ഭൂമിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രശ്നത്തിന്റെ കേന്ദ്രത്തില്‍ സ്പര്‍ശിക്കാതെ വഴുതിമാറാനാണ് മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കു താല്‍പ്പര്യം. ഇനിയൊരു ഭൂപരിഷ്ക്കരണമോ എന്നവര്‍ ആശ്ചര്യം ഭാവിക്കും. ഭൂമിയില്ലാത്തവര്‍ക്കു മിച്ചഭൂമി കിട്ടുന്ന മുറയ്ക്കു നല്കുമല്ലോ എന്നു സമാധാനിപ്പിക്കും. പതിനഞ്ചേക്കറും കവിഞ്ഞ് ഭൂമി ചിലയിടങ്ങളിലെല്ലാം കുന്നുകൂടുന്നല്ലോ അതില്‍ നികത്തപ്പെടുന്ന വയലുകളുമുണ്ടല്ലോ എന്നാരെങ്കിലും ഖേദിച്ചാല്‍ രാജ്യത്തിന്റെ വികസനത്തിനല്ലേ എന്നു അഭിമാനസ്വരത്തില് സാന്ത്വനിപ്പിക്കും. ബോധ്യപ്പെടാത്തവരെ നിങ്ങള്‍ ജനശത്രുക്കളോ രാജ്യദ്രോഹികളോ ആവാനുള്ള പുറപ്പാടിലാണല്ലോ എന്ന് ശാസിക്കും.
അതിനിടയിലാണ് അത്ര പുതിയതൊന്നുമല്ലാത്ത സ്വരത്തില്‍, കാര്ഷികവിപ്ലവത്തിന്റെയും ഭൂപരിഷ്ക്കരണ ത്തിന്റെയും രണ്ടാം ഘട്ടവും കാര്‍ഷികോത്പാദനത്തിന്റെ വിപ്ലവകരമായ പുനസംഘാടനവും വേണമെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് ലേഖനമെഴുതിയിരിക്കുന്നത്. വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പതുക്കെപ്പതുക്കെ ഉപേക്ഷിച്ചുപോന്ന ഒരജണ്ട സ്ഥാപക നേതാക്കളിലൊരാള്‍ തന്നെയാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ജൂണ്‍ 23ന് മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച നമുക്കുവേണ്ടത് നവീന കേരളം എന്ന ലേഖനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
പൊതുവെ കേരളത്തിനു മുന്നിലും വിശേഷിച്ചു കമ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു മുന്നിലുമാണ് വിഎസ് ഒരജണ്ട സമര്‍പ്പിച്ചിരിക്കുന്നത്. ഭൂപരിഷ്ക്കരണത്തിനു ഘട്ടങ്ങളില്ല എന്നു പറഞ്ഞുപോന്ന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. കാര്ഷികോത്പ്പാദനത്തെ ഒഴിവുസമയ പച്ചക്കറിക്കൃഷിക്കപ്പുറം കാണാന്‍ മടിക്കുന്ന നേതാക്കള്‍ കോര്‍പറേറ്റ് വികസനത്തിന്റെ മായാലോകത്താണ്. ആരെ പുറന്തള്ളിയും കേരളത്തിന്റെ ഭാവി വികസനം ഉറപ്പാക്കാനുള്ള ദൃഢ പ്രതിജ്ഞയിലാണവര്. കുടിയൊഴിപ്പിക്കലുകളില്ലാത്ത ജീവിത സുരക്ഷയെക്കുറിച്ചുള്ള പഴയ മുദ്രാവാക്യങ്ങളും വഴിയിലുപേക്ഷിച്ചു കഴിഞ്ഞു.
അധികാരബദ്ധ രാഷ്ട്രീയക്കാര്‍ അവഗണിച്ചു തമസ്ക്കരിക്കാന്‍ തീരുമാനിച്ച വി എസിന്റെ ലേഖനം കെ വേണു വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. അച്യുതാനന്ദന്റെ നവീന കേരള സങ്കല്‍പ്പം എന്ന ലേഖനം (മാതൃഭൂമി ദിനപത്രം 2 ജൂലായ് 2016) ആ രീതിയില്‍ ശ്രദ്ധേയമാണ്. എന്നാല്‍ പഴയ മുനതേഞ്ഞ ആയുധമുപയോഗിച്ച് ഒരിക്കല്‍ക്കൂടി കമ്യൂണിസ്റ്റുകളെയും വി എസ്സിനെയും നേരിട്ടുകളയാമെന്ന ആ പുറപ്പാട് സങ്കടകരമായി. വി എസ്സിന്റെ കാഴ്ച്ചപ്പാടുകളോടും നിര്‍ദ്ദേശങ്ങളോടും വിയോജിക്കാം. ബദലുകള്‍ നിര്‍ദ്ദേശിക്കാം. എന്നാല്‍ അതിലുപരി ആവേശം ഗ്വാഗ്വാ വിളിക്ക് ഉപയോഗിക്കുന്നത് വേണുവാകുമ്പോള് തീര്‍ച്ചയായും അത് ദുഖകരമാണ്.
കേരളത്തില്‍മാത്രമേ ഭൂപരിഷ്ക്കാരം നടന്നിട്ടുള്ളുവെന്ന് കേരളീയര്‍, വിശേഷിച്ചും കമ്യൂണിസ്റ്റുകാര്‍ കരുതുന്നുവത്രെ. ഏതോ കവലയില്‍ കേട്ട ഒരു പ്രസംഗത്തെ ആശ്രയിച്ച് അങ്ങനെ പറയാമോ? ഇ എം എസ് തന്നെ അങ്ങനെയൊരു തെറ്റിദ്ധാരണയരുതെന്ന് പലവട്ടം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഹൈദ്രാബാദിലെയും കാശ്മീരിലെയും മുന്നനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യത്തെ ഭൂപരിഷ്ക്കാര ശ്രമമല്ല കേരളത്തിലേതെന്ന് ആദ്യം പറഞ്ഞത് ഇ എം എസ് തന്നെയാണ്. പിന്നീടും പലയിടങ്ങളിലും പല രീതിയില്‍ മുതലാളിത്ത വികസനത്തിന്റെ അനിവാര്യതയില്‍ ഭൂനിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ, വേറിട്ടൊരു വികസന പരിപ്രേക്ഷ്യത്തിന്റെ അടിത്തറയാവണമെന്ന ലക്ഷ്യത്തോടെ നിയമനിര്‍മാണത്തിനു ശ്രമിച്ചത് കേരളം മാത്രമാണ്. ഭൂമിക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വ്യവസായം, ഗതാഗതം തുടങ്ങി ഇതര മേഖലകളിലേക്കും പരസ്പരാശ്രിതമായ വളര്‍ച്ചയ്ക്കുതകുന്ന നവീകരണ ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഏറെ പരിമിതികള്ക്കകത്തായിരുന്നു അതെന്നത് വാസ്തവം. എങ്കിലും യോജിക്കാനും വിയോജിക്കാനും ഒരു കേരളമോഡല്‍ രൂപപ്പെട്ടതങ്ങനെയാണ്.
അമ്പത്തിയേഴിലെ ഗവണ്മെന്റിന് തുടര്‍ച്ച ഇല്ലാതെ പോയത് വലിയ നഷ്ടമാണ് കേരളത്തിനു വരുത്തി വച്ചത്. കാര്‍ഷിക പരിഷ്ക്കരണം ശാസ്ത്രീയമാക്കാനും അതിന്റെകൂടി ഭാഗമായി മുഴുവന്‍ കൃഷിപ്പണിക്കാര്‍ക്കും ഭൂമി ലഭ്യമാക്കാനും സാധിക്കേണ്ടതായിരുന്നു. ഭൂമിയില്‍ അവകാശമില്ലാതെ പ്രാന്തങ്ങളിലേക്കും പിന്നീട് പരിമിതമായി കോളനികളിലേക്കും വകഞ്ഞുമാറ്റപ്പെട്ട കീഴാള സമൂഹങ്ങള്‍ക്കു ജീവിതത്തിലേക്ക് വഴി തുറക്കണമായിരുന്നു. എന്നാല്‍ സകല പിന്തിരിപ്പന് ആശയങ്ങളുടെയും അകാലപ്രളയമായിരുന്നു അമ്പതുകള്‍ക്കൊടുവില്‍ കണ്ടത്. ലോകമുതലാളിത്തം ഒരു പ്രദേശത്തേക്ക് ഇത്രയേറെ ശ്രദ്ധ കേന്ദ്രീകരിച്ച അപൂര്‍വ്വ സന്ദര്‍ഭങ്ങളേയുള്ളു. ഒപ്പംകൂടിയ നാട്ടുമാടമ്പിമാരും സാമുദായിക നേതൃത്വങ്ങളും വിമോചനമെന്ന് ധരിച്ചത് ഒരധിനിവേശത്തെയായിരുന്നു. അതിന്റെ പിഴ നാമിന്നും ഒടുക്കിക്കൊണ്ടിരിക്കുന്നു.
ആദ്യ നിയമത്തില്‍തന്നെ പട്ടിക ജാതിക്കാരുടെയും ഇതര കീഴാളരുടെയും പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു സാധിച്ചില്ല എന്ന വേണു ഉന്നയിക്കുന്ന വിമര്‍ശനം ശരിയാണ്. എന്നാല്‍ അവതരിപ്പിക്കപ്പെട്ട ബില്ലുപോലും അതേപടി പാസാക്കാന്‍ കഴിഞ്ഞില്ലെന്ന വാസ്തവവും നാം മറന്നുപോകരുത്. നിരന്തരമായ സമരത്തിലൂടെ നേടിയെടുക്കേണ്ട കാര്യങ്ങളായിരുന്നു അവ. ഇപ്പോഴും ആ യാഥാര്‍ത്ഥ്യം വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്ക്കായിട്ടില്ല. ദളിത് ആദിവാസി ഭൂസമരങ്ങളോട് സ്വീകരിക്കുന്ന സമീപനം അതാണ് വെളിപ്പെടുത്തുന്നത്. സ്വയംവിമര്‍ശനപരമായി അതുകാണാനുള്ള ശ്രമം വി എസ്സിന്റെ ലേഖനത്തിലുണ്ടെങ്കിലും അത് സ്വാഗതം ചെയ്യാനുള്ള വിമുഖത മറ്റേതോ താല്‍പ്പര്യം പുറത്തുകാണിക്കുന്നുണ്ട്..
കൂലിക്കും തൊഴില്‍ സുരക്ഷക്കുമുള്ള കീഴാള സമരങ്ങളാണ് കേരളത്തിന്റെ കാര്‍ഷിക – വ്യാവസായിക പ്രതിസന്ധികള്‍ക്കു കാരണമെന്ന മനോരമാദി മാധ്യമങ്ങളുടെ പഴയ കുറ്റപത്രംതന്നെയാണ് വേണുവും ഉയര്‍ത്തിക്കാട്ടുന്നത്. കാര്‍ഷിക രംഗത്തു തൊഴിലെടുക്കുന്നവരുടെ തൊഴില്‍ നഷ്ടമാക്കുന്ന യന്ത്രവത്ക്കരണം അംഗീകരിക്കാനാവില്ലെന്ന യൂണിയനുകളുടെ ന്യായീകരണം നിലനില്‍ക്കുന്നതല്ല എന്നാണ് വേണു പറയുന്നത്. ഇത് മനോരമയും മറ്റും മുമ്പേ പറഞ്ഞിട്ടുണ്ട്. അന്നുതന്നെ തൊഴിലാളികളും കീഴാള സമൂഹങ്ങളും മറുപടി നല്‍കിയതാണ്. ഒരാളെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിപ്പിക്കുന്ന ഒന്നും രാജ്യത്തിന്റെ വികസനത്തിനുള്ളതല്ല. ഏതു പരിഷ്ക്കാരവും എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്നതും അവരുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതുമാവണം. യന്ത്രവത്ക്കരണം ഉത്പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമാണെങ്കില്‍ അടിസ്ഥാന തൊഴിലാളികള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ അവസരം നല്കിക്കൊണ്ടും ഭൂമിയില്‍ അവകാശം നല്കിക്കൊണ്ടും പരിഹാരം കാണേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല ഇപ്പോഴും ആ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനുള്ള വെമ്പല്‍ കുറയുന്നില്ല.
തൊഴില്‍ സമയം കുറച്ചുകൊണ്ടുവന്ന് യന്ത്രങ്ങള്‍ നല്കുന്ന സൗകര്യങ്ങളില്‍ തൊഴിലാളികളെക്കൂടി പങ്കാളികളാക്കണമെന്ന ആവശ്യത്തിന് ലോകത്തെങ്ങും പിന്തുണയേറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യാ വികാസത്തിന്റെ സൗകര്യം മൂലധന നിക്ഷേപകര്‍ക്കു മാത്രം എന്ന ധാരണ ചോദ്യം ചെയ്യപ്പെടുകയാണ്. മുതലാളിത്തം പക്ഷെ, ഈ മുറവിളി രാജ്യത്തിന്റെ വികസനത്തിനുണ്ടാക്കുന്ന നഷ്ടത്തെപ്പറ്റിയാണ് എന്നും വിലപിക്കുന്നത്. വേണു ഈ വിലാപത്തിലാണ് പങ്കു ചേരുന്നത്.
ചുരുക്കത്തില്‍, “നമുക്കുവേണ്ടത് നവീന കേരളം” എന്ന ലേഖനം ഉയര്‍ത്തിയ വീണ്ടുവിചാരങ്ങളെ ആരോഗ്യകരമായ സംവാദങ്ങളിലേക്കു വികസിപ്പിക്കാനോ പൊതുവേ ചര്‍ച്ചകളില്‍നിന്നു മുഖം തിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ജനകീയ പ്രശ്നങ്ങള്‍ക്ക് അഭിമുഖമായി നിര്‍ത്താനോ വേണുവിന് സാധിക്കുന്നില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് പാതയാണെന്ന് തെളിയിക്കാനുള്ള ഒരുപാധിയായേ അദ്ദേഹം ഈ ഇടപെടലിനെകണ്ടുള്ളു. കോര്‍പറേറ്റ് വികസന രാഷ്ട്രീയത്തിന് നില്ക്കാനൊരിടം വേണുവും ഒരുക്കിക്കൊടുക്കുന്നു. വി എസ്സിന്റെ ലേഖനം സമകാലിക കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ആഴമേറിയ പിളര്പ്പുകളെയാണ് തുറന്നുവച്ചിരിക്കുന്നത്. അതോടൊപ്പം കേരള വികസനത്തിന്റെ അടിസ്ഥാന കടമ്പകളേതെന്നും തൊട്ടുകാട്ടുന്നു. നമുക്കു യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്.
2 ജൂലായ് 2016