മുംബെയിലെ അംബേദ്ക്കര്‍ ഭവനം തകര്‍ക്കപ്പെട്ടത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായില്ല. ചില വാര്‍ത്തകളെങ്കിലും പുറത്തുവന്നത് സാന്ത്വനഛായയിലായിരുന്നു. അവിടെയൊരു പതിനേഴുനില കെട്ടിടം ഉയര്‍ത്താനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. അത് അംബേദ്ക്കറുടെ സ്മാരകമാവും. പഴഞ്ചന്‍ എടുപ്പുകളാണ് തകര്‍ക്കപ്പെട്ടത്. പകരം പുതിയത് വരുമല്ലോ. പക്ഷെ, അംബേദ്ക്കറുടെ പൗത്രന്മാരടക്കമുള്ള ദളിത് പ്രവര്‍ത്തകരൊന്നും ഈ വിശദീകരണംകൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറായില്ല. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലുഷ്യംനിറഞ്ഞ നാളുകളിലാണ് ദളിതര്‍ക്കുവേണ്ടി ദാദറില്‍ ഒരു സ്ഥാപനം ഡോ.ബി ആര് അംബേദ്ക്കര്‍ ആരംഭിച്ചത്. പഴയ പ്രസ്സും എഴുത്തുമുറിയുമുണ്ടായിരുന്നു. ചില കൈയ്യെഴുത്തുപ്രതികള്‍ ഉള്‍പ്പെടെ അമൂല്യമായ രേഖകള്‍ പലതും അവിടെ സൂക്ഷിച്ചിരുന്നു. ഇന്ത്യന്‍ ദളിത്പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജ കേന്ദ്രമായിരുന്നു അത്. ഇക്കഴിഞ്ഞ ജൂണ്‍ 25നു പുലര്‍ച്ചയ്ക്ക് ആ സ്മാരകമാണ് തകര്‍ക്കപ്പെട്ടത്.
ജൂലായ് 18ന് രാജ്യസഭയില്‍ സീറോ അവറില്‍ സീതാറാം യെച്ചൂരിയാണ് ഈ വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ദളിത് മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമരത്തിന്റെയും മഹത്തായ പൈതൃകമുള്ള സ്മാരകമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു നമുക്കു കേവലം പൈതൃക സ്വത്തല്ല. മഹാനായ അംബേദ്ക്കറുടെ മനുഷ്യസംബന്ധിയായ ദര്‍ശനങ്ങളുടെ പ്രതീകമാണ്. യെച്ചൂരിയെ പിന്തുണച്ച് കോണ്‍ഗ്രസ്സിലെ ആനന്ദ് ശര്‍മ്മയും ബിഎസ്പിയുടെ മായാവതിയും രംഗത്തുവന്നു. ദളിതര്‍ക്കുവേണ്ടി അംബേദ്ക്കര്‍ നിര്‍മിച്ച കേന്ദ്രമാണ് സംസ്ഥാന ഗവണ്മെന്റിന്റെ പിന്തുണയോടെ പൊളിച്ചുമാറ്റിയിരിക്കുന്നത്. ലണ്ടനില്‍ അംബേദ്ക്കര്‍ ഉപയോഗിച്ചിരുന്ന മുറി ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്കുന്ന ബിജെപിയുടെ ഗവണ്മെന്റുതന്നെയാണ് നമ്മുടെ നാട്ടിലെ അംബേദ്ക്കര്‍ സ്മാരകം തകര്‍ത്തിരിക്കുന്നത്. അവര്‍ ചൂണ്ടിക്കാട്ടി.
ജൂലായ് 19ന് ചൊവ്വാഴ്ച്ച മുംബെ, സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് വേദിയായി. അരലക്ഷത്തോളംപേരാണ് റാലിയില്‍ അണിനിരന്നത്. ദളിത് സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും അംബേദ്ക്കറുടെ കുടുംബാംഗങ്ങളും നേതൃത്വം നല്കിയ പ്രതിഷേധം രാജ്യത്തു രൂപപ്പെടുന്ന പുതിയൊരു മുന്നേറ്റത്തിന്റെ അറിയിപ്പായി. ദില്ലിയില്‍നിന്നു സീതാറാം യെച്ചൂരി മാത്രമല്ല ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യകുമാറും ഉണ്ടായിരുന്നു എന്നത് സമീപകാലത്തായി ശക്തിപ്രാപിക്കുന്ന രാഷ്ട്രീയധ്രുവീകരണത്തെ പ്രതീക്ഷാനിര്‍ഭരമാക്കുന്നു. അംബേദ്ക്കറുടെ പൗത്രന് പ്രകാശ് അംബേദ്ക്കര്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ കുറ്റകരമായ മൗനത്തിനെതിരെ പൊട്ടിത്തെറിച്ചു. രാജ്യത്തു രൂപപ്പെടുന്ന പുതിയ സാഹചര്യം ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഹിറ്റ്ലറുടെ അധികാരകാലത്തിനു സമാനമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ദാദറിലെ അംബേദ്ക്കര്‍ ഭവനം നില്ക്കുന്ന ഭൂമി റിയല്‍എസ്റ്റേറ്റ് ലോബികളുടെ സ്വപ്നഭൂമിയത്രെ. മൂവായിരം ചതുരശ്രമീറ്ററിലെ ദുര്‍ബ്ബലമായ എടുപ്പുകളായേ, രാജ്യത്തെ അടിസ്ഥാനജനവിഭാഗങ്ങള്‍ക്കു കരുത്തും ഊര്‍ജ്ജവും പകരുന്ന ഈ സ്മാരകം അവര്ക്കനുഭവപ്പെട്ടുള്ളു. ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതിയത് മുപ്പതുകോടിയോളം വില വരുന്ന സ്വത്താണത് എന്നാണ്. ദുര്‍ബ്ബലമായ എടുപ്പുകള്‍ക്കു പകരം പുതിയ നിര്മ്മിതികളുയര്ന്നാല് പിന്നെയും മൂല്യമേറും. ആ വഴിയിലൂടെയാണ് കച്ചവട താല്‍പ്പര്യമുള്ള സംഘങ്ങളും സംസ്ഥാന ഗവണ്‍മെന്റ്ും ചരിക്കുന്നത് എന്നതില്‍ അത്ഭുതമില്ല.
ദളിത് സംഘടനകളുടെ കൈവശമുള്ള സ്ഥാപനവും ഭൂമിയും തങ്ങളുടെ രാഷ്ട്രീയാധികാരത്തിനു കീഴിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ടെന്നു സംശയിക്കണം. തന്റെ പിന്‍ഗാമികളായി സ്വത്തവകാശികളായി മക്കളോ കുടുംബാംഗങ്ങളോ വരുന്നത് അംബേദ്ക്കര്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല എന്നത് അവരെയാകെ അകറ്റിനിര്‍ത്തുന്നതിനുള്ള സാധൂകരണമാക്കുകയാണ് ബിജെപി ഗവണ്മെന്റ് എന്നു വേണം കരുതാന്‍. സ്വത്തിലല്ല സ്മാരകത്തിലാണ് കാര്യമെന്ന് പ്രകാശ് അംബേദ്ക്കര്‍ പറയുന്നു. അതു നശിപ്പിക്കാന്‍ അനുവദിക്കയില്ല. ജനപങ്കാളിത്തത്തോടെ ജൂലായ് 30ന് പുനര്‍നിര്‍മാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 14ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് പടിഞ്ഞാറേ ദാദറില്‍ ഒരു പതിനേഴുനില കെട്ടിടത്തിനു ശില പാകുമ്പോള്‍ അംബേദ്ക്കര്‍ ഭവനില്‍ രോഹിത് വെമുലയുടെ കുടംബത്തെ സ്വീകരിക്കുകയായിരുന്നു പ്രകാശ്. അവിടെ അംബേദ്ക്കറുടെ ഫോട്ടോയെ വണങ്ങി രോഹിത് വെമുലയുടെ അമ്മ രാധികയും സഹോദരന് രാജവെമുലയും ബുദ്ധമതം സ്വീകരിച്ചു. അവര്‍ വണങ്ങിയ ചിത്രവും നിരവധി രാഷ്ട്രീയ സാമുദായിക മുന്നേറ്റങ്ങളുടെയും സംഭവവികാസങ്ങളുടെയും ചരിത്രമുറങ്ങുന്ന പഴയ കെട്ടിടവും ആഴ്ച്ചകള്‍ക്കുള്ളില്‍ നിലംപതിച്ചു. ശിലപാകിയയിടത്തല്ല ഗവണ്മെന്റിന് മാളികയുയര്ത്തേണ്ടത്. ഉജ്വലമായ പഴയ ഓര്‍മ്മകള്‍ ചരിത്രത്തിന് ഇന്ധനമാവുന്ന അനുഭവങ്ങളെ എക്കാലത്തേക്കുമായി ഇല്ലാതാക്കലാണ് അവര്‍ ലക്ഷ്യമാക്കിയത്. കിഴക്കേ ദാദറിലെ ദുര്‍ബ്ബലമായ പഴയ എടുപ്പുകള്ക്കകത്തുനിന്ന് വരുംകാലത്തിന്റെ നീതിയുഗം ആരംഭിക്കുന്നത് പൊള്ളിക്കേണ്ടവരെയെല്ലാം പൊള്ളിച്ചിരിക്കുന്നു.
പത്തു വര്‍ഷംമുമ്പ് കാണ്‍പൂരിലെ അംബേദ്ക്കര്‍ പ്രതിമ അനാദരിക്കപ്പെട്ടപ്പോള്‍ മഹാരാഷ്ട്രയിലെ തീയാളിത്തുടങ്ങിയ തെരുവായിരുന്നു അത്. ആളിക്കത്തിയ പ്രതിഷേധം രാജ്യത്തെമ്പാടും വലിയ ആഘാതങ്ങളാണുണ്ടാക്കിയത്. ഇപ്പോള്‍ വീണ്ടും രാജ്യത്തു ദളിതജീവിതങ്ങള്‍ അക്രമിക്കപ്പെടുകയാണ്. ഗുജറാത്തിലും രാജസ്ഥാനിലും കനത്ത പ്രതിഷേധ മുന്നേറ്റങ്ങളാണ് നടക്കുന്നത്. ഞങ്ങള്‍ക്കു ഹിന്ദുക്കളാവേണ്ട മനുഷ്യരായി ജീവിച്ചാല്‍ മതി എന്നു മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയാണ്. നിങ്ങളുടെ പശുക്കളുടെ പേരില്‍ ഞങ്ങളെ അക്രമിക്കേണ്ട. ഇനി ചാവുന്ന പശുക്കളെയും നിങ്ങള്‍തന്നെ കുഴിച്ചുമൂടിക്കൊള്ളുക. ഞങ്ങളെ എങ്ങും വിളിക്കരുത് എന്നു വ്യക്തവും ശക്തവുമായാണ് ശബ്ദമുയരുന്നത്.
മനുഷ്യര്‍ക്കെല്ലാം ഒരേ മൂല്യവും ഒരേ അവകാശവുമാണെന്നു പഠിപ്പിച്ച അംബേദ്ക്കര്‍, പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ സ്വാതന്ത്ര്യമോഹത്തെ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കും. ഏകീകൃത സിവില്കോഡെന്നു മുറവിളി കൂട്ടുന്നവര്‍ പൗരാവകാശത്തെപ്പറ്റി ചിന്തിച്ചാല്‍ നന്ന്. ലണ്ടനിലൊരു അംബേദ്ക്കര്‍ മുറിയോ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലൊരു പഠനകേന്ദ്രമോ നീട്ടി അംബേദ്ക്കര്‍ വംശത്തെ ചതിക്കാനാവില്ല. അവരുടെ ശബ്ദത്തിന് സഹസ്രാബ്ദങ്ങളുടെ സഹനങ്ങളുടെ മുഴക്കംകാണും. കവി കെജി എസ് പറഞ്ഞതുപോലെ ദ്രവിച്ച വേദങ്ങളിലെ കത്തിമുനകൊണ്ട് അവരെ ഭയപ്പെടുത്താനാവില്ല.
20 ജൂലായ് 2016