ദളിത് മുന്നേറ്റങ്ങളെ ജാതിരഹിത മതേതരവാദികള്‍ അഭിവാദ്യം ചെയ്യുന്നത് വിവേചനരഹിതമായ ഒരു ജനാധിപത്യ ജീവിത സാഹചര്യം രൂപപ്പെടുത്താനുള്ള സമരോത്സാഹത്തോടെയാണ്. സ്വയം ജാതിയുപേക്ഷിക്കുമ്പോള്, ജാതിയുടെ പേരില്‍ ആയിരത്താണ്ടുകളുടെ അകറ്റിനിര്‍ത്തലുകളും അവഗണനകളും അടിച്ചമര്‍ത്തലുകളും അനുഭവിക്കേണ്ടിവന്ന ദളിത വിഭാഗങ്ങള്‍, മര്ദ്ദനഹേതുവായ അതേ ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുകയും ശക്തിപ്പെടുകയും പൊരുതുകയും ചെയ്യുന്നതിനെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നുമുണ്ട്. ജാതിരഹിത മതേതരവാദികള്‍ ജാതിജീവിതത്തെ നിരാകരിക്കുന്നതും ദളിതര്‍ പീഢിത ജാതി സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും പുതിയ ജനാധിപത്യ അനുഭവങ്ങളിലേയ്ക്ക് ഉണരാനാണ്.
ജാതിരഹിത മതേതരവാദികളെക്കുറിച്ചാണ് ഞാനെഴുതുന്നത്. പലതട്ടുകളിലായിക്കിടന്ന ജാതിഘടനയുടെ ഇടത്തട്ടിലൊരിടമേ ഞാനുപേക്ഷിച്ചിട്ടുള്ളു. പൊതുബോധത്തിന്റെ ചൊല്ലും കര്‍മ്മവും , തികഞ്ഞ സ്വാഭാവികതയോടെ പിന്തുടരുകയും പിന്നീടൊരുഘട്ടത്തില്‍ അതിലടങ്ങിയ വിവേചന ഭീകരത ഞെട്ടലോടെ തിരിച്ചറിയുകയും ചെയ്തു എന്നത് വാസ്തവം. പൊതുശീലങ്ങളെന്നു ധരിച്ചത് വരേണ്യ കൗശലങ്ങളും അവയുടെ ഒച്ചയില്ലാത്ത യുദ്ധങ്ങളുമായിരുന്നു എന്നറിയുമ്പോള്‍ ലജ്ജിതനും വിനീതനുമാവാതെ വയ്യ. ശീലങ്ങളെ നെടുകെ പിളരാനും അനുഭവങ്ങളെ നിഷ്ക്കരുണം വിചാരണ ചെയ്യാനും സ്വയം കീഴ്മേല്‍മറിഞ്ഞ് പുതുക്കപ്പെടാനും ജാതിരഹിത മതേതര ജീവിതത്തിലേക്കു കടക്കാതെ വയ്യെന്നായി.
പക്ഷെ, ഒരു ദളിതന് ആ വഴിയിലേക്കു കടക്കുകയല്ല വേണ്ടത്. തങ്ങളില്‍തന്നെ ദമിതമായതും തങ്ങള്‍ക്കൊപ്പം നിരന്തരം ചവിട്ടിയരയ്ക്കപ്പെട്ടതുമായ അദ്ധ്വാനത്തിന്റെയും ഉയിര്‍പ്പിന്റെയും സര്ഗനാമ്പുകളെ തോറ്റിയെടുക്കണം. നിഷേധിയ്ക്കപ്പെട്ട പൊതുമണ്ഡലത്തിലേയ്ക്ക് അവയെ ആനയിക്കണം. വരേണ്യ ധിക്കാരങ്ങള്‍ മറച്ചുവെച്ച ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അനുഭവിപ്പിക്കണം. അധികാരം പരുവപ്പെടുത്തിയെടുത്തതല്ല, അദ്ധ്വാനം കലഹിച്ചുനിന്നതാണ് കലയും സംസ്ക്കാരവും അറിവും ജീവിതവുമെന്ന് സ്ഥാപിക്കണം.
ജാത്യധികാരക്രമം സകല വൈവിദ്ധ്യങ്ങളോടെയും നിലനിര്‍ത്തുക എന്നത് ഒരു ദളിതകൂട്ടായ്മയും ലക്ഷ്യമാക്കാനിടയില്ല. ആ ക്രമം കീഴ്മേല്‍ മറിയ്ക്കാനാണ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ആ വ്യവഹാരങ്ങള്‍ക്കെല്ലാം ക്ഷതമേല്ക്കും. മറ്റൊരര്‍ത്ഥത്തില്‍ , കുറെക്കൂടി ഗുണപരമായ, വിപ്ലവകരമായ ജാതിരഹിത മതേതര ജീവിതത്തിലേയ്ക്കുള്ള കുതിപ്പായി അതു മാറും.
ഇതിനര്‍ത്ഥം, പുതിയ കാലത്തെ സാമൂഹിക മുന്നേറ്റങ്ങളെ നയിക്കേണ്ട ശക്തികളില്‍ മുഖ്യമായ സ്ഥാനം ദളിതമുന്നേറ്റങ്ങള്ക്കുണ്ടെന്നാണ്. നവമൂലധന മൂര്‍ത്തികളോടു പൊരുതിനില്‍ക്കുന്ന സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ക്കും ലക്ഷക്കണക്കായ ഇതര ഇരവിഭാഗങ്ങള്ക്കും ആ ചേരിയിലാണ് സ്ഥാനം. സര്‍വ്വാധികാരം ആര്‍ക്കായിരിക്കണമെന്ന തര്‍ക്കം സമരോത്സാഹത്തെ റദ്ദുചെയ്യാനേ സഹായിക്കൂ.
സമരങ്ങളുടെയെല്ലാം രക്ഷാകര്‍തൃത്വം തങ്ങളുടെ ദൗത്യമായി കരുതുന്ന മൗഢ്യം ചിലരിലുണ്ട്. തങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന വര്‍ണാധികാര ഘടനയെക്കുറിച്ചും ധനാധികാര വ്യവഹാരങ്ങളെക്കുറിച്ചും അജ്ഞരാണവര്‍. അതവരെയും അവരുടെ വിപ്ലവലക്ഷ്യങ്ങളെയും നിരന്തരം പരിമിതപ്പെടുത്തും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മാര്‍ഗതടസ്സവും മറ്റൊന്നല്ല.
ജാതിഹിന്ദുത്വത്തിന്റെ പ്രച്ഛന്നമായ ആവിഷ്ക്കാരങ്ങളെ നിര്‍ബാധം പുണരുന്നവര്‍ ദളിതമുന്നേറ്റങ്ങളെ തടയാന്‍ ഉച്ചരിക്കേണ്ട പദമല്ല സ്വത്വ രാഷ്ട്രീയമെന്നത്. തെറ്റായ നിര്‍വ്വചനങ്ങള്‍ പദങ്ങളെയല്ല പോരാട്ടങ്ങളെയാണ് പൊള്ളയാക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ദളിതര്കൂടി തീരുമാനിക്കേണ്ടതാക്കിയത് മഹത്തെന്നു നാം വിശേഷിപ്പിച്ചുപോന്ന രാജ്യത്തിന്റെ ഭൂതകാലമാണ്. വിപ്ലവത്തിന്റെ ആയുധ സഞ്ചയമാണത്.
13 സെപ്തംബര്‍ 2016