Article POLITICS

ഇടതുപക്ഷ സര്‍ക്കാറും നിലപാടുമാറ്റത്തിന്റെ ഗീതോപദേശവും

Gita-Gopinath

ഒമ്പത് കൊല്ലം മുമ്പാണ്. വെനിസ്വലയില്‍ ഹ്യൂഗോ ഷാവേസാണ് അന്നു പ്രസിഡണ്ടുപദത്തില്‍. പ്രശസ്ത മാര്‍ക്‌സിസ്റ്റ് പണ്ഡിതയും ലാറ്റിനമേരിക്കന്‍ വിമോചനപ്പോരാട്ടങ്ങളുടെ നായികയുമായ മാര്‍ത്ത ഹൊണേക്കര്‍ ഷാവേസിന്റെ ഉപദേഷ്ടാവായിരുന്നു. ബാലറ്റുപേപ്പറിലൂടെ കമ്യൂണിസ്റ്റുകള്‍ ആദ്യം അധികാരത്തിലെത്തിയ നാടുകളിലൊന്നായ കേരളത്തെക്കുറിച്ച് അവര്‍ക്കു കുറച്ചൊന്നുമല്ല മതിപ്പുണ്ടായിരുന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചപ്പോള്‍ ഗ്രന്ഥകാരനായ ഡോ. തോമസ് ഐസക്കിനെ വെനിസ്വലയിലേക്കു ക്ഷണിക്കണമെന്ന് അവര്‍ക്കു തോന്നി. മുതലാളിത്ത വികസനത്തിനു ബദല്‍ തേടുകയായിരുന്നു അവരും ഷാവേസും. പിന്നീടെന്തുണ്ടായെന്ന് എനിക്കറിയില്ല. അത് ഐസക്കുതന്നെ എപ്പോഴെങ്കിലും പറയുമായിരിക്കും.

ലാറ്റിനമേരിക്കയിലെമ്പാടും ഇടതുപക്ഷം പുതിയ ഉണര്‍വ്വിന്റെ പാതയിലായിരുന്നു. ആ സമയത്ത് ലഭ്യമായ എല്ലാ ബദലന്വേഷണങ്ങളെയും അവര്‍ ഗൗരവത്തോടെയാണ് സമീപിച്ചത്. ഐസക്കിന്റെത് പരിഷ്‌ക്കരിക്കപ്പെട്ട പങ്കാളിത്ത ജനാധിപത്യമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞുവോ എന്നറിയില്ല. പക്ഷെ, വികസ്വര രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരീക്ഷണത്തെ അവര്‍ പഠിക്കാന്‍ തയ്യാറായി. ഇതോര്‍ക്കുന്നത് സമാനമായ മറ്റൊരു സാഹചര്യത്തിലാണ്. ലോകമെങ്ങും കമ്യൂണിസ്റ്റുകള്‍ക്ക് ആവേശം നല്‍കിയ കേരളത്തില്‍, ചരിത്രത്തിലാദ്യമായി സ്വതന്ത്രരുടെയോ ഇതര ജനാധിപത്യ കക്ഷികളുടെയോ പിന്തുണയില്ലാതെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയ സന്ദര്‍ഭമാണിത്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിയുമായി. പുതിയ പദവിയില്‍ തനിക്കു സാമ്പത്തികോപദേശം ആവശ്യമെന്നു കണ്ടപ്പോള്‍ സഹപ്രവര്‍ത്തകനും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കു മതിയെന്ന് അദ്ദേഹം തൃപ്തിപ്പെട്ടില്ല. ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫസര്‍ വി കെ രാമചന്ദ്രനും മതിയായില്ല. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ലോകമറിയുന്ന ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരൊന്നും ആ പദവിക്കു ചേര്‍ന്നവരായി പിണറായിക്കു ബോധ്യപ്പെട്ടില്ല. പ്രഭാത് പട്‌നായിക്കും ഉത്സയുമൊക്കെ മാറ്റിനിര്‍ത്തപ്പെട്ടു. മാര്‍ത്ത ഹൊണേക്കര്‍ക്കു തോന്നിയതുപോലെ പ്രകാശ് കാരാട്ടിനോടെങ്കിലും അഭിപ്രായം തിരക്കാനും പിണറായിക്കു സമയമുണ്ടായില്ലെന്നു വേണം ധരിക്കാന്‍.gita

പിണറായി ഉപദേഷ്ടാക്കളെ തേടുമ്പോള്‍ ആദ്യ പരിഗണന കണ്ണൂരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനത്രെ. എം കെ ദാമോദരനും ജോണ്‍ ബ്രിട്ടാസും കണ്ണൂരുകാരാണല്ലോ. സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവിയിലേക്ക്, മയ്യില്‍നിന്നുപോയി മൈസൂരില്‍ താമസിച്ച ഒരു കുടുംബത്തില്‍നിന്നു ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ പദവിയിലേക്കെത്തിയ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി കണ്ടെത്തി. ഏതെങ്കിലും വിധ ഇടതുപക്ഷ അനുഭാവമോ സോഷ്യലിസ്റ്റ് വികസന സങ്കല്‍പ്പമോ തീണ്ടിയിട്ടില്ലെന്നു മാത്രമല്ല നവലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ വക്താവും ധൈഷണിക മുഖവുമാണ് ഗീത ഗോപിനാഥെന്ന് ആര്‍ക്കുമറിയാം. നരേന്ദ്രമോഡിയുടെ പരിഷ്‌ക്കാര നടപടികളിലും ഭൂമി ഏറ്റെടുക്കല്‍ നിയമംപോലുള്ള ജനവിരുദ്ധ ചട്ടനിര്‍മാണങ്ങളിലും വലിയ പ്രതീക്ഷയാണവര്‍ക്ക്. റിസര്‍വ്വ് ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് രഘുറാം രാജിനെ മാറ്റുന്നതില്‍മാത്രമാണ് അല്‍പ്പം ഖേദമുള്ളത്.

സ്വന്തം കഴിവുകൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും വളര്‍ന്നുവന്ന സാമ്പത്തിക വിദഗ്ദ്ധയാണ് ഗീത. നവലിബറല്‍ പരിഷ്‌ക്കാരങ്ങളോട് ചേര്‍ന്നുപോകുന്നു എന്നത് അവരുടെ നിലപാടിന്റെ സവിശേഷതയായേ കാണേണ്ടൂ. ഈ ദശകത്തില്‍ ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ എത്തിപ്പെട്ടതോടെ വളരെവേഗമാണ് അവരുടെ പ്രശസ്തി ഉയര്‍ന്നത്. ഇന്ത്യയില്‍ സമീപകാലത്തായി ഏറെ ഹൃദ്യമായ സ്വീകരണം അവര്‍ക്കു ലഭിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് ബിജെപി ഗവണ്‍മെന്റുകള്‍ അവരെ പലപ്പോഴും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പിണറായി അവരെക്കാള്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ക്കും അതിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കും ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. ആഗോളവത്ക്കരണത്തിനു ബദലുകളേയില്ല എന്ന മുതലാളിത്ത മുദ്രാവാക്യമാണ് ഒടുവില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍നിന്നു ലോകം കേള്‍ക്കുന്നത്.

പ്രിന്‍സ്ടന്‍ സര്‍വ്വകലാശാലയില്‍ ഗീതയുടെ ഗവേഷണത്തിന് മാര്‍ഗദര്‍ശനം നല്‍കിയ രണ്ടു പ്രൊഫസര്‍മാരും പ്രഗത്ഭരാണ്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെയും മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെയും സാമ്പത്തികോപദേഷ്ടാക്കളുടെ സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ച ബെന്‍ ഷാലോം ബര്‍നാങ്കെയാണ് ഒരാള്‍. അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെയും പുനരുജ്ജീവനശ്രമത്തിന്റെയും കാലത്ത് നവലിബറല്‍ മുതലാളിത്തത്തിനു കാവലായത് ബര്‍നാങ്കെയാണ്. അദ്ദേഹത്തിന്റെ ശിക്ഷ്യയില്‍നിന്ന് നേരിട്ട് ഉപദേശം കിട്ടുന്നത് സിപിഎം നേതാവിന് ഉപകാരപ്പെടുമായിരിക്കും. ബുദ്ധദേവിനെ ഒരൊറ്റ തീരുമാനംകൊണ്ട് മലര്‍ത്തിയടിച്ചിരിക്കുന്നു പിണറായി. ഇനി പോരിന് ഗോര്‍ബച്ചോവേ കാണൂ.

ഗീതയുടെ മറ്റൊരധ്യാപകന്‍ കെന്നത്ത് റോഗോഫ് ആയിരുന്നു. ഐ എം എഫിന്റെ സാമ്പത്തിക വിദഗ്ദ്ധന്‍കൂടിയായിരുന്നു അദ്ദേഹം. ലോകബാങ്കിന്റെ മുഖ്യ ധനകാര്യ ഉപദേഷ്ടാവായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് പിന്നീട് അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചപ്പോള്‍ പ്രതിരോധിക്കാനെത്തിയവരില്‍ പ്രമുഖനായിരുന്നു റോഗോഫ്. ഇവരുടെ ശിഷ്യത്വം ഒരയോഗ്യതയായി കാണേണ്ടതില്ല. മറിച്ച് ഇന്ത്യയില്‍നിന്ന് യു എസിലെത്തി ധൈഷണികമായ ഉയരങ്ങള്‍ കീഴടക്കിയ ഗീത ഗോപിനാഥ് നമ്മുടെ ആദരവുകള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ആഗോളവത്ക്കരണത്തിനെതിരെ പൊരുതാനും ബദലുകളുയര്‍ത്താനും ജനപക്ഷത്തു നിന്നു ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് അവരുടെ ഉപദേശങ്ങള്‍ ഗുണകരമാവില്ല. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മുതല്‍ എമര്‍ജിങ് കേരളയില്‍വരെ നവലിബറല്‍ വികസനത്തിന്റെ മുഖ്യ വക്താവായാണ് ഗീത നിറഞ്ഞുനിന്നത്.

നിലപാടില്‍ പ്രകടമായ മാറ്റം വന്നിരിക്കുന്നു. ബര്‍ലിന്‍വഴി മോസ്‌ക്കോയിലേക്കു വഴികാട്ടിയായിനിന്ന പഴയ കുഞ്ഞനന്തന്‍നായരുടെ ഉപദേശം പാര്‍ട്ടിക്കും പിണറായിക്കും പഴയ മുഖ്യമന്ത്രിമാര്‍ക്കും ഏറെ ഉപകാരപ്പെട്ടിരുന്നു. അതുപക്ഷെ, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിനു മുമ്പാണ്. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ. ദില്ലിവഴി ന്യൂയോര്‍ക്കിലേക്കുള്ള പാലമാണ് ഇപ്പോള്‍ ആഗോളവത്ക്കരണകാലത്ത് പാര്‍ട്ടിക്കും പിണറായിക്കും പഥ്യം. കോര്‍പറേറ്റനുകൂലമെന്ന് ഏറെ വിമര്‍ശിക്കപ്പെട്ട ചരക്കു സേവന നികുതി (ജി എസ് ടി) നിയമവുമായി ബന്ധപ്പെട്ട് മോഡി ഗവണ്‍മെന്റിന് അനുകൂലമായ നിലപാടെടുക്കാനൊരുങ്ങിയതിന്റെ പശ്ചാത്തലം മറ്റൊന്നല്ല. സിപിഎം കേന്ദ്രനേതൃത്വം അതു തിരുത്തണമെന്നു നിര്‍ബന്ധിക്കുകയായിരുന്നു. ദേശീയപാതയിലെ വലിയ സ്വകാര്യവത്ക്കരണത്തിനും വിഴിഞ്ഞത്തെ കോര്‍പറേറ്റനുകൂല നിലപാടിനും അതിരപ്പള്ളിയിലെ വിനാശകരമായ വികസനത്തിനും അതിവേഗപാതക്കും ധൃതിപിടിക്കുന്ന പിണറായി നേരത്തേതന്നെ തന്റെ വികസന സങ്കല്‍പ്പം പ്രഖ്യാപിച്ചിരുന്നു. അപ്പോഴൊക്കെ പലവ്യാഖ്യാനങ്ങളെഴുതി സംരക്ഷിച്ചുപോന്നത് ബദലുകള്‍ സാധ്യമാണ് എന്നു മന്ത്രിച്ചുകൊണ്ടേയിരുന്ന ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളുമാണ്. എങ്ങോട്ടാണ് ഇടതുപക്ഷ ഭരണത്തിന്റെ പോക്കെന്നതു ഇപ്പോള്‍ അവരെയും ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ടാവണം.

23 ജൂലായ് 2016

(മംഗളം ദിനപത്രത്തില്‍ ഇന്ന് ആരംഭിച്ച ഓരം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )