Article POLITICS

മഹാപ്രതിമകള്‍ക്ക് കാമ്പസുകളില്‍ കുറ്റവിചാരണ

ss1

 


സര്‍വ്വകലാശാലാ കാമ്പസില്‍ ഒരു പ്രതിമ സ്ഥാപിക്കുന്നതിലെന്താണ് തെറ്റ്? ഒരു തെറ്റുമില്ല. നിശബ്ദമായി അതു തലമുറകളോടു സംവദിച്ചുകൊണ്ടിരിക്കും. ചില മഹാ വ്യക്തിത്വങ്ങള്‍ അവര്‍ നിര്‍വ്വഹിച്ച ചരിത്രദൗത്യത്തിന്റെയോ പകര്‍ന്ന ദാര്‍ശനിക വെളിച്ചത്തിന്റെയോ പേരില്‍ ആദരിക്കപ്പെടും. ചിലരാകട്ടെ അവര്‍ പ്രകടിപ്പിച്ച ലോകവീക്ഷണവും നയിച്ച ജീവിതചര്യകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടും. ജ്ഞാനാന്വേഷണങ്ങളുടെയും വിശകലന ധീരതകളുടെയും തിളക്കമുള്ള കാമ്പസുകളില്‍ വാക്കും പ്രതീകവും എമ്പാടും കീറിമുറിക്കപ്പെടും.

ഇങ്ങനെയൊക്കെ ഓര്‍ത്തുപോയത്, നമ്മുടെ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുഖ്യകവാടത്തിനു മുന്നില്‍ ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കുന്നതു സംബന്ധിച്ച വാഗ്വാദം ഉയര്‍ന്നുകേട്ടപ്പോഴാണ്. സര്‍വ്വകലാശാലകള്‍ ഏതെങ്കിലുമൊരു ഐക്കണിന്റെ നിഴലില്‍ ഒതുങ്ങിപ്പോകാമോ എന്ന സന്ദേഹം പലരും പ്രകടിപ്പിക്കുന്നു. വൈവിദ്ധ്യപൂര്‍ണമായ ജ്ഞാനാന്വേഷണങ്ങളെയും വിനിമയങ്ങളെയും സാധ്യമാക്കേണ്ട സ്വതന്ത്ര ധൈഷണികതയെ അതു പരിമിതപ്പെടുത്തുമല്ലോ എന്നാണ് ആശങ്ക. അതുകൊണ്ടാവാം, അത്തരം പ്രതീകങ്ങളെയും പ്രതിമകളെയും കാമ്പസില്‍നിന്നു മാറ്റാനുള്ള സമരം അക്കാദമികലോകത്തു സജീവമായിരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ്, ടെക്‌സാസ്, മിസോറി, കേപ് ടൗണ്‍, എഡിന്‍ബറോ, ബെര്‍ക്ലി തുടങ്ങിയ സര്‍വ്വകലാശാലകളിലെല്ലാം കഴിഞ്ഞവര്‍ഷമാരംഭിച്ച പ്രക്ഷോഭങ്ങള്‍ സാര്‍വ്വദേശീയമാനം കൈവരിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍ 1934ല്‍ സ്ഥാപിച്ച സെസില്‍ ജോണ്‍ റോഡസിന്റെ പ്രതിമ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 9ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രംഗത്തിറങ്ങി. ആഫ്രിക്കയിലേക്കു രത്‌നവ്യാപാരത്തിനെത്തി ഭരണകര്‍ത്താവായി മാറിയ സാമ്രാജ്യത്വ വാദിയും വര്‍ണവിവേചന ഭീകരനുമായിരുന്നു സെസില്‍ റോഡസ്. പുതിയ സഹസ്രാബ്ദത്തിലേക്കു കടക്കുമ്പോള്‍ ഇത്തരമൊരു പിന്‍വിലാസം പേറിക്കൂടാ എന്നു പുതിയ തലമുറക്കു ശാഠ്യമുണ്ടാവുക സ്വാഭാവികമാണ്. വര്‍ണവിവേചനത്തിന്റെ ആചാര്യനായ ഒരാളുടെ പ്രതിമ ആദരിക്കപ്പെട്ടുകൂടെന്നും ദക്ഷിണാഫ്രിക്കക്കു കോളനിയധീശത്വത്തില്‍നിന്നും വിവേചനത്തില്‍നിന്നും മുക്തമായ ഒരു വിദ്യാഭ്യാസമാണ് ആവശ്യമെന്നും പ്രക്ഷോഭകാരികള്‍ പ്രഖ്യാപിച്ചു.

