ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഐസ – എസ് എഫ് ഐ സഖ്യം നേടിയ ഉജ്വലമായ വിജയം നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തെ പ്രതീക്ഷാനിര്ഭരമാക്കുന്നുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ എതിരിടാന്‍ അനിവാര്യമായ ഘട്ടങ്ങളില്‍ ഐക്യപ്പെടാനുള്ള സന്നദ്ധതയാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. എ ഐ എസ് എഫും ഡി എസ് എഫും ഉള്‍പ്പെടെയുള്ള ഇതര ഇടതു വിദ്യാര്‍ത്ഥി സംഘടനകളും ദളിത് മുന്നേറ്റങ്ങളും കൂടി അണിനിരക്കുന്ന പാനലായിരുന്നുവെങ്കില് അതു കുറെകൂടി ശക്തവും അര്ത്ഥപൂര്ണവുമാകുമായിരുന്നു. സമീപഭാവിയില്‍ രാജ്യത്തു രൂപപ്പെടാവുന്ന സമരോന്മുഖ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ദിശാസൂചിയായി തെരഞ്ഞെടുപ്പ് അടയാളപ്പെടുമായിരുന്നു.
ജെ എന്‍ യു പിന്നിട്ടത് കലുഷവും പ്രക്ഷുബ്ധവുമായ നാളുകളാണ്. പോയകാലത്തിന്റെ ജീര്ണസ്വത്വങ്ങള് തുറുകണ്ണുകളുമായി എത്തിനോക്കുന്നതു കണ്ടു. രാജ്യസ്നേഹത്തിന്റെ ഉരകല്ലില്‍ ചിന്താസ്വാതന്ത്ര്യത്തെ വരിഞ്ഞുകെട്ടുന്ന വേതാളരൂപികള്‍ അഴിഞ്ഞാടി. ജ്ഞാനാന്വേഷണത്തിന്റെ പ്രാഥമിക ദൗത്യം മനുഷ്യരെ വേര്‍തിരിക്കുന്ന ജീര്ണവേദങ്ങളെ യുക്തിനാളങ്ങളില് ദഹിപ്പിക്കുകയാണ്. അതിനൊത്ത ദര്‍ശനവും ഐക്യനിരയും ഉയര്‍ന്നുവന്നു എന്നതാണ് കാമ്പസിന്റെ രാഷ്ട്രീയബോധത്തെ ജ്വലിപ്പിക്കാനിടയാക്കിയത്. ലാല്‍സലാം നീല്‍സലാം എന്നത് പുതിയ പ്രതിരോധത്തിന്റെ മാനിഫെസ്റ്റോ ആവുകയായിരുന്നു.
ഹൈദ്രാബാദിലും പൂനയിലും അലഹബാദിലുമൊക്കെ, കാമ്പസുകളെ കീഴ്പ്പെടുത്താമെന്നു മോഹിച്ച ഭൂതമൂര്ത്തികളെ നിസ്തേജമാക്കിയ കീഴാളപ്രതിരോധം അതിന്റെ രാഷ്ട്രീയരൂപങ്ങള്‍ തേടിയിരിക്കണം. ഇന്ത്യയിലെങ്ങുമുള്ള കാമ്പസുകളില്‍ പുതിയ സമരശക്തികള്‍ സാഹോദര്യം കണ്ടെത്താന്‍ ഉത്സാഹിച്ചു. കോര്‍പറേറ്റ് ധനമേധാവിത്തവും ജാതിഹിന്ദുത്വവും പരുവപ്പെടുത്തിയ പൊതുബോധത്തിന്റെ ശീലങ്ങളെ കീഴ്മേല്‍ മറിച്ചല്ലാതെ മതേതര ജനാധിപത്യ ജീവിതം അസാദ്ധ്യമാണെന്ന് തിരിച്ചറിയപ്പെട്ടു. ഫാസിസത്തിലേക്ക് തിടുക്കപ്പെടുന്ന രാഷ്ട്രീയാധികാര ധിക്കാരങ്ങളെ തടഞ്ഞുനിര്ത്തുംവിധം പ്രതിരോധ യൗവ്വനങ്ങള്‍ രാജ്യമെങ്ങും കരുത്തുനേടിത്തുടങ്ങി. രോഹിത് വെമുലയില്നിന്നു ജിഗ്നേഷ് മേവാനിയിലേക്കു ചുടുരക്തമൊഴുക്കുന്ന അദൃശ്യനാളികളുണ്ടായി.
ഹൈദ്രാബാദിനും ജെ എന്‍ യുവിനും ഉനയ്ക്കും കൈകോര്ക്കാനാവുന്ന സമരോത്സാഹത്തിനു നവരാഷ്ട്രീയമെന്നു പേര്. സാമൂഹിക ഇടതുപക്ഷവും രാഷ്ട്രീയ ഇടതുപക്ഷവും ദളിതരും ആശ്ലേഷിക്കുന്ന പുതു സന്ദര്‍ഭമാണത്. പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളും ഭൂരഹിതരും ഭവനരഹിതരും തൊഴില്‍രഹിതരും പൊരുതിയുണര്ത്തിയ കനലുകളെ കയ്യേല്ക്കുന്ന രാഷ്ട്രീയം. ജെ എന്‍ യുവിലെ തെരഞ്ഞെടുപ്പുഫലം അങ്ങനെയൊരു കിനാവു ഊതിജ്ജ്വലിപ്പിക്കുന്നുണ്ട്.
ജെ എന്‍ യുവില്‍ ഇപ്പോഴുണ്ടായ ഐക്യത്തെ വിപുലീകരിക്കുക എന്നത് വളരെ പ്രധാനമാണ്. വിയോജിപ്പുകളുടെ സൂക്ഷ്മാംശങ്ങളില്‍ ചൊറിഞ്ഞുകൂടലാണ് യോജിപ്പുകളുടെ മേഖലകള്‍ കണ്ടെത്തുന്നതേക്കാള് പ്രധാനമായി കരതുന്നതെങ്കില് കഷ്ടം കഷ്ടമെന്നു പറയേണ്ടിവരും. ചാനല്‍ ചര്‍ച്ചകളില്‍, കനയ്യകുമാറിനെക്കാള്‍ ത്യാഗികളും അംഗീകാരമുള്ളവരും അവിടെയുണ്ടെന്നും മറ്റുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തി, സന്ദര്‍ഭവശാല്‍ രൂപപ്പെട്ടുകഴിഞ്ഞ ഒരു ഗുണാത്മക മുന്നേറ്റത്തെ പിറകോട്ടുകൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നത് ഖേദകരമാണ്.
എസ് എഫ് ഐ യുടെ ശക്തി ക്ഷയിച്ചത് പുറന്തള്ളപ്പെടുന്ന മനുഷ്യരോടുള്ള അനുഭാവത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും നാരുകള്‍ പിഞ്ഞിത്തുടങ്ങിയപ്പോഴാണ്. നന്ദിഗ്രാമും സിംഗൂരും വലിയ ആഘാതമാണ് കാമ്പസിലുണ്ടാക്കിയത്. പീഢിത സമൂഹത്തോടു ശരിയായ നിലപാടു സ്വീകരിച്ചതാണ് ഐസയ്ക്കു നേട്ടമുണ്ടാവാനിടയാക്കിയത്. നിസ്വരായ മനുഷ്യരോടുള്ള ആത്മബന്ധം കൈവെടിയാന്‍ കാമ്പസുകള്ക്കാവില്ല. ആ തിരിച്ചറിവിലേക്ക് ഉയര്‍ന്നാലേ ഇപ്പോഴത്തെ വിജയം തങ്ങളില്‍ അര്‍പ്പിച്ച ബാധ്യതകള്‍ നിറവേറ്റാന്‍ എസ് എഫ് ഐക്കു സാധിക്കുകയുള്ളു.
നവമുതലാളിത്തത്തിന്റെയും ജാതിഹിന്ദുത്വത്തിന്റെയും അധികാര ഘടനകളോടും അതിന്റെ പ്രയോഗ ഭീകരതകളോടും പൊരുതി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ ഉദാസീനരായാല് പുതിയ സമരശക്തികള്‍ ഉയര്‍ന്നുവരും. സമവായത്തിന്റെയും ഒത്തുതീര്‍പ്പുകളുടെയും രാഷ്ട്രീയം നിലനില്ക്കുകയില്ല. ഈ രാഷ്ട്രീയ ബോധ്യത്തോടെയുള്ള സഖ്യമല്ലെങ്കില്‍ ഐസയും എസ് എഫ് ഐയും ഇപ്പോഴുണ്ടാക്കിയ കൂട്ടുകെട്ട് കേവലം അധികാരതാല്പ്പര്യം മാത്രം മുന്നിറുത്തിയുള്ളതാണെന്നു പറയേണ്ടിവരും. ഏറ്റവും പീഢിതരായ മനുഷ്യരെ ആശ്ലേഷിച്ച് ഐക്യപ്പെടാനും രാജ്യത്തു രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി സമൂഹവും അതിന്റെ നേതൃത്വവും സദാ ഉണര്‍ന്നിരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
11 സെപ്തംബര്‍ 2016