Article POLITICS

ബുദ്ധനും മാര്‍ക്‌സും അംബേദ്ക്കറും മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയവും

 

Una_Radhika_Vemula 1

ഗുജറാത്തിലെ ഉനയില്‍ രാധികാ വെമുലയുയര്‍ത്തിയ ദേശീയപതാക ദളിതിന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പത്തു ദിവസംമുമ്പ് അഹമ്മദാബാദില്‍നിന്നാരംഭിച്ച സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മഹാപ്രകടനത്തിന്റെ പരിസമാപ്തിയായിരുന്നു അത്. മുന്നേറ്റത്തില്‍ ആയിരക്കണക്കിനു ദളിതര്‍ പങ്കു ചേര്‍ന്നു. രാജ്യം എല്ലാവരുടേതുമാണ്, ഏതെങ്കിലും ഒരു കൂട്ടരുടേതല്ല എന്ന മുദ്രാവാക്യമാണുയര്‍ന്നത്. ഉനയിലെ സ്വാതന്ത്ര്യപ്രഖ്യാപനക്കൂട്ടായ്മ ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി വേണമെന്നും ഇനിയും ഓടകഴുകിയും ചത്ത കന്നുകാലികളെ കുഴിച്ചുമൂടിയും ജീവിക്കാനാവില്ലെന്നും ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു മുന്നേറ്റമാണ് ഗുജറാത്തില്‍ തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും അങ്ങനെയൊരു മുന്നേറ്റത്തിനു പടരാതിരിക്കാനാവില്ല. ദളിതരും ഇതര കീഴാളരും തൊഴിലാളിവര്‍ഗവും ഐക്യപ്പെടുന്ന അപൂര്‍വ്വമായ രാഷ്ട്രീയസംഗമത്തിന്റെ തുടര്‍ഫലങ്ങള്‍ അറിയാനിരിക്കുന്നേയുള്ളു. കാമ്പസുകളില്‍ പുതിയ ദിശാവേഗമാര്‍ജ്ജിച്ച തിരിച്ചറിവുകളുണ്ടായപ്പോള്‍തന്നെ നീലയും ചുവപ്പുമായ ദര്‍ശനങ്ങളുടെ ഐക്യമെന്ന അനിവാര്യത അതിന് ഊര്‍ജ്ജമായിട്ടുണ്ടായിരുന്നു. നീല്‍സലാം ലാല്‍സലാം എന്നത് ഹൈദ്രാബാദിലെയും ജെ എന്‍ യുവിലെയും വിദ്യാര്‍ത്ഥികളുടെ സ്വപ്നംമാത്രമായി ഒടുങ്ങുന്നില്ലെന്ന് ലോകം അറിയുകയാണ്.

ഇത്തരം ഒരു ചരിത്രഘട്ടത്തില്‍ വീണ്ടെടുക്കേണ്ട പുസ്തകമാണ് അംബേദ്ക്കറുടെ ബുദ്ധനോ കാറല്‍മാര്‍ക്‌സോ? എന്ന കൃതി. പേരിലെ സന്ദേഹം സൂചിപ്പിക്കുന്നതുപോലെ ഇതിലേതു തള്ളണം അഥവാ കൊള്ളണം എന്നേയല്ല അതിന്റെ ഉള്ളടക്കം. രണ്ടിലും പൊതുവായി ചിലതുണ്ടെന്നും, എങ്കിലും ബുദ്ധനില്‍നിന്നു മാര്‍ക്‌സിസ്റ്റുകള്‍ക്കു പലതും പഠിക്കാനുണ്ടെന്നുമാണ് അംബേദ്ക്കര്‍ വിശദീകരിക്കുന്നത്. ഇന്ത്യന്‍ ദളിത് തൊഴിലാളി സമൂഹങ്ങള്‍ ഐക്യപ്പെടാനുള്ള അനവധി കാരണങ്ങളുണ്ടായിരിക്കെ എങ്ങനെയാണ് അകലങ്ങളിലേക്ക് പിടിച്ചുമാറ്റപ്പെട്ടതെന്ന വിസ്മയം ഇപ്പോള്‍ ഈ കൃതി വായിക്കാനുള്ള പ്രേരണയാവുന്നു. ദളിത സമൂഹത്തോടുള്ള ഉദാരമായ സ്‌നേഹം മിശ്രഭോജനത്തിലൂടെയോ മിശ്രവിവാഹത്തിലൂടെയോ പ്രകടിപ്പിക്കുകവഴി ജാതി വ്യവസ്ഥയെ തകര്‍ക്കാനാവില്ലെന്നും അതിന് ജാതിയുടെ അധിഷ്ഠാനമായ മതസങ്കല്‍പ്പങ്ങളെ നശിപ്പിക്കുകയാണ് വഴിയെന്നും അംബേദ്ക്കര്‍ വിശ്വസിച്ചു. 1956ല്‍ തന്റെ അനുയായികള്‍ക്കൊപ്പം ബുദ്ധമതത്തിലേക്കു പ്രവേശിക്കുമ്പോള്‍, തരംതിരിക്കപ്പെട്ട അസമത്വ തത്വങ്ങളില്‍ അധിഷ്ഠിതമായ ഹൈന്ദവ സാമൂഹിക ക്രമത്തോടുള്ള എതിര്‍പ്പും മനുഷ്യാതീതരായ ദൈവങ്ങളിലെ അവിശ്വാസവുമാണ് അംബേദ്ക്കര്‍ രേഖപ്പെടുത്തിയത്. സമത്വചിന്തയായിരുന്നു വെളിച്ചം.

തന്നെ ആകര്‍ഷിച്ച രണ്ടു പ്രത്യയശാസ്ത്രങ്ങളായി ബുദ്ധ ദര്‍ശനത്തെയും മാര്‍ക്‌സിസത്തെയും അംബേദ്ക്കര്‍ അവതരിപ്പിക്കുന്നു. അതി ദീര്‍ഘമായ കാലയളവുകൊണ്ട് വേര്‍തിരിക്കപ്പെട്ടവരെങ്കിലും ചിന്തയുടെ വ്യത്യസ്ത മണ്ഡലങ്ങളില്‍ വ്യാപരിച്ചിരുന്ന രണ്ടുപേരുടെ സംഭാവനകള്‍ എങ്ങനെ പ്രസക്തമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വളരെ സാദൃശ്യങ്ങളുള്ള രണ്ടു ദര്‍ശനങ്ങളെന്നു കണ്ട്, മാര്‍ക്‌സിസ്റ്റുകാര്‍ മുന്‍വിധികളും പിടിവാശിയുമുപേക്ഷിച്ച് ബുദ്ധമതം പഠിച്ചെങ്കിലെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും സഹായകരമായ മതം എന്ന നിലയില്‍ ബുദ്ധമതത്തെ തിരിച്ചറിയാന്‍ കമ്യൂണിസ്റ്റുകള്‍ക്കു സാധിച്ചില്ലെന്ന ഖേദം അംബേദ്ക്കര്‍ക്ക് ഉണ്ടായിരുന്നു. മറ്റു മതങ്ങളെ അളന്ന അളവുകോലുകൊണ്ട് അളക്കാവുന്നതല്ല ബുദ്ധതത്വങ്ങള്‍. മുഖ്യമായും രണ്ടു വിമര്‍ശനങ്ങളാണ് മതസംബന്ധിയായി മാര്‍ക്‌സ് ഉന്നയിച്ചിട്ടുള്ളത്. ഒന്ന്, ജനങ്ങളില്‍ പരലോക ചിന്ത വളര്‍ത്തിക്കൊണ്ടുവന്ന് ഇഹലോകത്തില്‍ അവര്‍ ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടാനിടയാവുന്നു. രണ്ട്, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ക്രിസ്തുമതത്തെ മുന്‍നിര്‍ത്തി ഉന്നയിച്ച ഈ രണ്ടു വിചാരങ്ങളും ബുദ്ധമതത്തെ സംബന്ധിച്ച് അവാസ്തവമാണെന്നാണ് അംബേദ്ക്കറുടെ നിലപാട്.

അദ്ദേഹമത് വിശദീകരിക്കുന്നത് നോക്കുക: മതം ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കണം, ദൈവത്തെയോ ആത്മാവിനെയോ സ്വര്‍ഗത്തെയോ ഭൂമിയെയോ സംബന്ധിച്ച സിദ്ധാന്തങ്ങളുമായും അഭ്യൂഹങ്ങളുമായല്ല അതു ബന്ധപ്പെട്ടിരിക്കേണ്ടത്, ദൈവത്തെയോ ആത്മാവിന്റെ രക്ഷയെയോ മതത്തിന്റെ കേന്ദ്രമാക്കുന്നത് തെറ്റാണ് എന്നെല്ലാം വിശ്വാസപ്രമാണമായി സ്വീകരിച്ച ബുദ്ധമതത്തിന് ഒന്നാമത്തെ വിമര്‍ശനം ബാധകമാവുകയില്ല. മറ്റു മതങ്ങളെപ്പോലെ പരലോകചിന്ത വളര്‍ത്തുകയല്ലല്ലോ ഇവിടെ ചെയ്യുന്നത്. രണ്ടാമത്തെ വിമര്‍ശനമാവട്ടെ, ബൈബിളിലെ ഗിരിപ്രഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ത്തിയിരിക്കുന്നത്. മനുഷ്യരുടെ ദാരിദ്ര്യത്തെയും ദൗര്‍ബല്യത്തെയും മഹത്വപ്പെടുത്തുന്നതാണത്. ദരിദ്രര്‍ക്കും ദുര്‍ബ്ബലര്‍ക്കും അത് സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെയൊരു ഗിരിപ്രഭാഷണം ബുദ്ധമതത്തിലില്ല. സ്വകാര്യസ്വത്തുടമാ സമ്പ്രദായമാണ് എല്ലാ ദുരിതങ്ങളുടെയും കാരണമെന്ന് കരുതുകയും ദുരിതകാരണം ഇല്ലാതാക്കിയേ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനാവൂ എന്നു വിശ്വസിക്കുകയും ചെയ്യുന്ന മതമത്രെ ബുദ്ധമതം.

ബുദ്ധന്റെ ഉപദേശങ്ങളുടെ അന്തസ്സത്ത മുഴുവനും അഹിംസാ സിദ്ധാന്തത്തിലടങ്ങിയിരിക്കുന്നു എന്നാണ് പൊതുവില്‍ ധാരണ. എന്നാല്‍ അതില്‍ക്കവിഞ്ഞ പാഠങ്ങളാണ് അദ്ദേഹം നല്‍കുന്നതെന്ന് അംബേദ്ക്കര്‍ സമര്‍ത്ഥിക്കുന്നു. ബുദ്ധന്റെ വിശ്വാസ പ്രമാണങ്ങള്‍ ഇരുപത്തിയഞ്ചു തത്വങ്ങളായും മാര്‍ക്‌സിന്റെ സിദ്ധാന്തം പത്തു തത്വങ്ങളായും അദ്ദേഹം സംഗ്രഹിക്കുന്നു. അപ്രായോഗികമായ അംശങ്ങളെല്ലാം ഉപേക്ഷിച്ചാലും ബാക്കി നില്‍ക്കുന്ന മാര്‍ക്‌സിന്റെ നാലു തത്വങ്ങള്‍ അദ്ദേഹം അക്കമിട്ടെഴുതുന്നു.

ഒന്ന്, തത്വശാസ്ത്രത്തിന്റെ ധര്‍മ്മം ലോകത്തെ പുനര്‍ നിര്‍മ്മിക്കുക എന്നതാണ്; ലോകത്തിന്റെ ഉത്പത്തി വിശദീകരിക്കാന്‍ സമയം പാഴാക്കുകയെന്നതല്ല. രണ്ട്, വര്‍ഗവും വര്‍ഗവും തമ്മില്‍ ഒരു താല്‍പ്പര്യ സംഘട്ടനമുണ്ട്. മൂന്ന്, സ്വകാര്യസ്വത്ത് ഒരു വര്‍ഗത്തിന് അധികാരവും മറ്റൊരു വര്‍ഗത്തിന് ചൂഷണത്തിലൂടെ ദുരിതവും നല്‍കുന്നു. നാല്, സ്വകാര്യസ്വത്ത് നിറുത്തലാക്കി ദുരിതം അവസാനിപ്പിക്കേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് ആവശ്യമാണ്.

കാറല്‍മാര്‍ക്‌സ് പറഞ്ഞിട്ടുള്ള പ്രധാനകാര്യങ്ങളെല്ലാം ബുദ്ധനും മറ്റൊരു ഭാഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അംബേദ്ക്കര്‍ സമര്‍ത്ഥിക്കുന്നത്. ലോകത്തിന്റെ ഉത്പത്തിയും അന്ത്യവും വിശദീകരിക്കുകയല്ല, ലോകത്തെ മാറ്റുകയും സന്തോഷ നിര്‍ഭരമാക്കുകയുമാണ് വേണ്ടതെന്നു ബുദ്ധതത്വങ്ങളിലുമുണ്ട്. അസന്തുഷ്ടിയുടെ കാരണം താല്‍പ്പര്യ സംഘര്‍ഷമാണെന്നും സ്വകാര്യ സ്വത്തുടമാ സമ്പ്രദായം ദുരിതത്തിനും ചൂഷണത്തിനുമിടയാക്കുന്നുവെന്നും ത്രിപിടകം പഠിപ്പിക്കുന്നുണ്ട്.

അപ്പോള്‍പിന്നെ അഭിപ്രായ വ്യത്യാസമെവിടെയാണ്? ബലപ്രയോഗം സംബന്ധിച്ചുള്ളതാണത്. അഹിംസയിലും ജനാധിപത്യത്തിലും അടിയുറച്ച വിശ്വാസമാണ് ബുദ്ധന്റേതെങ്കിലും നീതിക്കുവേണ്ടി നടത്തേണ്ടിവരുന്ന ബലപ്രയോഗത്തിന് അദ്ദേഹം എതിരായിരുന്നില്ല. വൈശാലിയിലെ സേനാനായകനായ സിംഹസേനാപതിയുമായുള്ള സംവാദം അദ്ദേഹം ഉദ്ധരിക്കുന്നു. നീതിക്കും സുരക്ഷിതത്വത്തിനും വേണ്ടി പോരാടുന്ന ഒരാളെ ഹിംസയുടെപേരില്‍ കുറ്റപ്പെടുത്താനാവില്ല എന്നാണ് തഥാഗതന്റെ വിശദീകരണം. മാത്രമല്ല ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്.

പക്ഷെ, ധാര്‍മികതയിലൂന്നിയുള്ള ബലപ്രയോഗവും ബലപ്രയോഗത്തിനു കീഴ്‌പ്പെടുത്തിയുള്ള ധാര്‍മികചിന്തയും വ്യത്യസ്തമാണ്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിലേക്കു നയിക്കുന്ന കമ്യൂണിസ്റ്റ് ലക്ഷ്യവും അതിനുകീഴ്‌പ്പെട്ട അക്രമ മാര്‍ഗവുമാണ് അംബേദ്ക്കറുടെ വിമര്‍ശനത്തിനു വിധേയമാകുന്നത്. വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം അവിടെ ഇല്ലാതെപോകുന്നു. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം എന്ന സ്വേച്ഛാവാഴ്ച്ച മറ്റൊരു വസന്തത്തിന്റെ മുന്നോടിയായുള്ള താല്‍ക്കാലിക പ്രതിഭാസമാണെങ്കില്‍ സഹനീയമാണെന്ന് അംബേദ്ക്കര്‍ ഇവിടെ അല്‍പ്പം അനുഭാവം പ്രകടിപ്പിക്കുന്നു. എന്നാല്‍ തുടര്‍ന്നുവരുന്ന സാമൂഹിക ക്രമത്തെ യുക്തിപൂര്‍വ്വം വിശദീകരിക്കാന്‍ മാര്‍ക്‌സിസത്തിനു കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

ദൗര്‍ഭാഗ്യവശാല്‍ ഈ സംവാദം മുന്നോട്ടുകൊണ്ടുപോകാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചതേയില്ല. ഇപ്പോള്‍ വീണ്ടുവിചാരങ്ങളും അഴിച്ചുപണിയലുകളും അനിവാര്യമാകുന്ന സന്ദര്‍ഭത്തില്‍ ആശയപരമായ ഈ സംവാദത്തിന് പ്രസക്തിയുണ്ടെന്നു തോന്നുന്നു. അന്യോന്യം പരിഹരിക്കാവുന്ന പരിമിതികളെ മറികടക്കാനായാല്‍ ദളിത് കീഴാള ഇടതുപക്ഷ മുന്നേറ്റത്തിന് വലിയ സാധ്യതയാണ് കാണുന്നത്. ബുദ്ധനെ പഠിച്ചുകൊണ്ടേ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഭാവിയുള്ളു എന്ന അംബേദ്ക്കറുടെ നിരീക്ഷണം കണ്ണടച്ചു തള്ളേണ്ടതില്ല.

19 ആഗസ്ത് 2016

2016ഗസ്ത് 22ന് മംഗളം ദിനപത്രത്തില്‍ (ഓരം എന്ന കോളം) പ്രസിദ്ധീകരിച്ചത്

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )