ഇന്നലെ ജര്‍മ്മന്‍കാര്‍ ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തിലായിരുന്നു. മൂന്നര ലക്ഷത്തോളം പേരാണ് തെരുവുകളെ ശബ്ദായമാനമാക്കിയത്. അമേരിക്കയുമായി ജനവിരുദ്ധകരാറില് ഏര്‍പ്പെടാനുള്ള യൂറോപ്യന്യൂനിയന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ലിപ്സിഗ്, സ്റ്റട്ഗാര്‍ട്ട് എന്നീ നഗരങ്ങളില്‍ പതാകകളുടെയും പ്ലക്കാര്‍ഡുകളുടെയും ബാനറുകളുടെയും മഹാസമുദ്രം രൂപംകൊണ്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ട്രാന്‍സ്അറ്റ്ലാന്റിക് ട്രേഡ് ആന്റ് ഇന്‍വസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പ്(ടി ടി ഐ പി) കരാറിന്റെ ചര്‍ച്ചകള്‍ 2013ല്‍ ആരംഭിച്ചിരുന്നു. വളരെവേഗം ഒപ്പുവെയ്ക്കാനാവുമെന്നു കരുതിയ കരാര്‍ വലിയ എതിര്‍പ്പിനിടയാക്കി. ബറാക് ഒബാമയ്ക്കു ജനവരിയില്‍ താന്‍ സ്ഥാനമൊഴിയുന്നതിനുമുമ്പ് കരാര്‍ നിലവില്‍ വരണമെന്ന താല്‍പ്പര്യമാണുള്ളത്. ഒക്ടോബറില്‍ അടുത്തവട്ടം ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്. അതിനിടെയാണ് കനത്ത പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. കനഡയുമായുണ്ടാക്കിയ സമാനമായ മറ്റൊരു ഉടമ്പടിയും വിവാദത്തിലാണ്. കോംപ്രിഹെന്‍സീവ് ഇക്കണോമിക് ആന്റ് ട്രേഡ് എഗ്രിമെന്റ്(സി ഇ ടി എ)യാണത്.
ഭക്ഷ്യ സുരക്ഷയ്ക്കും തൊഴില്‍ സുരക്ഷയ്ക്കും പരിസ്ഥിതി സുരക്ഷയ്ക്കും കനത്ത ആഘാതമേല്‍പ്പിക്കുന്ന കരാറാണിതെന്ന് സമരനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിങ്ങ് മേഖലയെ വിപരീതമായി ബാധിക്കും. രാഷ്ട്രങ്ങളുടെ പരമാധികാരം നഷ്ടമാകും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും തുടങ്ങിയ ഗൗരവതരമായ വിമര്‍ശനങ്ങളും അവരുന്നയിക്കുന്നു. എന്നാല്‍, യൂറോപ്പിലാകെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരികയാണെന്നും അതിനു പരിഹാരം കാണാന്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ ആവശ്യമാണെന്നുമാണ് ചാന്‍സലറായ അഞ്ജലാ മെര്‍ക്കര്‍ അവകാശപ്പെടുന്നത്. അതേസമയം, മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.
രാജ്യങ്ങള്‍ക്കുമേല്‍ വ്യാപാര താല്‍പ്പര്യങ്ങളുടേതായ അന്താരാഷ്ട്ര അധികാരകേന്ദ്രങ്ങള്‍ രൂപപ്പെടും എന്നതാണ് ഏറ്റവും വലിയ അപകടമെന്ന് ജര്‍മ്മന്‍ ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഓരോ നഗരത്തിലും തടിച്ചുകൂടിയത് അതിജീവനത്തിന് സമരപാതയേ ശേഷിച്ചിരിപ്പുള്ളു എന്നതിനാലാണ്. യൂറോപ്യന്‍ രാജ്യങ്ങളോരോന്നും നവസാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ആരംഭഘട്ടത്തില്‍ പുലര്‍ത്തിയിരുന്ന ശുഭപ്രതീക്ഷയും ആത്മവിശ്വാസവും കയ്യൊഴിയുകയാണ്. ഈ സ്വതന്ത്ര വ്യാപാര കരാറിനോട് ഫ്രാന്‍സ് പ്രതികൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളന്റെയ്ക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല.
ആഗോളവത്ക്കരണ വിരുദ്ധ സമരങ്ങള്‍ യൂറോപ്പില്‍ മുമ്പ് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെങ്കില്‍ ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ജനലക്ഷങ്ങള്‍ അണിനിരക്കുന്ന വലിയ പ്രക്ഷോഭങ്ങളായി ഓരോ രാജ്യത്തും അതു വലിയ മുന്നേറ്റങ്ങളാവുകയാണ്. നിലനിന്നിരുന്ന രാഷ്ട്രീയ ഘടനയെ പൊളിച്ചെഴുതുന്ന പുത്തനുണര്‍വ്വുകള്‍ മിക്കയിടങ്ങളിലും പ്രകടമാണ്. മുന്‍ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കും പുതുജീവന്‍ വന്നുകഴിഞ്ഞു. രാഷ്ട്രീയേതരമായ പൊതു പ്രസ്ഥാനമായി ആഗോളവത്ക്കരണ വിരുദ്ധ പ്രക്ഷോഭം ലോകമാകെ പടരുമെന്നാണ് ഇതു കാണിക്കുന്നത്.
ബര്‍ലിനില്‍ മാത്രം എഴുപതിനായിരത്തിലധികംപേര് പങ്കെടുത്ത പ്രക്ഷോഭത്തില്‍ പ്രധാനമായും അമേരിക്കാവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. കോര്‍പറേറ്റ് നയ താല്‍പ്പര്യങ്ങളാണ് അമേരിക്കയെ നിയന്ത്രിക്കുന്നതെന്നും അതവരുടെ ജീവിതശൈലിയായിരിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്ന പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു. സമാധാനസമ്മാനം നേടിയ പ്രസിഡണ്ട് ഒബാമയുടെ നുണകള്‍ എന്ന് കരാര്വ്യവസ്ഥകളെ അവര്‍ തള്ളിപ്പറഞ്ഞു. അമേരിക്കാ വിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പ്രതിഷേധത്തില്‍ ഹിംസാത്മകമായ നവമുതലാളിത്തത്തിനെതിരായ സമരവീര്യമാണ് നിറഞ്ഞുനിന്നത്.
സമരചരിത്രത്തില്‍ ഇതൊരു വഴിത്തിരിവാണെന്നു പ്രക്ഷോഭകാരികള്‍ അവകാശപ്പെടുന്നുണ്ട്. പരമ്പരാഗത സമരരീതികളും അനുഷ്ഠാനതുല്യമായ പ്രവണതകളും കൈവിടാനായി എന്നാണവര്‍ പറയുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ടി ടി ഐ പിയും സെറ്റയും സംബന്ധിച്ച പഠനങ്ങളിലോ അന്വേഷണങ്ങളിലോ താല്‍പ്പര്യമില്ല. അതു ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ ശ്രദ്ധിക്കുന്നേയില്ല. അവരുടെ മുന്‍കയ്യോ നേതൃത്വമോ ഇല്ലാതെയാണ് സമരം രൂപപ്പെട്ടിരിക്കുന്നത്. സമര നേതാക്കളിലൊരാളായ റോസ്തക് ഒരു മാധ്യമത്തോടു സംസാരിച്ചതാണിത്. യഥാര്‍ത്ഥത്തില്‍ ലോകമെങ്ങും രൂപംകൊള്ളുന്ന പുതിയ ജനകീയമുന്നേറ്റങ്ങളുടെ പൊതുസ്വഭാവം ഒന്നുതന്നെയാണ്. ഗ്രീസിലും ഫ്രാന്‍സിലും സ്പെയ്നിലും ഈ വഴിക്കുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ബ്രിട്ടനില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോകാനുള്ള പ്രക്ഷോഭവും ഇതേ വീര്യത്തോടെയാണ് നടന്നത്.
ചുരുക്കത്തില്‍, നവലിബറല്‍ മുതലാളിത്തം വച്ചുനീട്ടിയത് പൊള്ളയായ വാഗ്ദാനങ്ങളും നുണകളുമായിരുന്നുവെന്ന് ലോകം മനസ്സിലാക്കിത്തുടങ്ങുകയാവണം. നാമിവിടെ യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലുകളെ അവിശ്വാസത്തോടെയാണ് ഇപ്പോഴും നോക്കുന്നത്. എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നാശത്തിലേക്കാണ് മൂക്കുകുത്തി വീഴുന്നതെന്ന് ഇനി നമ്മോട് ആരാണു പറയേണ്ടത്?
18 സെപ്തംബര്‍ 2016