വേറിട്ടൊരു ഭാഷയില്‍ നമ്മെ അഭിസംബോധന ചെയ്യുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒരിടത്തുറച്ചുനിന്നു കാണാവുന്നതേയുള്ളു എന്നു തോന്നിപ്പിക്കുംവിധം ഓടിനടക്കാന്‍ മടിക്കുന്ന ക്യാമറ യഥാതഥാഖ്യാനത്തിന്റെ പുതിയ രീതിതേടുകയാണ്. ക്ലോസപ്പുകളിലേക്ക് സൂക്ഷ്മപ്പെട്ട് എല്ലാം ഒറ്റയടിക്ക് വെളിപ്പെടുത്താമെന്ന വെമ്പലും ഛായാഗ്രഹണത്തിലില്ല. അത് ആത്മനിഷ്ഠമോ സന്ദേഹാസ്പദമോ ആയ അതിഭാവുകത്വ ശീലങ്ങളെ ആവര്ത്തിച്ചുറപ്പിക്കുകയേയുള്ളുവെന്ന് സംവിധായകന് കരുതുന്നുണ്ടാവണം.
തുടക്കത്തില്‍, ഒരു തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവും അതിന്റെ നിറപ്പകിട്ടുകളുമാണ് നിറയുന്നത്. അതിനിടയില്‍ സുഹൃത്തുക്കള്‍ ഒത്തുചേരുന്നു. തെരഞ്ഞെടുപ്പുദിനം അവധിയാണ്. ഒരു യാത്രപോയി ആനന്ദിക്കാനാണ് അവര്‍ നിശ്ചയിച്ചത്. കാട്ടുപൊന്തകള്‍ക്കിടയിലെ മദ്യപാനരംഗത്താണ് ഈ സുഹൃദ്സംഘം ആദ്യം തെളിഞ്ഞുവരുന്നത്. അവിടെ സ്വാഭാവികമായ സംഭാഷണങ്ങള്‍ക്കിടയില്‍ ഒഴിവുദിന പരിപാടി രൂപംകൊള്ളുകയായിരുന്നു. കൂടിച്ചേരലും നടന്ന ചര്‍ച്ചകളും ഒരു സ്ക്രിപ്റ്റിന്റെ വടിവോ വ്യക്തതയോ കൊണ്ട് ശിക്ഷിതമാവരുതെന്ന് സംവിധായകനു നിര്‍ബന്ധമുള്ളതായി ആ രംഗം സാക്ഷ്യപ്പെടുത്തുന്നു. ഇഴയുന്ന രംഗമായിട്ടും എന്തോ ഒരു കൗതുകം കാഴ്ച്ചയെ അവിടേയ്ക്കു കൂട്ടിച്ചേര്ക്കുന്നപോലെ. അസ്വാഭാവികമായ ഒന്നും പറയാനില്ലെന്ന് അല്‍പ്പംപോലും ഗൗരവം പുലര്‍ത്താതെ അയാള്‍ പറഞ്ഞുവെക്കുന്നതുപോലെ.
പിന്നെ ക്യാമറ നമ്മെയാണ് നോക്കുന്നത്. നമ്മെയെടുത്ത് കാട്ടിലേക്കു പോകുന്നു. കാട്ടിലെക്കാഴ്ച്ചകള് ഊര്വ്വരവും ഹരിതാഭവുമാണ്. റോഡിലൂടെയെത്തുന്ന സുഹൃത്സംഘത്തെ പിന്തുടരാതെ നമ്മെ സ്വീകരിച്ചാനയിച്ചു ഭിന്നമായ ഒരു ലോകക്കാഴ്ച്ചയുടെ നെറുകയില്‍ നിര്‍ത്തുകയാണ് സംവിധായകന്. പതുക്കെ മാത്രം ഇറക്കിയും നീക്കിനിര്‍ത്തിയും ഒരാഘോഷത്തിലുണരുന്ന അകജീവിതങ്ങളുടെ അടരുകളിലേക്ക് നമ്മെ എത്തിക്കുകയായി. നഗരജീവിതത്തിന്റെ തിരക്കുകളില്‍ ഓരോ പ്രവൃത്തിവേഷങ്ങളില് നിര്ണീതവും ശീലീകൃതവുമാവുന്ന മടുപ്പന്‍ വര്‍ത്തമാനത്തിന്റെ പുറന്തോടു പൊളിയുന്നതു നാം കാണുന്നു. റിയലിസ്റ്റിക് ആഖ്യാനത്തിനു സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കാനാവുമെന്ന് സംവിധായകന് കാണിച്ചുതരുന്നു.
ഇന്നത്തെ രാഷ്ട്രീയ സിനിമ എങ്ങനെയാവാമെന്ന് നാമറിയുന്നു. മുകള്‍പ്പരപ്പിലെ കൊടിതോരണങ്ങളും മുഴങ്ങുന്ന മുദ്രാവാക്യങ്ങളും വകഞ്ഞുമാറ്റി ഏറ്റവുമാഴത്തില്‍ നമ്മുടെ മധ്യവര്‍ഗജീവിതം ഒളിപ്പിച്ചുവെച്ച ജീര്ണവസ്ത്രങ്ങളെ പുറത്തെടുത്തിടുന്നതോടെ രാഷ്ട്രീയം സൂക്ഷ്മമാകുന്നു. ചങ്ങാതിക്കൂട്ടം ആണധികാരത്തിന്റെയും ധനാധികാരത്തിന്റെയും ജാത്യാധികാരത്തിന്റെയും സ്വത്വാവസ്ഥകളെ പുറത്തെടുക്കുന്നത് അവര്പോലുമറിയാത്തത്ര സ്വാഭാവികതയോടെയാണ്. അകപ്പിരിവുകളുടെ കടുംകെട്ടുകള്‍ മുറുകുന്നേയുള്ളു. തനിക്കുചുറ്റുമോടി അവര്‍ തളരുന്നേയുള്ളു. സ്ത്രീയെയോ കീഴാള സുഹൃത്തിനെയോ, പ്രകൃതിയെയോ ആഴത്തിലറിഞ്ഞാശ്ലേഷിക്കാന് കഴിയാതെപോകുന്ന മധ്യവര്‍ഗ പുരുഷജീവിതം അധികാരത്തിന്റെ മധ്യകാല ജീര്‍ണതകളെ എങ്ങനെ സ്വാംശീകരിച്ചിരിക്കുന്നുവെന്ന് സിനിമ നമ്മെ വിസ്മയിപ്പിക്കുന്നു.
എല്ലാ കളികളിലും നീചവേഷം കറുത്തവര്‍ക്കാണ്. അധികാരം വെളുത്തവര്‍ക്കും. പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണ്. വേരറ്റിട്ടില്ലാത്ത മതാധികാര നിഷ്ഠകള്‍ സൂക്ഷ്മങ്ങളിലുണ്ട്. താരതമ്യങ്ങളുടെ സന്ദര്‍ഭങ്ങളെ അതാനയിക്കും. കളിയിലും കാര്യത്തിലും ദളിതനു പുറമ്പോക്കേയുള്ളു. നാം മതേതരര്‍. ജനാധിപത്യവാദികള്‍. വിപ്ലവകാരികള്‍. അതിനകത്തേക്ക് എത്തിനോക്കാന്‍ ആരെയും അനുവദിക്കില്ല. തുറന്ന ചിരിയും ഉദാരമായ പ്രസ്താവനകളും. അതിനകത്തേക്കാണ് ചാട്ടുളിപോലെ ഒരു മിന്നല്‍പ്പിണര്‍ പായിച്ച് സനല്‍കുമാര്‍ ശശിധരനും സംഘവും കേരളീയ മധ്യവര്‍ഗ ജീവിതത്തെ അകംപുറം മറിച്ചിട്ടിരിക്കുന്നത്. സൗഹൃദോന്മാദങ്ങളിലും നുരഞ്ഞുപൊന്തുന്നുണ്ട് ഹിംസാത്മക വെമ്പലുകളെന്നത് നാം നമ്മെ രാഷ്ട്രീയമായി വിചാരണ ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കാണ് എത്തിക്കുന്നത്.
വളരെ കുറച്ചുപേരേ കഥാപാത്രങ്ങളായുള്ളു. പരിചിതരായ നടന്മാരില്ല. ഒരേയൊരു സ്ത്രീ കഥാപാത്രം മാത്രം. പതിവു പകിട്ടുകളൊന്നുമില്ല. എന്നിട്ടും ആര്‍ക്കുമത് അരോചകമാവുന്നില്ല. ലഘുവും സാമാന്യവുമായ അനുഭവങ്ങളെന്നു നിസ്സംഗമാവുന്നിടത്ത് അസാമാന്യവും സങ്കീര്‍ണവുമായ അകപ്പിരിവുകളോടെ വെളിപ്പെടുന്ന ജീവിതമുണ്ടെന്നു കാണിച്ച ലളിതമായ ചലച്ചിത്രമാണ് ഒഴിവുദിവസത്തെ കളി. 2015ലെ സംസ്ഥാനത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടുവെന്നത് സന്തോഷകരം. ഉണ്ണി ആര് പറഞ്ഞതുപോലെ മലയാള സിനിമയില്‍ ഈ കളി ഒരു ചരിത്രമാകും.
18 ജൂണ്‍ 2016