റോഡസ് മസ്റ്റ് ഫാള്‍ (റോഡസ് നിലംപതിച്ചേ പറ്റൂ)എന്നുപേരിട്ട ഈ സമരം കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഗ്രഹാംസ്ടൗണിലെ റോഡസ് യൂനിവേഴ്‌സിറ്റിയിലേക്കും പെട്ടെന്നു പടര്‍ന്നു. ഈ രണ്ടു യൂനിവേഴ്‌സിറ്റികളും റോഡസിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടവയായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അതിനെ കിരാതമായ അധിനിവേശത്തിന്റെ വെളുത്ത വഞ്ചനയായാണ് കാണുന്നത്. ഹിറ്റ്‌ലറെക്കാള്‍ ഭീകരനാണ് റോഡസെന്ന് അവര്‍ വിളിച്ചു പറഞ്ഞു. സമീപഭൂതകാലത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനാണ് ദക്ഷിണാഫ്രിക്കക്കു സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഏപ്രില്‍ 9 ആയപ്പോഴേക്കും റോഡസിന്റെ പ്രതിമ എടുത്തുമാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

റോഡസ് മസ്റ്റ് ഫാള്‍ എന്ന മുന്നേറ്റം യൂറോപ്പിലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഓറിയോ കോളേജില്‍നിന്നും റോഡസിന്റെ പ്രതിമ എടുത്തുമാറ്റണമെന്ന് അവിടത്തെ പ്രക്ഷോഭകാരികളും ആവശ്യപ്പെട്ടു. വെളുപ്പേതര വര്‍ണ സംസ്‌ക്കാരങ്ങളും കരിക്കുലത്തിന്റെ ഭാഗമാകണമെന്ന് ഓക്‌സ്‌ഫോര്‍ഡില്‍ ഒച്ചപ്പാടുണ്ടായി. അവിടെനിന്നും സമരം എഡിന്‍ബറോ, കാലിഫോര്‍ണിയ, ബെര്‍ക്ലി സര്‍വ്വകലാശാലകളിലേക്കും വ്യാപിച്ചു. ഇന്ത്യന്‍ കാമ്പസുകളില്‍ ജാതിവിവേചനത്തിനും വരേണ്യകോയ്മകള്‍ക്കും എതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്ന നാളുകളില്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലും സമാനമായ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള മുന്നേറ്റങ്ങളും സമര വിജയങ്ങളും അമേരിക്കയിലുമുണ്ടായി. മിസോറി സര്‍വ്വകലാശാലയുടെ മുറ്റത്തു നിലകൊണ്ടിരുന്ന, അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നായകനായ തോമസ് ജാഫേഴ്‌സണ്‍ന്റെ പ്രതിമ എടുത്തു മാറ്റണമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മാസങ്ങള്‍ക്കു മുമ്പ് രേഖാമൂലം ആവശ്യപ്പെട്ടു. ഉന്നതവിദ്യാകേന്ദ്രത്തില്‍ സ്ഥാപിക്കപ്പെടുന്ന പ്രതിമ സ്വയം സംസാരിക്കുന്നത് എങ്ങനെയാവരുതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അടിമത്തത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമാണ് ജാഫേഴ്‌സന്‍. വര്‍ണ വെറിയുടെയും അപമാനവികാധികാരത്തിന്റെയും മുദ്ര. വൈകാരികമായും മനശ്ശാസ്ത്രപരമായും അത് ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുന്ന വിദ്യാര്‍ത്ഥികളെ പ്രതിലോമകരമായി സ്വാധീനിക്കാനുള്ള സാധ്യതയാണുള്ളത്.

1801 മുതല്‍ 1809വരെ അമേരിക്കന്‍ പ്രസിഡണ്ടുമായിരുന്ന ജാഫേഴ്‌സന്‍ അടിമസമ്പദ്ഘടനയുടെ വക്താവും പ്രതിനിധിയുമായിരുന്നു. ഭൂപ്രഭു കുടുംബത്തിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ പ്രതിമ മിസോറി കാമ്പസില്‍ സ്ഥാപിച്ചതുവഴി രണ്ടു തരം വിനിമയങ്ങളാണ് നിര്‍വ്വഹിക്കപ്പെട്ടതെന്നു വിശകലനം ചെയ്യപ്പെട്ടു. ഒന്നു മിസോറി സര്‍വ്വകലാശാലയുടെ വര്‍ഗഘടനയാണ്. ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും വെളുത്തവരുടെയും വരേണ്യ നിലപാടുകള്‍ക്കുള്ള മേലധികാര പ്രഖ്യാപനമായിരിക്കും അത്. രണ്ടാമത്തേതാവട്ടെ, കടുത്ത വിവേചനത്തിന്റെ പ്രതിനിധാനമാണ്. കറുത്തവര്‍ക്കും ദരിദ്ര കുടിയേറ്റക്കാര്‍ക്കും ഭൂരഹിതരായ വെള്ളക്കാര്‍ക്കും അനുഭവിക്കേണ്ടിവന്ന ഭീതിദമായ വിവേചനത്തെ അതു നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുകയും ജീവിതത്തില്‍ ഒരു ദിവസംപോലും ജനാധിപത്യം പരീക്ഷിക്കാതിരിക്കുകയും ചെയ്ത ഒരാളുടെ പ്രതിമാസാന്നിദ്ധ്യം സര്‍വ്വകലാശാലയുടെ ധൈഷണിക മുന്നേറ്റത്തെ അല്‍പ്പംപോലും തുണയ്ക്കുകയില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. ജാഫേഴ്‌സന്‍ അവിടെ ബഹുമാനിക്കപ്പെടുകയില്ല. ഒരുതരത്തിലും പ്രചോദനമാവുകയുമില്ല. കാരണം ബഹുസ്വര ജനാധിപത്യത്തിന്റെയും ധൈഷണിക സ്വാതന്ത്ര്യത്തിന്റെയും പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ട നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് പൊരുളൂര്‍ന്നുപോയ ഒരു പൊള്ളവിഗ്രഹമായി, അര്‍ത്ഥം നഷ്ടപ്പെട്ട പദമായി അത് ഉപേക്ഷിക്കപ്പെടാതെ വയ്യ.

ടെക്‌സാസില്‍ എതിര്‍പ്പുയര്‍ന്നത് 1862 മുതല്‍ മൂന്നു വര്‍ഷം അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജാഫേഴ്‌സന്‍ ഫിനിസ് ഡേവിസിന്റെ പ്രതിമക്കുനേരെയാണ്. അടിമത്ത വ്യവസ്ഥയുടെ വക്താവായ ഡേവിസിന്റെ പ്രതിമ കാമ്പസില്‍ നിന്നു എടുത്തു മാറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. 2015 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം മാനിച്ച് പ്രതിമ എടുത്തു മാറ്റാന്‍ അധികാരികള്‍ സന്നദ്ധമായി. ലൂയിസ് വില്ലെ സര്‍വ്വകലാശാലയിലെ യുദ്ധസ്മാരകവും പ്രതിഷേധത്തെത്തുടര്‍ന്ന് കാമ്പസില്‍നിന്നു നീക്കേണ്ടി വന്നു. ഈ വര്‍ഷം ആദ്യമായിരുന്നു അത്. കെന്റക്കിയിലെ ആഭ്യന്തര യുദ്ധത്തില്‍ മരിച്ച സൈനികരെ അഭിവാദ്യം ചെയ്യുന്ന പ്രതിമയെ, പ്രതിഷേധിച്ച സ്വന്തം ജനതയ്‌ക്കെതിരായി നടന്ന യുദ്ധത്തിന്റെ സ്മാരകമായേ കാണാനാവൂ. അതു നിലനിര്‍ത്തിക്കൂടായെന്ന വിദ്യാര്‍ത്ഥികളുടെ വാദം ഒടുവില്‍ യൂനിവേഴ്‌സിറ്റിക്കും സമ്മതിക്കേണ്ടിവന്നു.

ഒന്നുരണ്ടു വര്‍ഷമായി പ്രമുഖ സര്‍വ്വകലാശാലകളില്‍ രൂപംകൊണ്ട പുതിയ മുന്നേറ്റങ്ങള്‍ കീഴാള പരിപ്രേക്ഷ്യമുള്ളവയാണ്. മനുഷ്യരെ പലതായി വെട്ടിമുറിക്കുന്ന എല്ലാ ദര്‍ശനങ്ങളോടും കണക്കു തീര്‍ക്കാനുള്ള ചിന്താധീരത കാമ്പസുകള്‍ ആര്‍ജ്ജിച്ചിരിക്കുന്നു. പ്രതീകങ്ങള്‍ എന്തു സംസാരിക്കുന്നു എന്നു ശ്രദ്ധിക്കുന്ന ബോധനക്രിയ എന്തിനാണ് പ്രതിമകളെന്ന് വിശകലനം ചെയ്യാതിരിക്കില്ല. നമ്മുടെ കാമ്പസുകളിലും ഇത്തരം വിചാരണകള്‍ സ്വാഭാവികമാണ്. അംബേദ്ക്കര്‍ ഭവനം തകര്‍ക്കാനും രോഹിത് വെമുലയുടെ സ്മാരകം തുടച്ചുമാറ്റാനും ബിര്‍സാമുണ്ടെയുടെ പ്രതിമയില്‍നിന്ന് ചങ്ങലകളുടെ സമരോത്സുകത എടുത്തുകളയാനും സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തുന്ന ഭരണകൂടം സര്‍വ്വകലാശാലകള്‍ക്കു ഭൂതലോകത്തുനിന്നു പുതിയ വരേണ്യഐക്കണുകളെ ഇറക്കും. അക്കാദമിക സമൂഹം ജാഗ്രത പുലര്‍ത്തിയേ മതിയാകൂ.

5 ആഗസ്ത് 2016

(മംഗളം ദിനപത്രം , ഓരം എന്ന പംക്തിയില്‍ 2016 ആഗസ്ത് 8ന് പ്രസിദ്ധീകരിച്ചത്)

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )