ഇന്നു നാം സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. ലോകം ഉറങ്ങിക്കിടക്കെ, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയുടെ ആത്മാവ് ഉണര്ന്നെണീക്കുകയാണെന്നാണ് 1947 ലെ ചരിത്രസന്ദര്‍ഭത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ആവേശപൂര്‍വ്വം പറഞ്ഞത്. മുപ്പത്തിയഞ്ചു കോടി ജനങ്ങള്‍ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുന്നുവെന്ന് അദ്ദേഹം ആശ്വസിച്ചു. പരമ ദരിദ്രരായ മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്നും രോഗങ്ങളില്‍നിന്നും നിരക്ഷരതയില്‍നിന്നും രക്ഷിക്കുകയും അവസര സമത്വം ഉറപ്പു വരുത്തുകയും ചെയ്യുമ്പോഴേ യഥാര്‍ത്ഥത്തില്‍ നാം സ്വതന്ത്രരാവൂ എന്നും സ്വപ്ന സാക്ഷാത്ക്കാരത്തിന് കഠിനാദ്ധ്വാനം കൂടിയേ കഴിയൂ എന്നും പൗരന്മാരെ ആ പ്രസംഗം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പിന്നീടു ചെങ്കോട്ടയില്‍ പലതവണ ദേശീയ പതാകയുയര്‍ന്നു. മഹത്തായ പ്രസംഗങ്ങളുണ്ടായി. എല്ലാ കാറ്റുകള്‍ക്കും മീതെ ആദ്യ പ്രസംഗം അലയടിക്കുന്നത് അതു സ്വപ്നനിര്ഭരമോ ആവേശകരമോ ആയതുകൊണ്ടു മാത്രമല്ല, ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്നതുകൊണ്ടു കൂടിയാണ്. ഇന്ത്യയെ സേവിക്കുക എന്നതിന് പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സേവിക്കുക എന്നാണര്‍ത്ഥമെന്നും ക്ഷിപ്രസാദ്ധ്യമല്ലെങ്കിലും, എല്ലാ കണ്ണുകളിലെയും കണ്ണീരും വേദനയും തുടച്ചുമാറ്റുംവരെ നമ്മുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നും ഒരു ഭരണാധികാരിയില്‍നിന്നും കേള്‍ക്കുന്നത് മഹാഭാഗ്യമാണ്. ഇപ്പോള്‍ നാം എവിടെ എത്തിനില്‍ക്കുന്നു എന്നും സമീപകാലത്തു ഭരണാധികാരികള്‍ വേവലാതിപ്പെടുന്നത് എന്തിനെച്ചൊല്ലിയാണെന്നും ചിന്തിക്കാന്‍ ഈ ഓര്‍മ്മ പ്രേരിപ്പിക്കുന്നുണ്ട്.
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഞെട്ടിപ്പിക്കുന്നതാണ്. സാമൂഹികവും സാമ്പത്തികവും ജാതി തിരിച്ചുള്ളതുമായ ജനസംഖ്യാകണക്കുകള്‍ (2011) കഴിഞ്ഞവര്‍ഷം ജൂലായ് 3ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും പ്രകാശനം ചെയ്തിരുന്നു. 1934നു ശേഷം ആദ്യമായാണ് ഇത്തരമൊരു കണക്കെടുപ്പു നടക്കുന്നത്. ഇന്നത്തെ ഇന്ത്യനവസ്ഥയിലേക്ക് അതു വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മുപ്പതുശതമാനം പേരും ഭൂരഹിതരാണ്. മുപ്പത്തിയാറു ശതമാനംപേരും നിരക്ഷരരുമാണ്. ഇരുപത്തിയാറു ശതമാനം പേരാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദാരിദ്ര്യരേഖക്കു താഴെ കഴിയുന്നത്. വീടില്ലാത്തവരും വീടു പിടിച്ചുപറിക്കപ്പെട്ടവരുമായി പതിനൊന്നു കോടിയോളം പേരും രാജ്യത്തുണ്ട്. പട്ടികജാതിക്കാര്‍ 19.7ശതമാനവും പട്ടിക വര്‍ഗക്കാര്‍ 8.5 ശതമാനവും വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്( വിക്കിപ്പീഡിയ നല്കുന്ന വിവരം). സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മുപ്പത്തിയഞ്ചു കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യയെങ്കില്‍ ഇപ്പോഴത് നൂറ്റിമുപ്പത്തിമൂന്നു കോടിയാണ്. നാലിരട്ടിയോളം വരും വര്‍ദ്ധനവ്.
കണക്കുകളെക്കാള്‍ ഭയപ്പെടുത്തുന്ന വര്‍ത്തമാനമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഈ ഏഴു പതിറ്റാണ്ടിനിടയിലാണ് ഒരു സ്ത്രീക്ക് പതിനാറു വര്‍ഷം നീണ്ട നിരാഹാര സമരം നടത്തേണ്ടി വന്നത്. സ്വന്തം ജനതക്കുനേരെ യുദ്ധം ചെയ്യാനായി സൈന്യത്തെ തുറന്നു വിടരുതെന്നേ മണിപ്പൂരിന്റെ നീറുന്ന അനുഭവങ്ങളെ മുന്‍ നിര്‍ത്തി അവര്‍ ആവശ്യമുന്നയിച്ചുള്ളു. അക്രമവും ബലാല്‍സംഗവും നടത്തിയത് ശത്രുരാജ്യമായിരുന്നില്ല. കാശ്മീരനുഭവവും സമാനമാണ്. പ്രത്യേകാവകാശം ഉറപ്പുനല്‍കിയ വകുപ്പുകളെ നോക്കുകുത്തിയാക്കിയുള്ള കേന്ദ്രാധികാരപ്രയോഗത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. സ്വന്തം ജനതക്കുനേരെയാണ് അവിടെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത്.
അര്‍ദ്ധ സംസ്ഥാന പദവിയുള്ള ദില്ലിയില്‍ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കും മുകളിലാണ് ലെഫിറ്റനന്റ് ഗവര്‍ണറുടെ അധികാരം. പഴയ കേന്ദ്രഭരണ പ്രദേശങ്ങളിലും അര്‍ദ്ധ സംസ്ഥാന പദവി ലഭിച്ചയിടങ്ങളിലും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്വാതന്ത്ര്യം ലഭിച്ചില്ല. ജനാധിപത്യാവകാശങ്ങളില്നിന്ന് അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ രാഷ്ട്രീയേച്ഛയ്ക്കു മേല്‍ സ്വതന്ത്രമാവില്ല അവിടത്തെ സംവിധാനങ്ങളൊന്നും.
വര്‍ഗീയ കലാപങ്ങളില്‍നിന്ന് വംശഹത്യകളിലേക്ക് വിദ്വേഷം ആളിപ്പടരുന്നത് നാം കണ്ടു. സാമുദായിക കലാപങ്ങളും വര്‍ദ്ധിച്ചു. അയിത്തവും ജാതി സ്പര്‍ദ്ധയും കുറഞ്ഞില്ല. പശുവിനെ ദൈവമാക്കുന്നവര്‍ മനുഷ്യരെ തെരുവില്‍ തല്ലിക്കൊല്ലുന്നു. ദളിത് പീഢനവും സ്ത്രീ പീഢനവും വര്‍ദ്ധിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. നേട്ടങ്ങളുടെയും വികസനങ്ങളുടെയും കണക്കുകള്‍ അധികൃതര്‍ നിരത്തുന്നുണ്ട്. ഓരോ വികസനവും സൃഷ്ടിച്ച ഇരകളുടെ നരകതുല്യമായ ജീവിതം വാര്‍ത്തകളില്‍ നിറയുന്നില്ല. പുറന്തള്ളല്‍ വികസനം സൃഷ്ടിച്ച ഇരകളുടെ നിര കോടികളുടേതാണ്.
സ്വാതന്ത്ര്യാനന്തരം ആദ്യ ദശകത്തിലുണ്ടായ കഠിനാദ്ധ്വാനവും പുരോഗതിയും നിലനിര്‍ത്താനോ മുന്നോട്ടു കൊണ്ടുപോകാനോ നമുക്കു കഴിഞ്ഞില്ല. അണക്കെട്ടുകള്‍ നിര്‍മ്മിച്ചും വ്യാവസായിക സംരംഭങ്ങളാരംഭിച്ചും കാര്‍ഷികോത്പ്പാദനം വര്‍ദ്ധിപ്പിച്ചും ആരംഭിച്ച പദ്ധതി ആസൂത്രണങ്ങളെ പിറകോട്ടടിപ്പിച്ചത് പ്രധാനമായും രാഷ്ട്രീയവും വര്‍ഗീയവുമായ ചേരിതിരിവുകളും സംഘര്‍ഷങ്ങളുമാണ്. ഇന്ത്യാ പാക് വിഭജനത്തോടെ അവസാനിക്കുമെന്നു കരുതിയ വര്‍ഗീയ വേര്‍തിരിവുകളും ഏറ്റുമുട്ടലുകളും അവസാനിച്ചില്ല. സ്വാതന്ത്ര്യദിന പ്രഭാതത്തെപ്പോലും ദുഖമയമാക്കിയത് ചോരചൊരിച്ചിലുകളാണ്. ദില്ലിയിലെത്താന്‍ മഹാത്മാഗാന്ധിയെ അനുവദിക്കാതിരുന്നത് നവഖാലിയുടെ വിഷാദമാണ്. എന്റെ ഹൃദയം വരണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ദില്ലിയിലും രാജ്യത്തെമ്പാടും സ്വാതന്ത്ര്യത്തിന്റെ ഉത്സവഘോഷം മുഴങ്ങുകയായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആത്മതേജസ്സുകള് രണ്ടായി പിളര്‍ന്നു. ദില്ലിയില്‍ അധികാരത്തോടൊപ്പവും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചോരചൊരിയുന്ന നിസ്സഹായരായ മനുഷ്യര്‍ക്കൊപ്പവും എന്നു രണ്ടു വഴികളുണ്ടായി. എഴുപതാം വാര്‍ഷികത്തില്‍ ഗാന്ധിജിയെത്തിയാല് ജന്മനാട്ടിലെ പോര്ബന്തറിനോ ഉനയ്ക്കോ അപ്പുറം കടക്കാനാവാതെ അദ്ദേഹം നിസ്സഹായനാവുകയാവും ഫലം. ഇന്ത്യയിലാകെ ഉണരുന്ന ദളിതുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് അവിടെ നടക്കുന്നത്. രണ്ടു വഴികള്‍ രണ്ടു രാഷ്ട്രീയമായി വളര്‍ന്നു തിടംവച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് എഴുപതാം സ്വാതന്ത്ര്യദിനം നമ്മെ ബോധ്യപ്പെടുത്തുന്നത്.
നെഹ്റുവിന്റെ ആദ്യ ദശകംപ്രകടിപ്പിച്ച ആത്മവീര്യം പതുക്കെ കെട്ടടങ്ങി. 1970ല്‍ നെഹ്റുവിന്റെ ജീവചരിത്രകാരനായ ഗോപാലിനോട് മൗണ്ട് ബാറ്റന് പ്രഭു പറഞ്ഞത് 1958ല്‍ നെഹ്റു വിടവാങ്ങിയിരുന്നുവെങ്കില് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഭരണ നിപുണനായി ചരിത്രത്തില്‍ അദ്ദേഹം സ്ഥാനം പിടിക്കുമായിരുന്നു എന്നാണ്. ഇതിനര്‍ത്ഥം നെഹ്റുവിന്റെ ഭരണം ഒരു ദശകം പിന്നിടുമ്പോള്‍ പിറകോട്ടുപോക്കിന്റെയോ പതനത്തിന്റെയോ പ്രവണതകള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്നാവണം. വായ്പകള്‍ക്കു വാഷിംഗ്ടണെ ആശ്രയിക്കേണ്ടി വന്നത്, ചൈനയുമായുള്ള ബന്ധം അസ്വസ്ഥമായത്, രാജ്യത്തിനകത്തു സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയം, ആഭ്യന്തര തര്‍ക്കങ്ങള്‍, കേരള ഗവണ്മെന്റിനെ പിരിച്ചുവിടല്‍ എന്നിങ്ങനെ പ്രശ്നങ്ങള്‍ പെരുകിവന്നു.നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണത്തിനുംമീതെ പുതിയ നേതാക്കളുടെ സങ്കുചിത വാശികള്‍ വിജയം നേടുന്നതും നാം കണ്ടു.
തുടക്കത്തില്‍ പുലര്‍ത്തിയ ജനാധിപത്യബോധവും രാഷ്ട്ര പുനര്‍നിര്‍മ്മാണ വെമ്പലും നിലനിന്നില്ല. നാം മഹത്തായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. ആ ഉന്നതമായ നിലയില്‍ നമുക്കു ജീവിക്കാനാവണം. വര്ഗീയവാദത്തെയോ ഇതര സങ്കുചിത ചിന്തകളെയോ പ്രോത്സാഹിപ്പിക്കാനാവില്ല. ഇത്തരം ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിപ്പെട്ട ഒരു രാജ്യത്തിനും മഹത്തായ രാജ്യമാകാന്‍ കഴിയുകയുമില്ല.എന്നായിരുന്നു നെഹ്റുവിന്റെ ചരിത്ര പ്രസംഗത്തിന്റെ അവസാനഭാഗം. പിന്നീട് വര്‍ഗീയതയെ സമര്‍ത്ഥമായി അധികാര താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ് ദശകങ്ങളായി നാം കാണുന്നത്. അധികാര ബദ്ധമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ആ കളികളില്‍ പങ്കാളികളായി. വിമോചനസമരത്തെ പിന്‍പറ്റുമ്പോള്‍ നെഹ്റു, തന്നെത്തന്നെ പരാജയപ്പെടുത്തുന്നതും രാജ്യം കണ്ടു.
പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നനിവാരണത്തെക്കാള് പ്രധാനമാണ് മുതലാളിത്ത വികസനം എന്ന നിലപാട് അസമത്വങ്ങളെ പലമടങ്ങാക്കി. പുറന്തള്ളപ്പെടുന്ന വലിയൊരു വിഭാഗത്തെ സൃഷ്ടിച്ചു. വരേണ്യ മതാത്മകതയും സാമ്പത്തിക കോയ്മകളും ചേര്‍ന്നു അധികാരത്തിന്റെ ബലപ്രയോഗത്തിനു പുതിയ മാനങ്ങള്‍ നല്കി. പ്രച്ഛന്നമായ കോളനിവത്ക്കരണത്തിലേക്ക് രാജ്യത്തെ എടുത്തെറിയുന്നതില്‍ അധികാരികള്‍ അസ്വാഭാവികതയൊന്നും കാണുന്നേയില്ല. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കോട്ടങ്ങളും നഷ്ടങ്ങളുമേ ഉണ്ടാക്കിയിട്ടുള്ളുവെന്ന് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ തുടക്കത്തില്‍ പ്രകടിപ്പിച്ച കര്‍മ്മോത്സുകതയും ധാര്‍മികബോധവും മതനിരപേക്ഷ സ്ഥിതി സമത്വ ദര്‍ശനവും കൈമോശംവന്നതെങ്ങനെയെന്ന് വിശകലനം ചെയ്താലേ ഒരു വീണ്ടെടുപ്പു സാധ്യമാവൂ. ഈ സന്ദര്‍ഭം വീണ്ടു വിചാരത്തിന്റെതുമാകട്ടെ.
13 ആഗസ്ത് 2016
2016ലെ സ്വാതന്ത്ര്യദിനത്തില്‍ മംഗളം ദിനപത്രം (ഓരം എന്ന കോളം) പ്രസിദ്ധീകരിച്ചത്.