Article POLITICS

സൗമ്യയാണ് സൂര്യനെല്ലിയും കിളിരൂരും വിതുരയും……….

avijit2

സൗമ്യയ്ക്കു നീതി ലഭിക്കണമെന്നു പറയുന്നതിന്, ജനാധിപത്യ സമൂഹത്തില്‍ പൗരാവകാശവും നീതിബോധവും സംരക്ഷിക്കപ്പെടണം എന്ന താല്‍പ്പര്യമാണുള്ളത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയ്ക്കും കിളിരൂരിലെയും വിതുരയിലെയും പെണ്‍കുട്ടികള്‍ക്കും, നാം ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ ഒട്ടനവധി സമാനാനുഭവം നേരിട്ട പെണ്‍കുട്ടികള്‍ക്കും നിഷേധിയ്ക്കപ്പെട്ട നീതിയെക്കുറിച്ചാണ് നമ്മുടെ ആധിയെന്നു മറന്നുകൂടാ.
സൗമ്യയ്ക്കു നീതി കിട്ടണമെന്നു പറയുമ്പോള്‍ അവര്‍ക്കെല്ലാം നീതി ലഭിക്കണമെന്നാണ് നാം അര്‍ത്ഥമാക്കുന്നത്.

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും നമുക്കു നിത്യവാര്‍ത്തകളാണ്. ഉണര്‍ന്നിരിക്കുന്ന നിയമപാലകരും നീതിപീഠങ്ങളുമുണ്ടായിട്ടും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം എത്രയോ കുറവ്. ഇരകളാക്കപ്പെടുന്നവരും അവരുടെ അടുപ്പക്കാരും അനുഭവിക്കുന്ന ദുഖവും ദുരിതവും എല്ലായിപ്പോഴും സമാനം.

വധിക്കപ്പെടുന്നവരും പീഢിപ്പിയ്ക്കപ്പെടുന്നവരും പെട്ടെന്നു വിസ്മൃതരാവും. കൊലയാളികളും അക്രമികളും വാദമുഖങ്ങള്‍ നിരത്തി ജയിച്ചുകേറും. ഒരിയ്ക്കല്‍ ഒരാളാലോ ഒരുകൂട്ടം ആളുകളാലോ പീഢിപ്പിയ്ക്കപ്പെട്ടവര്‍ പിന്നീട് ഒരു ജനതയുടെതന്നെ പീഢനങ്ങള്‍ക്കു വിധേയമാവും. അവര്‍ സദാചാരച്ചരടുകള്‍കൊണ്ട് നിരന്തരം വരിഞ്ഞുമുറുക്കപ്പെടും. ആട്ടിയകറ്റപ്പെടും. കൊലചെയ്യപ്പെടുന്നവര്‍ക്കും മറ്റൊരു വിധിയില്ല. പോരായ്മകൊണ്ടും കൊള്ളരുതായ്മകൊണ്ടും അതിജീവിക്കാനാവാതെ വീണുപോയവനെന്ന് അയാള്‍ അധിക്ഷേപിയ്ക്കപ്പെടും.

കൊലയാളികള്‍ക്കാവട്ടെ വിജയങ്ങളിലേയ്ക്കുള്ള ചവിട്ടുപടികളുണ്ടു മുന്നില്‍. അവര്‍ക്കുവേണ്ടി പണം മുടക്കാന്‍, വാദിയ്ക്കാന്‍, തടവറയില്‍പ്പോലും സുഖവിവരങ്ങളന്വേഷിക്കാന്‍, അവരുടെ വീട്ടുകാരെ പുലര്‍ത്താന്‍ ഉത്സാഹികളായി എത്രയോ പേര്‍. നമ്മുടേത് അതിജീവിക്കുന്നവരുടെ മാത്രം ജനാധിപത്യമാണ്. വീണവനൊരു റീത്ത്. കൊലയാളികള്‍ക്കു വാഴ്ത്തുപാട്ടുകള്‍. പദവികള്‍.

സൗമ്യയെക്കുറിച്ചുമാത്രം നാമെന്തിന് ആശങ്കപ്പെടണം? പലരിലൊരാള്‍. സൂര്യനെല്ലിയിലെ പെണ്‍കുട്ടി തീവെയിലില്‍ പൊരിയുകയാണ്. നമ്മെ ഒട്ടും അലോസരപ്പെടുത്താതെ. ആ വാര്‍ത്ത, അതുപോലെ എത്രയോ വാര്‍ത്തകള്‍ നാം മറന്നു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ക്ഷോഭങ്ങള്‍ക്കൊരു രക്ഷാപഴുതായി സൗമ്യാവിചാരം തല്‍ക്കാലത്തേയ്ക്കു പൊട്ടിത്തെറിയ്ക്കുകയാണ്. മറവിയിലേയ്ക്കൊരു ആളിവീഴല്‍.

അക്രമികളും അവരുടെ രക്ഷാധികാരി കൂട്ടുകെട്ടുകളും എപ്പോഴും ഒന്നുതന്നെ. അണയാത്ത ക്ഷോഭമുണ്ടെങ്കില്‍ അതു പങ്കിലമായ വ്യവസ്ഥയെ പൊളിച്ചടുക്കട്ടെ. ഒരു ആശ്വാസവാക്കില്‍ ആയിരം പിടച്ചിലുകളും നിലവിളികളും തണുത്തുറയുകയില്ല. ഒന്നൊന്നായി ഓരോ അനീതിയും ആള്‍ക്കൂട്ടങ്ങളില്‍ കനലിട്ടു കനലിട്ടു പോരുന്നുണ്ടാവണം. അതെപ്പോഴാണ് ആളുക?

ആസാദ്
16സെപ്തംബര്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )