Article POLITICS

അമറുന്ന ഒട്ടകം അഥവാ കുടുമ വയ്ക്കുന്ന കാമ്പസുകള്‍

 

against fasism


അറബി പുറത്ത്, ഒട്ടകം അകത്ത് എന്നു കേട്ടിട്ടില്ലേ? അതൊരു ചൊല്ലാണ്. ഒരു കഥയുണ്ട് പിറകില്‍. തമ്പിനുള്ളില്‍ തീകായുന്ന അറബിക്കു പുറത്തു തണുപ്പില്‍ നില്‍ക്കുന്ന ഒട്ടകത്തിനോടല്‍പ്പം അലിവു തോന്നി. കൂടാരത്തിലേക്കു തലയിട്ടു നിന്നുകൊള്ളാന്‍ അറബി ഒട്ടകത്തിനു അനുവാദം നല്‍കി. ആദ്യം തലയും അല്‍പ്പം കഴിഞ്ഞപ്പോള്‍ മുന്‍കാലുകളും അകത്തേക്കു കടന്നു. പിന്നാലെ ഉടല്‍ പകുതിയും അകത്തെത്തി. കരുത്തനായ ഒട്ടകത്തെ തടയാനാവാതെ അറബി ഒരു മൂലയിലേക്ക് ഒതുങ്ങി. ഒട്ടകത്തിന്റെ പിന്‍കാലുകള്‍കൂടി കൂടാരത്തില്‍ കയറിയതോടെ പാവം, അറബി പുറത്തായി.

ഈ കഥ ഞാന്‍ വായിച്ചത് തായാട്ടു ശങ്കരന്റെ സ്വകാര്യചിന്തകളിലാണ്. 1984 മെയ്മാസത്തില്‍ അദ്ദേഹമെഴുതിയ വിദ്യാഭ്യാസ സംബന്ധിയായ ഒരു കുറിപ്പിലായിരുന്നു അത്. കലിക്കറ്റ് സര്‍വ്വകലാശാലയിലേക്കു മതപഠന ചെയറുകള്‍ കടന്നുവരുന്ന സാഹചര്യത്തിലാണ് ആ പ്രതികരണമുണ്ടായത്. മതവിദ്യാഭ്യാസത്തിന് അല്‍പ്പമിടം അനുവദിച്ചാല്‍ മതേതര ജനാധിപത്യ വിദ്യാഭ്യാസം സര്‍വ്വകലാശാലകള്‍ക്കു പുറത്താകുമെന്ന് തായാട്ട് മുന്നറിയിപ്പു നല്‍കി.

മലപ്പുറം കേന്ദ്രമാക്കി കലിക്കറ്റ് സര്‍വ്വകലാശാല രൂപം കൊണ്ടപ്പോള്‍ അതൊരു മുസ്ലീം സര്‍വ്വകലാശാലയാക്കി വളര്‍ത്തിയെടുക്കണമെന്നു ചില കേന്ദ്രങ്ങളില്‍ അഭിപ്രായമുണ്ടായിരുന്നു. ബനാറസ് സര്‍വ്വകലാശാലയുടെ വളപ്പില്‍ ഒരു ഹിന്ദുക്ഷേത്രമുണ്ട്. അലിഗഡ് സര്‍വ്വകലാശാലയില്‍ മുസ്ലീംപള്ളിയുണ്ട്. അതേപോലെ ഒരു പള്ളിയും അതിനു ചുറ്റും മതപഠന കേന്ദ്രങ്ങളും വളര്‍ത്തിയെടുക്കണം എന്നതായിരുന്നു അഭിപ്രായം. അന്നു പക്ഷെ ആ സര്‍വ്വകലാശാലയ്ക്കു നട്ടെല്ലുള്ള ഒരു വൈസ്ചാന്‍സലറുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ രൂപംകൊള്ളുന്ന സര്‍വ്വകലാശാല എന്തിനുവേണ്ടി നിലകൊള്ളണം എന്നതിനെക്കുറിച്ചും വൈസ്ചാന്‍സലര്‍ ഗനിക്കു തെളിഞ്ഞ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി എച്ച് മുഹമ്മദ് കോയക്കു വേണമെങ്കില്‍ സ്വന്തം ഇഷ്ടം നടപ്പാക്കാമായിരുന്നു. പക്ഷെ വിവേകം അദ്ദേഹത്തെ വിലക്കിയിരിക്കണം. ഏതായാലും ഒട്ടകം പുറത്തുനിന്നു അമറിയതേയുള്ളു. അതിനു അകത്തു കടക്കാന്‍ പഴുതു കിട്ടിയില്ല.

മുകളിലെ ഖണ്ഡിക മുഴുവന്‍ തായാട്ടുശങ്കരന്റെ ലേഖനത്തില്‍നിന്ന് ഉദ്ധരിച്ചു ചേര്‍ത്തതാണ്. സമാനമായ ഒരു സാഹചര്യംവന്നപ്പോള്‍ ഓര്‍ത്തെടുത്തെന്നേയുള്ളു. സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചിലര്‍ക്കൊക്കെ ക്ഷേത്രാരാധനാ മോഹം മുളച്ചുപൊന്തുന്നുണ്ടത്രെ. കാമ്പസില്‍ പ്രതിഷ്ഠയും ക്ഷേത്രവും പൂജയുമാവാം എന്ന നിലയ്ക്കാണ് ചിന്ത. ശങ്കരാചാര്യരുടെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ ആചാര്യ പ്രതിമയുണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. അതവിടെ ഭരണവിഭാഗം കെട്ടിടത്തില്‍ ഉണ്ടുതാനും. അതുപോരാ പുറത്തു ദേശീയപാതയ്ക്കരികില്‍ പ്രധാന കവാടത്തോടു ചേര്‍ന്ന് ഒരു ശങ്കരാചാര്യ പ്രതിഷ്ഠ വേണമെന്നാണ് ചിലരുടെ താല്‍പ്പര്യം. ശബരിമലയ്ക്കുള്ള വഴിയില്‍ ഒരാരാധനാ മൂര്‍ത്തികൂടിയാവും. പതുക്കെപ്പതുക്കെ സര്‍വ്വകലാശാല ക്ഷേത്രപാഠശാലയാവും. സംസ്‌കൃത സര്‍വ്വകലാശാലയാണെന്നത് ഒരു ഹിന്ദുത്വാവകാശം ഉറപ്പിക്കുന്നതാണെന്ന് ചിലരൊക്കെ ധരിക്കുന്നുമുണ്ടാവണം.

സെക്കുലര്‍ വിദ്യാഭ്യാസമെന്ന ലക്ഷ്യം കടലാസില്‍ കിടക്കും. കുറെ കാലമായി മതപ്രീണനങ്ങളുടെയും സാമുദായിക പക്ഷപാതങ്ങളുടെയും ക്രയവിക്രയങ്ങളേറെയും വിദ്യാഭ്യാസമെന്ന ചരക്ക് മുന്‍നിര്‍ത്തിയാണ് നിര്‍വ്വഹിച്ചുപോരുന്നത്. മതസാമുദായിക ശക്തികള്‍ക്ക് വീതംവെച്ചത് സെക്കുലര്‍ വിദ്യാഭ്യാസമാണ്. അവരുടെ കൈകളില്‍ അത് കുരങ്ങന്റെ കയ്യിലെ പൂമാലയാകുന്നതില്‍ എന്തിനു വിസ്മയപ്പെടണം? ചീന്തിയെറിയപ്പെട്ടത് ഏറെ പഴക്കമുള്ള ഒരു സമത്വവിദ്യാഭ്യാസ ദര്‍ശനമാണ്. പുതിയ മുതലാളിത്തത്തിന് അത് കാണിയ്ക്കവച്ചു. അവര്‍ക്കു ലാഭംകൊയ്യാനാവും വിധം അതിന്റെ സത്തയൂറ്റി പൊള്ളയാക്കിത്തീര്‍ത്തു.

നമ്മുടെ വിദ്യാഭ്യാസ കമ്മീഷനുകളും നയരേഖകളും നിയമനിര്‍മ്മാണങ്ങളും അക്കാദമിക സ്വാതന്ത്ര്യത്തെയും ചിന്താധീരതയെയും ഉയര്‍ത്തിപ്പിടിക്കണെമെന്നാണ് ആഹ്വാനം ചെയ്തുപോന്നത്. സമീപഭൂതകാലത്തെ ഭരണകൂടങ്ങളാകട്ടെ, അതൊന്നും പരിഗണിച്ചതേയില്ല. സാമുദായിക സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ കുമ്പിട്ടുനിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അധീശാധികാരത്തിന്റെ മതചിഹ്നങ്ങളണിയിക്കാന്‍ ഒരെതിര്‍പ്പിനെയും ഭയപ്പെടേണ്ടതില്ല എന്ന നിലവന്നു. തക്കംപാര്‍ത്തുനിന്ന എതിര്‍ശക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സെക്കുലര്‍ വിദ്യാഭ്യാസമാവട്ടെ, കൂടാരത്തിനു പുറത്ത് ചുട്ടുപൊള്ളുന്ന വെയിലും അതി കഠിനമായ തണുപ്പും നേരിടാനാവാതെ തളര്‍ന്നുവീഴുകയായിരുന്നു.

സര്‍വ്വകലാശാലാ കാമ്പസുകളെ മുഴുവന്‍ ഹിന്ദുത്വ സാംസ്‌ക്കാരിക ദേശീയതയുടെ ഏകസ്വര നിഷ്ഠകളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം വ്യാപകമാവുകയാണ്. ധൈഷണികധീരത യുവാക്കളെ തടവറയിലേക്കും ജീവത്യാഗത്തിലേക്കും നയിക്കുന്നു. എല്ലാ സര്‍വ്വകലാശാലകളിലും സ്വതന്ത്രചിന്ത അരിഞ്ഞുമാറ്റപ്പെടുന്നു. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ കാമ്പസ് മാഗസിന്‍ വെളിച്ചംകാണരുതെന്ന തീര്‍പ്പുണ്ടായത് അത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ്. അതേറ്റവും ഒടുവിലെ അനുഭവം. ജെ എന്‍ യുവിലും എച്ച് സി യുവിലും ഇഫ്‌ലുവിലും അലഹബാദ് സര്‍വ്വകലാശാലയിലും മദ്രാസ് ഐഐടിയിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഭൂതപ്രണയികള്‍ അഴിഞ്ഞാടുകയായിരുന്നു. യുക്തിചിന്തയുടെ ബഹുസ്വര ജ്വാലകളെയാണ് തീവ്രഹിന്ദുത്വ ഏകശാസനാധികാരികള്‍ ഭയപ്പെടുന്നത്.

ചിന്താധീരതയറ്റ് പൂണൂലും കുടുമയുമണിയുന്ന ഒരു കാമ്പസ് അവര്‍ സ്വപ്നം കാണുന്നു. സേവകരും ഇരകളുമുള്ള ഒരു സുവര്‍ണഭൂതം തിരിച്ചെടുക്കാനാണ് വെമ്പല്‍. ഓരോരുത്തര്‍ക്കും എത്താവുന്നിടവും നില്‍ക്കാവുന്നിടവും നേരത്തേ നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ, പുതിയ ബ്രാഹ്മണ്യത്തിന്റെ പാദസ്പര്‍ശത്തിന് തലകുനിച്ചനുഗ്രഹം വാങ്ങാന്‍ ഒരു കീഴാളനും കാത്തുനില്‍പ്പില്ല. വ്യക്തമായ സന്ദേശമാണ് സമകാലിക ദളിതിന്ത്യ നല്‍കുന്നത്. കാതുള്ളവര്‍ക്കു കേള്‍ക്കുകയും കണ്ണുള്ളവര്‍ക്കു കാണുകയും ചെയ്യാം.

സമദര്‍ശനത്തിന്റെ ബൗദ്ധാനന്ദന്‍മാരെ താര്‍ക്കിക യുക്തികള്‍കൊണ്ടു ശങ്കരന്‍ നിഷ്പ്രഭരാക്കിയെന്ന് മഠങ്ങളുടെ ഔദ്ധത്യം. ജാതിവേര്‍തിരിവുകളിലേക്കും ബ്രാഹ്മണാധീശത്വത്തിലേക്കും ഒരിക്കല്‍കൂടി ഇന്ത്യന്‍ ജീവിതത്തെ തിരിച്ചുകൊണ്ടുപോയ അവതാരം. അവര്‍ണന് വേദാധ്യയനം പാടില്ലെന്നു നിഷ്‌ക്കര്‍ഷിച്ച ബ്രാഹ്മണഗുരു. തത്വചിന്തയുടെ ഉന്നതമായ പീഠത്തില്‍ ശങ്കരനുണ്ടാവാം. ദാര്‍ശനികതയുടെ സര്‍ഗപ്രകാശം. ഹിന്ദുത്വ മീമാംസാപഠനത്തിലെ ഇരിപ്പിടം ജനാധിപത്യ ജീവിതവ്യവഹാരത്തില്‍ അനുവദിച്ചുകിട്ടണമെന്നു ശഠിക്കരുത്. കീഴാളരുടെ ആയിരത്താണ്ടുകളുടെ ഉണര്‍വ്വിനെ അദൈ്വതവേദാന്തംകൊണ്ടു പാതാളത്തിലാഴ്ത്തിയ മഹാവാമനന്‍ കീഴാള ഉണര്‍വ്വുകളുടെകാലത്ത് ആദരിക്കപ്പെടണമെന്നില്ല. വിമര്‍ശനങ്ങളേറെ ഉയരുകയും ചെയ്യും. അത് ജനാധിപത്യ യുഗത്തിന്റെ സവിശേഷതയാണ്.

സെക്കുലര്‍ വിദ്യാഭ്യാസം അതിന്റെ അകപ്പൊരുള്‍ വീണ്ടെടുക്കുക ജനാധിപത്യത്തിന്റെ അളവുപകരണങ്ങളില്‍ അരിച്ചെടുത്താണ്. അവിടെ ആയിരത്താണ്ടുകളുടെ അനുഭവ ജീവിതവും അത്രയുംകാലം തലക്കുമീതെ തൂങ്ങിനിന്ന ദാര്‍ശനികായുധവും തമ്മിലുള്ള കണക്കുതീര്‍ക്കലുണ്ടാവും. അതുകൊണ്ട് രക്തപങ്കിലമായ ആധിപത്യദര്‍ശനങ്ങളുടെ വിഗ്രഹങ്ങള്‍ തിരിച്ചുകൊണ്ടുവരരുത്. പൊതു ഇടങ്ങളില്‍ പ്രതിഷ്ഠിക്കരുത്. ജനാധിപത്യ മത നിരപേക്ഷ പൊതു മണ്ഡലങ്ങളെ കളങ്കപ്പെടുത്തരുത്. സംവാദങ്ങളിലും ജ്ഞാനാന്വേഷണങ്ങളിലും ആദരവര്‍ഹിക്കുന്ന എല്ലാ ദാര്‍ശനികരെയുമെന്നപോലെ ശങ്കരാചാര്യരെയും നമുക്കു വേണം. ഭൂതാധികാരത്തിന്റെ ഭാഗമായ വിവേചന ഭീകരതയുടെ വിഗ്രഹമായി ഒരു ശങ്കരനെയും നമുക്കു സഹിക്കാനാവില്ല.

2 ആഗസ്ത് 2016

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )