Article POLITICS

വികസനത്തിന്റെ അകക്കാഴ്ച്ചകള്‍


kalahandi a

വിഭ്രമിപ്പിക്കുന്ന വികസനത്തിന്റെ മായക്കാഴ്ച്ചകളാണ് ഒരു ഭാഗത്ത്. മറുഭാഗത്തോ, പുറന്തള്ളപ്പെട്ടവരും പീഡിതരുമായ മനുഷ്യരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. തുടരെത്തുടരെ ആഘാതങ്ങള്‍ താങ്ങാനുള്ള കരുത്താണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്ല്യവുമെന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങളാണവ. ആശുപത്രിയില്‍നിന്ന് ഭാര്യയുടെ ജഡം തോളിലേറ്റി അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കു മകളുടെ കൈപിടിച്ചു നടക്കേണ്ടിവരുന്ന ഒരു പിതാവിന്റെ ചിത്രം ഏഴു പതിറ്റാണ്ടു പിന്നിട്ട സ്വാതന്ത്ര്യത്തെയും ജനാധിപത്യവ്യവസ്ഥയെയും ലജ്ജിപ്പിക്കുന്നു. ഗരീബി ഹഠാവോ എന്ന പതിറ്റാണ്ടുകള്‍ക്കു പിറകിലെ മുദ്രാവാക്യവും അന്താരാഷ്ട്ര സമിതികളുടെ നിരന്തര ശ്രമങ്ങളും സഹസ്രാബ്ദ ലക്ഷ്യമെന്ന ഉടനിടപെടല്‍ പദ്ധതിയും പിന്നിട്ട ഇന്ത്യയില്‍, ഔദ്യോഗിക കണക്കുകളനുസരിച്ച് മുപ്പതു കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെയാണ്.

വലിയ സാമ്പത്തിക വളര്‍ച്ചയുടെയും വികസന പുരോഗതിയുടെയും കണക്കുകളാണ് ഗവണ്‍മെന്റുകള്‍ അവതരിപ്പിച്ചു പോന്നിട്ടുള്ളത്. അടിസ്ഥാന ജീവിതമുഖങ്ങളില്‍ പ്രതിഫലിക്കാത്ത നേട്ടം വളര്‍ച്ചയുടെ അടയാളമാകുന്നതെങ്ങനെയാണ്? അങ്ങനെയെങ്കില്‍ വികസനത്തിന്റേതെന്ന് അവകാശപ്പെടുന്ന അജണ്ടയും പാതയും പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ടതില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ ദാരിദ്ര്യത്തെയും ദുരിതത്തെയും വര്‍ദ്ധിപ്പിക്കുക മാത്രംചെയ്യുന്ന നടപടിക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരെയാണ് രക്ഷിക്കുന്നത്? സമ്പത്തു അതിസൂക്ഷ്മമായ ന്യൂനപക്ഷത്തിലേക്കു കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയെ രാജ്യത്തിന്റെ വികസനമായി കാണാനാവുമോ?

ലോകത്തിലാകെയുള്ള അതി ദരിദ്രരായ മനുഷ്യരില്‍ 26 ശതമാനംപേരും താമസിക്കുന്നത് ഇന്ത്യയിലാണ്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യമേ ഇല്ലാതാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ തുടരുന്ന വികസന നയം മതിയാകുമോ? കൂടുതല്‍പേരെ ദാരിദ്ര്യത്തിലേക്കും പുറമ്പോക്കിലേക്കും തള്ളിവിടുന്ന നയസമീപനത്തിന് മനുഷ്യരെ ഉന്മൂലനം ചെയ്യാനല്ലാതെ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാന്‍ സാധ്യമാവുകയില്ല. 1980 മുതല്‍ നമ്മുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വര്‍ദ്ധനവ് അടയാളപ്പെട്ടു തുടങ്ങിയെന്നും പുത്തന്‍ സാമ്പത്തിക നയത്തിന്റെ വരവോടെ അതിനു വേഗമേറിയെന്നുമാണ് ഗവണ്‍മെന്റ് പറയുന്നത്. ഫലത്തില്‍ തൊണ്ണൂറുകളോടെ ദാരിദ്ര്യത്തിലേക്കു മൂക്കുകുത്തി വീഴുന്നവരുടെ എണ്ണം പെരുകുകയായിരുന്നു. ഉള്ള സുരക്ഷയില്‍നിന്നുതന്നെ പുറന്തള്ളപ്പെടുക എന്ന അപ്രതീക്ഷിതാഘാതത്തിനു വിധേയമാകുന്നവരുടെ പുതിയ നിരയും സൃഷ്ടിക്കപ്പെട്ടു.

ഇന്ത്യ കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന വളര്‍ച്ച നമ്മുടെ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമായില്ലെങ്കില്‍ അതു രോഗതുല്ല്യമായ അവസ്ഥയാണെന്നു പറയേണ്ടിവരും. എണ്‍പത്തിയെട്ടു ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെ ഞെരിഞ്ഞമരുകയും കൂട്ടമരണങ്ങളിലേക്കു കുതിക്കുകയും ചെയ്ത ഒരു പ്രദേശം എണ്‍പതുകളുടെ തുടക്കത്തില്‍ നമ്മുടെ രാജ്യത്തെയും ലോകത്തെയും നടുക്കിയിരുന്നു. ചരിത്രാതീതകാലത്തെ ഏറ്റവും പരിഷ്‌കൃതരായ മനുഷ്യരുടെ ശവക്കല്ലറ കണ്ടത്തിയ അതേ കാളഹന്ദിയിലാണ് ദാരിദ്ര്യത്തിന്റെ ഭയാനകമായ ചിത്രം അന്നു തെളിഞ്ഞത്. വെറും നാല്‍പ്പതുരൂപയ്ക്കു ഒരു പെണ്‍കുട്ടിയെ വില്‍ക്കാന്‍പോലും പ്രേരിപ്പിക്കുന്നതായിരുന്നു ആ വിശപ്പ്. ഇപ്പോഴും അവിടത്തെ അമ്പതു ശതമാനം പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നത് നാമറിയണം.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അവിടെ സന്ദര്‍ശിച്ചാണ്, ഒരു രൂപ ഗവണ്‍മെന്റ് ചെലവഴിക്കുമ്പോള്‍ ലക്ഷ്യത്തിലെത്തുന്നത് വെറും പതിനേഴു പൈസ മാത്രമാണെന്നു പരിതപിച്ചത്. ബാക്കി എണ്‍പത്തിമൂന്നു പൈസയും എങ്ങോട്ടാണ് മറിയുന്നത്? ആ ഇടത്തട്ടു ചൂഷണത്തിന് എന്തെങ്കിലും കുറവു വരുത്താന്‍ നമുക്കു സാധിച്ചിട്ടുണ്ടോ? ഒരു വ്യത്യാസമാണ് വന്നിരിക്കുക. ആ ഇടത്തട്ടു ചൂഷണത്തിന്റെ പണക്കൊയ്ത്തും അന്നു രാജ്യത്തെ ആഭ്യന്തര വിനിമയത്തിലാണ് അടയാളപ്പെട്ടിരുന്നതെങ്കില്‍ തൊണ്ണൂറുകള്‍ക്കുശേഷം അതിന്റെ ഫലമേറെയും അന്താരാഷ്ട്ര കോര്‍പറേറ്റുകളാണ് കൊയ്യുന്നത്.

ഇന്ത്യന്‍ ജീവിതത്തിന്റെ അടിത്തട്ടില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുക മാത്രം ചെയ്തു. തൊട്ടുമേല്‍ത്തട്ടില്‍, ധനവിനിമയ ശൃംഖലയുടെ ദുര്‍ബ്ബലമായ വലയങ്ങളില്‍ കോര്‍ക്കപ്പെട്ട നിസ്സഹായരും ഇരകളുമായ മനുഷ്യര്‍ ദാരിദ്ര്യത്തിലെന്നറിയാതെ അതിന്റെ വിപരീത സഞ്ചാരത്തിലേര്‍പ്പെട്ടു. വായ്പകളിലും വല്ലപ്പോഴുംമാത്രം വീണുകിട്ടുന്ന ഭാഗ്യങ്ങളിലും ജീവിച്ചു. പൊടുന്നനെ തങ്ങളുടെ സഞ്ചാര വലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ ആത്മഹത്യയിലേക്കോ അനിശ്ചിതമായ പലായനങ്ങളിലേക്കോ കൂപ്പുകുത്തി. ആത്മഹത്യചെയ്ത കര്‍ഷകരുടെ മാത്രം എണ്ണം നോക്കൂ. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ അത് 1841 പേരായിരുന്നു. ഈ വര്‍ഷം ആദ്യത്തെ ഒന്നര മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ അമ്പത്തിയേഴും പഞ്ചാബില്‍ അമ്പത്തിയാറും പേരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാര്‍ച്ചുവരെ ഔദ്യോഗിക കണക്കനുസരിച്ചു നൂറ്റിപ്പതിനാറു പേര്‍ ആത്മഹത്യ ചെയ്തതായി കൃഷി സഹമന്ത്രി മോഹന്‍ബായ് കുന്ദരീയ ലോകസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലെ ആദ്യത്തെ രണ്ടാഴ്ച്ചയില്‍ അമ്പതോളം കര്‍ഷക ആത്മഹത്യകള്‍ കര്‍ണാടകയിലുണ്ടായതായി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കുശേഷമുള്ള വര്‍ഷങ്ങളില്‍ ഇങ്ങനെ ഏറിയും കുറഞ്ഞുമുള്ള കണക്കുകള്‍ പ്രത്യക്ഷപ്പെട്ടു കാണുന്നു. 2004ല്‍ എന്നപോലെ 18,241 എന്ന ഭീതിദമാംവിധം ഉയര്‍ന്ന സംഖ്യയിലേക്കു പിന്നീടുവന്നില്ലെന്നുമാത്രമേ ആശ്വസിക്കാനുള്ളു.

ധനവിനിമയ ചക്രങ്ങളില്‍ വരിഞ്ഞുമുറുക്കപ്പെടുന്ന നിസ്സഹായരായ കീഴ്ത്തട്ടു മനുഷ്യര്‍ ഒരിക്കലും കടബാധ്യതകളില്‍നിന്നു മോചിപ്പിക്കപ്പെടുന്നില്ല. വായ്പ ഒരു കൗശലമാണെന്നു കരുതാനല്ല, സ്വാഭാവികമെന്നു സ്വീകരിക്കാനാണ് താല്‍പ്പര്യമെന്നു വന്നിരിക്കുന്നു. അടിയന്തിരാവശ്യങ്ങള്‍ക്കെല്ലാം അനുഗ്രഹമായെത്തുന്ന വായ്പ, തിടംവയ്ക്കുന്ന പലിശയിലൂടെ മുമ്പുണ്ടായിരുന്ന തുച്ഛമായ സൗഭാഗ്യങ്ങളെക്കൂടി ഊറ്റിക്കൊണ്ടുപോകുന്നു.

രാജ്യത്തെ തൊഴില്‍ശക്തിയുടെ തൊണ്ണൂറ്റി നാലു ശതമാനവും ഇതേപോലെയുള്ള ദുരന്തം പേറുന്നവരാണ്. മിനിമംകൂലിയോ തൊഴില്‍സ്ഥിരതയോ നിയമസുരക്ഷയോയില്ല. ക്ഷേമപദ്ധതികളൊന്നുമില്ല. വിലപേശാന്‍ തൊഴില്‍സംഘടനപോലുമില്ല. അസംഘടിത വിഭാഗങ്ങളാണ് തൊഴില്‍മേഖലയുടെ സിംഹഭാഗവും. സംഘടിത തൊഴിലാളികളാവട്ടെ, നിലവിലുള്ള തൊഴിലില്‍നിന്നും നിയമപരിരക്ഷയില്‍നിന്നും നിരന്തരം പുറന്തള്ളപ്പെടുന്നു. നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടമാകുന്നു. ഇതിനു പുറമേയാണ് അലയുന്നവരും അഭയാര്‍ത്ഥികളും പുറന്തള്ളപ്പെടുന്നവരും. അവരും എല്ലാ നിയമപരിരക്ഷകള്‍ക്കും പുറത്താണ്. ജനങ്ങളുടെ ലക്ഷക്കണക്കിനു കോടി രൂപ കൊള്ളയടിക്കുന്ന വിജയമല്ല്യമാര്‍ രക്ഷപ്പെടുകയും മകളെ നഴ്‌സിങ്ങ് പഠിപ്പിക്കാന്‍ ലോണെടുത്ത എഴുപത്തയ്യായിരും രൂപ തിരിച്ചടയ്ക്കാനാവാത്ത ജോസഫുമാര്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു.

മല്യയും അംബാനിയും അദാനിയുമെല്ലാം വികസനം കൊണ്ടുവരുന്നവരും ജിഷയും ജോസഫും ദനാ മഞ്ചിയുമെല്ലാം വികസന വിരുദ്ധരുമാണ്! ജനാധിപത്യം രണ്ടുകൂട്ടര്‍ക്കു രണ്ടു നീതിയാണ് നല്‍കുന്നത്. ഭരണകൂടം, അതായത് ജനങ്ങളുടെ പരമാധികാരം ആരുടെ പക്ഷത്താണ്? കാളഹന്ദി ദില്ലിയില്‍നിന്നു വളരെ ദൂരെയാണ്. പക്ഷെ, അത് അശരണരുടെ ഉലയും ഉനയുമാണ്. വികസനമെന്ന പേരില്‍ ഇരമ്പിയാര്‍ക്കുന്ന ധനാധിനിവേശത്തിനും അതിന്റെ വരേണ്യ കൂട്ടാളികള്‍ക്കും മറുപുറത്ത് ദരിദ്രരുടെയും കീഴമര്‍ത്തപ്പെട്ടവരുടെയും ഉണര്‍വ്വും മുന്നേറ്റവും രൂപപ്പെടാതെ തരമില്ല. സെപ്തംബര്‍ രണ്ടിന്റെ പൊതുപണിമുടക്കിനും ആ ദിശയില്‍ ഒരു ചുവടുവെപ്പാവാനാവും.

27 ആഗസ്ത് 2016

(മംഗളം ദിനപത്രം, ഓരം – പംക്തി, 29 ആഗസ്ത് 2016)

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )