ചൈനീസ് സംവിധായകന് സാങ് യാങ് സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സിനിമയുണ്ടല്ലോ, ഗെറ്റിംഗ് ഹോം. സാവോ എന്നും ലിയു എന്നും പേരുള്ള രണ്ടു തൊഴിലാളികളുടെ കഥയാണത്. തൊഴില്സ്ഥലത്തുവെച്ചു ലിയു മരിക്കുന്നു. അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും അദ്ദേഹത്തിനു നല്കിയ വാക്കും സാവോയെ, ആ ശവശരീരം അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തിക്കാന്‍ നിര്‍ബന്ധിതനാക്കി. പണമോ തുണയോ ഇല്ലാതെ ഒരു ശവവും വഹിച്ചുള്ള യാത്ര യാതനാപൂര്‍ണമായിരുന്നു. അതാവിഷ്ക്കരിക്കുകയായിരുന്നു സാങ് യാങ്. തിരുവനനന്തപുരം ഫെസ്റ്റിവലില്‍ കണ്ട ആ സിനിമ മനസ്സില്‍നിന്നു മായുന്നില്ല.
ഇന്നു വളരെ നടക്കമുണ്ടാക്കുന്ന ഒരു കാഴ്ച്ച ഒഡീഷയില്‍നിന്നു വന്നു. തന്റെ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കു നടന്നു നീങ്ങുന്ന ഒരു ക്ഷീണിതനായ ഭര്‍ത്താവ്. ഒരു തുണിസഞ്ചിയുംതൂക്കി പിറകില്‍ മകള്‍. ഭവാനിപറ്റ്ന നഗരത്തിലെ ആശുപത്രിയില്‍നിന്ന് കാളഹന്ദി ജില്ലയിലെ മേല്ഘാറിലേക്കാണ് അവര്‍ നടന്നു നീങ്ങിയത്. ക്ഷയരോഗം ബാധിച്ചു മരിച്ച സ്ത്രീയെ വീട്ടിലെത്തിക്കാന്‍ ദരിദ്രനായ ഭര്‍ത്താവിനു പണമില്ലായിരുന്നു. സഹായിക്കാന്‍ ആശുപത്രിക്കാര് തയ്യാറായതുമില്ല. മനുഷ്യര്‍ക്കു മുന്നിലൂടെ ജനപഥങ്ങള്‍ പിന്നിട്ട് പത്തു കിലോമീറ്ററിലേറെ ദൂരമാണ് അവര്‍ കണ്ണീരോടെ, എന്നാല്‍ തളരാത്ത ഇച്ഛാശക്തിയോടെ നടന്നുതീര്‍ത്തത്. അപ്പോഴേക്കും ഏതോ ദയാലുവായ മാധ്യമപ്രവര്‍ത്തകന്റെ കരുണ തുണയായി. അദ്ദേഹം വിളിച്ചറിയിച്ചതനുസരിച്ച് ജില്ലാ കലക്ടര്‍ ആംബുലന്‍സ് അയച്ചു.
എന്തൊരു കഥയാണിത്? മഹത്തായ ഇന്ത്യാരാജ്യത്ത് ഇതൊരു ചൈനീസ് സിനിമയല്ല. വീട്ടിലേക്കെത്തുക എന്നത് മരണത്തെക്കാള്‍ പ്രയാസകരമായിത്തീരുക! ദനാമഞ്ചി എന്നു പേരുള്ള ഗോത്രവര്ഗക്കാരനെയും പന്ത്രണ്ടു വയസ്സുള്ള മകളെയും നാമെങ്ങനെ ഉമിത്തീയില്‍ നീറാതെ അഭിസംബോധന ചെയ്യും? നാമെങ്ങനെ കാഴ്ച്ചക്കാരായ മനുഷ്യജീവികളില്നിന്നു നമ്മെ മാറ്റിനിറുത്തും? ലോകത്തെ പത്തു സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരുമെന്ന് അഹങ്കരിക്കുന്ന ഒരു രാജ്യമാണ് ഒറ്റച്ചിത്രംകൊണ്ട് വലിച്ചു കീറപ്പെടുന്നത്.
കാളഹന്ദി എന്ന പേരു നമുക്കോ ലോകത്തിനോ അപരിചിതമല്ല. പട്ടിണിമരണംകൊണ്ട് മനുഷ്യരെയാകെ വിറങ്ങലിപ്പിച്ച വാര്‍ത്തകളുടെ മഹാപ്രവാഹം അവിടെനിന്നായിരുന്നു. വെറും നാല്പ്പതുരൂപയ്ക്ക് കൊച്ചുപെണ്‍കുട്ടിയെ വിറ്റ സ്ത്രീയുടെ നാട്. അന്നു പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. അവിടെച്ചെന്നാണ് രാജീവ് പറഞ്ഞത്: ഒരുരൂപ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ അതില്‍ പതിനേഴു പൈസമാത്രമാണ് അവരിലേക്കെത്തുന്നതെന്ന്. പിന്നീട് വേദനയും ലജ്ജയും ഒഴുകിയ നാളുകളില്‍ ഏറെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് അവിടമാകെ പച്ചത്താഴ്വരയായെന്നും അരിയുത്പ്പാദനത്തില് വന്‍ കുതിച്ചുകയറ്റമുണ്ടായെന്നും അധികാരികള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
രാജീവ്ഗാന്ധി സന്ദര്‍ശിക്കുമ്പോള്‍ 88ശതമാനം ദരിദ്ര ജനതയുണ്ടായിരുന്ന കാളഹന്ദിയില്‍ മൂന്നു വര്‍ഷം മുമ്പുള്ള കണക്ക് അത് അമ്പതു ശതമാനമായി കുറഞ്ഞു എന്നാണ്. ഗവണ്മെന്റ് കണക്കുകളില്‍ 37 ശതമാനം ദരിദ്രരുള്ള ഒഡീഷയില്‍ ആ തോതിലും എത്രയോ ഉയരത്തിലാണ് കാളഹന്ദിയുടെ എന്നത്തേയും നില. വേദനിക്കേണ്ടവര്ക്കു വേദനിക്കുകയും ലജ്ജിക്കേണ്ടവര്ക്കു ലജ്ജിക്കുകയും ചെയ്യാമെന്നത് ഒരാശ്വാസമോ ആചാരമോ ആണോ? ആരാണ് എല്ലാവരെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്? ആരാണ് അവര്‍ക്കുകൂടി അവകാശപ്പെട്ട ഭക്ഷണം പിടിച്ചുവാങ്ങുന്നത്?
രണ്ടായിരം വര്‍ഷം മുമ്പ് നിലനിന്ന ഒരു സമൃദ്ധജീവിതത്തിന്റെ കുഴിമാടമാണ് കാളഹന്ദിയെ പുരാവസ്തുഗവേഷകരുടെ പ്രിയഭൂമിയാക്കിയത്. ചരിത്രാതീത കാലത്തെ പരിഷ്കൃതികളുടെയും സംസ്കൃതികളുടെയും മണ്ണ് പട്ടിണി മരണങ്ങളുടെയും ദുരിതങ്ങളുടെയും വര്‍ത്തമാനത്തോടു പിടഞ്ഞു കയര്‍ക്കുകയാണ്. ഇതാണ് ഇന്ത്യ. അദാനിയും അംബാനിയും അവരുടെ വിശപ്പുമാറ്റാനാണ് വികസനംകൊണ്ടുവരാന് ചാടിപ്പുറപ്പെട്ടിരിക്കുന്നത്. മോഡി മൃതസഞ്ജീവനി തേടി ഇരിപ്പുറയ്ക്കാതെ അലയുന്നത് അവര്‍ക്കുവേണ്ടിയാണ്.
എഴുപതു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാനാവാതെ ഭാര്യയുടെ മറണത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്ന ദസ്റത്ത് മാഞ്ചിയുടെ പിന്മുറക്കാരനാവണം ദാന. ദസ്റത്ത് യാത്രയ്ക്കു വിഘാതമായ മലയെ ഇരുപത്തിരണ്ടു വര്‍ഷമെടുത്തു തുരന്നു പാതവെട്ടി ചരിത്രമെഴുതി. ഏകാന്തമായ കലഹമായിരുന്നു അത്. ത്യാഗനിര്‍ഭരമായ കലഹങ്ങളിലേക്ക് ദാരിദ്ര്യം അവരെ ധീരരാക്കി. മരിച്ച ഭാര്യയെ ചുമന്നു അറുപതു കിലോമീറ്റര്‍ നടക്കാന്‍ കാണിക്കുന്ന ധീരത അത്യപാരമായ സമര്‍പ്പണമാണ്. ധീര മാതൃകകള്‍ തേടി കഥകളിലും പുരാണങ്ങളിലും തപ്പുന്നതെന്തിന് ? നാമെത്ര ചെറിയവരെന്ന്, നമ്മുടെ ആര്‍ഭാടവും പൊങ്ങച്ചവും നമ്മെ എത്രമേല്‍ നിസ്സാരരാക്കുന്നുവെന്ന് ഒരു നിമിഷം സ്വയം വേദനിപ്പിക്കരുതോ.
25 ആഗസ്ത് 2016