Article POLITICS

ജനാധിപത്യം അഴിമതിയ്ക്കുള്ള മറയല്ല

bribe

 അനധികൃത സ്വത്തുസമ്പാദനത്തിന്റെപേരില്‍ ഒരു രാഷ്ട്രീയനേതാവു വിചാരണചെയ്യപ്പെടുന്നത് അത്ര സാധാരണമായ കാര്യമല്ല. കേരളത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിരളമാണ്. ആഡംബരക്കാറും സ്വര്‍ണവും ഭൂമിയും വാങ്ങാനും കൊട്ടാരങ്ങള്‍ പണിയാനും ബിനാമി സ്വത്തിടപാടുകളിലേര്‍പ്പെടാനും രാഷ്ട്രീയനേതാക്കള്‍ക്കു കൂസലില്ലാതെപോകുന്നത് എന്തുകൊണ്ടാണ്? ഇതിനാവശ്യമായ പണമത്രയും ജനാധിപത്യ സംവിധാനങ്ങളുടെ ദുരുപയോഗങ്ങളിലൂടെ സമ്പാദിക്കുന്നതാകുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുന്നു.

അതിസാധാരണമായ ജീവിത സാഹചര്യങ്ങളില്‍നിന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ ചുരുങ്ങിയ കാലംകൊണ്ട് കോടികളുടെ ആസ്തിയുണ്ടാക്കുന്നത് അഴിമതിയിലൂടെയാവാനേ തരമുള്ളു. കട്ടന്‍ചായയോ കഞ്ഞിയോ കുടിച്ചു പാര്‍ട്ടി ആപ്പീസുകളിലെ ബഞ്ചിലുറങ്ങി ജീവിച്ചവര്‍ എക്കാലവും അങ്ങനെത്തന്നെ കഴിയണമെന്ന് ആരും പറയുകയില്ല. എന്നാല്‍, ജനാധിപത്യ സംവിധാനത്തിന്റെ വ്യവഹാരങ്ങളില്‍ സജീവമാകുന്നതോടെ വന്‍ നിക്ഷേപകരെപ്പോലും അമ്പരപ്പിക്കുന്ന വേഗത്തില്‍ കോടീശ്വരരാവുക എന്നത് ജനസേവനത്തിന്റെ മറവില്‍ നടക്കുന്ന വന്‍അഴിമതികളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

മുന്‍മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം ഈ സാഹചര്യത്തില്‍ ഒരു ശുദ്ധീകരണ പ്രക്രിയയുടെ തുടക്കമായി കാണാനാവുമോ? അതു ഗവണ്‍മെന്റാണ് ബോധ്യപ്പെടുത്തേണ്ടത്. ഒരു രാഷ്ട്രീയ പകപോക്കലിനപ്പുറത്തേക്ക് ധാര്‍മികമായ ബാധ്യത ഗവണ്‍മെന്റിനെ നയിക്കുന്നുണ്ടോ എന്നത് തുടര്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു വെളിപ്പെടും. എത്രയോ ബാബുമാര്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളിലുണ്ടെന്ന് തീര്‍ച്ചയാണ്. പൊതുപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്വത്തുവിവരും നിശ്ചിത കാലയളവില്‍ പരിശോധനയ്ക്കു വിധേയമാക്കാനുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത്.

നിലവിലുള്ള പരാതികളിലെല്ലാം അന്വേഷണം നടക്കേണ്ടതുണ്ട്. മുന്‍ മന്ത്രിമാരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കെതിരെ സംശയത്തിന്റെ മുനകള്‍ നീണ്ടിരിക്കുന്നു. വെറുകൈയോടെ രാഷ്ട്രീയത്തിലെത്തിയ പലരും വലിയ സമ്പാദ്യമുള്ളവരായിത്തീര്‍ന്നിട്ടുണ്ട്. നിക്ഷേപമൊന്നുമില്ലാതെ ലാഭംകൊയ്യാവുന്ന വന്‍വ്യവസായമാണോ രാഷ്ട്രീയമെന്ന സന്ദേഹം വളര്‍ത്തുന്ന സാഹചര്യമാണിത്. തൊണ്ണൂറുകള്‍ക്കുശേഷമുള്ള നവലിബറല്‍ നയങ്ങളുടെയും അതിന്റെ ഭാഗമായ വാണിജ്യമൂലധന കുത്തിയൊഴുക്കിന്റെയും മുന്നില്‍ ഇടത്തട്ടു ദല്ലാളരായി വേഷമിട്ട രാഷ്ട്രീയ നേതാക്കള്‍ക്കു പുതിയ വരുമാന സ്രോതസ്സാണ് തുറന്നുകിട്ടിയത്. ലക്ഷക്കണക്കിനു കോടിരൂപയുടെ നഷ്ടം രാജ്യത്തിനും ജനങ്ങള്‍ക്കും വന്നുഭവിച്ചാലും തങ്ങള്‍ക്കു വിഹിതം കിട്ടിയാല്‍മതി എന്നുനിശ്ചയിച്ച ഒറ്റുകാരായ നേതാക്കളെ നാം കണ്ടു.

1996ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ടെലകോം മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഔദ്യോഗിക വസതി പരിശോധിച്ച സി ബി ഐ മൂന്നരക്കോടിയിലേറെ രൂപയാണ് കണ്ടെടുത്തത്. അഞ്ചു തവണ നിയമസഭയിലേക്കും മൂന്നു തവണ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം. ദില്ലി കോടതി അദ്ദേഹത്തെ ശിക്ഷിച്ചുവെങ്കിലും അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിലുണ്ടാക്കിയ ആഘാതം ചെറുതല്ല. സുഖ്‌റാം സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചെങ്കിലും മകന്റെ രാഷ്ട്രീയ വിജയങ്ങള്‍ക്കു വേണ്ടിയുള്ള അണിയറപ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. മകന്‍ അനില്‍ ശര്‍മ്മ ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ മന്ത്രിയാണ്. മാണ്ടിയിലെ വീരനായകനായി സുഖ്‌റാം മാറിയത് ദരിദ്ര ജീവിതത്തില്‍ നിന്നു സമ്പന്നതയിലേക്കു പൊടുന്നനെ വളര്‍ന്നുകൊണ്ടാണ്. 1953ല്‍ മുനിസിപ്പല്‍ സെക്രട്ടറിയായി തുടങ്ങിയ ജീവിതമായിരുന്നു. ചെറിയ അഴിമതികളെത്തുടര്‍ന്നു ആ ജോലി നഷ്ടമായെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനു വലിയ അഴിമതികളുടെ വേദിയൊരുക്കി.

യഥാര്‍ത്ഥത്തില്‍ ആ പാരമ്പര്യവും മാതൃകയുമാണ് പിന്തുടരപ്പെടുന്നത്. 1996മുതല്‍ 2004വരെ കേന്ദ്രസഹമന്ത്രിയും 2004 മുതല്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന അന്തിമുത്തു രാജ എന്ന ഡി എം കെ നേതാവ് റ്റു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പിടിക്കപ്പെട്ടു. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ് റ്റു ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ടുണ്ടായത്. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ പെരുംകൊള്ളയ്ക്കു കൂട്ടുനിന്നു എന്നതിനു പുറമേ രാജ ആയിരക്കണക്കിനു കോടി രൂപയുടെ സ്വകാര്യ സമ്പാദ്യമുണ്ടാക്കിയെന്നും സി ബി ഐ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 2011 ഫെബ്രുവരി 2ന് രാജ അറസ്റ്റു ചെയ്യപ്പെട്ടു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, വ്യാപം അഴിമതി, ശാരദാ ചിട്ടിഫണ്ട്, കല്‍ക്കരി കുംഭകോണം, ലളിത് മോഡി – ഐ പി എല്‍ അഴിമതി, സത്യം ഗ്രൂപ്പ് അഴിമതി, ഉത്തര്‍പ്രദേശിലെ ഹെല്‍ത്ത് മിഷ്യന്‍ അഴിമതി, ഹരിയാനയിലെ അദ്ധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതി, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണം, ഒഡീഷയിലെയും ഹരിയാനയിലെയും ആന്ധ്രയിലെയും ഭൂമി കുംഭകോണങ്ങള്‍, കേരളത്തിലെ ലാവ്‌ലിന്‍ സോളാര്‍ ബാര്‍ അഴിമതികള്‍ എന്നിങ്ങനെ സമീപകാലത്തു ചര്‍ച്ചചെയ്ത അഴിമതിക്കേസുകളേറെയുണ്ട്. ബംഗാരു ലക്ഷ്മണയെപ്പോലെ നേതാക്കള്‍ നേരിട്ടു പണം വാങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പലപ്പോഴായി പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. ഈ കേസുകളിലെല്ലാം പൊതുഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് അതായത്, ജനങ്ങളുടെ സ്വത്ത് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. മറ്റൊരര്‍ത്ഥത്തില്‍, പൊതുപണം വളരെ ചെറിയ ഒരു വിഭാഗത്തിന്റെ കൈകളിലേക്കു വലിച്ചെടുക്കപ്പെടുകയായിരുന്നു. ആ ചൂഷണത്തിനു നേതൃത്വം നല്‍കിയതും കൊള്ളമുതലില്‍ പങ്കുകാരായതും ജനസേവകരോ ജനപ്രതിനിധികളോ ആയ രാഷ്ട്രീയക്കാരാണെന്നത് ജനാധിപത്യത്തെ സംബന്ധിച്ചു ലജ്ജാകരമാണ്.

.ഇങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ സംഭവങ്ങള്‍ പുറത്തു വന്നതോടെയാണ് അണ്ണാഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടത്. പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിനുള്ള മണ്ണൊരുക്കുംവിധം രാജ്യത്തെ ഇളക്കിമറിക്കാന്‍ ആ പ്രക്ഷോഭത്തിനു സാധിച്ചു. പുതിയ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ സന്ദര്‍ഭമാണത്. ദില്ലിയില്‍ കെജ്രിവാളിനെ അധികാരത്തിലെത്തിച്ചതും ഈ നവജാഗ്രതയാണ്.

ഇതിന്റെ തുടര്‍ച്ചയില്‍ ശുദ്ധീകരണത്തിന്റെയും തെറ്റുതിരുത്തലിന്റെയും വഴിയേ നീങ്ങാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാകുമെന്നാണ് നാം കരുതിയത്. ആ വഴിക്കുള്ള ചില ചുവടുവെപ്പുകളുണ്ടാവുകയും ചെയ്തു. എന്നാല്‍ ധനാധിപത്യ ശക്തികളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും അധോതലബന്ധങ്ങള്‍ മുറുകിയതേയുള്ളുവെന്ന് നമ്മുടെ അനുഭവങ്ങള്‍ തെളിവു നല്‍കുന്നു. ജന താല്‍പ്പര്യങ്ങള്‍ക്കെതിരായി ജനാധിപത്യ സംവിധാനത്തിലെ അധികാര കേന്ദ്രങ്ങള്‍ നിലപാടു സ്വീകരിക്കുന്നത് ഇത്തരം പ്രലോഭനങ്ങള്‍ക്കു കീഴ്‌പ്പെട്ടാണ്. മണ്ണ് മണല്‍ വന ക്വാറി മാഫിയകളും സ്വര്‍ണ രത്‌ന വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് പ്രഭുക്കളും ലഹരി വാണിഭ മാഫിയകളും വന്‍കിട കോര്‍പറേറ്റുകളും ഒഴുക്കുന്ന ഇടത്തട്ടുപണത്തിന്റെ ഉപഭോക്താക്കളായി രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിമുടി പരുവപ്പെട്ടിരിക്കുന്നു. അതിനിടയില്‍ ധാര്‍മികബോധമുള്ള ചിലരൊക്കെ കാണുമെങ്കിലും സന്ദര്‍ഭാനുസരണം കണ്ണുചിമ്മാനുള്ള കഴിവാണ് അവരെ പദവികളില്‍ നിലനിര്‍ത്തുന്നതെന്നു വേണം കരുതാന്‍.

നേതാക്കന്മാരുടെ അഴിമതിയെക്കുറിച്ചു ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ ഉന്നയിച്ചവരാണ് തെളിവു നല്‍കേണ്ടത് എന്ന നിലപാട് ഗവണ്‍മെന്റ് ഉപേക്ഷിക്കണം. പരാതിക്കു വിധേയരായവര്‍ സ്വത്തുവിവരം സുതാര്യമായി അവതരിപ്പിക്കണം. വരുമാനസ്രോതസ്സും കാലാകാലങ്ങളിലുള്ള വര്‍ദ്ധനവിന്റെ തോതും വെളിപ്പെടുത്തണം. അതു ശരിയാണോ എന്നു നിരിക്ഷിക്കാന്‍ സംവിധാനമുണ്ടാവണം. അത്തരമൊരു ജനപക്ഷ നിയമനിര്‍മ്മാണത്തിനും തുടര്‍ നടപടികള്‍ക്കും സര്‍ക്കാര്‍ തയ്യാറാവണം. അതല്ലെങ്കില്‍ ബാബുവിനോ മാണിക്കോ എതിരായ കേസുകള്‍ പകപോക്കലിനോ വിലപേശലിനോ ഉള്ള ഉപാധികളായേ ജനം മനസ്സിലാക്കുകയുള്ളു.

10 സെപ്തംബര്‍ 2016

(മംഗളം ദിനപത്രം 12 സെപ്തംബര്‍ 2016 – ഓരം കോളം)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )