ശ്രദ്ധേയമായ ഒരു കോടതിവിധിയുടെ സന്തോഷവും ആഘോഷവുമാണ് ഈ കുറിപ്പ്. മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച്ച(2016 ജൂലായാ 5) ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു സുപ്രധാനമായ ഒരു വിധിപ്രസ്താവമാണ് നടത്തിയിരിക്കുന്നത്. കലയെയും സാഹിത്യത്തെയും വിധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ പൊലീസിനോ അധികാരമില്ലെന്ന് ചീഫ് ജസ്റ്റ്സ് എസ് കെ കൗള്‍, പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചു വിധി പറഞ്ഞിരിക്കുന്നു. പെരുമാള്‍ മുരുകന്റെ മാതൊരുഭാഗന്‍ എന്ന നോവലിനു നേരെയുണ്ടായ സംഘപരിവാരങ്ങളുടെയും ഭരണകൂടത്തിന്റെയും അതിക്രമങ്ങള്‍ക്കു ശക്തമായ താക്കീതാണ് ലഭിച്ചിരിക്കുന്നത്.
എഴുത്തു നിര്‍ത്തിയ പെരുമാള്‍ മുരുകന് ഇനിയും എഴുതണമെന്ന് കോടതി അഭ്യര്‍ത്ഥിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യവും മനുഷ്യാവകാശവും പുലരണമെന്ന നീതിബോധവും എഴുത്തുകാരോടും കലാകാരന്മാരോടുമുള്ള സ്നേഹാദരവുകളും നിറഞ്ഞ അപൂര്‍വ്വം വിധികളിലൊന്നാണിത്. എഴുത്തു സ്വാതന്ത്യത്തിന്റെ ആദ്യ നിയമം യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ ഇരുനൂറ്റമ്പതാം വാര്‍ഷികത്തിലാണ് ഇന്ത്യയിലൊരു കോടതിക്ക് ഇങ്ങനെ ഓര്‍മപ്പെടുത്തേണ്ടിവരുന്നത്. മഹത്തായ മനുഷ്യാവകാശ പ്രഖ്യാപനത്തിനും അറുപത്തിയെട്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു.
മതധാര്മികതയുടെയും സദാചാരത്തിന്റെയും മധ്യകാല നിര്‍ബന്ധങ്ങളെ മുറുകെ പുണരുന്ന പിന്നോക്കി സംഘങ്ങളുടെ തീര്‍പ്പുകള്‍ക്കു ഭരണകൂട അംഗീകാരം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യം ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുണ്ട്. ക്രിസ്തുവിനും മൂന്നു നൂറ്റാണ്ടു മുമ്പ് യൂറിപ്പിഡിസും സോക്രട്ടീസുമൊക്കെ നേരിട്ട അതേ പൗരോഹിത്യ വിചാരണകളെയാണ് പുതിയ കാലത്തെ സര്‍ഗാത്മക ജീവിതങ്ങളും നേരിടുന്നത്. എഴുതുന്നവനും സംസാരിക്കുന്നവനും വരയ്ക്കുന്നവനും നടിക്കുന്നവനും അധികാരത്തിന്റെ ശത്രുക്കളായിത്തീരുന്നു. അവര്‍ അക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്നു. അങ്ങനെയൊരു ഭീതിദകാലത്ത് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രത്യാശാഭരിതമാകുന്നു.
തിരുച്ചങ്കോട്ടെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ ചില ആചാരങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളാണ് മാതൊരുഭഗന്‍ എന്ന നോവലിനെ സംഘപരിവാരം വളയാനിടയാക്കിയത്. കുട്ടികള്‍ ജനിക്കാത്തവര്‍ക്കു ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ നിവൃത്തിയുണ്ടാക്കുന്നവിധം നോവലില്‍ വിവരിക്കുന്നുണ്ട്. നിലനിന്ന കാര്യങ്ങള്‍ അതേപടി പകര്‍ത്തുന്നത് മതവികാരത്തെ വര്ണപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. പരാതി കിട്ടിയ നാമക്കല്‍ ജില്ലാ ഭരണകൂടം പുസ്തകം പിന്‍വലിച്ചു മാപ്പപേക്ഷിക്കണമെന്നാണ് പെരുമാള്‍ മുരുകനോട് ആവശ്യപ്പെട്ടത്. താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന ഞെട്ടിപ്പിക്കുന്ന തീരുമാനമാണ് എഴുത്തുകാരന് കൈക്കൊണ്ടത്. ഇതേ തുടര്‍ന്നു മുര്‍പ്പോക്ക് എഴുത്താളര്‍ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എല്ലാവിധ സെന്സര്ഷിപ്പുകള്ക്കുമെതിരായ കോടതിവിധിയൊന്നുമല്ല ഇത്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെ വിധിയാവണമെന്നും ആര്‍ക്കു വേണ്ടിയാവണമെന്നും ഒരു വീണ്ടു വിചാരത്തിന് ഇതിടയാക്കും. പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം.ആവശ്യമെങ്കില്‍ അതിനുവേണ്ട അറിവും പാണ്ഡിത്യവുമുള്ള പ്രഗത്ഭരടങ്ങിയ സമിതി രൂപീകരിക്കണമെന്നു വിധി സര്‍ക്കാറിനോടാവശ്യപ്പെടുന്നു. സര്ഗാത്മകാവിഷ്ക്കാരങ്ങള്ക്കുമേല് അല്‍പ്പബുദ്ധികളായ പിന്‍നോക്കികളുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ഈ വിധി ഓര്‍മ്മപ്പെടുത്തുന്നു.
മതനേതൃത്വങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ്, യുക്തി വിചാരത്തിന്റെ വെളിച്ചം പരക്കുന്നതിനുംമുമ്പ് ആരംഭിച്ച അതേ സമീപനവും വിചാരണയും ഇപ്പോഴും തുടരുകയാണ്. മതാധികാരത്തിനു അധീശത്വമുള്ള രാജവാഴ്ച്ചയുടെ കാലത്തെന്നപോലെ ജനാധിപത്യത്തിലും ആവാമെന്ന് ധാര്ഷ്ട്യംകാട്ടുന്നു. അച്ചടി ആരംഭിക്കുന്ന കാലത്തുതന്നെ വായിക്കരുതാത്ത പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു പോപ്പ് പോള്‍ നാലാമന്. അത് 1559ല്‍ ആയിരുന്നു. പിന്നീട് ഇരുപതു തവണയെങ്കിലും മാറിവന്ന പോപ്പുമാര്‍ പുസ്തക നിരോധനത്തിന്റെ ഉത്തരവുകളിട്ടു. മാര്‍ക് ട്വെയിനിന്റെ ഹക്കിള്‍ബറി ഫിന്നുപോലും സ്കൂള്‍ ലൈബ്രറികളില്‍ അയിത്തമുണ്ടായി.
മാര്‍ക് ട്വെയിനിന്റെയും വില്യം ഫോക്നറുടെയും ഡി എച്ച് ലോറന്‍സിന്റെയും പുസ്തകങ്ങള്‍ക്കു നിരോധനമുണ്ടായെങ്കിലും ശാരീരികമായ അതിക്രമങ്ങളെ അവര്‍ക്കു നേരിടേണ്ടി വന്നില്ല. ഇന്ത്യയില്‍ ഇന്നു സ്ഥിതി വ്യത്യസ്തമാണ്. ഗല്മാന് റഷ്ദിക്കെതിരെ ആയത്തൊള്ള ഖൊമേനി പുറത്തിറക്കിയ ഫത്വയെ അനുസ്മരിപ്പിക്കുന്ന നിലപാടുകളാണ് ഇവിടെ തുടരുന്നത്. റഷ്ദിയെ എവിടെനിന്നു കിട്ടിയാലും കൊന്നു കളയണമെന്ന പരസ്യ ആഹ്വാനമായിരുന്നു ഖൊമേനിയുടേത്. സാത്താനിക് വേഴ്സസ് അത്രമാത്രം അവരെ പ്രകോപിപ്പിച്ചിരുന്നു.
മതാധിഷ്ഠിതമായ ഒരു കപടസാംസ്ക്കാരിക ദേശീയത പ്രചരിപ്പിച്ചുകൊണ്ടുള്ള അതിക്രമങ്ങളാണ് ഇന്ത്യയില്‍ പെരുകുന്നത്. 2008ല്‍ എ കെ രാമാനുജന്റെ മുന്നൂറു രാമായണങ്ങള്‍ എന്ന പഠനം ഉള്‍പ്പെടുത്തിയ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസ്സിനു നിര്‍ത്തി വെക്കേണ്ടിവന്നു. വെന്‍ഡി ഡോണിഗറുടെ ഹിന്ദൂസ് ഏന് ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി (പെന്ഗ്വിന് ബുക്സ്) എന്ന പുസ്തകത്തിനും ഇതേ വിധിയായിരുന്നു. ഗുര്‍പ്രീത് മഹാജന് പുസ്തകനിരോധനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു എഴുതുമ്പോള്‍ ഇതെല്ലാം വിശദീകരിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ ആവിഷ്ക്കാര സ്വാതന്ത്യത്തിന് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് ഇന്ത്യയിലാണെന്ന് പ്രസ്തുത ലേഖനം ചൂമ്ടിക്കാട്ടുന്നു.
സമീപകാല ഇന്ത്യയില്‍ ദബോല്‍ക്കറും ഗോവിന്ദ പന്‍സാരെയും കല്‍ബുര്‍ഗിയും മധ്യകാല വിചാരണയുടെയും ശിക്ഷയുടെയും ഇരകളായി. ഏറെക്കുറെ ആ വഴിയിലൂടെ നീങ്ങുകയായിരുന്നു പെരുമാള്‍ മുരുകനും കെ എസ് ഭഗവാനുമെല്ലാം. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായി ആവിഷ്ക്കാര സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടം വളര്‍ന്നു വികസിച്ച കാലമാണിത്. ഭരണസംവിധാനമെല്ലാം മതബോധത്തിന്റെ ദയാരഹിതമായ പഴഞ്ചന്‍ സമീപനങ്ങളിലേക്കു വഴുതുമ്പോള്‍ നീതിയുടെ വാക്ക് എവിടെ മുഴങ്ങുമെന്ന് കാത്തിരുന്ന ജനതയ്ക്ക് വലിയ ആശ്വാസമാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി.
6 ജൂലായ് 2016