ഇടതുപക്ഷ രാഷ്ട്രീയകുടുംബത്തിലേക്ക് ഒരു പാര്‍ട്ടികൂടി പിറന്നിരിക്കുന്നു. റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ആര് എം പി ഐ). ലോകം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കാലത്ത് ഇങ്ങനെയൊരു സംരംഭത്തിനു പ്രസക്തിയുണ്ട്. എങ്കിലും, ചിതറിത്തെറിക്കുകയും പുതുജീവനാര്ജ്ജിക്കുകയും പുതിയ പരീക്ഷണങ്ങളിലൂടെ നീങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപക്ഷരാഷ്ട്രീയം അടിസ്ഥാനപരമായി പുലര്‍ത്തേണ്ട ജാഗ്രത അതിന് കൈമോശംവരുന്നില്ലെന്ന് ഉറപ്പിക്കേണ്ടതുണ്ട്.
കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒരുനൂറ്റാണ്ടിന്റെ അനുഭവത്തികവാര്ജ്ജിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വീണ്ടുവിചാരം പ്രസക്തമാകുന്നു. ഈ കാലയളവിനകത്തു എത്രയേറെ ശകലങ്ങളായാണ് അതു വേര്‍പെട്ടത്? എല്ലാം ലക്ഷ്യമാക്കുന്നത് കമ്യൂണിസ്റ്റ് സമൂഹനിര്മ്മിതിതന്നെ. അടിയന്തിര ലക്ഷ്യം ജനാധിപത്യ വിപ്ലവമോ സോഷ്യലിസ്റ്റ് വിപ്ലവമോ ആണ്. വിപ്ലവത്തിന്റെ ഘട്ടങ്ങളും തന്ത്രങ്ങളും സംബന്ധിച്ചേ കാര്യമായ അഭിപ്രായഭേദമുള്ളു. ജനകീയ ജനാധിപത്യംവേണോ ദേശീയ ജനാധിപത്യംവേണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ മിക്കവാറും എല്ലാവരും മറന്നിട്ടുണ്ട്. വിപ്ലവത്തിന്റെ ഘട്ടങ്ങളെക്കുറിച്ചും ഇപ്പോഴെന്തിനു ചര്‍ച്ചചെയ്യണം എന്ന മട്ടിലായിട്ടുണ്ട് പോക്ക്.. അഞ്ചു നൂറ്റാണ്ടു കാലത്തേക്കെങ്കിലും ഒരു വിപ്ലവവും നടക്കാന്‍ പോകുന്നിലല്ലെന്നു സമാധാനിക്കുന്ന നേതാക്കളുണ്ട്. നവലിബറല്‍ മുതലാളിത്തത്തിന്റെ കാലത്ത് അതിനനുസരിച്ചു മെയ്വഴക്കമാര്ജ്ജിക്കുന്നവരും ഏതു കാലത്തും ഒരുപോലെ കര്‍ക്കശമായ ഏകശിലാത്മക നിലപാടുപുലര്ത്തുന്നവരും കമ്യൂണിസ്റ്റു പാര്‍ട്ടികളിലുണ്ട്. ഇങ്ങനെയുള്ള നേതാക്കള്‍ക്കു ജനാധിപത്യ കേന്ദ്രീകരണമെന്ന മഹത്തായ തത്വത്തെ കേവലം അധികാര കേന്ദ്രീകരണമാക്കി മാറ്റാനും പാര്‍ട്ടിയെ സ്വകാര്യസ്ഥാപനമാക്കി പരിവര്‍ത്തിപ്പിക്കാനും എളുപ്പം സാധിക്കുന്നു എന്നത് നമ്മുടെ കാലത്തെ അനുഭവമാണ്.
ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമാകുന്ന കമ്യൂണിസ്റ്റുപാര്ട്ടികളെല്ലാം പൊതുവേ സ്വയം പരിചയപ്പെടുത്തുക സെക്ടേറിയനിസത്തിനും റിവിഷനിസത്തിനുമെതിരായ ശരിയായ ഇടതുപക്ഷ പ്രസ്ഥാനമെന്നാണ്. വലത് – ഇടതു വ്യതിയാനങ്ങള്‍ക്കെതിരായ ശരിയായ നിലപാട് തങ്ങളുടേതാണെന്ന് ഓരോ പാര്‍ട്ടിയും ഉറച്ചു വിശ്വസിക്കുന്നു. ആ നിലപാട് പ്രഖ്യാപിച്ചുകൊണ്ടുതന്നെ സംഘടനാ സ്വഭാവത്തില്‍ കര്‍ക്കശമായ സ്റ്റാലിനിസവും പ്രത്യയശാസ്ത്ര നിലപാടില്‍ വഴുവഴുപ്പാര്‍ന്ന ഗോര്ബച്ചേവിസവും സാധ്യമാണെന്നു വന്നിരിക്കുന്നു. തിരിച്ചുള്ള ശാഠ്യവും കണ്ടേക്കാം. ഈ സംഘര്‍ഷാത്മകതയും അതുണ്ടാക്കുന്ന കാലുഷ്യവും നിരന്തരം കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ പിളര്‍പ്പുകളോ വേറിട്ടുപോകലുകളോ സൃഷ്ടിക്കുന്നു. പുറത്തുപോയവര്‍ രൂപീകരിക്കുന്ന പാര്‍ട്ടികളിലും ഈ പിശകുകള്‍ ആവര്‍ത്തിക്കുന്നു.
വീടു വിടുന്നവര്‍ക്കും വീട്ടില്‍നിന്നു പുറന്തള്ളപ്പെടുന്നവര്ക്കും വീട് ഒരൊഴിയാബാധയായി എപ്പോഴും കൂടെയുണ്ടാകും. നഷ്ടമായ സുരക്ഷയിലേക്കു തിരിച്ചെത്തണമെന്ന് അവര്‍ മോഹിക്കുന്നു. എത്രയും വേഗം പുതിയൊരു വീട് എന്നതാവും അവരുടെ സ്വപ്നവും ലക്ഷ്യവും. പുറത്തെറിയപ്പെടുമ്പോള്പോലും വീടോ ജീവനോപാധികളോ ഇല്ലാതെ അരക്ഷിതരായി കഴിയുന്ന അനേകരുണ്ടെന്നും അവര്ക്കൊന്നിച്ചൊരു കൂര വേണമെന്നും ചിന്തിക്കാനാവുന്നില്ലെങ്കില്‍ നമ്മുടെ ലോകവീക്ഷണത്തിനു എന്തോ കുഴപ്പമുണ്ടെന്നു കരുതണം. വീടുവിടുമ്പോഴാണ് ചുറ്റും അരക്ഷിതരും ദുര്‍ബ്ബലരുമാണ് കൂടുതലെന്ന് മനുഷ്യര്‍ മനസ്സിലാക്കുക എന്നു സിദ്ധാര്‍ത്ഥന്റെ കഥ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വീടിന്റെ സുരക്ഷയിലേക്കു മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അവരെ കാണാനാവില്ല. അവര്‍ക്കുകൂടി പാര്‍ക്കാവുന്ന ഇടം അഥവാ അതിജീവിക്കാനുള്ള വഴി കണ്ടെത്താനുമാവില്ല.
പാര്‍ട്ടി സുരക്ഷയൊരുക്കുന്ന വീടല്ല, അതൊരു ആയുധമാണ്; വിപ്ലവത്തിന്റെ ആയുധം എന്നു ഭംഗിവാക്കു പറയാം. പാര്‍ലമെന്ററി ലീലകള്ക്കപ്പുറം സമരോത്സുകവും ലക്ഷ്യവേധിയുമായ നിരന്തര ശ്രമങ്ങളിലൂടെയാണ് മുന്നേറുന്നതെങ്കില്‍ ഇത്രമേല്‍ പിണക്കങ്ങളും ഇടര്ച്ചകളുമുണ്ടാകുമായിരുന്നില്ല. വ്യവസ്ഥയുടെ സൂക്ഷ്മങ്ങളില്‍ സ്വാസ്ഥ്യം കണ്ടെത്തി തുടങ്ങുമ്പോഴാണ് കലഹവും ആരംഭിക്കുന്നത്. സമരോത്സാഹം കെട്ടുപോയ ജനകീയ പ്രസ്ഥാനങ്ങളുടെ കെട്ടുകാഴ്ച്ചകളില്നിന്നു ഒരിറ്റു വെളിച്ചവും വീണുകിട്ടാനില്ല. അത്തരം കെട്ടിയെഴുന്നെള്ളിപ്പുകളിലേയ്ക്കുതന്നെ പുതുതായി രൂപപ്പെടുന്ന പ്രസ്ഥാനങ്ങളും ഓടിയടുക്കുന്നു. മാതൃകയാക്കുന്നത് ഉപേക്ഷിച്ച വീടിനെയാണ്, മുറിച്ചെറിഞ്ഞ ജീര്‍ണതകളെയാണ് എന്നത് നമ്മെ നിരാശരാക്കും.
പാര്‍ട്ടികള്‍ സോഷ്യലിസ്റ്റു പാതയിലെ ബസ്സുകാത്തിരിപ്പുമുറികളല്ല. നനയുന്നവര്ക്കും വെയിലേല്ക്കുന്നവര്ക്കും കയറിനില്‍ക്കാനുള്ള ആശ്വാസകേന്ദ്രവുമല്ല. അത് മാറ്റത്തിന്റെ വാഹനമാവണം. വിപ്ലവത്തിന്റെയും പുത്തന്‍ സാമൂഹിക നിര്‍മ്മിതിയുടെയും എഞ്ചിനീയര്‍മാരായ അദ്ധ്വാനിക്കുന്നവരെ പുറത്തു നിര്‍ത്തിയും അധിക്ഷേപിച്ചും മധ്യവര്‍ഗത്തിനു വിനോദയാത്രപോകാനുള്ള ആഡംബര വാഹനമല്ല അത്. അങ്ങനെയുള്ള വിനോദയാത്രാ വാഹനങ്ങളെ വിപ്ലവച്ചുവപ്പുകൊണ്ടു പുതപ്പിച്ചിട്ടെന്ത്?
വീടു വിടുന്നവര്‍ വീടില്ലാത്തവരെയും പാര്‍ട്ടി വിടുന്നവര്‍ ആ ചൂടേറ്റിട്ടില്ലാത്തവരെയും കണ്ടുമുട്ടാതിരിക്കില്ല. നിസ്വരും പുറന്തള്ളപ്പെടുന്നവരുമായ മനുഷ്യര്‍ അഭിമാനത്തോടെ പൊരുതി ജീവിക്കുന്നുണ്ട്. അവരോട് നിങ്ങളുടെ മോചനത്തിനു ഞങ്ങളുടെ കൂടെ പോരൂ എന്നുപദേശിക്കാന് മതങ്ങള്‍ മതിയാവും. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുമതല വേറെയാണ്. ആരുടെ മോചനത്തിനാണോ പാര്‍ട്ടികള്‍, ആ ജനതയുടെ ആശങ്കയിലും ഉയിര്‍പ്പിലും ക്ഷോഭത്തിലും പോരാട്ടത്തിലും ഊന്നിയേ അവയ്ക്കു മുന്നേറാനാവൂ. പലവിധ ചൂഷണങ്ങള്‍ക്കും കീഴമര്ത്തലുകള്ക്കും വിധേയമാകുന്ന വ്യഥകളുടെ പൊട്ടിത്തെറികളാണ് ശക്തിപ്പെടേണ്ടത്. അവരുടെ പൊതു പ്രസ്ഥാനത്തിനായിരിക്കണം പ്രാഥമിക പരിഗണന. അതു ഞങ്ങളുണ്ടാക്കിയിരിക്കുന്നു ഇനി നിങ്ങള്‍ വരൂ, പതാകയും പരിപാടിയും ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു, വിമോചനത്തിന്റെ പ്രവാചകര്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളോടു പറയാം , ഇങ്ങനെയൊരു പാര്‍ട്ടിയ്ക്കേ നിങ്ങളെ വിമോചിപ്പിക്കാനാവൂ എന്നൊക്കെയുള്ള ജ്ഞാനികളുടെ ഗിരിപ്രഭാഷണങ്ങള്‍ ഇനി ഏല്ക്കുകയില്ല. അത്രയെങ്കിലും ശേഷി നമ്മുടെ പരിമിത ജനാധിപത്യം പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.
ഇതൊരു പുതിയ കാര്യമല്ല. എവിടെയും പൊതു പ്രസ്ഥാനങ്ങളില്നിന്നേ പാര്‍ട്ടികള്‍ രൂപംകൊണ്ടിട്ടുള്ളു. ജനകീയാവശ്യങ്ങളുടെ പൊതുമുന്നേറ്റങ്ങളില് മാറ്റുരച്ചേ ഏതു പ്രത്യയശാസ്ത്രവും സ്വീകാര്യമായിട്ടുള്ളു. ആ വിശ്വാസ്യത നഷ്ടമായിട്ടുണ്ടെങ്കില്‍ എത്രവലിയ പ്രസ്ഥാനത്തിനും ഭൂതകാല മഹത്ചരിതങ്ങള്‍ മതിയാവില്ല ഒരു വീണ്ടെടുപ്പിന്. പൊതു ഭൂതകാലത്തിന്റെയോ യുക്തിഭദ്രമായ വിമര്‍ശനത്തിന്റെയോ പഴുതടച്ച പ്രത്യയശാസ്ത്ര കൃത്യതയുടെയോ അവകാശവാദങ്ങള്‍കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല അത്. ജനങ്ങളുടെ വിശ്വാസ്യത അവരുടെ സഹനവും അതിജീവനവുമാണ്. അതിന്റെ നീരൊഴുക്കും രക്തത്തുടിപ്പും പകുത്തേ വിപ്ലവപ്പാര്ട്ടികള്ക്കു വേരുറപ്പിക്കാനാവൂ.
വലതുപക്ഷ പാര്‍ട്ടികളുടെ ശീലമാണ് ഒന്നു മുറിഞ്ഞു വേറൊന്നാവുക അല്ലെങ്കില്‍ പലതാവുക എന്നത്. അവിടെ എല്ലാം ഒന്നുതന്നെ. അതുപോലെയാവുമ്പോള് കമ്യൂണിസ്റ്റു പാര്‍ട്ടികളും ആ പേരുവഹിക്കുന്ന വലതുപക്ഷമായി ചുരുങ്ങും. എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവോപകരണമാണ് കമ്യൂണിസ്റ്റു പാര്‍ട്ടി. ആദ്യകാല മുതലാളിത്തത്തിന്റെ കാലത്ത് തൊഴിലാളി വര്‍ഗം ഒരു സൈനികശക്തിയായി കരുത്താര്‍ജ്ജിക്കുമ്പോള്‍ മുകളില്‍നിന്നു കെട്ടിപ്പടുക്കുന്നതും സൈനികാച്ചടക്കം പുലര്‍ത്തുന്നതുമായ ഒരു സംഘടനാരൂപം അനിവാര്യമായിരുന്നിരിക്കണം. നവമുതലാളിത്തം ആദ്യകാല ഉത്പാദന ബന്ധങ്ങളെ ശിഥിലമാക്കുകയും ജ്ഞാനസമ്പദ്ഘടനയുടെ ഉത്പ്പാദനവ്യവസ്ഥയും തൊഴില്‍ബന്ധങ്ങളും സ്ഥാപിക്കുകയും ബഹുവിതാനത്തിലുള്ള കീഴ്മേല്ബന്ധങ്ങളാല് നിര്‍ണീതമായ ഒരു കേന്ദ്രീകൃത ധനാധികാര വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിയ്ക്ക് അതിന്റെ സംഘടനാ സംവിധാനത്തിലും പൊളിച്ചെഴുത്തു നടത്തേണ്ടി വരും.
മുകളില്‍നിന്നു കെട്ടിപ്പടുക്കാനാവാത്തവിധം സങ്കീര്‍ണമാണ് അടിത്തറയുടെ സ്വഭാവമെന്നു സാരം. ഇന്ത്യന്‍ സാഹചര്യത്തിലാണെങ്കില്‍ ഇരുപതു ശതമാനത്തിലേറെ വരുന്ന ദളിത് വിഭാഗത്തിന്റെ പ്രക്ഷോഭങ്ങള്‍ക്ക് വലിയ രാഷ്ട്രീയോര്‍ജ്ജം സമാഹരിക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. വ്യവസായത്തൊഴിലാളി വര്‍ഗത്തിന്റെ മാത്രം നേതൃത്വത്തിലാവില്ല പുതിയ വിമോചന പ്രസ്ഥാനം രൂപംകൊള്ളുക. പുതിയ സാമൂഹിക സാമ്പത്തിക ബന്ധങ്ങളും പാരിസ്ഥിതികാവസ്ഥകളും അവയ്ക്കകത്തെ വിസ്ഫോടനങ്ങളും ഉള്ക്കൊണ്ടുയിര്ക്കുന്ന ഒരു മുന്നേറ്റത്തിനേ നാളെയുടെ വിമോചന പ്രസ്ഥാനമാവാന്‍ സാധിക്കൂ. നാളെയുടെ വിപ്ലവം നയിക്കേണ്ട വിഭാഗങ്ങള്‍ ഇന്നത്തെ കലുഷമായ സാഹചര്യത്തിന്റെ തുടര്‍ച്ചയിലാണ് രംഗത്തുവരിക.
അപ്പോള്‍ കമ്യൂണിസ്റ്റുകാര്ക്കെന്താണ് ജോലി? ഓരോ കാലത്തെയും വര്ഗബന്ധങ്ങളിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റവും അതിന്റെ ഇടച്ചിലുകളും തിരിച്ചറിഞ്ഞുകൊണ്ട് സാമൂഹിക വികാസത്തിനുതകുന്ന നിലപാടുകള്‍ സ്വീകരിക്കണം. ഏറ്റവും ദുര്‍ബ്ബലരും ചൂഷിതരുമായ സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കണം. അവരില്‍നിന്നു നാളെയുടെ പ്രസ്ഥാനം രൂപപ്പെടാന്‍ ഊര്‍ജ്ജമാകണം. കൊള്ളയ്ക്കും ചൂഷണത്തിനും വിധേയമായി നശിക്കുന്ന പ്രകൃതിയുടെയും പരിസ്ഥിതിയുടെയും രക്ഷയ്ക്കു കാവല്‍ക്കാരാകണം. തൊഴിലാളികളുടെ വിപ്ലവോപകരണം എന്നത് ബഹുതല ചൂഷിത വിഭാഗങ്ങളുടെ മുഴുവന്‍ വിപ്ലവോപകരണമായി മാറണം. എടുത്തുചാടിയുള്ള പാര്ട്ടിരൂപീകരണങ്ങള് നാം ഏറെ കണ്ടിട്ടുണ്ട്. എണ്‍പതുകള്‍ക്കു ശേഷംതന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്നു പിരിഞ്ഞു രൂപംകൊണ്ട പാര്‍ട്ടികളേറെയുണ്ട്. കേരളത്തില്‍ സി എം പി, ജെ എസ് എസ്, എം സി പി ഐ (യു), ആര് എം പി എന്നിങ്ങനെ സിപിഎമ്മില്‍ നിന്നു പിരിഞ്ഞവര്‍ പുതിയ പാര്‍ട്ടികളായി. അതില്‍ ജെ എസ് എസ്സും സി എം പിയും വീണ്ടും വിഭജിക്കപ്പെട്ടു. ഇടതുപക്ഷത്തെ മറ്റു ചില പാര്‍ട്ടികളിലും സമാനമായ അനുഭവമുണ്ടായി. എന്തു ദൗത്യമാണ് ഈ വേര്‍പിരിയലുകളും സംഘടനാ രൂപീകരണങ്ങളും നിര്‍വ്വഹിച്ചത്?
ആര് എം പി ഐ രൂപീകരിക്കുമ്പോഴും ഇതേ സാഹചര്യമാണ് ആശങ്കകളുന്നയിക്കുന്നത്. മേല്‍പ്പുര കെട്ടിവയ്ക്കുമ്പോള്‍ അതിനു പാകമാ.യ എടുപ്പുകള്‍ ഏറെ ചലനാത്മകമായ അടിത്തറയില്‍ എങ്ങനെ പണിയുമെന്ന വ്യക്തതവേണം. അഥവാ അടിത്തറയ്ക്കനുസരിച്ചേ ഇനിമേല്‍ മേല്‍പ്പുരകള്‍ വേണ്ടൂ. താഴെനിന്നല്ലാതെ പുതിയ സാഹചര്യത്തില്‍ ഒരു ജനകീയ പ്രസ്ഥാനത്തിനും ഉയര്ന്നുപൊങ്ങാനാവില്ല. അടിത്തറ പുരോഗാമിയായ ഒരു ജനകീയ മുന്നേറ്റമാവാതെ ഒരു വിപ്ലവപ്രസ്ഥാനവും നിലനില്‍ക്കില്ല. എങ്കിലും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പുതിയ പരീക്ഷണത്തിനും സ്വാഗതം. വിപ്ലവാഭിവാദ്യം.
18 സെപ്തംബര്‍ 2016