സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി പ്രക്ഷോഭങ്ങളുണരും. ജൂണ്‍ 18 മുതല്‍ 20വരെ ദില്ലിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത സമരപരമ്പരകളും തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത സെപ്തംബര്‍ 2ന്റെ പണിമുടക്കുമായി ബന്ധപ്പെട്ടു നടക്കുന്ന കാമ്പെയിനുകളും തെരുവുകളിലിരമ്പാന് പോകുന്നു.
സ്വകാര്യവത്ക്കരണത്തിനെതിരെ ജനരോഷമിരമ്പേണ്ട റോഡുകള്‍ സ്വകാര്യവത്ക്കരിക്കാന്‍ ഉത്സാഹിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ സംരംഭമെന്ന പ്രശസ്തി തീര്‍ച്ചയായും ഈ പ്രവൃത്തിയെ തേടിയെത്തും. സംഗതിവശാല്‍ അതിന്റെ നടത്തിപ്പുകാരെന്ന ഖ്യാതിയും സിപിഎമ്മിനു തന്നെയാണ് ചാര്‍ത്തിക്കിട്ടുക. അഭിമാനകരമെങ്കില് അതവരണിയട്ടെ.
അടിസ്ഥാന സൗകര്യവികസനത്തിന് സ്വകാര്യവത്ക്കരണമാവാം എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചിരിക്കുന്നു. എല്ലാ കക്ഷികളും എന്നു പറഞ്ഞാല്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ക്കു തലകുനിച്ചുകൊടുത്തവര് എന്നര്‍ത്ഥം. അവരൊന്നിച്ചു ചോദിക്കുന്നത് വികസനത്തിന് പണം കണ്ടെത്തേണ്ടേ? അതെവിടെനിന്നുകിട്ടും എന്നാണ്.
എവിടെപ്പോയി നമ്മുടെ സമ്പത്ത്? നികുതിപ്പണം? ഇക്കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉത്പ്പന്നങ്ങളില്നിന്നു 42000 കോടിരൂപ സെസ്സായി പിരിച്ചെടുത്തിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. അത് 2016-17 വര്‍ഷത്തില്‍ എണ്‍പതിനായിരം കോടിക്കു മുകളിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പക്ഷെ, ദേശീയപാതാ അതോറിറ്റിക്കു നീക്കി വെച്ചിരിക്കുന്നത് രണ്ടായിരംകോടി രൂപ മാത്രമാണ്. അതേസമയം സെസ്സ് പിരിവും ടോള്‍പിരിവും അവരുടെ ഉത്തരവാദിത്തമാണെന്ന് ഗവണ്മെന്റ് ഓര്‍മിപ്പിക്കുന്നുണ്ട്. റോഡ് നികുതിയിനത്തില്‍ പിരിക്കുന്ന തുകയുടെ ഭീമമായ പങ്ക് എവിടേക്കാണ് ഒഴുകുന്നത്? ഏത് സാമ്പത്തിക സമീപനത്തിന്റെ ശിക്ഷയാണ് പാവം ജനത അനുഭവിച്ചു തീര്‍ക്കേണ്ടത്?
ജനങ്ങളെ കോര്‍പറേറ്റുകള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും പണയംവച്ച കാശാണ് ഇപ്പോള്‍ ഗവണ്മെന്റുകള് ഇരന്നു വാങ്ങുന്നത്. ആ നയത്തെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ അതിന്റെ മുഖ്യ നടത്തിപ്പുകാരാവാന്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് കേരളത്തിലേത്. പെട്രോളും ഡീസലും വാങ്ങുമ്പോള്‍ നാം കൊടുക്കുന്ന വിലയുടെ വലിയ ഭാഗം നികുതിയാണ്. രണ്ടിനും അടിസ്ഥാന വില ഇരുപത്തിയെട്ടു രൂപയോളമേ വരൂ. ബാക്കിവരുന്നതെല്ലാം പലവിധ നികുതികള്‍. അതില്‍ ദേശീയപാതാ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള വിഹിതമുണ്ട്. വാഹനം വാങ്ങുമ്പോഴും യാത്രചെയ്യുമ്പോഴും മറ്റും നാമടയ്ക്കുന്ന നികുതിക്കു പുറമേയാണിത്. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെക്കാളും കൂടുതല്‍ തുക കേരളത്തില്‍നിന്നാണ് കിട്ടുന്നത്. പ്രതിദിനം എത്ര ആയിരംകോടിരൂപ വരുമെന്നേ നോക്കേണ്ടൂ.
ഇതെത്രയാണെന്നറിയാനോ കേരളീയരോട് പറയാനോ കേരള ഗവണ്മെന്റിന് ബാധ്യതയില്ലേ? അവകാശപ്പെട്ടത് ചോദിച്ചു വാങ്ങേണ്ടതല്ലേ? പകരം കൂടുതല്‍ പിഴിഞ്ഞോളൂ ജനങ്ങളുടെ ചോരയൂറ്റിക്കോളൂ എന്ന കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കി മാതൃക കാട്ടാനാണ് ധൃതി. ഹെഗ്ഡേവാര്‍ ചരമദിനത്തില്‍ ലോകയോഗദിനാചരണം നടപ്പാക്കാന്‍ മോഡി സര്‍ക്കാറിനെ തുണയ്ക്കാനും കേരളമുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും അതത്ര ഏശിയില്ല. ത്രിപുരയില്‍പ്പോലും യോഗയുണ്ടായില്ല. 1982 മുതല്‍ ജൂണ്‍ 21 ലോക സംഗീത ദിനമായി ആചരിച്ചു വരുന്നുണ്ട്. അത് ബീഹാറുകാരേ ഓര്‍ത്തുള്ളു. ജനങ്ങളെ സൈനികവത്ക്കരിക്കാന് രണ്ടു സൈനികശക്തികള്‍ കേരളത്തില്‍ എല്ലാം മറന്നു സഹകരിച്ചു.
ചരക്കു നികുതിയുടെ കാര്യത്തിലും സഹകരിക്കണമെന്നുണ്ടായിരുന്നു. ദില്ലിയിലെ ആപ്പീസിലിരിക്കുന്നവര് തടസ്സംനിന്നതാണ് പ്രശ്നമായത്. അല്ലെങ്കില്‍ അതും മോഡിക്കു വിജയമാകുമായിരുന്നു. മോഡി ആഗ്രഹിക്കുന്നു കേരളം നടത്തുന്നു എന്നതല്ലേ നില? (കഴിഞ്ഞ തവണ ലോക യോഗദിനാചരണം അത്ര നിര്ബന്ധമില്ലെന്ന നിലപാടിലായിരുന്നു കേരളം. സ്ഥിതി മാറി.) ഏറ്റുമുട്ടലൊക്കെ പ്രവര്‍ത്തകര്‍ തമ്മില്‍. നയനടത്തിപ്പില് അസാധാരണമായ ഐക്യം. നേരത്തേ രണ്ടു കൂട്ടരും പൊതുനിരത്തുകള്‍ സ്വകാര്യവത്ക്കരിക്കുന്നതിന് എതിരായിരുന്നു. പാലിയേക്കരയിലെ സമരരംഗത്ത് ലാത്തിയേറ്റ് ശോഭാസുരേന്ദ്രന്റെയും ചോരവീണിരുന്നു. ഭരണം എല്ലാം മാറ്റി മറിക്കുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വരാനിരിക്കുന്ന വിപത്തിന്റെ ചിറകടിയുണ്ട്. വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമുണ്ടാകുമത്രെ. പ്രിയ ഗവണ്മെന്റേ, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ജീവിതമാണ് നഷ്ടമാകുന്നത്. പാക്കേജുണ്ടാക്കുമ്പോള് മാന്യമായ ഒരു സമീപനമാണ് ആദ്യമുണ്ടാകേണ്ടത്. ഒരു ബദല്‍ മാര്‍ഗവുമില്ലാതെ വരുമ്പോള്‍, അടിയന്തിര സാഹചര്യത്തില്‍മാത്രം മതിയായ നഷ്ടപരിഹാരവും ഭൂവിലയും നല്കി പുനരധിവസിപ്പിച്ച ശേഷം ഭൂമി ഏറ്റെടുക്കാം. ദേശീയ പാതയുടെ കാര്യത്തില്‍ മറ്റൊരു വഴിയുമില്ലെന്ന് പറയാനാവില്ല. നാലുവരിപ്പാതയ്ക്ക് നാല്‍പ്പത്തിയഞ്ചു മീറ്റര്‍ വേണ്ടെന്ന് ആര്‍ക്കാണറിയാത്തത്? എന്നിട്ടും പത്തുവരിപ്പാതയ്ക്കും നടുവില്‍ നാലരമീറ്റര്‍ മീഡിയനും വേണ്ട വീതിയില്‍ സ്ഥലമെടുക്കുന്നതിന് ഒരുദ്ദേശം കാണും. ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് ഗവണ്മെന്റുകള് നോട്ടമിട്ടിരിക്കുന്നത്. ദേശീയപാതാ വികസനമെന്നു പറയാം. എല്ലാവര്ക്കും യോജിപ്പായിരിക്കും. നാല്പത്തിയഞ്ചു മീറ്റര്‍ വീതിയില്‍ സ്ഥലമളന്നാല് സംസ്ഥാനത്തെ ചെറുകിട വ്യാപാര ശൃംഖലയുടെ എഴുപതു ശതമാനവും ഒറ്റയടിക്കു തൂത്തെറിയാം. കോര്‍പറേറ്റ് തമ്പുരാന്മാരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്. ചെറുകിട വ്യാപാര മേഖല കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്നതില്‍ വലിയ പ്രതിഷേധമായിരുന്നു ആളുകള്‍ക്കും വ്യാപാരികള്‍ക്കും ഇടതുപക്ഷത്തിനും. കേരളത്തില്‍ അതു നടപ്പില്ലെന്നായിരുന്നു വാദം. മാളുകള്‍ കെട്ടാന്‍ കാത്തു നിന്നു നിരാശരായവര്‍ക്ക് ഇപ്പോഴൊരു സമ്മാനമായല്ലോ. ചെറുകിട വ്യാപാര മേഖലയില്‍ വിദേശമൂലധനത്തിനു വരാന്‍ നാലുവരിപരവതാനി!
ബി ഒ ടി മുതലാളിമാര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. നിര്‍മാണത്തിനുള്ള ധനമൂലധനം ജനങ്ങളുടെ നികുതിക്കാശില്നിന്നുതന്നെ ലഭിക്കും. ദേശീയപാതാ അതോറിറ്റിയുടെ ഗ്രാന്റും ബാങ്കു വായ്പയുമൊക്കെയായി പണമൊഴുകുന്നത് ദരിദ്രരുടെ പോക്കറ്റില്‍നിന്ന്. ഇരുപതോ മുപ്പതോ വര്‍ഷം വിയര്‍ത്തൊലിച്ചു ചുങ്കംപിരിക്കുന്ന ജോലി പാവം മുതലാളിമാര്‍ക്ക്. പിപിപി നിര്‍മാണത്തില്‍ അതവരുടെ അവകാശമാണ്. യഥാര്‍ത്ഥ നിക്ഷേപം ഇവിടെയും ഭൂമിയാണെന്ന കാര്യം എല്ലാവരും സൗകര്യത്തില്‍ മറക്കുന്നു. ധനനിക്ഷേപത്തിന് തിരിച്ചടവ് വേണം. അതൊട്ടും താമസിക്കാനും പാടില്ല. ഭൂമിയുടെ കാര്യത്തില്‍ അടവുമില്ല, തിരിച്ചടവുമില്ല.
ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ താമസിച്ചിരുന്നവരെ തൃപ്തികരമായി പുനരധിവസിപ്പിക്കണം. സ്വകാര്യമുതലാളിമാര്ക്കുള്ള കച്ചവടമാണെങ്കില്‍ കച്ചവടത്തിന്റെ വ്യവസ്ഥയില്വേണം ഭൂമി ഏറ്റെടുക്കുന്നതും. ധനനിക്ഷേപത്തെക്കാള് വലിയ നിക്ഷേപമായി ഭൂമി നിക്ഷേപത്തെ കാണണം. നാള്‍ക്കുനാള്‍ മൂല്യം കുറയുന്ന ധനത്തിന്റെ തിരിച്ചടവുപോലെയല്ല നാള്‍ക്കു നാള് മൂല്യമേറുന്ന ഭൂമിനിക്ഷേപത്തിന്റെ തിരിച്ചടവു വേണ്ടത്. പിരിച്ചെടുക്കുന്ന ചുങ്കത്തിന്റെ മതിയായ വിഹിതം, ചുങ്കം പിരിക്കുന്ന കാലത്തോളം ഭൂമിയുടെ നിക്ഷേപകര്‍ക്കും നല്‍കണം. കച്ചവടമാണെങ്കില്‍ ലാഭവിഹിതവും അതിന്റെ ഭാഗമാണ്. ചുങ്കരഹിത പാതയാണെങ്കില്‍ ജനങ്ങള്‍ ഒരവകാശവാദവും ഉന്നയിക്കില്ല. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന പതിവു പദ്ധതി മതിയാകും.
പക്ഷെ, ഇതേപ്പറ്റിയൊന്നും ഇനി ചര്‍ച്ചയില്ലല്ലോ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ സംരംഭത്തിന് ചുവപ്പുകൊടി വീശി സ്വാഗതം പറയാനാണ് ജൂലായ് പതിനൊന്നുമുതല്‍ സഖാക്കള്‍ തെരുവിലിറങ്ങേണ്ടിവരിക. തിരുവനന്തപുരത്തുനിന്ന് നന്ദിഗ്രാമിലേക്ക് ഇത്രയേ ദൂരമുള്ളു എന്ന് ആവേശപൂര്‍വ്വം നെടുവീര്‍പ്പിടാം.
25 ജൂണ്‍ 2016