വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക പദ്ധതികളില്‍ യോഗാഭ്യാസത്തിന്റെ ആദര്‍ശങ്ങളും വ്യത്യസ്തങ്ങളാണ്. ഉപനിഷത്തുകളിലിതു ബ്രഹ്മത്തോടു സായൂജ്യമോ ബ്രഹ്മസാക്ഷാത്ക്കാരമോ ആണ്. പതഞ്ജലിയോഗത്തിലിതു സത്യത്തിലേക്കുള്ള അന്തര്‍ദ്ദര്‍ശനമാണ്. ബുദ്ധമതത്തിലിതു ബോധിസത്ത്വപദവി പ്രാപിക്കലോ പ്രപഞ്ചത്തിന്റെ നിസ്സാരതയെപ്പറ്റിയുള്ള ബോധമോ ആണ്.
ഡോ. എസ് രാധാകൃഷ്ണന് തന്റെ ഭാരതീയദര്‍ശനത്തില്‍ എഴുതിയ വാക്യങ്ങളാണ് മുകളില്‍ വായിച്ചത്. വ്യത്യസ്ത ആദര്ശങ്ങളോടെയുള്ള യോഗാഭ്യാസം അതിന്റെ നിഷ്ഠകളിലും അതു പ്രകടിപ്പിച്ചിട്ടുണ്ടാവണം. ബുദ്ധന് പരിഷ്ക്കരിച്ച യോഗ അലൗകികസിദ്ധിക്കു വേണ്ടിയുള്ള അഭ്യാസമായിരുന്നില്ല. ജ്ഞാനാര്ജ്ജനത്തിലും ധര്മ്മാചരണത്തിലുമാണ് അതൂന്നിയത്. അതിനനുയോജ്യമായ ചര്യാക്രമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരിക്കണം.
നാമിപ്പോള്‍ ഒരു സര്‍ക്കാരുത്തരവിന്റെ ഭാഗമായി നടത്തുന്ന യോഗ ഏതു പാരമ്പര്യത്തെയാണ് പിന്‍പറ്റുന്നത്? ആരോഗ്യമുള്ള മനസ്സും ശരീരവും സമൂഹവും രാഷ്ട്രവും എന്ന ലക്ഷ്യം നിറവേറ്റാന്‍ പര്യാപ്തമായ ഒരു മാതൃക പാരമ്പര്യത്തിന്റെ ഏതു ധാരയില്‍നിന്നാണ് സ്വീകരിക്കുന്നത്? ഉപനിഷത്തുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നു കരുതുന്ന വേദാന്തേതര ദര്‍ശനങ്ങളിലൊന്നായ യോഗം ആസ്തിക ദര്‍ശനങ്ങളുടെ ആലഭാരങ്ങളണിഞ്ഞെത്തുന്നതാണോ നാം കാണുന്നത്? പതഞ്ജലിയിലും ബുദ്ധനിലും ഇതര പ്രയോക്താക്കളിലുമായി രൂപംകൊണ്ട യോഗദര്‍ശനത്തിന്റെ കൈവഴികള്‍ ലഘുവായെങ്കിലും പരിശോധിക്കാതെ പുനരുത്ഥാന വാദങ്ങളുടെ ഇരമ്പിക്കയറ്റത്തിനിടയില് കണ്ണടച്ച് ഒരു സര്ക്കാറുത്തരവിനെ നെഞ്ചേറ്റാനാവില്ല..
മാനസികവും ആത്മീയവുമായ അനുശാസനത്തിന്റെ ദീക്ഷാക്രമം ഏത് തരം മോക്ഷപ്രാപ്തിയെയാണ് ലക്ഷ്യമാക്കുന്നത്? പ്രാര്ത്ഥനയിലാരംഭിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ മാന്വല്‍ നല്‍കിക്കൊണ്ടാണ് ഗവണ്മെന്റ് യോഗാദിനാചരണം പ്രഖ്യാപിച്ചത്. പ്രാര്‍ത്ഥന എല്ലാറ്റിനെയയും ഒന്നായി കാണാനുള്ള വിശാലമായ ദര്‍ശനം മനസ്സിലേക്കെത്തിക്കുകയായിരുന്നുവെന്ന് പറഞ്ഞുകേട്ടു. അതു പക്ഷെ മനസ്സിലാകുന്ന പരിചിത ഭാഷയില്‍ വേണമെന്ന ഔചിത്യം പരിഗണിക്കപ്പെട്ടില്ല. സംസ്കൃതത്തെ മഹത്വവത്ക്കരിക്കുന്ന ഭൂതകാല പ്രണയത്തിന്റെ മതാത്മകതയില്നിന്ന് മുക്തമായ ഒരു യോഗ ആചരിക്കപ്പെട്ടില്ല. സംസ്കൃതത്തിലൂടെ തുറക്കപ്പെടേണ്ടത് വര്‍ണാശ്രമവ്യവസ്ഥയുടെ മനുകാലലോകമാണെന്ന് ഉറപ്പിക്കുന്ന രീതിയായിരുന്നു അത്.
തിരുവനന്തപുരത്ത് യോഗദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് പ്രാര്‍ത്ഥന കേട്ടുതുടങ്ങിയപ്പോഴുണ്ടായ അസ്വസ്ഥത മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്. നേരത്തേ യോഗദിനാചരണവുമായി ബന്ധപ്പെട്ട് ദില്ലിയില്‍നിന്നു പുറപ്പെടുവിച്ച ഉത്തരവ് വായിച്ചിരുന്നുവെങ്കില്‍ ഈ ഞെട്ടലുണ്ടാകുമായിരുന്നില്ല. പ്രാര്‍ത്ഥനകൂടി നടപടിക്രമങ്ങളുടെ ഭാഗമായി ചേര്‍ത്ത അജണ്ടയാണ് അയച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റ് വലിയ ഗൗരവത്തോടെയും വിമര്‍ശനാത്മകവുമായാണ് ബി ജെ പി ഗവണ്മെന്റിന്റെ നടപടിക്രമങ്ങളെ വീക്ഷിക്കുന്നതെന്നാണ് നാം കരുതിപ്പോന്നത്. യോഗയുടെ കാര്യത്തില്‍പോലും അതുണ്ടായില്ല. ദില്ലി കല്പ്പിച്ചപോലെ നടത്തിയെടുക്കാനുള്ള കാര്‍മികത്വമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്.
ശ്രീശ്രീയും എംഉം മറ്റുചില സന്യാസിവര്യരും ഇടതുപക്ഷത്തിനു പ്രിയപ്പെട്ടവരായുണ്ട്. അവര്‍ ചില സംഭവങ്ങളോടെടുക്കുന്ന സമീപനത്തെ സ്വാഗതംചെയ്യുന്നതു മനസ്സിലാക്കാം. അവരെ സ്വീകരിക്കാനും സ്തുതിക്കാനും കാണിക്കുന്ന ആവേശം അവരുടെ ദര്‍ശനങ്ങള്‍ക്കുള്ള അംഗീകാരമായേ കാണാനാവൂ. അവരുടെ ആത്മീയ ദര്‍ശനങ്ങളെ ഏത് മതേതര മാനദണ്ഡം ഉപയോഗിച്ചാണ് ഇടതുപക്ഷം അളക്കുന്നത് എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. മതദര്‍ശനങ്ങളെ സമീപിക്കാനുള്ള യുക്തിഭദ്രവും പ്രത്യയശാസ്ത്ര നിഷ്ഠവുമായ ഉപകരണങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷത്തിനു നഷ്ടമായെന്നാണോ കരുതേണ്ടത്?
ശൈലജടീച്ചര്ക്കുണ്ടായ അസ്വസ്ഥത അവരിലിപ്പോഴും പിടഞ്ഞുണരുന്ന ഒരു മതേതരവാദിയുണ്ടെന്നു വെളിപ്പെടുത്തുന്നു. അതത്രയും ആശ്വാസകരമാണ്. എന്നാല്‍ അവരുടെ പ്രസ്ഥാനം യോഗയെന്നാല്‍ മതേതര വ്യായാമമുറയാണെന്ന വിശ്വാസത്തിലാണുള്ളത്. നരേന്ദ്രമോഡി അങ്ങനെ പറയുന്നതു മനസ്സിലാക്കാം. അവരുടെ മതേതരത്വം അതാണ്. കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ പറയണമെങ്കില്‍ കെ ദാമോദരന്റെ പുസ്തകമെങ്കിലും ഒന്നെടുത്തുനോക്കണ്ടേ? ദേബീപ്രസാദ് ചതോപാദ്ധ്യായയും കോസാംബിയുമൊക്കെ ഉപനിഷത് വ്യാഖ്യാനങ്ങള്‍ക്കപ്പുറത്തേക്ക് ഭാരതീയ ദര്‍ശനങ്ങളുടെ നേരു തേടിപ്പോയിട്ടുണ്ട്. യോഗ വെറും വ്യായാമമുറയാണ് എന്നു സര്‍ട്ടിഫിക്കറ്റു നല്കുന്നവര് പതഞ്ജലിയുടെ യോഗപദ്ധതിക്കു മാത്രമല്ല, യോഗദര്‍ശനത്തിന്റെ ഹിന്ദുത്വ വ്യാഖ്യാനത്തിനുമാണ് അംഗീകാരം നല്‍കുന്നത്. അതല്ലെങ്കില്‍ വേറിട്ടൊരു ദര്‍ശനത്തിന്റെ പിന്‍ബലത്തോടെ വേണമായിരുന്നു ഈ ദിനത്തെ സമീപിക്കുക. ബ്രഹ്മതത്വത്തിന്റെ മതാനുശാസനമാണ് യോഗശാസ്ത്രമെന്നത് (ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ) നിഷേധിക്കാനുള്ള താര്‍ക്കിക ശേഷിയെങ്കിലുമില്ലെങ്കില് യോഗയ്ക്കുള്ള ഈ കീഴടങ്ങല്‍ വ്യായാമമുറയയെന്ന വിശദീകരണംകൊണ്ട് പരിഹരിക്കാനാവാത്ത വീഴ്ച്ചയാവും.
ഗൗരവതരമായ വിഷയങ്ങളെ അതിലളിതമായ മണ്ടന്‍ വിശദീകരണങ്ങള്‍കൊണ്ടു മറികടക്കാനാവില്ല. സൈദ്ധാന്തികമായി നേരിടേണ്ടതിനെ അങ്ങനെ നേരിടാനുള്ള കരുത്തുകാട്ടണം. താല്‍ക്കാലികമായി രക്ഷ നേടാന്‍ ദുര്‍ബ്ബല വാദമുഖങ്ങള്‍കൊണ്ട് സാധിച്ചേക്കാം. പതുക്കെപ്പതുക്കെ, നാമെന്തിനെയാണോ എതിര്‍ത്തുപോന്നത് അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറുകയാവും ഫലം. യോഗയില്‍ സ്വീകാര്യമായ വ്യായാമ മുറകളുണ്ട് എന്നത് ശരിയാവാം. പക്ഷെ, യോഗ എന്ന പേരില്‍ അതനുശീലിക്കുമ്പോള് ദാര്‍ശനികമായ ഒരു വിശദീകരണം അനിവാര്യമാകുന്നു. എല്ലാ വ്യായാമമുറയും അദ്ധ്വാനത്തിന്റെ ഉപോത്പ്പന്നമാണ് എന്നത് വാസ്തവംതന്നെ. മതാത്മകാനുഷ്ഠാനങ്ങളുടെ മുദ്രകളോടെ വരുമ്പോള്‍ പക്ഷെ അവയുടെ അഭ്യസനം നിഷ്ക്കളങ്കമാവുകയില്ല.
21 ജൂണ്‍ 2016