Article POLITICS

വഴിയോരക്കച്ചവടക്കാര്‍ പുറന്തള്ളല്‍വികസനത്തിന്റെ ആദ്യ ഇരകള്‍

mg_6533

നഗരങ്ങളിലെ തെരുവു കച്ചവടക്കാരും പാതയോരങ്ങളിലെ വഴിവാണിഭക്കാരും നിയമവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന ധാരണയാണ് പൊതു സമൂഹത്തിനുള്ളത്. വലിയ തോതില്‍ അത്തരം കച്ചവടങ്ങളെ ആശ്രയിക്കുമെങ്കിലും അവര്‍ക്കെന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ പിന്തുണയ്ക്കാറില്ല. ചെറിയൊരു വികസന സംരംഭത്തിന്റെ പേരില്‍പ്പോലും ആട്ടിയോടിക്കപ്പെടേണ്ടവരാണവര്‍ എന്നൊരു ധാരണയുമുണ്ട്. കയ്യേററക്കാരോടെന്നപോലെ ദയാരഹിതമായേ നിയമപാലകരും അധികാരികളും അവരോടു പെരുമാറിയിട്ടുള്ളു.

അവര്‍ പാതയോരത്തു പച്ചക്കറിയോ കപ്പയോ മീനോ പഴമോ വില്‍ക്കുന്നവരാകാം. മുറുക്കാന്‍ കട നടത്തുന്നവരാകാം. കരിമ്പുജ്യൂസോ സര്‍ബത്തോ നല്‍കുന്നവരാകാം. തുണിയോ വീട്ടുപകരണങ്ങളോ ലേലം വിളിക്കുന്നവരാകാം. ലൊട്ടുലൊടുക്കു സാധനങ്ങള്‍ ഏതെടുത്താലും നിശ്ചിത വിലയ്ക്കു കൊടുക്കുന്നവരാവാം. ടാര്‍പ്പായ ചരിച്ചുകെട്ടി ചായയും ലഘുഭക്ഷണവും നല്‍കുന്ന തട്ടുകടകളാവാം. സ്ഥിരമായ ഇടമോ ഇടത്തിലവകാശമോ ഇല്ലാതെ ജീവിതത്തോടു മാന്യമായി പൊരുതുന്നവര്‍. അവരാണ് എല്ലാ പരിഷ്‌ക്കാരങ്ങളുടെയും ആദ്യത്തെ ഇരകള്‍.

കഴിഞ്ഞ ഡിസംബറില്‍ കലിക്കററ് സര്‍വ്വകലാശാലാ കാമ്പസിനു മുന്നിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഇത്തരമൊരു വിഷയം എന്നെയും പൊള്ളിച്ചത് (2015 ഡിസംബറില്‍ വഴിയോര ഉന്തുവണ്ടിക്കച്ചവടക്കാര്‍ കല്ലെറിയപ്പെടേണ്ടവരല്ല എന്നൊരു ലേഖനം എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു). മൂന്നു നാലു പതിററാണ്ടായി അവിടെ കച്ചവടംചെയ്തുപോന്നവരെ പെട്ടെന്നൊരുനാള്‍ ഒഴിപ്പിച്ചുകളയാമെന്നാണ് അധികാരികള്‍ക്കു തോന്നിയത്. കച്ചവടക്കാരും അവരുടെ കുടുംബങ്ങളും പൊതു സമൂഹവും വിദ്യാര്‍ത്ഥികളും ഒരുമിച്ചുനിന്ന സമരത്തിലേക്കു നീങ്ങിയതിനെത്തുടര്‍ന്ന് അന്നത്തെ ഒഴിപ്പിക്കല്‍ ഭീഷണി താല്‍ക്കാലികമായാവും ഒഴിഞ്ഞുപോയി. പിന്നെയും ഭീഷണിയുണ്ടാവുന്നുവെന്ന് കടക്കാര്‍ക്കു പരാതിയുണ്ട്. ഇപ്പോഴാവട്ടെ, ദേശീയപാതക്കും മറ്റുമായുള്ള ഒഴിപ്പിക്കലുകളിലും ഇക്കൂട്ടര്‍ പെടാതെവയ്യ. ഒരു നഷ്ടപരിഹാരവും കൊടുക്കാതെ ഒഴിപ്പിക്കാവുന്നവര്‍ എന്ന ഗണത്തില്‍ പെടുത്താമെന്നതിനാലാവും സംസ്ഥാനത്താകെ അവരെത്രവരുമെന്ന് ഗവണ്‍മെന്റിനു കണക്കുകളില്ല.

street vendorsഒഴിപ്പിക്കപ്പെടേണ്ടവരെന്നോ കയ്യേററക്കാരെന്നോ ഉള്ള സമീപനം മാറേണ്ടതുണ്ടെന്ന് 2010ല്‍ സുപ്രീംകോടതിതന്നെ അഭിപ്രായപ്പെട്ടു. പൊലീസുകാര്‍ക്കോ തെരുവുചട്ടമ്പികള്‍ക്കോ അധികാരികള്‍ക്കോ യഥേഷ്ടം ചൂഷണംചെയ്യാനും പീഡിപ്പിക്കാനും സാധ്യമല്ലാത്തവിധം നിയമനിര്‍മാണമുണ്ടാകേണ്ടതിന്റെ അനിവാര്യത കോടതി ചൂണ്ടിക്കാട്ടി. വലിയ തോതിലുള്ള ജനപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും പലവിധ പുറന്തള്ളലുകളുടെയും ഇരകളാണ് ജീവിക്കാനായി താരതമ്യേന കുറഞ്ഞ മുതല്‍മുടക്കിലുള്ള തെരുവോര വാണിഭങ്ങളിലേക്കു നീങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇവരുടെ ജീവിത സുരക്ഷ മുന്‍നിര്‍ത്തി ഒരു നിയമനിര്‍മാണത്തെക്കുറിച്ചാലോചിക്കാന്‍ കോടതി ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു.

തെരുവുകച്ചവടക്കാരുടെ ഉപജീവനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന ഒരു നയരേഖ 2004ല്‍തന്നെ കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചിരുന്നു. 2004ലെ സ്ട്രീററ് വെന്‍ഡേഴ്‌സ് പോളിസി പരിഷ്‌ക്കരിച്ച് പിന്നീട് നാഷണല്‍ പോളിസി ഓണ്‍ അര്‍ബന്‍ സ്ട്രീററ് വെന്‍ഡേഴ്‌സ് 2009 പുറത്തുവന്നു. എങ്കിലും കയ്യേററക്കാരെന്ന നിലയില്‍നിന്നും മുക്തമാക്കുന്ന ഒരു നിയമത്തിന്റെ പരിരക്ഷ 2014ല്‍ മാത്രമാണ് ലഭിക്കുന്നത്. പ്രൊട്ടക്ഷന്‍ ഓഫ് ലൈവ്‌ലിഹുഡ് ആന്റ് റഗുലേഷന്‍ ഓഫ് സ്ട്രീററ് വെന്‍ഡിംഗ് ആക്‌ററ് 2014 ആവര്‍ഷം മെയ് മുതല്‍ പ്രാബല്യത്തില്‍വന്നു. 2012 സെപ്തംബര്‍ 6ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ല് അടുത്തവര്‍ഷം സെപ്തംബറില്‍ പാസ്സായി. 2014 ഫെബ്രുവരി 19ന് രാജ്യസഭയും ബില്ല് പാസ്സാക്കി. മാര്‍ച്ച് 4ന് പ്രസിഡണ്ടിന്റെ അംഗീകാരവും ലഭിച്ചു.

പരിമിതമായെങ്കിലും നിയമ പരിരക്ഷയുള്ള ജീവിതമേഖലയായി തെരുവുകച്ചവടക്കാരുടേത് മാറിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നഗരങ്ങളിലേ ഈ വിഭാഗം വലിയ പ്രതിസന്ധികളെ നേരിടുന്നുള്ളു. ഒരു കേന്ദ്രനിയമം എന്ന നിലയില്‍ ആ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമം നിയമത്തിലുണ്ട്. പക്ഷെ, കേരളത്തില്‍ അല്‍പ്പം വ്യത്യസ്തമായ അനുഭവമാണുള്ളത്. ഗ്രാമങ്ങളെല്ലാം അതിദ്രുതം നഗരങ്ങളാവുകയാണ്. വഴികളെല്ലാം തിരക്കേറിയതായിരിക്കുന്നു. സംസ്ഥാനത്തെമ്പാടുമായി ലക്ഷക്കണക്കിനാളുകളാണ് വഴിവാണിഭവും തെരുവോരകച്ചവടവുമായി സജീവമായിരിക്കുന്നത്. അവരെയെല്ലാം കണക്കിലെടുക്കുന്ന നിയമനിര്‍മാണം സംസ്ഥാനതലത്തില്‍ നടക്കേണ്ടതുണ്ട്.

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്റെ പ്രസിഡണ്ട് ഡോ. കെ എസ് പ്രദീപ്കുമാര്‍ എഴുതിയ ഒരു ലേഖനം ഇന്നത്തെ(2016 ജൂലായ് 11) ദേശാഭിമാനി ദിനപത്രത്തില്‍ കണ്ടു. തെരുവു ജീവിതങ്ങള്‍ സംഘടിക്കുമ്പോള്‍ എന്ന കുറിപ്പ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇക്കൂട്ടരെ സംഘടിപ്പിക്കുന്നു എന്നതു മാത്രമല്ല സംഘടിപ്പിക്കുന്നവര്‍ വിഷയം പഠിക്കാന്‍ തയ്യാറാകുന്നു എന്നതും സന്തോഷകരമാണ്. പ്രദീപ്കുമാറിന്റെ ഇതു സംബന്ധിച്ച അക്കാദമിക പഠനം ശ്രദ്ധിക്കാനിടയായിട്ടുണ്ട്. കേരളത്തിലെ കമ്പോളവാണിഭത്തിന്റെ സാമൂഹിക സാമ്പത്തിക സവിശേഷതകളെ സംബന്ധിച്ചു ഇന്റര്‍ നാഷണല്‍ ജേണല്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ് ഇന്നൊവേഷന്‍സ് എന്ന ഗവേഷണ പ്രസിദ്ധീകരണത്തില്‍ വന്ന അദ്ദേഹത്തിന്റെ പഠനം ശ്രദ്ധാര്‍ഹമാണ്.

ഇന്ത്യന്‍ സമ്പദ്ഘടനയെ നവ ഉദാരവത്ക്കരണം എങ്ങനെയാണ് ചവച്ചൂററുന്നതെന്നും ചെറുകിട വ്യാപാരരംഗത്തെ പാപ്പരാക്കുന്നതെന്നും വലിയതോതില്‍ വഴിവാണിഭക്കാരെ സൃഷ്ടിക്കുന്നതെന്നും ഈ പഠനം ആമുഖമായി വിവരിക്കുന്നു. കേരളത്തിലെ തെരുവു കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയുടെ ഏകദേശനില തുറന്നുവയ്ക്കുന്നു. തുച്ഛമായ വരുമാനവും കടക്കെണിയുമായി ദുരിതമനുഭവിക്കുന്നവരും സാമാന്യം നല്ല വരുമാനമുറപ്പിക്കുന്നവരും അവര്‍ക്കിടയിലുണ്ട്. ഇവര്‍ക്കാവശ്യമുള്ള പ്രധാന സഹായം സാമൂഹിക സുരക്ഷയാണെന്ന് പഠനം അടിവരയിടുന്നു. സംഘടനയുടെ നേതൃത്വത്തിലേക്കു വരുന്ന ഒരാള്‍ ഇവ്വിധം അക്കാദമികവും അനക്കാദമികവുമായ പഠനം നടത്തുന്നത് അവരുടെ വിമോചനപ്പോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ സഹായകമാവണം. അതേസമയം അക്കാദമിക് ബുദ്ധിജീവികളുടെ പതിവ് ആന്ധ്യത്തിലേക്കു വഴുതാതെ ഫുതിയ വികസനത്തിന്റെ കോര്‍പറേററ് മാതൃകകള്‍ നിരന്തരം തകര്‍ത്തെറിയുന്നത് പ്രാന്തീയ ജീവിതങ്ങളെയാണെന്ന് കാണാനും അതിനെതിരെ പൊരുതാനും കഴിയണം. ബി ഒ ടി മുതലാളിമാര്‍ക്ക് അഥവാ സ്വകാര്യ മൂലധനത്തിന് ദേശീയപാതകള്‍ വിട്ടുകൊടുക്കുമ്പോള്‍ എത്ര വഴിയോര കച്ചവടക്കാര്‍ ജീവിതത്തില്‍നിന്നു പുറന്തള്ളപ്പെടുമെന്ന് പ്രദീപ്കുമാറും സംഘടനയും സംസാരിച്ചു കേട്ടിട്ടില്ല.

