Article POLITICS

ഡോ. ഐസക്കിന്റെ മരുന്നും പിണറായിയുടെ ഓപറേഷനും

SOCIALIST copy

ഓരോ ബജറ്റും ഭരണകൂടത്തിന്റെ നിശ്ചിത കാലത്തേക്കുള്ള സാമ്പത്തികാസൂത്രണമാണല്ലോ. നവലിബറല്‍കാലത്ത് അതിന്റെ നിറപ്പകിട്ടുകളും ചതിക്കുഴികളും നമ്മെ ഭ്രമിപ്പിക്കുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യുന്നത്, ഗവണ്‍മെന്റിന്റെ സാമ്പത്തികനയം അവര്‍ ഒളിച്ചുവയ്ക്കുന്നതുകൊണ്ടോ നാം മനസ്സിലാക്കാത്തതുകൊണ്ടോ ആവണം. ഡോ. തോമസ് ഐസക്ക് വെള്ളം വീഞ്ഞാക്കുന്ന മാന്ത്രികത വശമുള്ള അര്‍ത്ഥശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ബജറ്റിന് ദരിദ്രസമൂഹങ്ങള്‍ക്കു കണ്ടാനന്ദിക്കാവുന്ന പുറംമോടി ഏറെയുണ്ട്. ചെറുമധുരങ്ങളും മോഹഭംഗികളും നിറച്ച് അകത്തെ കോര്‍പറേറ്റ് മുതലാളിത്ത ചങ്ങലകളെ മറച്ചുവെക്കാന്‍ അദ്ദേഹത്തിന്റെ അവതരണത്തിനു സാധിച്ചിരിക്കുന്നു. ആ വാക്യം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നവമുതലാളിത്ത ചങ്ങലകളില്‍ ഞെരിയുമ്പോഴും അടിസ്ഥാന ജനസമൂഹങ്ങളെ കണക്കിലെടുക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചിരിക്കുന്നുഎന്നാവും. ഒരു വാക്യത്തില്‍ വിമര്‍ശവും തുടര്‍ വാക്യത്തില്‍ ആശ്ലേഷവും സാധ്യമായത് നാമനുഭവിക്കുന്നത് ഒരുതരം മാജിക്കല്‍ റിയലിസം ആയതിനാലാണ്.

തീര്‍ച്ചയായും തലോടലുകള്‍ ഏറെയുണ്ട്. അവശ സമൂഹങ്ങള്‍ക്ക് അത് ഏറെ ആശ്വാസം പകരുന്നുണ്ട്. ഇക്കാലത്ത് ഒരു നവലിബറല്‍ ഭരണസംവിധാനത്തിന് നല്‍കാനാവുന്ന ഏറ്റവും ജനാനുകൂല ചുവടുവെപ്പുകളാണവ. എന്നാലവ സുസ്ഥിരമായ സാന്ത്വനമോ സുരക്ഷയോ ഉറപ്പാക്കുമോ? അങ്ങനെ ചിന്തിക്കാന്‍പോലും ത്രാണിയില്ലാതെപോകുന്ന അവശജീവിതങ്ങള്‍ക്ക്, കിട്ടുന്നതിനു നന്ദി പറയാനേ ആവൂ. ദീര്‍ഘകാല ലക്ഷ്യമായ സോഷ്യലിസ്റ്റ് ബദലിനെക്കുറിച്ചു വാചാലമാവുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍ക്കാലികാശ്വാസങ്ങളെ സുസ്ഥിരാശ്വാസമാക്കിത്തീര്‍ക്കുന്ന സമരോത്സുക ആസൂത്രണത്തിലേക്ക് ഇനിയെത്രദൂരമെന്നു പറയാന്‍ ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനും പ്രകടന പത്രികക്കും മുമ്പ് ഒരു കേരളയാത്രയില്‍ മുഴങ്ങിക്കേട്ട നഗ്നമായ വികസനമോഹങ്ങളുടെ ആലങ്കാരികാവിഷ്‌ക്കാരമാണ് ഐസക്ക് പുറത്തുവിട്ടിരിക്കുന്നത്.

സാധ്യതകളുടെയോ ശാസ്ത്രീയ പഠനങ്ങളുടെയോ നിലനില്‍ക്കുന്ന നിയമങ്ങളുടെയോ പിന്‍ബലമില്ലെങ്കിലും തങ്ങളുടെതന്നെ അടിസ്ഥാന ദര്‍ശനത്തിനെതിരാണെങ്കിലും അടിസ്ഥാന ജനസമൂഹങ്ങളെ വിപരീതമായി ബാധിക്കുമെങ്കിലും കോര്‍പറേറ്റ് വികസനവും അതിനാവശ്യമായ സ്വകാര്യവത്ക്കരണ നിലപാടുകളും നിര്‍ബന്ധമായും നടപ്പാക്കുമെന്ന വാശി ഈ ബജറ്റിന്റെ എല്ലാ പൊലിമകള്‍ക്കുമകത്ത് ശിരസ്സുയര്‍ത്തുന്നു. ജനപക്ഷ പദ്ധതികളുണ്ട്. എന്നാല്‍ ജനപക്ഷ നിലപാടല്ല അടിസ്ഥാനശില. പുരോഗതിയും വികസനവും ജനപക്ഷ നിലപാടുകളിലാണ് പടുത്തുയര്‍ത്തേണ്ടത്. പക്ഷെ ഇവിടെയത് നവമുതലാളിത്തത്തിന് തീറ് നല്‍കിയിരിക്കുന്നു. അതിന്റെ ഓരക്കാശ് നമുക്കുളള മധുരമാകുന്നു.

issacചെലവുചുരുക്കല്‍, സ്വകാര്യവത്ക്കരണം, കമ്പോള ഉദാരവത്ക്കരണം എന്നൊക്കെയുള്ള കുറ്റികളില്‍ ചുറ്റിത്തിരിയുന്ന താത്പര്യം പഴയ ബജറ്റുകളുടേതുതന്നെ. അതുപക്ഷെ, ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ വേദന കുറയ്ക്കാനുള്ള ഐസക്കിയന്‍ മന്ത്രവാദത്തെ സ്തുതിക്കാതെവയ്യ. വേദനസംഹാരികളേ ഇനി വേണ്ടൂ. രോഗം മാറ്റാന്‍ മരുന്നുകളില്ല എന്നായിരിക്കുമോ ഭാവം? എങ്കിലും അവശരേയും കോര്‍പറേറ്റുകളേയും ഒരേമട്ട് തൃപ്തിപ്പെടുത്തുന്ന ബജറ്റ് മന്‍മോഹനെക്കാള്‍ എത്ര ഗംഭീരമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്! ഈ മായാജാലത്തിനു മുന്നില്‍ വാഷിംഗ്ടന്‍ ചിന്തകര്‍ നമിക്കട്ടെ!

സഹായ സാന്ത്വന ക്ഷേമ മേഖലകള്‍ക്കു നീക്കിവെച്ചതിനെക്കാള്‍ വലിയ തുക സ്വകാര്യവത്ക്കരണത്തിന് കോര്‍പറേറ്റുകള്‍ക്കുള്ള നീക്കിവെപ്പായി കാണാം. ഇവ രണ്ടും കണ്ണിചേരുമ്പോള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരായ സമരങ്ങളെ തണുപ്പിക്കാനുമാവും. ഭരണവും സമരവും എന്ന പഴയ ഇടതുപക്ഷ ഭരണങ്ങളുടെ സമരോത്സുകതയല്ല നവലിബറല്‍ സമവായത്തിന്റെ ഇടതുപക്ഷോദാരതയാണ് പിണറായി സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത്. ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയെന്ന പതിവു വാഗ്ദാനത്തിന് കുറവില്ല. എന്നാല്‍ ഭൂപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയെക്കുറിച്ചു കുറ്റകരമായ മൗനം പുലര്‍ത്തുന്നു. അടിസ്ഥാന നിലപാടുകളിലെ ഈ ചാഞ്ചല്യത്തിന് പകരമാവുമോ വച്ചുനീട്ടിയ ആനുകൂല്യങ്ങളെന്ന് വിലയിരുത്തപ്പെടണം.

കേരളബാങ്ക് എന്ന ആശയവും കുറെകാലമായി ചര്‍ച്ചചെയ്യുന്നുണ്ട്. ബജറ്റിലത് കടന്നു വന്നിരിക്കുന്നു. നമ്മുടെ പ്രാദേശിക സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ സ്ഥാപനങ്ങളെ ഒന്നിപ്പിക്കുകയാണ്. ഇനിമേലവ വികേന്ദ്രീകൃത സ്വതന്ത്രാസ്തിത്വങ്ങളല്ല. ശക്തമായ രാഷ്ട്രീയ കേന്ദ്രീകരണത്തിലേക്കും ധനവിനിയോഗത്തിന്റെ നവശീലങ്ങളിലേക്കും അവ വലിച്ചിഴയ്ക്കപ്പെടുകയാണ്. ഭിന്ന വിതാനങ്ങളിലുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളെ ഒറ്റബാങ്കായി പരിവര്‍ത്തിപ്പിക്കുന്നത് അതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ക്കും ആശയ വ്യക്തതക്കും ശേഷമാകണം. ഇപ്പോഴുള്ള സഹകരണ ശൃംഖലയെ അതേപടി നിലനിര്‍ത്തിക്കൊണ്ട് പുതിയ കേരളബാങ്ക് തുടങ്ങാനാണ് ഗവണ്‍മെന്റ് ശ്രമിക്കേണ്ടത്. നിലവിലെ സഹകരണബാങ്കുകളിലെ വിനിയോഗക്ഷമമല്ലാതെയുള്ള നീക്കിയിരിപ്പുപണം പൊതുതാത്പര്യങ്ങള്‍ക്കു ലഭ്യമാക്കാനുമാവണം.

അഴിമതിമുക്ത മതനിരപേക്ഷ വികസിതകേരളമെന്ന വാഗ്ദാനമാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നല്‍കിയത്. ആ ഉറപ്പു പാലിക്കാന്‍ ഐസക്കിനു പ്രയാസമുണ്ടായില്ല. കേരളവികസനം പിണറായി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങുകയാണ്. അതിന്റെ മയക്കുമരുന്നു കുത്തിവെച്ചു കഴിഞ്ഞു. ഇനി ഓപ്പറേഷനാണ്. മാറ്റേണ്ടതെന്തൊക്കെയെന്നും എവിടെയൊക്കെയെന്നും കോര്‍പറേറ്റ് മുതലാളിത്തം തീരുമാനിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് കാത്തിരുന്നു കാണാം.

9 ജൂലായ് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )