Article POLITICS

കൊലയാളികള്‍ക്ക് കൊടികളേറെ. രക്തസാക്ഷികള്‍ക്ക് ഒറ്റക്കൊടി

stop

അപരന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലം എന്ന ഗോര്‍ക്കിയുടെ സ്വപ്നം തലമുറകളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. തണുത്തുറഞ്ഞു പോകുമായിരുന്ന സഹനത്തിന്റെ കെടുതികളില്‍ അതു കനലുകള്‍ വിതറിക്കൊണ്ടിരുന്നു. അസമമായ അവസര ലഭ്യതയോടും സകലവിധ കീഴ്‌പ്പെടുത്തലുകളോടും കലഹിക്കാന്‍ മാനവികമായ ഒരു മൂല്യബോധം പകരംവച്ചു. സമരമെന്നത് മനുഷ്യസ്‌നേഹത്താല്‍മാത്രം പുണരാവുന്ന നീതിയുടെ വെളിച്ചമെന്ന് അര്‍ത്ഥമുണ്ടായി.

പിന്നെ എപ്പോഴാണ് സംഗീതത്തെ സ്വീകരിക്കുകയും അപരനെ വെട്ടിക്കീറുകയും ചെയ്യാന്‍, സമരത്തെ സ്വീകരിക്കുകയും മനുഷ്യസ്‌നേഹത്തെ ചവിട്ടിമെതിക്കുകയും ചെയ്യാന്‍ അന്ധമായ ആത്മാനന്ദങ്ങളുടെ ഉന്മാദത്തിലേക്ക് നാം ഉപേക്ഷിക്കപ്പെട്ടത്? സഹജീവിയോടു കയര്‍ത്തു സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ ഖേദം നിറഞ്ഞിരുന്ന, കൈയുയര്‍ത്തേണ്ടി വരുമ്പോള്‍ അകം വിങ്ങിയിരുന്ന, പിന്നീട് ഒന്നും വേണ്ടിയിരുന്നില്ലെന്ന് അന്യോന്യം ആശ്ലേഷിച്ചിരുന്ന വിവേകത്തിനും എന്തുപറ്റിക്കാണും?

ആരെയും കൊല്ലാന്‍ മടിയില്ലാത്ത അധമജന്മം നമ്മുടേത്. കൈകള്‍ ആരുടേതാകട്ടെ. കൃത്യം നമ്മുടേതുകൂടിയാണ്. ഓരോദിവസവും ഓരോ കൊലപാതകം. വേട്ടക്കാര്‍ക്കു ന്യായീകരണമുണ്ട്. പകരത്തിനു പകരം. അതിന് അവസാനമെവിടെയാണ്? അന്യോന്യം കൊന്നു തീര്‍ക്കാവുന്നതല്ല ഒന്നിച്ചുണ്ടാക്കിയ പ്രശ്‌നങ്ങളൊന്നും. ഒരു പ്രശ്‌നവും ഒരു വ്യക്തി സൃഷ്ടിച്ചതല്ല. അതു സാധ്യവുമല്ല. ഒരു വ്യക്തിയെ ഇല്ലാതാക്കി ഒന്നും പരിഹരിക്കാനുമാവില്ല. അജ്ഞതയയും ബലഹീനതയും മറയ്ക്കാനുള്ള പാഴ്ശ്രമം മാത്രമാണത്. ആയുധമെടുക്കുന്നവര്‍ കലഹിക്കുന്നത് തന്നോടുതന്നെയാണ്.

ഹ്രസ്വമായ ജീവിതം മഹത്തായ ലക്ഷ്യംകൊണ്ട് ഉദാത്തമാക്കുന്നതെങ്ങനെ എന്നായിരുന്നു നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിച്ചത്. ദുര്‍ബ്ബലര്‍ക്കൊപ്പം നിന്ന് സമത്വചിന്തയുടെയും സ്ഥിതി സമത്വത്തിന്റെയും നവലോകം രചിക്കാനാവുമെന്ന് ഒട്ടേറെ മുന്നേറ്റങ്ങള്‍ ധൈര്യം പകര്‍ന്നു. ഇപ്പോഴില്ല നവലോക സ്വപ്നമൊന്നും. പഴയ വൃദ്ധരുടെ പാഴ്ക്കിനാവുകള്‍ തിരുത്തുകയാണെന്ന് നമ്മുടെ അഹന്ത. അല്‍പ്പരുചികളിലേക്കു മെരുക്കപ്പെടുന്ന അടിമ ജീവിതം ഇത്രമേല്‍ ആസ്വാദ്യമായതെങ്ങനെയാണ്?

വിയോജിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നു ചുമരെഴുതിയിരുന്നു കലഹങ്ങളുടെ യൗവ്വനകാലത്തു നാം. വിയോജിപ്പുകള്‍ വേറിട്ട സ്വരങ്ങളാകുന്നു. ഓരോ സ്വരവും ഭിന്ന ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ലോകവീക്ഷണത്തിന്റെയും വെളിപ്പെടലാണ്. ഉച്ചരിക്കുന്നത് ആരുമാകട്ടെ, അയാളിലൂടെ അയാളുള്‍പ്പെട്ട ഒരു ലോകമാണ് സംസാരിക്കുന്നത്. അങ്ങനെ അനന്തമായ ലോകങ്ങളെ ബഹുസ്വരത എന്ന ഒറ്റവാക്കുകൊണ്ട് ആദരിക്കാന്‍ അറിയുന്നവരാണ് നാം. ആ അറിവാണ് വിയോജിപ്പുകളുടെ ആത്മലയം. എന്നിട്ടും വേറിട്ട വാക്കിനെയും വേര്‍പെട്ട ശീലിനെയും വെട്ടിക്കീറുന്നതെന്തിനാണ്?

യോജിക്കുക അഥവാ സമരസപ്പെടുക എളുപ്പമാണ്. സ്വന്തം സ്വരം കേള്‍പ്പിക്കേണ്ടതില്ല. തിളച്ചുമറിയുന്ന സ്വന്തം അകത്തെ പൊള്ളിപ്പിടഞ്ഞുകൊണ്ട് അഭിസംബോധന ചെയ്യേണ്ടതില്ല. ഒഴിഞ്ഞുമാറുക എന്നോ ഒളിച്ചിരിക്കുക എന്നോ മാത്രമാണ് അതിനര്‍ത്ഥം. തുറന്ന ലോകത്ത് ഒളിച്ചിരിക്കാനാണ് മഹാ കൂട്ടായ്മകള്‍ മിക്കതും മനുഷ്യരെ പ്രേരിപ്പിക്കുന്നത്. അധികാരത്തിന്റെ സിദ്ധാന്തവും ബലതന്ത്രവുമാണ് അത്തരം സംഘടനകളും ശീലിക്കുന്നത്. അന്യോന്യം അസഹിഷ്ണുത പുലര്‍ത്തുന്ന ഇക്കൂട്ടര്‍ മനുഷ്യരുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നേയില്ല.

പരസ്പരം വിയോജിച്ചുകൊണ്ടും ഒന്നിക്കാന്‍ പ്രചോദിപ്പിക്കുന്ന ലക്ഷ്യമുണ്ടാവണം. അത് ഏറ്റവും ദുര്‍ബ്ബലരായ മനുഷ്യരുടെ അതിജീവനം മുന്‍നിര്‍ത്തിയാവണം. ഭൂതകാലത്തെവിടെയോ അത്തരം പ്രേരണകളുണ്ടായിരുന്നു എന്നതോ, അതിന്റെ തഴമ്പുകള്‍ തങ്ങളുടെ ശരീരത്തിലുണ്ട് എന്നതോ, ഒരേ പതാകകളുടെ അവകാശികളാണെന്നതോ ഒരു സംഘടനയെയും വിശുദ്ധപ്പെടുത്തില്ല. അനീതി നടക്കുമ്പോള്‍ ഉദാസീനനായി നോക്കിക്കാണുന്നവന്‍ മനുഷ്യനല്ല. അപരന്റെ മേല്‍ സ്വന്തം തീര്‍പ്പ് നടപ്പാക്കുന്നവനും മനുഷ്യനല്ല.

കൊലചെയ്യപ്പെട്ടവര്‍ക്കെല്ലാം ഒരു മുഖമേയുള്ളു. ഒരു ഭാഷയും ഒരു മുദ്രാവാക്യവും ഒരു കൊടിയും മാത്രം. കൊന്നവര്‍ക്കാണ് കൊടികളേറെ. ഓരോ കൊലയും അധികാരത്തിന്റെ അട്ടഹാസമാണ്. രക്തസാക്ഷികളെല്ലാം മനുഷ്യരുടെ നിലയ്ക്കാത്ത നിലവിളികളാണ്. കൊലയാളികളാവട്ടെ മനുഷ്യത്വത്തെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ശമിക്കാത്ത ശൗര്യമാണ് ഞങ്ങളുടെ മാനിഫെസ്റ്റോയെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സങ്കുചിത സാമുദായിക സംഘ പരിവാരങ്ങളും നിര്‍ലജ്ജം പ്രഖ്യാപിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങളെയോ അധികാര സ്വരൂപങ്ങളെയോ പ്രതിരോധിക്കാന്‍ ഒന്നിക്കേണ്ട ഇരകളാണ് ഇരട്ടവേഷം കെട്ടി ആടിക്കൊണ്ടിരിക്കുന്നത്. കൊലചെയ്യപ്പെട്ടവര്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ടാവണം. പക്ഷെ, ഈ ശബ്ദമോ ആഹ്വാനമോ കൊലചെയ്യപ്പെടാന്‍ ഊഴം കാത്തു നില്‍ക്കുന്നവര്‍ അറിയാതെപോകുന്നല്ലോ! അല്ലെങ്കില്‍ ഈ നിശബ്ദത ഇത്ര കനത്തതാവുമായിരുന്നില്ല.

15 ആഗസ്ത് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )