ശ്രീനാരായണഗുരു പുറപ്പെടുവിച്ച നമുക്കുജാതിയില്ല എന്ന വിളംബരത്തിന്റെ നൂറാം വാര്‍ഷികം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സാമൂഹിക ശ്രദ്ധയില്‍കൊണ്ടുവന്നത് അഭിനന്ദനീയമാണ്. ആ വിളംബരത്തിലൂടെ വീണ്ടും കടന്നുപോയവര്‍ക്കും അതേല്പ്പിക്കുന്ന ഉത്തരവാദിത്തം വൈകിയാണെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായവര്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നു.
1916 മെയ്മാസത്തിലെ അവസാനനാളുകളിലൊന്നിലാണ് ഏറെക്കാലമായി താന്‍ പറഞ്ഞുപോന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം,(അതു പലരും അവഗണിക്കുകയാണല്ലോ എന്ന ഖേദത്തോടെതന്നെ) ഗുരു ആവര്‍ത്തിച്ചുറപ്പിക്കുന്നത്. തനിക്കു ജാതിയോ മതമോ ഇല്ല, ഏതെങ്കിലും വിഭാഗത്തില്‍ തന്നെ പെടുത്തുകയും വേണ്ട. ജാതിയോ മതമോ ഇല്ലാത്തവരെ മാത്രമേ തന്റെ ശിഷ്യരായും സ്വീകരിച്ചിട്ടുള്ളു. ചില പ്രത്യേക വര്‍ഗക്കാര്‍ താന്‍ അവരുടെ വര്‍ഗമാണെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തുപോരുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇങ്ങനെയൊരു വിളംബരം പുറപ്പെടുവിക്കുന്നതെന്നും ഗുരു തുറന്നെഴുതുന്നു.
അരുവിപ്പുറത്ത് 1888ല്‍ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാജീവിതത്തെക്കുറിച്ചുള്ള നവലോകസ്വപ്നം ഗുരു അവതരിപ്പിച്ചതാണ്. പിന്നീടുള്ള കാല് നൂറ്റാണ്ടുകാലം പലവിധ സന്ദേശങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതും ഇതുതന്നെ. ഗാന്ധിജിയോടും ടാഗോറിനോടും വാഗ്ഭടാനന്ദനോടും നടത്തിയ സംവാദങ്ങളിലും പങ്കുവച്ചതോ എത്തിച്ചേര്‍ന്നതോ ആയ നിശ്ചയവും മറ്റൊന്നല്ല. എന്നിട്ടും തന്റെ ആരാധകരെന്നു വട്ടമിടുന്ന മനുഷ്യരോടുതന്നെ ലോകംമുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ഗുരുവിനു കടുത്ത സ്വരത്തില്‍ പറയേണ്ടിവന്നു തനിക്കു ജാതിയില്ലെന്നു്. തന്നെ ഒരു ജാതിക്കൂട്ടായ്മയുടെയും ഭാഗമാക്കേണ്ടതില്ലെന്ന്.
സംസ്ഥാന സര്‍ക്കാര്‍ നമുക്കു ജാതിയില്ല വിളംബരശതാബ്ദി ആഘോഷിക്കുകയാണ്. സെപ്തംബര്‍ 21ന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പരിപാടി. ഇങ്ങനെയൊരു മുന്കയ്യിന് സംസ്ഥാന ഗവണ്മെന്റിനെ അഭിനന്ദിക്കണം. കൈമോശം വന്ന ഉണര്‍വ്വുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണല്ലോ അത്. വാക്കുംപ്രവൃത്തിയും നിഷ്ക്കരുണം വിപരീതങ്ങളായി വെട്ടിമുറിക്കുകയും അതൊരു യോഗ്യതയായി ആഘോഷിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ഇങ്ങനെയൊരു കാമ്പെയിന് എന്തു ഫലമാണുണ്ടാക്കുക എന്നു വ്യക്തമല്ല. എങ്കിലും ധീരമായ ചുവടുവെപ്പുകള്‍ ആവശ്യമുണ്ട്.
നമുക്കല്ലെങ്കില്പിന്നെ ആര്‍ക്കാണ് ജാതിയുള്ളത്? എന്നു സ്വയം ചോദിച്ചുകൊണ്ടേ ഒരു മലയാളി അന്വേഷണമാരംഭിക്കാവൂ. ഗുരുവിന്റെ വിളംബരം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മിനിമം യോഗ്യത ആവശ്യമുണ്ട്. അതുള്ളവര്‍ എത്രപേരുണ്ട്? മതരഹിത ആത്മീയതയും ക്ഷേത്രരഹിത ആരാധനയും ജാത്യതീതജീവിതവും ഉള്‍ക്കൊള്ളാന്‍ പക്വമായ ഒരു സമൂഹം ഒരു നൂറ്റാണ്ടിനിപ്പുറവും രൂപപ്പെട്ടിട്ടില്ല., അല്ലെങ്കില്‍ അങ്ങനെയൊരു ഉണര്‍വ്വിലേക്കു ലോകത്തെ നാം വിടുകയില്ല. ആത്മീയതയെന്നാല്‍ മതാത്മക ആത്മീയതയെന്നും ആരാധനയെന്നാല്‍ ക്ഷേത്രാരാധനയെന്നും ജീവിതം ജാത്യതിഷ്ഠിതമെന്നും ആവര്ത്തിച്ചുറപ്പിക്കാനേ നാം മുതിര്‍ന്നിട്ടുള്ളു. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും ആഹ്ലാദങ്ങളുമെല്ലാം ശീലങ്ങളെ പുണരുന്നതാണ്. ജനനവും വിവാഹവും മരണവുമെല്ലാം അനുഷ്ഠാനങ്ങളുടെ അന്ധാനുഭാവങ്ങള്കൊണ്ട് പൂരിപ്പിക്കുന്നവരാണ് നമ്മിലേറെയും. ജാതിയുടെ പിന് കുടുമകള്പേറുന്ന അശ്ലീലചര്യകളാണ് മിക്കവാറും പിന്തുടരപ്പെടുന്നത്. എങ്കിലും ഉറക്കെ വിളിച്ചുപറയും; നമുക്കു ജാതിയില്ല! ഗുരുവാക്യത്തെ ഇത്ര ഉദാസീനമായും കുറ്റകരമായും ഉരുവിടാനാവുമെന്ന് ലോകത്തെ പഠിപ്പിക്കാനേ അങ്ങനെയൊരു അഭ്യാസംകൊണ്ടു സാധിക്കുകയുള്ളു.
ജാതിയെ മഹത്വവല്ക്കരിച്ചവരും അതിന്റെ പേരില്‍ വിവിധ സമൂഹങ്ങളെ ചവിട്ടിയരച്ചവരും ചാതുര് വര്‍ണ്യത്തിന്റെ നീതി സംഹിതകളെ സാധൂകരിച്ചവരും കീഴമര്‍ത്തപ്പെട്ട പീഢാനുഭവങ്ങളുടെ അടയാളങ്ങളാല്തന്നെ ചോദ്യംചെയ്യപ്പെടും. ആയുധമേന്തിയ ജാതിനാമങ്ങള്‍ക്ക് അതിലടിഞ്ഞ രക്തക്കറകളുടെയും കിതക്കുന്ന അഹന്തകളുടെയും പേരില്‍ ലജ്ജിക്കാനും അവയുരിഞ്ഞെറിയാനും ഇതൊരവസരമാണ്. അതു പക്ഷെ, എളുപ്പമല്ല. ദളിതരുടെ വിമോചകന് കയ്യൊപ്പിട്ട ജനാധിപത്യഭരണഘടനയിലെ നിയമവ്യവസ്ഥകള്‍ നടപ്പാക്കേണ്ട കോടതികളുടെ മുന്നില്‍ ജാതിവിവേചനങ്ങളുടെ സ്രഷ്ടാവായ മനുവിന്റെ പ്രതിമവെയ്ക്കുന്ന ജനസമൂഹമാണ് നാം. നിയമം മനുവിനു വിധേയം എന്ന പ്രഖ്യാപനമാണത്. രാജസ്ഥാന് ഹൈക്കോടതിക്കു മുന്നിലെ മനുപ്രതിമ എടുത്തുമാറ്റാന്‍ ഹൈക്കോടതി ഫുള്‍ബഞ്ച് വിധി വന്നിട്ടും നടപ്പാക്കാനായില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടല്‍ അത്ര ശക്തമാണ്.
കേരളത്തില്‍ മനുവിന്റെ പ്രതിമകള്‍ കണ്ടില്ല. മനുവിന്റെ അദൃശ്യപ്രതിമകള് പക്ഷെ, എങ്ങുമുണ്ട്. സ്ത്രീയെ സംബന്ധിച്ചും ദളിതരെ സംബന്ധിച്ചുമുള്ള നിയമം ഇപ്പോഴും മനു നിശ്ചയിക്കുന്നു. ജാതിഹിന്ദുത്വത്തിന്റെ തേരോട്ടമാണ് കാണുന്നത്. സാമാന്യബോധത്തെ ഭരിക്കുന്നത് ഇപ്പോഴും മനുവിന് തറവാട്ടുകാര് തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാതിവാലുകളും ജീര്‍ണാവശിഷ്ടങ്ങളും തുടച്ചുമാറ്റി പുതിയ മനുഷ്യരാവാന്‍ വെമ്പിയവരൊക്കെ ഉപേക്ഷിച്ച ശീലങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും നൂണ്ടുകയറുകയാണ്. ദളിത കീഴാള പ്രാന്തീയ സമൂഹങ്ങളോടുള്ള യുദ്ധ പ്രഖ്യാപനംകൂടിയാണത്. ഇന്നു നമുക്കു ജാതിയില്ല എന്ന ഗുരുവചനം ആവര്ത്തിച്ചതുകൊണ്ടായില്ല. ആ അജണ്ട ആത്മാര്‍ത്ഥമായി ഏറ്റെടുക്കണം.
മിശ്രവിവാഹവും മിശ്രഭോജനവും വലിയ വിപ്ലവമായി ആഘോഷിക്കുന്ന കാലത്തുതന്നെ അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയത്, ജാതി ഹിന്ദുത്വത്തെ ഉന്മൂലനംചെയ്യാതെ ജാതി ഇല്ലാതാവില്ലെന്നാണ്. ജാതിയില്ലെന്നു വിളിച്ചുകൂവുന്നവരൊക്കെ സ്വകാര്യജീവിതത്തില്‍ ആ അശ്ലീലത്തില്‍ അഭിരമിക്കുന്നതുകാണാം. പേരിനു വാലിടുക, വിവാഹത്തിനു ജാതകംനോക്കുക, മണാനന്തര ചടങ്ങുകളില്‍ അയുക്തികമായ അനുഷ്ഠാനങ്ങളെ പിന്തുടരുക, അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തുക എന്നതിലൊന്നും ഒരു മാറ്റവും വരുന്നില്ല. പുരോഗമന രാഷ്ട്രീയത്തിനു വലിയമുന്നേറ്റമുണ്ടെന്നു പറയുന്ന നാട്ടിലാണിത്. മിശ്രവിവാഹത്തോടു വിപ്ലവകാരികളെന്നു നടിക്കുന്ന പലരും സ്വീകരിക്കുന്ന സമീപനം നാം കാണാറുണ്ട്. ഇത്തിരി വോട്ടുകള്‍ക്കുവേണ്ടി ബലിനല്കാവുന്നതേയുള്ളു നവോത്ഥാനാശയങ്ങളെന്നു വന്നതെങ്ങനെയാണ്? അത് തിരുത്താന്‍ ജനാധിപത്യവാദികള്‍ തയ്യാറാവുമോ? ചുരുങ്ങിയത് ഇടതുപക്ഷമെങ്കിലും ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിനു സന്നദ്ധമാവുമോ? ഇല്ലെങ്കില്‍ ഇപ്പോഴത്തെ ആഘോഷത്തിന് എന്തര്‍ത്ഥമാണുണ്ടാവുക?
ഒരുഭാഗത്തു ക്ഷേത്രാചാരങ്ങളിലേക്കും മതവിശ്വാസങ്ങളിലേക്കും കെട്ടുകാഴ്ച്ചകളിലേക്കും ഉത്സവത്തിമര്പ്പുകളിലേക്കും എടുത്തുചാടുക, മറുഭാഗത്തു വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പുരോഗമന ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുക എന്നത് എങ്ങനെയാണ് എളുപ്പമാകുന്നത്? നാരായണഗുരുപോലും അമിതമായ ആഘോഷങ്ങളെയും കെട്ടുകാഴ്ച്ചകളെയും അന്ധമായ അനുഷ്ഠാനങ്ങളെയും മതഭേദത്തെയും എതിര്ത്തുപോന്നുവെന്ന് സൗകര്യപൂര്‍വ്വം മറക്കാനാവുമോ? പുനരുത്ഥാന ശ്രമങ്ങള്‍ക്കു വേഗംകൂട്ടുന്ന വഴങ്ങലുകള്ക്കു വിധേയപ്പെടുന്നവര്‍ക്ക് നമുക്കുജാതിയില്ല എന്ന വിളംബരത്തിന്റെ അന്തസ്സത്ത മനസ്സിലാകുകയില്ല. വലിയ തിരുത്തലുകള്‍ക്കു വിധേയമായിക്കൊണ്ടേ ഇപ്പോളാരംഭിച്ച കാമ്പെയിന് മുന്നോട്ടുകൊണ്ടുപോകാനാവൂ. അതുമൊരു ആഘോഷമായി കാണുന്നത് അപകടകരമാവും.
31 ആഗസ്ത് 2016