു മണ്ഡലങ്ങള്‍ അവയുടെതന്നെ സംഘര്‍ഷമണ്ഡലമായി പരിണമിക്കുന്നു.

സ്ത്രീകള്‍ക്കു പൊതുമണ്ഡലത്തിലേക്കുള്ള വാതിലുകള്‍ തുറക്കുംതോറും സംഘര്‍ഷ സാധ്യതയും കൂടുക സ്വാഭാവികമാണ്. ആണധികാരത്തിന്റെ ശീലങ്ങളെ തൊട്ടുമുരസ്സിയും ഛേദിച്ചുംവേണം ലിംഗനിരപേക്ഷമായ ജനാധിപത്യ ജീവിതക്രമം സാധ്യമാക്കാന്‍. ഇതെളുപ്പമായ കാര്യമല്ല. ആണധികാരത്തിന്റെ പതിവുശീലങ്ങള്‍ക്ക് അതു കനത്ത ആഘാതം സൃഷ്ടിക്കും. എളുപ്പവും വൈകാരികവുമായ യുദ്ധങ്ങളിലേക്ക് അവര്‍ എടുത്തെറിയപ്പെട്ടേയ്ക്കാം. അതല്ലെങ്കില്‍, ക്ഷമാപൂര്‍വ്വമായ ഇടപെടലുകളിലേക്ക് വളരാന്‍ ആണുണര്‍വ്വുകള്‍ പാകപ്പെടേണ്ടിവരും. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ 1993ല്‍ നടത്തിയ പ്രഖ്യാപനം ( ദി ഡിക്ലറേഷന്‍ ഓണ്‍ ദി എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗെന്‍സ്റ്റ് വിമണ്‍) ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നുണ്ട്. അസമമായ അധികാരബന്ധങ്ങളാണ് സ്ത്രീ പുരുഷര്‍ക്കിടയിലെ അക്രമോത്സുകത വര്‍ദ്ധിപ്പിക്കുന്നതെന്നു പ്രഖ്യാപനം അടിവരയിടുന്നു.

നമ്മുടെ സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. ജനാധിപത്യസംവിധാനത്തില്‍ പരിമിതമായ അധികാരത്തിന്റെ പ്രാദേശിക ഇടങ്ങളും കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകളും രൂപപ്പെട്ടിട്ടും പൊതുബോധത്തിലും അധികാരഘടനയിലും കാര്യമായ അഴിച്ചുപണി നടന്നിട്ടില്ല. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയുള്ള പുരുഷന്മാരുടെ നടപ്പുഭരണമാണ് തുടരുന്നത്. പ്രാദേശികമായ പൊതുകൂട്ടായ്മകളിലും ഇടപെടലുകളിലും സ്ത്രീതീര്‍പ്പുകള്‍ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. അതിന്റെ ശക്തിദൗര്‍ബല്യങ്ങളോടു പൊരുത്തപ്പെടാന്‍ ആണനുഭാവം വിനീതമാവുകയും വേണം. അതിനിടയാക്കുംവിധം സംസ്ഥാന നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യം അമ്പതു ശതമാനമെങ്കിലുമായി വര്‍ദ്ധിച്ചേ മതിയാകൂ. സ്ത്രീസംവരണ ബില്ലിനോടു നിഷേധാത്മക നിലപാടെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നു നീതി പ്രതീക്ഷിക്കാനാവില്ല.

അറിവും അധികാരവുംതന്നെയാണ് സ്ത്രീകള്‍ക്കു വേണ്ടത്. പെരുകുന്ന പീഢനങ്ങള്‍ക്കെതിരായ പ്രതിരോധം വിലാപങ്ങളിലും ആശ്വാസവാക്കുകളിലും അവസാനിപ്പിക്കാനാവില്ല. നിരന്തരമായ ഇടപെടലിലൂടെ പൊതു അനുഭവങ്ങളെ സമ്പന്നമാക്കണം. സൗമ്യയുടെ കേസ് അല്‍പ്പമെങ്കിലും നീതി ലഭ്യമായ കേസാണ്. നീതി നിഷേധിക്കപ്പെട്ട എത്രയോ കേസുകളുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി നാല്‍പ്പതുനാള്‍ നിരന്തരപീഢനത്തിനു ഇരയാക്കിയതിന്റെയും, പിടിക്കപ്പെട്ടശേഷം വേദനാകരമായ വിചാരണകള്‍ക്കു വിധേയമാക്കിയതിന്റെയും കഥ നാം മറന്നിട്ടില്ല. ഉച്ചത്തില്‍ കരയാമായിരുന്നു, രക്ഷപ്പെടാമായിരുന്നു, ബാലവേശ്യയാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ (പിന്നീടു തിരുത്തിയെങ്കിലും) ഒരു കോടതിയില്‍നിന്നാണ് ഉണ്ടായതെന്നതു നമ്മുടെ നീതിബോധത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്.

കോളിളക്കമുണ്ടാക്കിയ കേസുകളില്‍പ്പോലും നിയമത്തിന്റെ പഴുതുകളിലൂടെ വലിയവര്‍ ഊര്‍ന്നിറങ്ങുന്നതെങ്ങനെയെന്നു സൂര്യനെല്ലി കാണിച്ചുതന്നു. കിളിരൂരും വിതുരയും കൊട്ടിയവുമെല്ലാം മുറിവേറ്റ സ്ത്രീനാമങ്ങളായി. ബലാല്‍സംഗത്തിനിരയായി വധിക്കപ്പെടാത്ത പെണ്‍കുട്ടികളെ നാമെങ്ങനെയാണ് സംരക്ഷിച്ചതെന്നുകൂടി പരിശോധിക്കണം. കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയതിനാല്‍ നാടുവിട്ടോടേണ്ടിവന്നവരുണ്ട്. എപ്പോഴും സംശയത്തിന്റെയും ഭീതിയുടെയും നിഴലിലാണ് ജീവിതം. ജോലിസ്ഥലത്തുപോലും നിന്ദിക്കപ്പെട്ടതിന്റെ അനുഭവം സൂര്യനെല്ലിയിലെ പഴയ പെണ്‍കുട്ടിക്കുണ്ടായി. ഇരകളാക്കപ്പെടുന്നവര്‍ക്കു മോചനമില്ല. അക്രമികള്‍ക്കും കൊലപാതകികള്‍ക്കും വേണ്ടിസംസാരിക്കാനും പണം ചെലവഴിക്കാനും കോടതികളില്‍ വാദിക്കാനും തടവറകളില്‍ സുഖാന്വേഷണം നടത്താനും ഒടുവില്‍ മോചിപ്പിച്ചു കൊണ്ടുവന്നു പദവികള്‍ നല്‍കാനും സ്വന്തക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ടാകുന്നു.

സ്ത്രീകളുടെ പൊതുപ്രസ്ഥാനത്തിലൂടെ മാത്രമേ ഈ അന്തരീക്ഷത്തെ മാറ്റിയെടുക്കാനാവൂ. ദില്ലിയിലെ സ്ത്രീപ്രക്ഷോഭം മുതല്‍ ഇടുക്കിയിലെ പെമ്മൊരുമ വരെയുള്ള മുന്നേറ്റങ്ങള്‍ സമീപകാലത്തു വലിയ പരിവര്‍ത്തനത്തിനിടയാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചു തൃശൂര്‍ നഗരത്തിലിറങ്ങിയ പെണ്‍പുലികളും കപട സദാചാരവാദികള്‍ക്കെതിരായ സമരങ്ങളും ആ വഴിയ്ക്കാണു നീങ്ങുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളിലും ഫാസിസത്തിനെതിരായ സംഗമങ്ങളിലും പെണ്ണുണര്‍വ്വ് വലിയ പങ്കാണു വഹിക്കുന്നത്. ഭീകരമായ വിവേചനങ്ങള്‍കൊണ്ടും പുറന്തള്ളലുകള്‍കൊണ്ടും കലുഷിതമായ കാലത്ത് കയ്യൂക്കും അധികാരവും സാധൂകരിക്കപ്പെടാം. എന്നാല്‍, ജനാധിപത്യ ധാര്‍മ്മികതകൊണ്ട് ധനാധികാരങ്ങളുടെ ബലപ്രയോഗങ്ങളെയും കുടിലതകളെയും നേരിടാമെന്ന പാഠം ഇത്തരം മുന്നേറ്റങ്ങള്‍ക്കേ പഠിപ്പിക്കാനാവൂ.. അക്രമികളെയും കൊലയാളികളെയും ന്യായീകരിക്കുന്ന ചൊല്ലുകളെയും കര്‍മ്മങ്ങളെയും ഇനി നിര്‍ദ്ദയം തള്ളിക്കളയാതെ വയ്യ.

17 സെപ്തംബര്‍ 2016

(മംഗളം ദിനപത്രം 19 സെപ്തംബര്‍ 2016 – ഓരം പംക്തി )

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )