ദളിതരും മറ്റുകീഴാളരും ന്യൂനപക്ഷവും മതേതരജീവിതം നയിക്കുന്നവരും വലിയ ആശങ്കയോടെയാണ് ജീവിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പേരിലുള്ള അഭിമാന ഘോഷണത്തിന് എന്തര്‍ത്ഥമാണുള്ളത്? സഹനങ്ങളുടെ ശിഖരങ്ങളിലെല്ലാം കൊടുങ്കാറ്റു കൂടു കൂട്ടിയിരിക്കുന്നുവെന്നാണ് സമകാലിക ഗുജറാത്ത് ഓര്‍മ്മപ്പെടുത്തുന്നത്. തികച്ചും സ്ഫോടനാത്മകമാണ് ഇന്ത്യനവസ്ഥ. ദേശീയജീവിതത്തിന്റെ വൈവിദ്ധ്യങ്ങളെയും ബഹുസ്വരതകളെയും വരേണ്യ ഏകാത്മക ശീലങ്ങളിലേക്ക് അടുക്കിയെടുക്കാമെന്ന് കരുതുന്നവരുണ്ട്. അതാണ് സാംസ്ക്കാരിക ദേശീയതയെന്ന് പുളകംകൊള്ളുന്നവരുണ്ട്. അതിനു സമാന്തര സൈനികവ്യൂഹങ്ങളാവാമെന്നു സാധൂകരിക്കുന്നവരുമുണ്ട്. അതെല്ലാം അംഗീകരിക്കാനോ സാംസ്ക്കാരിക യുദ്ധങ്ങള്‍ക്കു തലകുനിക്കാനോ സാധ്യമല്ലെന്ന് ദളിതിന്ത്യ ഒച്ചവച്ചുതുടങ്ങിയിരിക്കുന്നു.
1986ല്‍ നടന്ന സംവരണ പ്രക്ഷോഭം നാം മറന്നിട്ടില്ല. പിന്നീട് മൂന്നു പതിറ്റാണ്ടിനിടയില്‍ ഇത്രയും രൂക്ഷമായ ഒരു മുന്നേറ്റം ഗുജറാത്ത് കണ്ടിട്ടില്ല. എല്ലാ രാഷ്ട്രീയഭേദവും മറന്ന് ദളിതര്‍ മുമ്പൊരിക്കലും ഇവ്വിധം ഒത്തുകൂടിയിട്ടുമില്ല. ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ഒരു കീഴാള പ്രക്ഷോഭം അവിടെ അപൂര്‍വ്വാനുഭവമാണ്. ആത്മഹത്യാസന്നദ്ധതയായും സമരോത്സുക സാഹസികതകളായും അതു പടര്‍ന്നു പിടിച്ചു. ഒരു മാസത്തിനിടെ മൂന്നു ജീവനുകള്‍ പൊലിഞ്ഞു. ഇരുപതോളം പേരാണ് ജീവത്യാഗത്തിനു ശ്രമിച്ചത്. പ്രതിഷേധങ്ങളിലാരംഭിച്ച കൂട്ടായ്മകള്‍ ലക്ഷ്യവേധിയായ മുദ്രാവാക്യങ്ങളിലൂടെ വളരുകയായിരുന്നു. ഞങ്ങള്‍ക്കു ഭിക്ഷയോ ധനസഹായമോ വേണ്ട, വേണ്ടത് നീതിയാണ് എന്നു മുഖ്യമന്ത്രിയോട് പറയാനും നിങ്ങളുടെ പശുവിനെ നിങ്ങള്‍തന്നെ പോറ്റിക്കൊള്ളൂ. ചാണകം കോരാനും ചത്താല്‍ കുഴിച്ചുമൂടാനും ഞങ്ങളെ നോക്കേണ്ട എന്നു ഗോരക്ഷാ സംഘ പരിവാരങ്ങളോട് തുറന്നടിക്കാനും അവര്‍ കരുത്തരായി. ഗുജറാത്തില്‍നിന്നു മുഴങ്ങുന്ന മുദ്രാവാക്യം ആത്മവിശ്വാസത്തിന്റെയും അതിജീവനത്വരയുടേതുമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ പിടഞ്ഞുണരുന്നു. അതു മനസ്സിലാക്കാന്‍ ശേഷിയില്ല ഭരണകൂടത്തിനെന്നത് ദയനീയമാണ്.
ഭൂസ്വാമിമാരുടെ സ്വകാര്യസൈന്യങ്ങള് നമുക്കു പരിചിതമാണ്. അവയുടെ വഴിയെയാണ് ഇപ്പോള്‍ ഗോരക്ഷക സേനകള്‍ ഇറങ്ങിയിരിക്കുന്നത്. നിയമപാലനാധികാരം അവര്‍ക്കാണെന്ന മട്ടിലാണ് സംസ്ഥാന ഭരണകൂടവും പൊലീസ് സംവിധാനവും പെരുമാറുന്നത്. ഒരു സമാന്തരാധികാര ശൃംഖല ശക്തിപ്പെടുകയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായുംമുമ്പാണ് വര്ണവേട്ടയുടെ മറ്റൊരു പരീക്ഷണം അരങ്ങേറുന്നത്.
ഈ മാസം തുടങ്ങുന്നതുതന്നെ പോര്‍ബന്തറില്‍ ഒരു ദളിത് കര്‍ഷകനെ വെട്ടിക്കൊന്നുകൊണ്ടാണ്. ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും ഏഴു ദളിത് യുവാക്കളെ നഗ്നരാക്കി മര്ദ്ദിച്ചുമൃതപ്രായരാക്കിയ ഉനയിലെ സംഭവമുണ്ടായി. ഗോരക്ഷക സേനയാണ് അതു ചെയ്തത്. പൊലീസുകാര്‍ വെറും കാഴ്ച്ചക്കാരായി നിന്നു. ചത്ത പശുവിനെ തോലുരിഞ്ഞു കുഴിച്ചിടുകയും തോലുണക്കി തുകല്സംസ്ക്കരണ വൃത്തിയിലേര്‍പ്പെടുകയും ചെയ്യുന്ന കുലത്തൊഴിലിലേര്പ്പെട്ടവരാണ് അക്രമിക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെമ്പാടും വലിയ പ്രതിഷേധത്തിനു വഴി വച്ചു. സുരേന്ദ്ര നഗറിലെ കലക്ടറുടെ ഓഫീസിലേക്ക് ആയിരത്തഞ്ഞൂറോളം പേരാണ് ഇരച്ചെത്തിയത്. പതിനഞ്ചോളം ലോറികളിലായി ചത്ത പശുക്കളുടെയും കന്നുകാലികളുടെയും ജഡവും വഹിച്ചായിരുന്നു അപൂര്‍വ്വമായ സമരയാത്ര. പല ജില്ലകളിലും ചത്ത പശുക്കളുടെ ജഡം തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ടു.
വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്ക് കൊലചെയ്യപ്പെട്ടതും ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരം നടത്തിയിരുന്ന രണ്ടു കൗമാരപ്രായക്കാരെ കൊന്നു കെട്ടിത്തൂക്കിയതും ഹരിയാനയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്നതും ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുലയെ ആത്മഹത്യയിലേക്കു നയിച്ചതും കേരളത്തില്‍ ജിഷ കൊലചെയ്യപ്പെട്ടതും സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷമാക്കിയിട്ടുണ്ട്. രാജ്യത്തെ മര്‍ദ്ദിത സമൂഹങ്ങളുടെ ക്ഷോഭത്തെ ഇത് വലിയതോതിലാണ് ആളിക്കത്തിച്ചത്. ഈ അനുഭവങ്ങളുടെ അടക്കിനിര്‍ത്തിയ പ്രതിഷേധം കൂടിയായിരിക്കണം കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ പാട്ടിത്തെറിച്ചത്്.
കലാപം പടര്‍ന്നുതുടങ്ങിയ നാളുകളില്‍ ദുഖവാര്‍ത്തകള്‍ വേറെയുമുണ്ടായി. മഹാരാഷ്ട്രയില്‍ ഒരിക്കല്‍ ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ പുറത്തുവന്ന് അതേ പെണ്‍കുട്ടിയെത്തന്നെ വീണ്ടും കൂട്ടബലാല്‍സംഗത്തിനിരയാക്കി. ദില്ലിയില്‍ ബലാല്‍സംഗശേഷം വിഷം കുടിപ്പിച്ച് ഒരു പതിനാലുകാരിയെ വധിച്ചു. അഹമ്മദ് നഗറില്‍ പതിനാലുകാരിയായ മറ്റൊരു ദളിത് പെണ്‍കുട്ടിയും ജൂലായ് മാസംതന്നെ ബലാല്‍സംഗത്തിനിരയായി. മുമ്പെയില്‍ അംബേദ്ക്കര്‍ ഭവന് തകര്‍ത്തതും രാജ്യവ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്.
