ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ താല്‍പ്പര്യങ്ങളുടെ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുക എന്ന അടവുനയം വര്‍ഗസഹകരണം എന്ന ദുരന്തത്തിലാണ് എത്തിക്കുകയെന്ന് പ്രകാശ്കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നു. 1964ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ തുടരുന്ന നയമാണതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ രൂപപ്പെട്ട പുതിയ ചര്‍ച്ചയുടെ ഭാഗമാണ് അദ്ദേഹത്തിന്റെ ലേഖനം. 2004ല്‍ ഉള്‍പ്പെടെ പല തെരഞ്ഞെടുപ്പുകളിലും പല സംസ്ഥാനങ്ങളില്‍ സ്വീകരിച്ച അടവുനയം ഇത്തരത്തിലായിരുന്നുവെന്ന് ഈ ലേഖനം മറന്നിട്ടുണ്ട്. ഒന്നാം യു പി എ ഗവണ്മെന്റിന് പിന്തുണ നല്‍കുകയും സ്പീക്കര്‍സ്ഥാനം പറ്റി ഭരണത്തില്‍ പങ്കാളിയാവുകയുംചെയ്ത അടവുനയം തെറ്റായി പഴയ ജനറല്‍ സെക്രട്ടറിക്കു തോന്നിയിട്ടില്ല. അല്ലെങ്കില്‍ ആ തെറ്റ് ആവര്‍ത്തിച്ചുകൂടാ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുമായിരുന്നു.
രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വര്‍ഗരാഷ്ട്രീയം മുന്നിര്ത്തിമാത്രമായിരിക്കും സഖ്യമോ ധാരണയോ ഉണ്ടാക്കുക എന്ന നിലപാട് സ്വാഗതാര്‍ഹംതന്നെ. അതു കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും കാര്യത്തില്‍ മാത്രമായി എന്തിന് പരിമിതപ്പെടുത്തണം? കോണ്‍ഗ്രസ്സ് എസ്സോ എന്‍സിപിയോ ആവുമ്പോള്‍ എന്തു വ്യത്യാസമാണ് ഉണ്ടാവുക? മറ്റ് വലതുപക്ഷ പ്രസ്ഥാനങ്ങളുമായും ഇതേ നിലപാട് സ്വീകരിക്കേണ്ടതല്ലേ? ബൂര്‍ഷ്വാ ഭൂപ്രഭു വര്ഗതാല്പ്പര്യങ്ങളുള്ള പാര്‍ട്ടികളുമായി മാത്രം അകല്‍ച്ച പാലിച്ചാല്‍ മതിയോ? ആ താല്‍പ്പര്യങ്ങള്‍ നിറഞ്ഞാടുന്ന നയസമീപനങ്ങളെ വാരിപ്പുണരാമോ?
കോണ്‍ഗ്രസ്സിനെ മുതലാളിത്തവര്ഗതാല്പ്പര്യങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനമായി വിശേഷിപ്പിക്കുന്നത് ആ പാര്‍ട്ടി പിന്തുടരുന്ന നയസമീപനങ്ങളുടെ പേരിലാണെന്നാണ് നാം കരുതിപ്പോന്നത്. അങ്ങനെയാണെങ്കില്‍ നവമുതലാളിത്തത്തിന്റെ വികസനപാതയും സാമ്പത്തികനയവും പിന്തുടരുന്ന പാര്‍ട്ടികളെല്ലാം ആ വിശേഷണത്തിനര്ഹമല്ലേ? സിപിഎമ്മിന് എങ്ങനെയാണ് അതില്‍നിന്ന് വേറിട്ട വിശേഷണം ലഭിക്കുന്നത്? അത് തൊഴിലാളിവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നു പറയുന്നതിനര്‍ത്ഥം നവമുതലാളിത്ത വികസനപാത അന്ധമായി പിന്തുടരലാണ് തൊഴിലാളിവര്‍ഗരാഷ്ട്രീയം എന്നാവില്ലേ? ബംഗാളിലെയും കേരളത്തിലെയും സമീപഭൂതകാല അനുഭവങ്ങളെല്ലാം അത്തരത്തിലുള്ളതാണ്.
വര്‍ഗരാഷ്ട്രീയം കൈവിട്ടുകളിക്കുമ്പോഴെല്ലാം മൗനംപാലിച്ചു ജനറല്‍സെക്രട്ടറിസ്ഥാനം അലങ്കരിച്ച കാരാട്ടിന് ഇപ്പോഴുണ്ടായിരിക്കുന്ന വിവേകം സംശയാസ്പദമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ബംഗാളില്‍ മുതലാളിത്തപാതയിലാണ് സിപിഎമ്മിന്റെ പോക്ക് എന്ന് പിബിക്ക് കത്തെഴുതിയ നൃപന് ചക്രവര്‍ത്തിയെ പുറത്താക്കുകയായിരുന്നു. നന്ദിഗ്രാമും സിംഗൂരും പുകഞ്ഞത് പിന്നെയും ഒരു വ്യാഴവട്ടം കഴിഞ്ഞാണ്. ജ്യോതിഭാസുവിന്റെ ഭരണകാലത്തുതന്നെ നൃപന് ചക്രവര്‍ത്തി ഭാവി പ്രവചിച്ചിരുന്നു. അധികാരമോഹമാണ് നൃപന് എന്നാണ് പാര്‍ട്ടി അന്നു കണ്ടെത്തിയത്.
വൃദ്ധരെല്ലാം സിപിഎമ്മില്‍ കരഞ്ഞുകൊണ്ടിരുന്നിട്ടുണ്ട്. അതില്‍ സുന്ദരയ്യയും ഇഎംഎസും ബാലാനന്ദനും അച്യുതാനന്ദനും ഉള്‍പ്പെടും. ഇവരെല്ലാം കരഞ്ഞത് വലത്തോട്ട് വലത്തോട്ടു ചാഞ്ഞാല്‍ ഈ മഹാവൃക്ഷം ജനങ്ങള്‍ക്കുമേല്‍ ശാപമായി പതിക്കും എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ്. കേരളത്തിലെ സംസ്ഥാന സമിതിയോഗത്തില്‍ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് വിലാപസ്വരത്തില്‍ നിങ്ങള്‍ ഈ പാര്‍ട്ടിയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ചോദിച്ചത് പാര്‍ട്ടികത്തില്‍ അച്ചടിച്ചുവച്ചിട്ടുണ്ട്. നൃപനോളം പക്ഷെ ഇവരാരും തള്ളിപ്പറയപ്പെട്ടില്ല. ഇത്തരമൊരു വൃദ്ധവിലാപത്തിന്റെ രക്തസാക്ഷി പരിവേഷത്തിലേക്കു കുതിക്കുകയാണോ കാരാട്ട്? താന്‍കൂടി മുഖ്യപങ്കുവഹിച്ച് രൂപപ്പെടുത്തിയ പുതിയ ഭരണസമീപനങ്ങളിലെ മുതലാളിത്തവേഴ്ച്ച മറച്ചുവെച്ച് അതേ വര്‍ഗതാല്‍പ്പര്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സുമായി അടവുനയം പാടില്ലെന്ന് പറയുന്നതിലെ കാപട്യം എന്തിന്റെ സൂചനയാണ്?
തിരുത്തുകയാണെങ്കില്‍ ആദ്യംവേണ്ടത് പാര്‍ട്ടിയുടെ വര്ഗസഹകരണനിലപാട് തിരുത്തുകയാണ്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക ആസൂത്രണ നിലപാടും പദ്ധതികളും മാറ്റണം. തൊഴിലാളിവര്‍ഗ നിലപാടെന്നത് അവര്‍ക്കു പടിപ്പുറത്തു നല്കുന്ന ഭിക്ഷയാവരുത്. നീട്ടിയെറിയുന്ന ആനുകൂല്യങ്ങളാവരുത്. അത് അടിസ്ഥാന നയത്തിലും സമീപനത്തിലും തെളിയണം. പുറന്തള്ളപ്പെടുന്ന മനുഷ്യരുണ്ടാവരുത്. കുടിയൊഴിപ്പിക്കപ്പെടുന്നവരുണ്ടാവരുത്. ഓരോ മനുഷ്യന്റെയും ജീവല്പ്രകൃതിയുടെയും നിലനില്‍പ്പാണ് വികസനം.
ആര്‍ക്കെങ്കിലും വീടുവെച്ചു കൊടുക്കല്‍ ഒരു സഹായ പദ്ധതിയാണ്. എന്നാല്‍ എല്ലാവര്ക്കും ജീവിത സാഹചര്യമൊരുക്കല്‍ സമഗ്രമായ നയസമീപനങ്ങളിലൂടെയേ സാധ്യമാകൂ. അതിന്റെ തുടക്കമായിരുന്നു ഭൂപരിഷ്ക്കരണം. അതു പരിമിതികള്‍ തീര്‍ത്ത് രണ്ടാം പരിഷ്ക്കരണത്തിലേക്ക് കൊണ്ടുപോകാനുള്ള ത്രാണികാട്ടണം. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരേ നയമാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണത്തിന് ദേശീയപാതകള്‍ വിട്ടു നല്‍കുന്നതിനും സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്ന് നേരത്തേ തിരിച്ചറിഞ്ഞ വിഴിഞ്ഞം പദ്ധതി അദാനിക്കുണ്ടാകുന്ന നഷ്ടം പരിഗണിച്ചു തുടരണമെന്ന നിലപാടു സ്വീകരിക്കുന്നതിനും അതിരപ്പള്ളിയില്‍ പിടിവാശി കാണിക്കുന്നതിനും സിപിഎമ്മിന് വര്‍ഗതാല്‍പ്പര്യങ്ങള്‍ തടസ്മാവുന്നില്ല.
അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ക്കു കൂടുതല്‍ക്കൂടുതല്‍ വിധേയപ്പെടുമ്പോഴും വിദ്യാഭ്യാസവും ആരോഗ്യവും ഉല്‍പ്പെടെ പരമപ്രധാനമായ മേഖലകളെല്ലാം ഘടനാപരമായ സാമ്രാജ്യത്വ പരിഷ്ക്കാരങ്ങള്‍ക്കു വിധേയമാക്കുമ്പോഴും കാര്‍മികത്വം വഹിച്ച ഒരു പാര്‍ട്ടിയുടെ വര്‍ഗതാല്‍പ്പര്യം പാര്‍ട്ടിപരിപാടിയില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം തൊഴിലാളി വര്ഗത്തിന്റെതാവുകയില്ല. തിരുത്ത് തുടങ്ങേണ്ട് അവിടെയാണ്. പശ്ചിമബംഗാളിലല്ല. നവഉദാരവത്ക്കരണത്തിനെതിരായ പോരാട്ടമാണ് വര്‍ഗീയതക്കെതിരായ പോരാട്ടമായിക്കൂടി പരിണമിക്കേണ്ടത്. നവമുതലാളിത്തം സൃഷ്ടിച്ച ഇരകളുടെ സമരങ്ങളോടെല്ലാം മുഖം തിരിഞ്ഞു നില്ക്കുന്ന പ്രസ്ഥാനം എങ്ങനെയാണ് ഒരു സമരമുന്നണി കെട്ടിപ്പടുക്കുക? ജനകീയജനാധിപത്യമുന്നണി രൂപപ്പെടേണ്ടത് ജനകീയ സമരമുന്നണികളിലൂടെയാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചതുരംഗത്തിനപ്പുറം കാണാനുള്ള ശേഷിയാണ് സിപിഎം വീണ്ടെടുക്കേണ്ടത്. പ്രകാശ് കാരാട്ട് അക്കാര്യത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നത്.
15 ജൂലായ് 2016