പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റാ മോട്ടോര്‍സിനു നാനോകാര്‍ നിര്‍മ്മാണശാല തുടങ്ങാന്‍ ഏറ്റെടുത്ത ആയിരത്തോളം ഏക്കര്‍ ഭൂമി ഉടമകളായ കര്‍ഷകര്‍ക്കു തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, അടിസ്ഥാന സമൂഹങ്ങളെ മറന്നുള്ള വികസനസംരംഭങ്ങള്‍ക്കു ലഭിക്കാവുന്ന നല്ല താക്കീതാണ്. ഭൂമി മൂന്നുമാസത്തിനകം ഉടമകള്‍ക്കു തിരിച്ചുനല്‍കണമെന്നും നഷ്ടപ്പരിഹാരത്തുകയായി നല്കിയതു മടക്കിവാങ്ങരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അനുഭവങ്ങളില്‍നിന്നു പഠിക്കാന്‍ ഭരണകൂടങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും തയ്യാറാവുമോ എന്നേ അറിയാനുള്ളു.
രാജ്യത്തിനു വ്യാവസായിക വികസനം വേണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാവാന്‍ ഇടയില്ല. അതിനുപക്ഷെ, കാര്‍ഷികമേഖല തകരണമെന്നു വരുന്നതു ഒട്ടും ഭൂഷണമല്ലല്ലോ. ബംഗാളില്‍ തകര്‍ന്നുപോയ ആദ്യകാല വ്യവസായ സംരംഭങ്ങളുടെ ശവപ്പറമ്പുകള്തന്നെ ധാരാളമുണ്ട്. അതൊന്നും പരിഗണിക്കാതെ സിംഗൂരിലെയും നന്ദിഗ്രാമിലെയും കൃഷിഭൂമി കയ്യേറാനും അത് സ്വകാര്യ മുതലാളിമാരെ ഏല്‍പ്പിക്കാനുമാണ് ഗവണ്മെന്റ് ശ്രമിച്ചത്. ഒരിക്കല്‍ തേഭാഗാ സമരത്തിലൂടെ ചുവപ്പിച്ച കിഴക്കന്‍ മിഡ്നാപ്പൂരിലും ഹുഗ്ലിയുടെ തീരങ്ങളിലും ഭൂസമരം കൊടുങ്കാറ്റുകളുണ്ടാക്കുന്നത് നാം കണ്ടു. കൃഷിഭൂമിക്കുവേണ്ടി സമരംചെയ്ത പ്രസ്ഥാനംതന്നെ കൃഷിഭൂമി പിടിച്ചുപറിക്കുന്നവരായി മാറുന്ന വിപരീതാനുഭവം ബംഗാളിലുണ്ടായി.
പ്രധാനമായ ഒരു കാര്യം ജസ്റ്റിസ് ഗോപാലഗൗഡ ചൂണ്ടിക്കാട്ടുന്നു. ടാറ്റയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് പൊതു ആവശ്യത്തിനായി കാണാനാവില്ല എന്ന നിരീക്ഷണമാണത്. സ്വകാര്യമൂലധനത്തിന്റെ വാണിജ്യതാല്‍പ്പര്യത്തിന് ഗവണ്മെന്റു കൂട്ടുനില്‍ക്കുകയാണെന്ന അസംഖ്യം പരാതികളെ സാധൂകരിക്കുന്ന പരാമര്‍ശമാണിത്. കോടികളുടെ ആസ്തിയുള്ളവര്‍ ലാഭകരമായ നിക്ഷേപങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനുവേണ്ട ഭൂമികണ്ടെത്തലും, അതേ കച്ചവടയുക്തികള്ക്കും താല്‍പ്പര്യങ്ങള്‍ക്കും കീഴ്പ്പെട്ടാണ് നടക്കേണ്ടത്. വ്യവസായ നിക്ഷേപത്തിലെ പ്രധാന ഘടകമാണല്ലോ ഭൂമി. വ്യവസായത്തിലെ ലാഭത്തില്‍ പരിഗണിക്കപ്പെടേണ്ടവരാണ് ഭൂഉടമകള്‍. എന്നാല്‍ വ്യവസായ വികസനത്തിന്റെ പേരില്‍ അവരുടെ ഉടമസ്ഥാവകാശം തട്ടിയെടുക്കപ്പെടുന്നു. ഒരു സംരംഭമാരംഭിക്കുമ്പോള് ധനനിക്ഷേപത്തോളമോ ചിലപ്പോള്‍ അതിലേറെയോ മൂല്യവത്താണ് ഭൂനിക്ഷേപമെന്നത് സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. ഇക്കാര്യത്തില്‍ കോര്‍പറേറ്റ് മുതലാളിത്തത്തെക്കാള്‍ വാശിയും നിര്‍ബന്ധവും ജനാധിപത്യ ഗവണ്മെന്റുകളാണു പ്രകടിപ്പിച്ചു കാണുന്നത്. നഷ്ടവും ത്യാഗവും സഹിക്കാന്‍ ദരിദ്രകര്ഷകര്ക്കാണ് ബാധ്യത എന്ന നിലപാട് ജനാധിപത്യ ബോധത്തിനു ചേര്‍ന്നതല്ല..
കുറെപേര്‍ക്കു തൊഴില്‍കിട്ടും എന്നതാണ് ഗവണ്മെന്റ് ചൂണ്ടിക്കാട്ടുന്ന പൊതു താല്പ്പര്യമെങ്കില്, ആയിരക്കണക്കിനുപേര്‍ കാര്‍ഷികവൃത്തിയില്‍നിന്നു എടുത്തെറിയപ്പെട്ടശേഷമാണ് നൂറുകണക്കിനുപേരുടെ തൊഴില്‍സാധ്യത തെളിയുന്നതെന്നതെന്നു കാണണം. കാര്‍ഷിക വൃത്തിയില്‍നിന്നു പുറന്തള്ളപ്പെടുന്നവര്‍ ജീവിതത്തില്‍നിന്നാണ് പുറത്താക്കപ്പെടുന്നതെന്ന വാസ്തവത്തെയും വിസ്മരിക്കുന്നതെങ്ങനെ? അര്‍ഹമായതോ പുനരധിവാസത്തിനു പര്യാപ്തമായതോ ആയ ഒരു പാക്കേജുപോലുമില്ലാതെ ഭൂമി പിടിച്ചുപറിക്കപ്പെട്ടവരായി മാറുന്നത്, കോര്‍പറേറ്റുകളുടെ സ്വകാര്യ വ്യവസായത്തിന് ആസ്തിയും ലാഭവും വര്ദ്ധിപ്പിക്കാനാണെന്നത് ആശാസ്യമാണോ?
1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അപര്യാപ്തതയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അന്നത്തെ ഭരണകക്ഷിയായ സിപിഎം ഇപ്പോള്‍ പറയുന്നു. അതില്‍ വാസ്തവമുണ്ടാവാം. ആ പരിമിതികളെ തിരിച്ചറിയാനും അതു പരിഹരിക്കാനും എന്താണുചെയ്തത്? നിരാലംബരായ മനുഷ്യരെ അക്രമിച്ചു ഭൂമി പിടിച്ചു പറിക്കാനും കോര്‍പറേറ്റുകളുടെ കാര്യസ്ഥസഭയായി മന്ത്രിസഭയെ അധപ്പതിപ്പിക്കാനും എങ്ങനെ മനസ്സുവന്നു? എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി തകര്‍ന്നടിഞ്ഞ കല്‍ക്കത്തക്കു ചുറ്റുമുണ്ടായിരുന്ന ചണമില്ലുകളും തുകല്ഫാക്ടറികളും സ്റ്റീല്‍കമ്പനികളും ഭക്ഷ്യോത്പാദന യൂണിറ്റുകളും ബാക്കിവെച്ചുപോയ ശ്മശാനതുല്യമായ ഭൂമി മതിയായിരുന്നില്ലേ ഏറ്റെടുക്കുക? കൃഷിഭൂമിയില്‍ കൈവെയ്ക്കുമ്പോള്‍ നാല്‍പ്പതുകള്‍ക്കൊടുവിലെ കാര്‍ഷികസമരങ്ങളുടെ മുദ്രാവാക്യങ്ങളൊന്നും ഓര്‍ക്കാതെപോയത് എന്തുകൊണ്ടാണ്? നിരവധി ചോദ്യങ്ങള്‍ സിപിഎമ്മിനെ ചുറ്റിവരിയാതെ വയ്യ.
കൊളോണിയല്‍ ഭരണത്തിലുണ്ടായ ഭൂമി ഏറ്റെടുക്കല്‍നിയമം പിന്നീട് കാര്യമായ ഭേദഗതിക്കു വിധേയമാകുന്നത് 2013ല്‍ മാത്രമാണ്. താരതമ്യേന പുരോഗമനപരമായ ആ നിയമത്തിലും പരിമിതമായിപ്പോലും നീതികിട്ടാതെപോയ മേഖലകളുണ്ട്. അതുകൂടി പരിഹരിക്കണമെന്നു ദില്ലിയില്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. 2006- 07 കാലത്തെ സിംഗൂര്‍ നന്ദിഗ്രാം അനുഭവങ്ങളാണ് ഇടതുപക്ഷത്തെ സമരോന്മുഖ ജാഗ്രതയിലേക്ക് ഉണര്ത്തിയതെന്നു നാം ധരിച്ചു.
2013ലെ നിയമത്തില്‍ ഒഴിച്ചുനിര്‍ത്തപ്പെട്ട മേഖലകളെക്കൂടി നിയമപരിരക്ഷയിലേക്കു കൊണ്ടു വരുന്നതിനു പകരം ഉള്ള സുരക്ഷയും ആനുകൂല്യവും നിഷേധിക്കുംവിധം നിയമഭേദഗതി നടത്താനാണ് സമീപകാലത്ത് മോഡി ഗവണ്മെന്റ് ശ്രമിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുംവിധം കോര്‍പറേറ്റുകളും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളും നടത്തിപ്പുകാരും വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിപ്പോന്നത്. അതിനുപുറമേ പല സംസ്ഥാന ഗവണ്മെന്റുകളും 1894ലെ നിയമത്തെക്കാള്‍ ഭൂമി ഏറ്റെടുക്കാന്‍ തടസ്സം 2013ലെ നിയമമാണെന്ന പരാതിയുമായി ദില്ലിക്കു തിരിച്ചത് മോഡിയെ പ്രചോദിപ്പിച്ചിരിക്കണം.
വികസന സംരംഭത്തിനാണെങ്കില്‍ ഏതു ഭൂമിയും പിടിച്ചുവാങ്ങാമെന്ന ഭേദഗതിയിലേക്കു കാര്യങ്ങള്‍ നീങ്ങി. നഗരപ്രദേശങ്ങളില്‍ എഴുപതും ഗ്രാമങ്ങളില്‍ എണ്‍പതും ശതമാനംപേരും എതിര്‍ത്താല്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന ഉപാധി നീക്കം ചെയ്യാമെന്നായി. ഇതിനെത്തുടര്‍ന്നു കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു കോര്‍പറേറ്റുകള്‍ക്കും വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും കൈമാറാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ വലിയ ഐക്യനിരകളുയര്ന്നുവന്നു. ഭൂമി തിരിച്ചുപിടിക്കല്‍ സമരത്തിലേക്ക് കര്‍ഷകര്‍ ഉത്സാഹികളായി രംഗത്തുവന്നു. ഈ സമരത്തില്‍ സി പി എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം കലവറയില്ലാതെ പിന്തുണച്ചപ്പോഴും ബംഗാള്‍ അനുഭവം അവരെ തിരുത്തിയിരിക്കുന്നു എന്നാണ് നാം കരുതിയത്.
എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിംഗൂരിനെ പ്രചാരണവിഷയങ്ങളിലേക്ക് കൊണ്ടുവന്നത് സിപിഎമ്മാണെന്നത് രാഷ്ട്രീയലോകത്തെ അത്ഭുതപ്പെടുത്തി. അവിടെ ഏറ്റെടുത്ത ഭൂമിയില്‍ വീണ്ടും വ്യവസായംകൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. സിംഗൂരും നന്ദിഗ്രാമും ഏല്‍പ്പിച്ച മുറിവിന്റെ ആഴമെത്രയെന്നോ ആഘാതമെത്രയെന്നോ അവര്‍ മറന്നു. ഇതു ബംഗാളിലെ മാത്രം കഥയല്ല. കേരളത്തിലും വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചുപറിക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വത്തിലുള്ള ഗവണ്മെന്റ്. ഏതു നിയമപ്രകാരമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയപാതക്കും അതിവേഗ തീവണ്ടിപ്പാതയ്ക്കും വാതകപൈപ്പുലൈനിനും ഇതര സംരംഭങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കുക എന്നു ആദ്യമേ വെളിപ്പെടുത്തേണ്ടതില്ലേ? സിംഗൂരില്‍ പ്രശ്നത്തിനു കാരണം 1894ലെ ഭൂമി ഏറ്റെടുക്കല്നിയമമാണെന്ന് പറയുന്ന സിപിഎം അതേ നിയമപ്രകാരം മറ്റൊരു ഭൂമി ഏറ്റെടുക്കലിനു സന്നദ്ധമാവുന്നതിന്റെ പൊരുളെന്താണ്? 2013ലെ നിയമത്തില്‍ ഒഴിച്ചു നിര്‍ത്തപ്പെട്ട ദേശീയപാതക്കും മറ്റും 1894ലെ നിയമമാണ് ബാധകമാവുക. പതിനായിരക്കണക്കിന് ആളുകളെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കു മാത്രം വഴങ്ങി കുടിയൊഴിപ്പിക്കാനുള്ള നീക്കം സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും തനിയാവര്ത്തനമാവാനിടയുണ്ട്.
ദില്ലിയിലെ പ്രഖ്യാപനമൊന്നും, ഭരണമുള്ള സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങള്‍ വേറൊന്നും എന്ന നിലയ്ക്കാണോ സിപിഎം കാര്യങ്ങളെ കാണുന്നത്? ഏറ്റെടുക്കുന്ന ഭൂമി നേരത്തേ ജനങ്ങളോടു സൂചിപ്പിച്ച കാര്യത്തിനല്ലാതെ വിനിയോഗിച്ചുകൂടാ എന്നും പ്രസ്തുത ആവശ്യത്തില്‍നിന്നു പിന്മാറുന്ന പക്ഷം ഭൂമി തിരിച്ചുനല്‍കണമെന്നുമുള്ള വ്യവസ്ഥ സിംഗൂര്കേസില് സുപ്രീംകോടതി ഓര്‍മ്മിപ്പിക്കുന്നു.
മലപ്പുറംജില്ലയിലെ കാക്കഞ്ചേരിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനു സര്‍വ്വകലാശാലക്കു കൈമാറിയ സ്ഥലം ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കായി കിന്‍ഫ്രക്കു നല്കിയപ്പോള് ആരും പരാതിപ്പെട്ടില്ല. വികസനത്തിനൊപ്പം നിന്നു. ഇപ്പോഴാകട്ടെ, ആ സ്ഥലത്തു റെഡ് കാറ്റഗറിയില്‍പെട്ട മാരക വിഷോപയോഗംവരുന്ന ഫാക്ടറി സ്ഥാപിക്കാനാണ് മലബാര്‍ഗോള്‍ഡിന്റെ നീക്കം. ഇതിനെതിരെ നേരത്തേ ഭൂമി വിട്ടു നല്കിയവരും അല്ലാത്തവരുമായ പരിസരവാസികള്‍ ഇരുപതുമാസത്തിലേറെയായി സമരത്തിലാണ്. ഭരണമേറ്റു മൂന്നുമാസം പിന്നിടുമ്പോഴും ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. ഇത്തരത്തിലുള്ള ഭൂദുരുപയോഗങ്ങള് നമ്മുടെ സംസ്ഥാനത്തു വേറെയുമുണ്ട്. ഭൂമി ഏറ്റെടുക്കേണ്ട അടിയന്തിര സാഹചര്യത്തില്‍ പോലും ഭൂമി പിടിച്ചുപറിക്കലായി അതു മാറാതിരിക്കാനുള്ള ജനപക്ഷ ജാഗ്രത ഗവണ്മെന്റിനുണ്ടാവണം. സിംഗൂര്പ്രശ്നത്തിലെ സുപ്രീംകോടതിവിധി ആ ദിശയിലുള്ള ഒരോര്‍മ്മപ്പെടുത്തലായി കാണണം.
3 സെപ്തംബര്‍ 2016
(മംഗളം ദിനപത്രം – ഓരം പംക്തി – 5 സെപ്തംബര്‍ 2016)