സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥവായിച്ച് ഇപ്പോഴും വിശപ്പിനെക്കുറിച്ചു കഥയെഴുതുകയോ എന്ന് ആരെങ്കിലും ആശങ്കപ്പെടുമോ എന്നറിയില്ല. സ്വാതന്ത്ര്യ.ത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും വിശപ്പ് എന്ന യാഥാര്‍ത്ഥ്യത്തിന് വലിയ പോറലൊന്നും ഏറ്റിച്ചില്ല. ജനാധിപത്യത്തിന്റെ ചാലകശക്തികളും അതിന്റെ ഏറ്റവും ചലനാത്മകമായ ഘടകങ്ങളും അടിത്തട്ടു യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കാന്‍ മടിക്കുകയാണ്. അതിനാല്‍ പൊതുബോധത്തെ ബാധിക്കുന്ന വിഷയമല്ലാതായിരിക്കുന്നു വിശപ്പ്. സന്തോഷിന്റെ വിഷയം പക്ഷെ വിശപ്പാണെന്ന് ചുരുക്കാനാവില്ല. അത് മലയാളിയുടെ പെരുകുന്ന ധൂര്‍ത്തും ദുര്‍ബ്ബലമാകുന്ന സാമൂഹികാവബോധവും ജീവിതത്തെ എത്രമാത്രം ദരിദ്രമാക്കുന്നു എന്നു അനുഭവിപ്പിക്കുന്നു.
സ്വത്തിന്റെ കേന്ദ്രീകരണവും ധൂര്‍ത്തും കാണുമ്പോള്‍ ഓര്‍ക്കാവുന്നതേയുള്ളു: ദാരിദ്ര്യം മറുപുറത്തു കാണുമെന്ന്. പക്ഷെ, അങ്ങനെയൊക്കെ ആരു ചിന്തിക്കാന്‍?. പ്രത്യേകിച്ചും കണ്‍മുമ്പിലൊന്നും ഒരടയാളവും അത് അവശേഷിപ്പിച്ചിട്ടുമില്ല. എല്ലാവര്ക്കും സുഖംതന്നെ എന്നേ തോന്നൂ. പണയപ്പെടുത്തി വാങ്ങിയ കാശിലാണ് വീടും കാറും സല്‍ക്കാരവും എന്നത് കടബാധ്യതയെ സംബന്ധിച്ച ഒരുവിധ വല്ലായ്മയും കുറ്റബോധവും ഇടത്തരക്കാരില്‍പ്പോലും ബാക്കി നിര്‍ത്തിയിട്ടില്ല.
മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഉച്ചയ്ക്കുണ്ണാതെ ലാഭിച്ച പണം സുഹൃത്തിനു കടമായി കൊടുക്കുമ്പോള്‍ അഭിമാനമായിരുന്നു. ആ പൈസയുമായി അവന് കള്ളുഷാപ്പില്‍ കയറുമ്പോള്‍ അതല്ലെങ്കില്‍ ഊണിനൊപ്പം ഒരു പൊരിച്ച മീന്‍കൂടി വാങ്ങുമ്പോള്‍ അതല്ലെങ്കില്‍ ജ്യൂസുകടയില്‍ കയറുമ്പോള്‍ എന്തൊരു ധൂര്‍ത്തെന്നു വേദനിച്ചിട്ടുണ്ട്. കടം തീര്‍ത്തിട്ടേ സുഖഭോഗങ്ങളെപ്പറ്റി ചിന്തിക്കാവൂ എന്നായിരുന്നു മുതിര്‍ന്നവര്‍ നല്കിയ പാഠം. പിന്നെപ്പിന്നെ കടംവാങ്ങിയ പണംകൊണ്ടാണ് ഭൂമിയും വീടും കാറും സ്വര്‍ണവും വാങ്ങേണ്ടതെന്നു മുതലാളിത്തത്തിന്റെ പുതിയ നിയമം പഠിപ്പിച്ചു. ഇപ്പോള്‍ അതാണു ശീലം. വിനിമയ ചക്രം ചടുലമാക്കുന്ന ധനരാശിയില്‍ ഒരുപകരണമായി തീരുക എന്നതാണ് ഓരോരുത്തരുടെയും വിധി. അതിന്റെ പുറം പുളപ്പുകളാണ് ദാരിദ്ര്യത്തെ മൂടിവെച്ചിരിക്കുന്നത്. ധനവിനിമയത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് എപ്പോള്‍വേണമെങ്കിലും എടുത്തെറിയപ്പെടാം. പുറമ്പോക്കിലേക്കോ മരണത്തിലേക്കോ.
വിശപ്പിനെയും ദാരിദ്ര്യത്തെയും മറച്ചുവെക്കാനാവുമെന്ന്, അതിന്റെ വിപരീതത്തിലൂടെ അതിനെ സഞ്ചരിപ്പിക്കാനാവുമെന്ന് വിസ്മയത്തോടെ നാമറിഞ്ഞു. പക്ഷെ, അതിന് പണവിനിമയത്തില്‍ പങ്കാളിയാവാനുള്ള ഏറ്റവും ചെറിയ യോഗ്യതയെങ്കിലും വേണം. അതില്ലാത്തവര്‍ നിഷ്ക്കാസിതരാണ്, സകല കണക്കുകളില്‍നിന്നും. കീഴ്ത്തട്ട് മധ്യവര്‍ഗത്തെപ്പറ്റിയാണ് നമ്മുടെ വിലാപങ്ങളേറെയും. അവരെ നോക്കിയാണ് ദാരിദ്ര്യമെവിടെ എന്ന് ആക്രോശിക്കുന്നത്. അതിനുമടിലുള്ളവരെ ആരും കാണാറില്ല. അങ്ങനെയൊരു ജീവിതത്തെയാണ് സന്തോഷ് ഏച്ചിക്കാനം പരിചയപ്പെടുത്തുന്നത്.
വിശക്കുന്നവന്റെ വേദാന്തം വര്‍ഷങ്ങള്‍ക്കു മുമ്പേ താജ് അരങ്ങത്ത് അവതരിപ്പിച്ചു. വായ്പാധിഷ്ഠിത സമ്പദ്ഘടനയില്‍ ഓരോരുത്തരുടെയും ജീവിതം എങ്ങനെ മാറി മറിയുന്നുവെന്നും തലകുത്തിവീഴുന്നത് എങ്ങോട്ടെന്നും എണ്‍പതുകളിലാണ് താജിന്റെ നാടകങ്ങളില്‍ നിറഞ്ഞത്. ഇന്നിപ്പോള്‍ നവോദാരതയുടെ പുളപ്പുകള്‍ക്കിടയില്‍ ധൂര്‍ത്തിനെയും ദാരിദ്ര്യത്തെയും മുഖാമുഖം നിര്‍ത്തുന്നു സന്തോഷ് ഏച്ചിക്കാനം.
ബസ്മതി അരിയുടെ വിനിമയവും ഉപയോഗവും അതിനു പിറവിനല്കിയ കൃഷിക്കാരില്‍നിന്ന് ഏറെ അകലെയാണ്. മോഹിപ്പിക്കുന്നമണമുണ്ട് അതിന്. പിടിച്ചുപറിക്കപ്പെട്ടവളാണ് ബസ്മതി. ഗോപാല്‍ യാദവിന്റെ മകളുടെ പേരും അതുതന്നെ. വലിയ കുഴിവെട്ടി, വീപ്പകളിലെത്തിയ ബിരിയാണി അവശിഷ്ടങ്ങള്‍ ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടുമ്പോള്‍ അതിലെ ബസ്മതി നിലവിളിക്കുന്നത് അയാള്‍ കേട്ടു. വിശന്നു മരിച്ച ബസ്മതിയും ധൂര്‍ത്തലോകം ചവിട്ടിയാഴ്ത്തുന്ന ബസ്മതിയും വെറുമൊരു ഉപകരണമായി നീറുന്ന ഗോപാല്‍ യാദവും സമകാലിക ഇന്ത്യന്‍ ദുരന്തമായി നമ്മെ ഭയപ്പെടുത്തുന്നു.
സന്തോഷിന്റെ കഥകളില്‍ ആഖ്യാനകലയുടെ വേറിട്ട ഒരു വശ്യതയുണ്ട്. അത്രമേല്‍ സ്വാഭാവികമായാണ് ഒരന്തരീക്ഷം വിടരുന്നത്. കീറിമുറിക്കപ്പെടുന്ന ജനതയുടെ മനോവികാരങ്ങളെ അദ്ധ്വാനത്തിന്റെ ഇടര്‍ച്ചകളില്‍ അതടയാളപ്പെടുത്തുന്നു. കേരളത്തിന്റെ പുതിയ തൊഴിലന്തരീക്ഷം മുപ്പതു ലക്ഷത്തോളം വരുന്ന മറുനാടന്‍ തൊഴിലാളികളെ ആശ്രയിച്ചിരിക്കുന്നു. അവര്‍ മുമ്പ് ആസ്സാം പണിക്കാര് എന്നപോലെ ഗൃഹാതുരതയും നിലവിളികളും ചേര്‍ത്തുപിടിച്ച കലുഷമനസ്ക്കര്കൂടിയാണ്. അവരിലൂടെ ആരും ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു യാത്രപോയില്ല. സന്തോഷ് ബിഹാറിന്റെ ദുഖങ്ങളിലേക്ക് ഹ്രസ്വമായ ഒരു കഥയില്‍ കണ്ണുപായിക്കുന്നു.
മറുനാട്ടില്‍ പോയി കൊണ്ടുവന്ന പണവും ധനകാര്യ സ്ഥാപനങ്ങള്‍ ഒഴുക്കിയ പണവുമാണ് കേരളത്തിലെ പഴയ കൂരകളെ കൊട്ടാരങ്ങളാക്കിയത്. കഞ്ഞിപാര്‍ച്ചയില്‍നിന്ന് ബിരിയാണിയിലേക്കോ കുഴിമന്തിയിലേക്കോ വളര്‍ത്തിയത്. ഭക്ഷണത്തെ ആഡംബരമാക്കിയത്. വിവാഹങ്ങളും ഇതര ആഘോഷങ്ങളും ധൂര്‍ത്തിന്റെ ഉത്സവങ്ങളാക്കിയത്. മറുനാടന്‍ ജീവിതത്തിലെ വിയര്‍പ്പിന്റെ മൂല്യത്തെ ധനാധിനിവേശ കൗശലം റാഞ്ചുന്ന അനുഭവമാണ് കേരളത്തിന്റെ യാഥാര്‍ത്ഥ്യം. കീഴടങ്ങിയ വിപ്ലവമൂല്യങ്ങളുടെ ശവപ്പറമ്പില്‍ ദരിദ്രരുടെ നിലയ്ക്കാത്ത ജാഥകളെത്തുന്നത് നാം അറിയുന്നുണ്ടോ? ബിരിയാണി എന്ന കഥ എന്നെ ആ നിലവിളികളിലേക്കാണ് നയിക്കുന്നത്.
കഥയ്ക്കു നിരൂപണമെഴുതാനല്ല, പെരുകുന്ന വിശപ്പ് എന്ന മലയാളിയുടെ മുന്നില്‍ മറഞ്ഞുകിടക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിന് അടിവരയിടാനാണ് ഈ കുറിപ്പ്. സന്തോഷ് ഏച്ചിക്കാനത്തിന് ആശ്ലേഷം. അഭിവാദ്യം.
18 ആഗസ്ത് 2016
ആസാദ് മാഷിന്ർറെ കഥാസ്വാദനം വായിച്ചു. മുഴുവനായും. വിശപ്പിനെക്കുറിച്ചാണ് ആ കഥ എന്നും വിശപ്പിനെക്കുറിച്ച് കഥയെഴുതുന്നത് ഇപ്പോഴും പ്രസക്തമാണെന്നുമാണ് മാഷിന്റെ അഭിപ്രായം. മാഷുമായി ഒരു സംവാദത്തിന് ഞാനാഗ്രഹിക്കുന്നു. പുതിയ വായനയുടെയും എഴുത്തിന്റെയും അപ്പുറവും ഇപ്പുറവും അറിയാത്ത ആളല്ല ആസാദ് മാഷ് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഈ സംവാദത്തിന് ഞാനാഗ്രഹിക്കുന്നത്. പത്താംക്ലാസ്സിലെ കുട്ടികൾ ആസ്വാദനക്കുറിപ്പെഴുതുന്നതുപോലെ കഥയുടെ വിശകലനം നടത്തുന്നതും തെറ്റല്ല എന്ന് കരുതുന്നതുകൊണ്ട് ഈ കുറിപ്പ് വായിച്ച അദ്ഭുതത്തെ ഞാൻ വിഴുങ്ങുന്നു. കാരൂരിന്റെ പൊതിച്ചോറ് എന്ന കഥ വായിച്ച് ഇത് മോഷണത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് എന്ന് പണ്ടാരോ എഴുതിയത്രെ. കേവലം പട്ടിണിയും ആർഭാടവുമാണ് ഈ കഥയുടെ ഉള്ളടക്കം എന്ന നിഷ്കളങ്ക വായന സാധുവാണ്. സാധ്യവുമാണ്. സന്തോഷിന്റെതന്നെ പന്തിഭോജനം എന്ന ചെറുകഥ ഉദ്യോഗസ്ഥരുടെ ഉച്ചയൂൺ സമയത്തെ തമാശകളെക്കുറിച്ചുള്ള ഒരു കഥ എന്ന് പഠിപ്പിച്ച മലയാളം പ്രൊഫസർമാരുടെ നാടാണിത്.
ബിരിയാണി കഥ സൂക്ഷ്മമായി മുസ്ലിം വിരുദ്ധമാണ്. മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തെ രഹസ്യമായി തകർക്കുന്നുണ്ട് ഈ കഥ. –കോഴിക്കോട്ടെ കോയമാർ ഒരുനേരം കഴിക്കുന്ന ബിരിയാണികൊണ്ട് ദലിതുകൾക്കും ആദിവാസികൾക്കും ഒരു വർഷം ജീവിക്കാം എന്നതാണ് കേരളത്തിന്റെ അനുഭവമെന്നും അതുകൊണ്ട് ഈ മൂന്ന് വിഭാഗങ്ങളേയും സമീകരിക്കുന്ന ഇരവാദികൾ ഗൾഫ് പത്തിരി കണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നതെന്നുമുള്ള സി.ആർ.പരമേശ്വരന്റെ വാദങ്ങളെ ബലപ്പെടുത്തുന്നുണ്ട് കഥ. പട്ടിണിയുടെ അപരമായി തെരഞ്ഞെടുത്തത് മുസ്ലിം സുഭിക്ഷതയാണെന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ബസുമതിക്ക് മാത്രമല്ല ബിരിയാണി ചെമ്പിലെ ഇറച്ചിക്കും പോത്തിനും അതിന്റെ തോലിനുപോലും രാഷ്ട്രീയമുള്ള കാലത്ത് ഹസെെനാര്ച്ചയുടെ തുടയിലും വൃഷണത്തിനും ഇടക്കുള്ള ചൊറിച്ചിലിന് മാത്രം രാഷ്ട്രീയം ഇല്ലെന്ന് വിശ്വസിക്കാന്‍ മാത്രം നിഷ്കളങ്കത ആസാദ് മഷിന് ആവശ്യമില്ല എന്ന് തോന്നുന്നു. വിശപ്പിന് വര്‍ഗ്ഗം മാത്രമല്ല ജാതിയും മതവും രാഷ്ട്രീയവും ഉണ്ടെന്നും ഇന്ത്യയില്‍ അതിന്റെ പ്രതിനിധാനങ്ങള്‍ ഉപരിവര്‍ഗ്ഗ മലബാര്‍ സവര്‍ണ്ണ മുസ്ലീം vz ഉത്തരേന്ത്യന്‍ പീഡിത യാദവ് എന്നത് പ്രതിലോമ രാഷ്ട്രീയം ആണെന്നും മനസ്സിലാക്കാന്‍ മാത്രമേ ഇന്നത്തെ സാമാന്യ രാഷ്ട്രീയ ബോധം വച്ച് സാധിക്കുന്നുള്ളൂ.
ഒരു കഥാരചനയുടെ വേളയിൽ കഥാകൃത്ത് തെരെഞ്ഞെടുക്കുന്ന കഥാപാത്രം, അതിന്റെ പേര്, തൊഴിൽ, പെരുമാറ്റം, ലിംഗം, അവസ്ഥ, പദവി എന്നിവയൊന്നും വെറുതെയങ്ങ് വാർന്നുവീഴുകയല്ല ചെയ്യുന്നത്. അതെഴുതുന്ന ആളുടെ നിലപാട്, പൊതുബോധം, രാഷ്ട്രീയം, അനുഭവപരിസരം, മുൻവിധി എന്നിവയെല്ലാം ആ തിരഞ്ഞെടുപ്പിനു പിന്നിലുണ്ടാകും. കേരളത്തിലെ മാർക്സിസ്റ്റ് വിമർശനം, നവ മാർക്സിസ്റ്റ് വിമർശനം, സ്തീവാദവിമർശനം എന്നിവയെല്ലാം പ്രസക്തമായത് ഇത്തരം ബോധതലങ്ങളെ തുറന്നുകാട്ടിയാണ്. മുസ്ലിംകൾക്കെതിരെ വർത്തിക്കുകയും അവരെ അപരസ്ഥാനത്തു നിറുത്തുകയും ചെയ്യുന്ന കഥകളിൽ മാത്രം അത്തരം വായന സാധ്യമല്ല എന്നു വരുന്നത് സാസ്കാരിക ഭീകരതയാണ്. സൂക്ഷ്മം സർഗാത്മകം എന്ന വലിയ പുസ്തകത്തിൽ ആസാദ് മാഷ് എഴുതിയ ‘ബിരിയാണിയിൽ എന്താണ് നിരോധിക്കേണ്ടത് ‘ എന്ന ലേഖനം (പേ. 187) ഞാൻ ഒരിക്കൽ കൂടി വായിച്ചു. പി. എൻ ഗോപീകൃഷ്ണന്റെ ബിരിയാണി’ എന്ന കവിതയിലെ സൂക്ഷ്മ രാഷട്രീയ തലങ്ങൾ അന്വേഷിക്കുകയാണദ്ദേഹം. സന്തോഷിന്റെ കഥയിലെ ബിരിയാണി ക്ക് വെറും ദാരിദ്യം (ബീഹാരി , ഗോപാൽ യാദവ് ) x പണക്കൊഴുപ്പ് (മാപ്പിള, കലന്തർ ഹാജി ) എന്ന ഒറ്റ രാഷ്ട്രീയമേ ഉള്ളൂ? ബിരിയാണി എന്ന കഥയും അത്തരമൊരു സാധാരണ കഥയ്ക്ക് ഒരു ആഴ്ചപ്പതിപ്പ് നൽകിയ പ്രാധാന്യവും അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദന ടിപ്പണികളുടെ പ്രവാഹവും കണ്ട് ഇങ്ങനെ ഭയപ്പെടാനെങ്കിലും ഞങ്ങളെ അനുവദിക്കണമെന്ന് “താഴ്മയോടെ’ അപേക്ഷിച്ചു കൊണ്ട് ഞാൻ വിരമിക്കുന്നു.വാൽക്കഷ്ണം: ഈ പ്രോ ലിറ്റേറിയൻ ലിറ്ററേച്ചറിന്റെ ഉദാത്ത മാതൃക സ്വാഭാവികമായി സിലബസിന്റെ ഭാഗമാകും. അന്നും നാം ഗുരുമലയാളമായി വാഴുന്നുണ്ടാകും. ആസാദ് മാഷ് എഴുതിയ ആസ്വാദനക്കുറിപ്പ് ഒരു മാതൃകയാക്കി അസൈമന്റ് നൽകാം. പട്ടിണിക്കെതിരെയുള്ള ഉദാത്ത രചന എന്നുതന്നെ പ്രസംഗിച്ച് ഒരു നാലഞ്ചു പിര്യേഡ് കഴിച്ചുകൂട്ടാം. ലാൽ സലാം.
LikeLiked by 1 person
ജമീല്‍ അഹമ്മദിന്റെ പ്രതികരണത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. കൊണ്ടുവന്നു തള്ളുന്ന വീപ്പക്കുറ്റിക്കുപോലും പച്ച കൊടുക്കാന്‍ എച്ചിക്കാനം സൂക്ഷ്മത കാണിച്ചിട്ടുണ്ട്. കഥയുടെ ക്രാഫ്റ്റിനെക്കുറിച്ച് ആസാദ് മാഷിന്റെ ആസ്വാദനത്തോട് യോജിക്കുന്നു. ചത്ത പശുവിന്റെ തൊലിയുരിച്ചതിന് ജീവനുള്ള മനുഷ്യരുടെ തൊലിയുരിക്കുന്ന കാലത്ത് ബിരിയാണിക്കഥ വായിച്ചാസ്വദിക്കാന്‍ വായില്‍ സവര്‍ണ്ണഫാസിസത്തിന്റെ ഒരു ഉമിനീര് ഗ്രന്ഥിയെങ്കിലും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ടിവരും. ജമീല്‍ സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയ വായനനടത്താന് പ്രത്യേകിച്ചും.
LikeLike
Seleccionan para la personalización los mecheros publicitarios Alain en color rojo y para la impresión se deciden para ganar
el mayor contraste posible por la tinta blanca que logra una mayor legibilidad sobre el fondo rojo de los mecheros. http://sheppardgkbsdvsqds.blox.pl/2017/01/Promocionales-Regalos-De-Empresa-10002-Y.html
LikeLike
En GESA somos conscientes de que en un mercado de trabajo
enormemente competitivo y en un entorno en proceso de cambio incesante, las competencias profesionales deben actualizarse si
se quiere prosperar el conocimiento. http://www.blogigo.com/romanxhaqhsxsxa/Normas-ISO/1/
LikeLike
കഥകളിലെ പ്രധാന ആശയം തൊടാതെ അതിലെ സ്വത്വങ്ങളെ തിരഞ്ഞു പിടിച്ചു എഴുത്തുകാരനെ വർഗീയവാദി ആക്കി ചാപ്പയടിക്കുന്നത്തിനോട് യോജിപ്പില്ല. ഗോപാൽ യാദവിനെ ഒരു വശത്ത് നിർത്തി കാലാന്തർ ഹാജിയെ മറുപക്ഷത് പ്രതിനായകനായും നിർത്തുന്ന ഏർപ്പാടല്ല സന്തോഷ് ഏച്ചിക്കാനം ചെയുന്നത്. ഇന്ത്യയിൽ മുസ്ലിംങ്ങൾ അപരവത്ക്കരിക്കപ്പെട്ടവർ ആണെന്ന് സമ്മതിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ മുസ്ലിംങ്ങളുടെ ജീവിതനിലവാരം ഉയർന്നത് തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ ഒരു അവസ്ഥ ഏതായാലൂം മലയാളി മുസ്ലീംങ്ങൾക്ക് ഇല്ല.
LikeLike
എന്ത് കൊണ്ട് ചില സ്വത്വ ഭ്രാന്ത് തലയ്ക്കു പിടിച്ച ആളുകൾ എന്തിലും ഏതിലും വർഗീയത കാണുന്നു ?
LikeLike