മണ്ണില്‍നിന്നുള്ള ആട്ടിയോടിക്കലുകളും പുറന്തള്ളലുകളും നിരന്തരമായ ചവിട്ടിമെതിക്കലുകളും മൃഗീയമായ പീഢനങ്ങളുമാണ് ദളിതരെ ചെറുത്തുനില്ക്കാന് നിര്‍ബന്ധിതരാക്കുന്നത്. ദളിതര്‍ക്കുനേരെയുള്ള റിപ്പോര്‍ട്ടു ചെയ്യപ്പെട്ട അതിക്രമങ്ങളുടെ എണ്ണത്തില്‍ 2010മുതലുള്ള അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ രാജ്യത്താകെ നാല്‍പ്പത്തിനാലു ശതമാനം വര്‍ദ്ധനവുണ്ടായതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ രേഖപ്പെടുത്തുന്നു. 2010ല്‍ 32,712 കേസുകളാണ് ഫയല്‍ചെയ്തത്. 2014ലെത്തുമ്പോളത് 47,064 കേസുകളായി. ഗുജറാത്തിലും രാജസ്ഥാനിലും അനുപാതം വര്‍ദ്ധിച്ചിരിക്കുന്നു.
ശക്തമായ കേസുകള്‍ ഫയല്‍ചെയ്യാന്‍ പൊലീസ് എവിടെയും തയ്യാറാവുന്നില്ല. പലയിടത്തെയും കേസുകളില്‍ വലിയൊരു ഭാഗം ഭൂപ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ കേസുകളാണെന്നത് ഗൗരവതരമാണ്. പ്രശ്നങ്ങളുടെ കാതലിലേക്ക് അതു ചൂണ്ടുപലകയാവുന്നുണ്ട്. അറുപതു ശതമാനം ബലാല്‍സംഗക്കേസുകളും അന്വേഷണ ഘട്ടത്തില്‍തന്നെ അവസാനിപ്പിക്കുകയാണത്രെ പതിവ്. ഗുജറാത്തിലും രാജസ്ഥാനിലും ദളിത് പീഢന, അതിക്രമ കേസുകളില്‍ തൊണ്ണൂറ്റിമൂന്നു ശതമാനവും ശിക്ഷിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ദളിത് മാനവ് അധികാര്‍ മൂവ്മെന്റ് നയിക്കുന്ന പ്രക്ഷോഭം ഇതര സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്.
അപലപനീയമായ വിപല്സാഹചര്യമാണ് ഹിന്ദുത്വ സംഘപരിവാര ശക്തികള്‍ എങ്ങും രൂപപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ നാഗപട്ടണം, കരൂര്‍ ജില്ലകളിലായി ഇരുനൂറ്റമ്പതോളം ദളിതര്‍ ഇസ്ലാം മതത്തിലേക്കു മാറാന്‍ തയ്യാറെടുത്തിരിക്കുന്നു. അവര്‍ തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ അധികൃതരെ തിരിച്ചേല്‍പ്പിക്കാന്‍ കൂട്ടത്തോടെ എത്തുന്നതിന്റെ ചിത്രം ദൃശ്യമാധ്യമങ്ങള്‍ പകര്‍ത്തി. 1981ല്‍ തിരുനല്‍വേലി ജില്ലയിലെ മീനാക്ഷിപുരത്തു നടന്ന കൂട്ട മതംമാറ്റത്തിനു ശേഷം ഇത്തരമൊരു വാര്‍ത്ത ആദ്യമാണ്. ചിലയിടങ്ങളില്‍ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.
കിണറില്‍നിന്നു വെള്ളമെടുക്കാനോ പൊതു സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാനോ ക്ഷേത്രങ്ങളില്‍ ആരാധനയ്ക്കെത്താനോ പൊതു കുളിക്കടവുകളില്‍ കുളിക്കാനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ അവകാശമില്ലാതെ ആട്ടിയോടിക്കപ്പെടുന്ന മൃഗതുല്യജീവിതങ്ങളാണ് ക്ഷോഭിച്ചുണരുന്നത്്. പല സംസ്ഥാനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങള്‍ പ്രതിരോധനിര രൂപപ്പെടുത്തുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ബിഹാറില്‍നിന്നും രാജസ്ഥാനില്നിന്നുമെല്ലാം അത്തരം വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ അവയ്ക്ക് വലിയതോതില്‍ പ്രാധാന്യം നല്കുന്നില്ലെന്നുമാത്രം. അതതു പ്രദേശങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചെറിയരീതിയിലാണെങ്കിലും പലയിടങ്ങളിലും പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. രോഹിതും കനയ്യയും വിളിക്കാനാരംഭിച്ച ചുവപ്പും നീലയുമായ അഭിവാദ്യങ്ങളുടെ അകപ്പൊരുള്‍ ധാരാളമായി സ്വീകരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഗുജറാത്തിലെ പൊട്ടിത്തെറിയുടെ പക്വമായ അന്ത്യം പുതിയ സാമൂഹിക മുന്നേറ്റത്തിന്റെ ആവിര്‍ഭാവത്തിലേക്കു നയിക്കുമെങ്കില്‍ നന്ന്.
രാജസ്ഥാനിലെപ്പോലെ അദ്ധ്യാപകരുടെ കുടിവെള്ളമെടുത്തു കുടിച്ചതിന് കുട്ടികളെ സ്കൂളില്‍നിന്നു പുറത്താക്കുന്ന അനുഭവമൊന്നും കേരളത്തിലുണ്ടാവില്ലായിരിക്കാം. ചത്ത പട്ടിയെ കുഴിച്ചിടാന്‍ ദളിത് കുട്ടികളോട് ആവശ്യപ്പെടുന്നതും രാജസ്ഥാനിലേ കാണൂ എന്ന് ഉറപ്പിച്ചു പറയാനാവുമോ? കേരളത്തില്‍ നമ്മുടെ സമൂഹത്തില്‍ എല്ലാം ഭദ്രമാണോ? സ്വാഭാവികമെന്നപോലെ ശീലിക്കുന്ന വിവേചന ഭീകരതയുടെ കീഴാളവേദനകളെ പൊതുസമൂഹം ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യുന്നുണ്ടോ? സര്‍ക്കാര്‍ ശംബളം നല്കുന്ന തൊഴില്‍ മേഖലകളിലെങ്കിലും കീഴാള ദളിത് സമൂഹങ്ങള്‍ക്കു അര്‍ഹമായ സംവരണം പാലിക്കപ്പെടുന്നുണ്ടോ? ഭരണഘടനാപരമായ ബാധ്യത ലംഘിക്കപ്പെടുമ്പോഴും നമ്മുടെ നിയമം നിശബ്ദമാകുന്നതെന്തുകൊണ്ടാണ്? അവര്‍ണര്‍ക്കു പ്രവേശനം ലഭിക്കാത്ത ഏറെയിടങ്ങള്‍ ഇവിടെയുമുണ്ടെന്ന അറിവ് നമ്മെ പൊള്ളിക്കേണ്ടതാണ്. വരേണ്യ സാംസ്ക്കാരിക യുക്തികളുടെ അശ്ലീലമായ ആവര്‍ത്തനം കേരളീയ പൊതുസമൂഹത്തിലും അഭംഗുരം തുടരുകയാണ്. നാമത് സമര്‍ത്ഥമായി കണ്ടില്ലെന്നു നടിക്കുന്നുമുണ്ട്. തീര്‍ച്ചയായും നേരിടാനുള്ള അനിവാര്യമായ വിചാരണക്കു നാം സന്നദ്ധമാവണം.
30 ജൂലായ് 2016
(മംഗളം ദിനപത്രത്തിലെ ഓരം എന്ന പ്രതിവാര പംക്തിയില്‍ ഇന്നു(ആഗസ്ത് 1) പ്രസിദ്ധീകരിച്ച ലേഖനം)