വഴിയോര വാണിഭക്കാര്‍ ഒരു വികസന സംരംഭത്തിലും നഷ്ടം സഹിക്കുന്ന ഇരകളുടെ പട്ടികകളില്‍ വരാറില്ല. ഇവര്‍ക്കൊരിക്കലും നഷ്ടപരിഹാരം ലഭിക്കാറുമില്ല. അരുതാത്തതെന്തോ ചെയ്യുന്നു എന്നൊരു തോന്നല്‍ ആ സമൂഹത്തിനകത്ത് സൃഷ്ടിക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കയ്യേററക്കാരെന്ന കുററബോധം അവരില്‍ നിലനിര്‍ത്തപ്പെടുന്നു. അതിനാല്‍ ഓരോ ഘട്ടത്തിലും അവരെ പുറന്തള്ളുക താരതമ്യേന എളുപ്പമാകുന്നു. അതു മാറ്റിയെടുക്കാനാണ് സംഘടനാനേതൃത്വം വേണ്ടത്. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാമൂഹിക ബാധ്യത ഏറ്റെടുക്കണം. വിഴുങ്ങുന്ന നവമുതലാളിത്തത്തെയും അതിനെ പിന്തുണയ്ക്കുന്ന അധികാരബദ്ധ രാഷ്ട്രീയത്തെയും ചെറുക്കാതെ മുന്നോട്ടുപോകാനാവില്ല. പുറന്തള്ളല്‍ വികസനത്തിന്റെ പ്രഥമ ഇരകളെ തങ്ങളുടെ ജീവിതംതന്നെയാണ് രാജ്യത്തിന്റെ വികസനം എന്നു പറയാന്‍ പ്രാപ്തിയുള്ളവരാക്കണം.

11 ജൂലായ് 2016

1 അഭിപ്രായം

 1. ദേശീയ മാർക്കേറ്റുകളെ കൂടാതെWal-Mart പോലെയുള്ള ആഗോള കമ്പോളം ഇന്ത്യപോലെയുള്ള വികസിത രാജ്യങ്ങളെ ലക്ഷ്യ മിടുമ്പോൾ ജെവപരമായ, തദേശീയമായ ചെറുത്തു നിൽപ്പാണ് വഴിവാണിഭക്കാർ നട ത്തുന്നത്, ജെവപരം എന്ന് പറയുമ്പോൾ അതിൽ എല്ലാരംഗത്തുമുള്ള ബിസിനസ്സ് കോപ്പറേറ്റുകളുടെ കഴുകൻ കണ്ണുകൾ ഉണ്ട്, വിത്തുകൾ ഇല്ലാത്ത ബയോ ഉത്പന്നങ്ങ ളുടെ വിത്ത് വില്പന ഉൾപ്പെടെ പലതും ഇതിൽപ്പെടും , വിത്തുകൾ ഇല്ലാത്ത മുന്തിരി ,തണ്ണിമത്തൻ മുതലായ വ കഴിച്ചാൽ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ജനിതക വൈകല്യങ്ങൾ ചി കിൽസിച്ചു മാറ്റുവാൻ ഉദയം ചെ യ്തിരിക്കുന്ന മൾട്ടിനാഷണൽ മെഡിക്കൽ കമ്പനികൾ .എന്റെ ഒന്ന് രണ്ട് അനുഭവം
  ചിക്കാഗോയിലെ വീട്ടിൽ ഞാൻ എല്ലാ വർഷംഞാൻ കുറച്ചു വെജിറ്റബിൾ കൃഷി ചെയ്യാറുണ്ട് രാസവളം ഉപയോഗിക്കറില്ല
  ഒരു പ്രാവശ്യം എന്റെ വെള്ളരിയിൽ 200 ൽ അധികം നല്ല വെള്ളരികായ ഉണ്ടായി എന്ത് ചെയ്യണം എന്ന് എന്റെ അമേരിക്കൻ കൂട്ടു കാരിയോടെ ചോദിച്ചു അപ്പോൾ കിംബർലി പറഞ്ഞു .ഫാർമേഴ്‌സ് മാർക്കറ്റിൽ കൊടുക്കാം എന്ന് അവിടെ പോയി.അമേരിക്കൻ ഫാർമേഴ്‌സ് മാർക്കറ്റ് എന്ന് പറഞ്ഞാൽ ലൈബ്രറിയുടെയോ റെയിൽവേ സ്റ്റേഷന്റെയോ ഓരത്തു വച്ച അമ്മമാർ കുട്ടയിലും പാത്രത്തിലും വച്ച home made ആഹാരം, പച്ച കറികൾ വീട്ടിൽതയിച്ച തുണികൾ മിട്ടായി
  മുതലായവ ഞാൻ ആ ‘അമ്മമാർക്കു എന്റെ വെള്ളരി കായ ഫ്രീ ആയി കൊടുത്തു. ഒരു വില്ലേജിൽ ഒട്ടനവധി ഫാർമേഴ്‌സ് മാർക്കറ്റ് ഉണ്ട് ശനി ഞായർ മാത്രം.എവിടെ ഇവർക്ക് പറയത്തക്ക velluവിളി ഒന്നും ഇല്ല സമ്മേരിൽ ഒരു ആഘോഷം പോലെ കൊണ്ടാടുന്നു.
  പക്ഷെ ഒരിക്കൽ നാട്ടിൽ വച്ച് കൂട്ടുകാരുമായി കന്യാ കുമാരിക്കു പോയപ്പോൾ വഴിവക്കിൽ ഒരമ്മ താമര കായും കിഴഞ്ഞും വേവിച്ചു വിൽക്കുന്നു . വെജിറ്റേറിയൻ ആയ എനിക്കു ഇതു ഒത്തിരി ഇഷ്ടം ഉള്ള ഭക്ഷണം ആണ് .(കൂടാതെ എന്റെ അമ്മ താമരതണ്ട്. താമര ഇല കൊണ്ടും പല കറികൾ ഉണ്ടാക്കും)
  അവിടെ ഇറങ്ങി ഏതു വാങ്ങു മ്പോൾ ആ അമ്മയുടെ കവിളിൽ ആരോ അടിച്ച നീരു വന്നിക്കുന്നു . ചോദിച്ചപ്പോൾ ആ ‘അമ്മ പറഞ്ഞത് ആ തെരുവിൽ ഇരുന്നു കച്ചവടം നടത്തരുതെന്നും പറഞ്ഞു കടയുടമ അടിച്ചത് ആണെന്ന് .എന്നു മാത്രമല്ലആ അമ്മ എവിടെയിരിക്കുന്നു അവിടെ നിന്നും എല്ലാം ഓടിക്കുംഅടിക്കും സാധനങ്ങൾ നശിപ്പിക്കും
  പോലീസിൽ പരാതിികൊടുക്കാം എന്നുപറഞ്ഞപ്പോൾ ഭയം. എന്റെകൂടെയുള്ളവർക്ക്‌ പൊല്ലാപ്പിൽ ഇടപെടാൻ താല്പര്യം ഇല്ലന്നുപറഞ്ഞു.അപ്പോൾ തന്നെ ഞാൻ പൊലീസ്സ് സ്റ്റേഷനിൽ പോയി.ഹ്യൂമൻ റൈറ്സ് lawyer എന്ന നിലയിൽ ഒരു പരാതി. ഞാൻ തന്നെ നൽകി .കേരള ത്തിൽ നിന്നും മുള്ള കുറെ സുന്ദരികളായ പെൺകുട്ടികളെ കണ്ടതോടെ ചെറുപ്പക്കാരൻ ഇൻസ്‌പെറ്റർ വലിയ ഹ്യൂമൺറൈറ്സ് സംരക്ഷകനായിമാറി.
  അന്ന് വഴിവാണിഭകാരുടെ സംഘടനയെ ഉണ്ടാ യിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.
  വഴിവാണിഭക്കാരുടെ ജീവിതവുമായി ബന്ധമുള്ള കുറെ പ്രാദേശിക പ്രശനം എനിക്കറിയാം.ഒരു വർഷം മുൻപു തിരുവനന്തപുരത്തു നിന്നും എന്റെ സുഹൃ ത്തു ലീൻ തോബിയാസ് എന്നെ വിളിച്ചു പറഞ്ഞു. റെയിൽവേ സ്‌റ്റേഷനടുത്തു വഴി വാണിഭക്കാരുടെ സാധനങ്ങൾ പൊലീസ് നശിപ്പിക്കുന്നു. രണ്ട് കാലും ഇല്ലാത്ത ഒരു പെൺകുട്ടിയുടെ വില്പന സാധനം പോലീസ് നശിപ്പിക്കുന്നു കണ്ട് നില്ക്കാൻ കഴിയാത്ത ലീൻ അതിൽ ഇടപെട്ടു. അന്നും ഞങ്ങൾ വഴിയോരകച്ചവടക്കാരുടെ സംഘടന ഉണ്ടാവേണ്ടത്തിന്റെ ആവശ്കതയെ കുറിച്ച് സംസാരിച്ചു ആകുലപെട്ട്

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )