Article POLITICS

പുറന്തള്ളല്‍ വികസനത്തിന് ഒരു ബ്രാന്റ് അംബാസഡര്‍

 

gita 2

ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍, മാറിവരുന്ന സാമ്പത്തിക വികസന സമീപനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ത്ഥശൂന്യമാണെന്ന് ഇന്നു മാതൃഭൂമി മുഖപ്രസംഗമെഴുതിയിരിക്കുന്നു. മാധ്യമങ്ങള്‍ വികസനങ്ങളോട് സ്വീകരിക്കുന്ന സമീപനം അവരെ ഇത്തരമൊരു നിലപാടിലേ എത്തിക്കുകയുള്ളു എന്നു തീര്‍ച്ച.

ഗീതാഗോപിനാഥിന്റെ യോഗ്യതകളെപ്പറ്റിയല്ല പ്രധാനമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാറില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് നിലവിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണ്. വലതുപക്ഷവും നവമുതലാളിത്തവും ഏറെക്കാലമായി പറയുന്നത് ആഗോളവത്ക്കരണത്തിനും അതിന്റെ പുത്തന്‍ സാമ്പത്തിക പരീക്ഷണങ്ങള്‍ക്കും ബദലുകളില്ല എന്നാണ്. ഘടനാപരമായ പരീക്ഷണങ്ങള്‍ക്കു വഴിപ്പെടാതെ തരമില്ല എന്നാണ്. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അതിനെ എതിര്‍ത്തുപോന്നു. സോഷ്യലിസ്റ്റ് ബദലാണ് അവരുയര്‍ത്തിപ്പിടിച്ചത്.

ന്യായമായും നാം പ്രതീക്ഷിക്കുക ബദല്‍ പരീക്ഷണങ്ങളാണ്. സോഷ്യലിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞരില്‍ ആരെങ്കിലും അതിനു സഹകരിക്കാനുണ്ടാവുമെന്നും നാം ആഗ്രഹിച്ചു. പുറന്തള്ളല്‍ വികസനത്തിന്റെ ഇരകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിലുമുള്ളത്. ഒരു ചെറു ന്യൂനപക്ഷം അഭിവൃദ്ധിപ്പെടുമ്പോള്‍ മഹാഭൂരിപക്ഷമാണ് താഴോട്ടു കുതിക്കുന്നത്. ലോകത്താകെത്തന്നെ അത്തരം ബദലുകള്‍ക്കായുള്ള സമരമാണ് ശക്തിപ്പെടുന്നത്. വാള്‍സ്ട്രീറ്റ് സമരംമുതല്‍ ബ്രക്‌സിറ്റ് വരെ അങ്ങനെയൊരു കാലുഷ്യത്തിന്റെ സൃഷ്ടികളാണ്.

ലാറ്റിനമേരിക്കയിലേക്കു നോക്കൂ എന്നല്ല പറയുന്നത്. മുതലാളിത്ത ലോകങ്ങളിലേക്കു നോക്കൂ എന്നാണ്. അമേരിക്കയില്‍ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ പരിമിത ധ്വനികളോടെയാണെങ്കിലും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ന്നു. ബേണീ സാന്റെഴ്‌സന്‍ ശക്തമായ വെല്ലുവിളികളുയര്‍ത്തി. ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടിയില്‍ സോഷ്യലിസ്റ്റനുഭാവിയായ ജെറമി കോര്‍ബിന്‍ മൂന്നു പതിറ്റാണ്ടിനുശേഷം നേതൃത്വത്തിലേക്കു തിരിച്ചെത്തി. ഗ്രീസിലും പോര്‍ത്തുഗലിലും ഫ്രാന്‍സിലും സ്‌പെയിനിലും നവലിബറല്‍ നയങ്ങള്‍ക്കെതിരായ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും പടര്‍ന്നാളി. ദില്ലിയില്‍ ആംആദ്മിപോലെ സ്‌പെയിനില്‍ പെഡമോസ്‌പോലെ പൊടുന്നനെ രാഷ്ട്രീയമുന്നേറ്റങ്ങള്‍ രൂപപ്പെട്ടുതുടങ്ങി. ഇത്തരമൊരു സാഹചര്യത്തില്‍ നവമുതലാളിത്ത വികസനപാതയിലേക്കു ലോകം എത്തിക്കഴിഞ്ഞു എന്നു പറയുന്നത് എന്തര്‍ത്ഥത്തിലാണ്?

ഉപദേശം സ്വീകരിക്കാവുന്നവിധം ഒരു സോഷ്യലിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞന്‍ തങ്ങള്‍ക്കില്ലെന്ന് സിപിഎം സമ്മതിക്കുകയാവാം. സോഷ്യലിസ്റ്റ് സാമ്പത്തിക ബദല്‍ ഒരു സ്വപ്നം മാത്രമാണെന്ന് തലകുനിക്കുകയാവാം. അതല്ലെങ്കില്‍ ആഗോളവത്ക്കരണത്തിന് ബദലുകളില്ല എന്ന കുറ്റസമ്മതമാവാം. ദീപസ്തംഭം മഹാശ്ചര്യമെന്ന് നവമുതലാളിത്ത പ്രതിഷ്ഠകളെ വണങ്ങിനില്‍ക്കുന്ന ഇടതുപക്ഷ നേതാക്കളുടെ ചിത്രം ലോകമെങ്ങുമുള്ള വലതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഹരംപകരുന്നതാവും. അതിനാല്‍ വികസനോന്മത്തരും മാതൃഭൂമിയും കോരിത്തരിക്കട്ടെ.

ഈ സ്തുതികളില്‍നിന്നും ഒരിടതുപക്ഷ രാഷ്ട്രീയ കക്ഷി രക്ഷപ്പെടേണ്ടതുണ്ടോ? ഇടതുപക്ഷമാണെങ്കില്‍മാത്രം അങ്ങനെയൊരു ധൃതിയും വേവലാതിയും അവരെ വേട്ടയാടേണ്ടതാണ്. ലോകത്തൊരു രാജ്യവും വലതുപക്ഷ ആഗോളവത്ക്കരണത്തിന്റെ ചെയ്തികളും ദുര്‍മാര്‍ഗങ്ങളും അറിഞ്ഞത് അവരുടെ ഉപദേശകര്‍ നല്‍കിയ വെളിച്ചത്തിലല്ല. സാധാരണക്കരായ മനുഷ്യരുടെ ജീവിതത്തെ പിടികൂടിയ ഭൂതം എന്ന നിലയ്ക്കാണ്. സമ്പത്ത് മുന്‍കാലത്തെക്കാള്‍ വേഗത്തില്‍ ചെറു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്നതു കാണാന്‍ വലിയ കണ്ണടകളൊന്നും ആവശ്യമില്ല. പുറന്തള്ളലിന്റെയും ഉന്മൂലനത്തിന്റെയും വേഗവും വ്യാപ്തിയും വര്‍ദ്ധിക്കുന്നതു ലോകത്തെ ഭയപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷം മാത്രം ഇതറിയാതെ വരുമോ? അങ്ങനെയെങ്കില്‍ അതെന്ത് ഇടതുപക്ഷമെന്ന് ആരും ചോദിച്ചുപോകും.

ഉപദേശം അവര്‍ നല്‍കുന്നുവെന്നല്ലേയുള്ളൂ, നാം സ്വീകരിക്കണമെന്നില്ലല്ലോ എന്ന് സമാധാനം കണ്ടെത്തുന്നത് വിചിത്രമായിരിക്കുന്നു. ആരാണ് സാമ്പത്തികോപദേഷ്ടാവ് എന്നത് ഗവണ്‍മെന്റുകളുടെ ആഗോള വിലാസമാണ്. അത് ഭരണകൂടത്തിന്റെ സ്വയം ബ്രാന്റ് ചെയ്യലാണ്. വിശ്വസിച്ച് കോര്‍പറേറ്റുകള്‍ക്കു ചൂഷണോപകരണങ്ങളുമായി വരാം എന്നു വാതിലുകള്‍ തുറക്കലാണ്. പാവങ്ങളായ ജനങ്ങളെ അതുമിതും പറഞ്ഞു വിശ്വസിപ്പിക്കുന്ന രീതി കൊള്ളാം. ജനങ്ങള്‍ക്ക് സോഷ്യലിസ്റ്റ് വായ്ത്താരി. ലോകത്തിന് മുതലാളിത്ത സ്തുതി.

ഗീതാഗോപിനാഥിനെ അംഗീകരിക്കാനും ആദരിക്കാനും രാജ്യത്തിന് ഏറെ വഴികളുണ്ട്. അത്തരം പ്രതിഭകളെ അംഗീകരിക്കുകയും വേണം. ഉപദേശകസ്ഥാനം ഒരംഗീകാരമാവുന്നത് അവരുടെ നിലപാടുകള്‍ക്കുകൂടിയുള്ള സ്വീകരണമാവുമ്പോഴാണ്. വിപരീതാശയക്കാരുടെ പദവിദാനം മിക്കപ്പോഴും ഭാരമാവുകയാണ് പതിവ്. ഇവിടെയിത് നിഷ്‌ക്കളങ്ക നിരീക്ഷകരുടെ സംശയം മാത്രമാവാം. പുറത്തുനിന്നു നോക്കുന്നവര്‍ക്കേ അവരെ വിപരീതാശയക്കാരായി തോന്നുന്നുണ്ടാവൂ. ഗീതയ്ക്കും പിണറായിക്കുമിടയില്‍, അഥവാ നവമുതലാളിത്തത്തിനും സിപിഎമ്മിനുമിടയില്‍ അങ്ങനെയൊരു വൈരുദ്ധ്യം ഉണ്ടാവില്ലെന്നുവേണം മനസ്സിലാക്കാന്‍. അതായിരിക്കണം ഇതിലെന്തിത്ര അസ്വാഭാവികത എന്നു ചിലരൊക്കെ ചോദിക്കുന്നത്.

ലോകബാങ്ക് ഉദ്യോഗസ്ഥരായിരുന്നവര്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഉപദേശകരായി എത്തിയ ഘട്ടത്തിലും രാഷ്ട്രീയ പ്രവേശം ചെയ്ത ഘട്ടത്തിലും ഇന്ത്യന്‍ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധം അവര്‍ മറന്നുകാണും. അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അവരെത്തന്നെ വേട്ടയാടുകയാണ്. സിപിഎമ്മിനു ചെയ്യാനാവുക ഇറങ്ങിയവഴി മുന്നേറലാവാം. പക്ഷെ, അവരത് തുറന്നു പറയണം. ഇപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നത് നവമുതലാളിത്ത നയങ്ങളാണ്. അതു നടപ്പാക്കുമ്പോള്‍ ഏറ്റവും അനുയോജ്യയായ ഉപദേശക ഗീതാഗോപിനാഥാണെന്നു ഞങ്ങള്‍ കരുതുന്നു. ഇത്ര പറഞ്ഞാല്‍മതി. അതാണ് സത്യസന്ധത. പിന്നീട് ഇടതുപക്ഷ വേഷം തുടരണോ എന്നും അവര്‍ തീരുമാനിക്കട്ടെ.

28 ജൂലായ് 2016

1 അഭിപ്രായം

 1. Dear Dr. Azad….
  ലേഖനം വായിച്ചു… താങ്കളുടെ നിരീക്ഷണങ്ങളോട്‌ പൊതുവില്‍ യോജിക്കുമ്പോള്‍ തന്നെ ചെറിയൊരു കാര്യം സൂചിപ്പിക്കണമെന്ന്‌ തോന്നി….
  ലേഖനത്തിന്റെ മുഖ്യ പ്രമേയം ഇതായിരുന്നില്ല; എങ്കില്‍ കൂടിയും.
  ലേഖനത്തില്‍;
  “ലോകത്താകെത്തന്നെ അത്തരം ബദലുകള്‍ക്കായുള്ള സമരമാണ്‌ ശക്തിപ്പെടുന്നത്‌. വാള്‍സ്‌ട്രീറ്റ്‌ മുതല്‍ ബ്രെക്‌സിറ്റ്‌ വരെ…….”

  ബ്രെക്‌സിറ്റ്‌ ഇടപെടലിനെ ഈ രീതിയില്‍ പരിഗണിക്കാന്‍ സാധിക്കുമോ എന്നതാണ്‌ എന്റെ സംശയം?
  കടുത്ത ദേശീയതാബോധം ഉയര്‍ത്തിപ്പിടിച്ചും കുടിയേറ്റത്തിനെതിരെ നിലപാടുകള്‍ വളര്‍ത്തിയെടുത്തും ആണ്‌ BREXIT അനുകൂലികള്‍ തങ്ങളുടെ കാമ്പെയ്‌ന്‍ വിജയിപ്പിച്ചത്‌ എന്ന്‌ കാണാം.. മാത്രമല്ല ഇപ്പോള്‍ BREXIT പോളില്‍ അനുകൂലമായി വോട്ട്‌ ചെയ്‌ത ജനങ്ങള്‍ പലരും തിരിച്ച്‌ വോട്ടുചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്‌. അമേരിക്കയില്‍ ട്രംപിന്‌ തുല്യനായി ബ്രിട്ടനില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവായി വളര്‍ന്നുവരുന്ന ബോറിസ്‌ ജോണ്‍സണാണ്‌ BREXIT ന്റെ വക്താക്കളില്‍ ഒരാള്‍ എന്നുകൂടി ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്‌..

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )