Article POLITICS

പൊതുവിദ്യാഭ്യാസം വീണ്ടെടുക്കാന്‍ പൊതുജന പ്രസ്ഥാനം വേണം

 

6028534705_844c53d43a_b

പൗരന്മാരുടെ വിദ്യാഭ്യാസം സര്‍ക്കാറിന്റെ ചുമതലയാണ് എന്ന തിരിച്ചറിവിന്റെ ആദ്യ പ്രഖ്യാപനത്തിന് ഇരുനൂറു വയസ്സാവുകയായി. രണ്ടുനൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതീഭായിയാണ് പ്രജകളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടു (1817ല്‍) ചരിത്രപ്രസിദ്ധമായ വിളംബരം പുറപ്പെടുവിച്ചത്. 1813ല്‍ ഈസ്റ്റിന്ത്യാ കമ്പനി സമാനമായ ഒരു നിരീക്ഷണം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് പാട്ടം, റവന്യു ലാഭം തുടങ്ങിയ ഇനങ്ങളില്‍ കിട്ടുന്ന വരുമാനത്തില്‍നിന്ന് സൈനികവും ഭരണപരവുമായ ചെലവുകള്‍ നിര്‍വ്വഹിച്ച ശേഷം ഒരു നിശ്ചിത സംഖ്യ പൗരന്മാരുടെ വിദ്യാഭ്യാസ ആവശ്യത്തിന് നീക്കിവെക്കണമെന്ന നിയമ ഭേദഗതിയായിരുന്നു അത്. കമ്പനി ചാര്‍ട്ടറില്‍ 43ാം വകുപ്പില്‍ അതു രേഖപ്പെട്ടു. ജനാധിപത്യ ഗവണ്‍മെന്റുകള്‍ ഭരിക്കുന്ന ആധുനിക സമൂഹത്തില്‍ വിപ്ലവകരമായ ചിന്തകള്‍ അന്യംനില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍, പൊതു വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച കുറെകൂടി ഗൗരവത്തോടെ നിര്‍വ്വഹിക്കേണ്ടതുണ്ട്. കുട്ടികള്‍ കുറയുമ്പോള്‍ അദ്ധ്യാപകരെ സംരക്ഷിച്ചും നടത്താനാവാതെ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമ്പോള്‍ സ്‌കൂളുകള്‍ ഏറ്റെടുത്തും സര്‍ക്കാര്‍ തുടരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ആശ്വാസകരമായി തോന്നാമെങ്കിലും അതു പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സഹായകമാവില്ല. സമൂഹത്തിന് കൂടുതല്‍ ഭാരം വരുത്തിവയ്ക്കുകയേയുള്ളു. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകള്‍ പരിശോധിക്കാനും തിരുത്താനും സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇടപെടലുകള്‍ ആ വഴിക്കല്ല മുന്നേറുന്നത്.

പൊതു വിദ്യാലയങ്ങളില്‍ അധ്യയനം നടക്കുന്നില്ല, നടക്കുന്നിടത്താവട്ടെ ഗുണനിലവാരം കുറയുന്നു എന്ന മട്ടിലുള്ള പരാതികള്‍ ധാരാളമുണ്ട്. ഇവയേറെയും സമാന്തര വിദ്യാലയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സാധൂകരണമാവുകയാണ്. മുമ്പൊക്കെ സ്‌കൂളുകളില്‍ സമരമാണ് എന്ന പരാതിയാണ് ഉയര്‍ന്നു കേട്ടിരുന്നത്. ഗുണ നിലവാരം കുറയാനുള്ള മുഖ്യകാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടത് അതാണ്. ഇപ്പോള്‍ സമരങ്ങളെക്കുറിച്ചുള്ള പരാതികള്‍ ശമിച്ചതുപോലെയാണ്. എന്നാല്‍ അദ്ധ്യാപകരുടെ അലസതയോ കര്‍മ്മവിമുഖതയോ രാഷ്ട്രീയമോ വിവരക്കുറവോ എല്ലാമാണ് പ്രശ്‌നമെന്ന് പറയുന്നവരുണ്ട്. പൊതു വിദ്യാലയങ്ങളിലുള്ളതിനെക്കാള്‍ മികച്ച അദ്ധ്യാപകരാണ് സമാന്തര വിദ്യാലയയങ്ങളിലുള്ളതെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നറിയില്ല. യോഗ്യതയുടെ കാര്യത്തിലും പരിശീലന ലഭ്യതയിലും പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ് മുന്നില്‍ എന്നതല്ലേ യാഥാര്‍ത്ഥ്യം? ഔദ്യോഗികമായും സാമൂഹികമായുമുള്ള ഓഡിറ്റിംഗും പൊതു വിദ്യാലയങ്ങളിലാണുള്ളത്.

edu

എയ്ഡഡ് സ്‌കൂളുകളില്‍ കോഴയും സ്വാധീനവും ഉപയോഗിച്ച് അദ്ധ്യാപകരാവുന്നവര്‍ ഏറെയാണ്. അത് മാറണമെങ്കില്‍ നിയമനം പി എസ് സിക്കു വിടുകയോ പ്രത്യേക സംവിധാനത്തിനു കീഴിലാക്കുകയോ വേണം. മാനേജര്‍മാര്‍ നിയമിക്കുമ്പോള്‍ പലവിധ സ്വാധീനവും ഉണ്ടാകാമെങ്കിലും അത്യാവശ്യ യോഗ്യതകളില്ലാതെ വരില്ല. സര്‍ക്കാര്‍ ശംബളം നല്‍കുന്നതിന് അങ്ങനെയൊരു ഉപാധിവയ്ക്കുന്നുണ്ടല്ലോ. സമാന്തര വിദ്യാലയങ്ങളില്‍ അത്തരമൊരു നിര്‍ബന്ധമുണ്ടെന്നു കരുതുക വയ്യ. അടിസ്ഥാനയോഗ്യത പല സ്ഥാപനങ്ങളിലും പരിഗണിക്കുന്നേയില്ല. ഏതെങ്കിലും വിധത്തിലുള്ള പരിശീലനം സിദ്ധിച്ചവരും വളരെ കുറവാണ്. കുറഞ്ഞ ശംബളത്തിനു അത്യദ്ധ്വാനം ചെയ്യേണ്ടിവരുന്നതിന്റെ മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ അവരെ അലട്ടുന്നുമുണ്ടാവും. തൊഴില്‍ സുരക്ഷയില്ലെന്നത് കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വഴിവയ്ക്കുന്നുമുണ്ട്. പക്ഷെ, അത്തരം ക്ലേശങ്ങള്‍ക്കും കടുത്ത ചൂഷണങ്ങള്‍ക്കും വിധേയമാകുന്ന അദ്ധ്യാപകര്‍ക്കാണ് കൂടുതല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാവുക എന്നാണ് പലരും കരുതുന്നത്.

ഇതിനര്‍ത്ഥം അവരൊക്കെ മോശക്കാരാണെന്നല്ല. വളരെ യോഗ്യതയുള്ളവരും എയ്ഡഡ് മേഖലയുടെ സങ്കുചിത കച്ചവട സമീപനങ്ങള്‍മൂലം പുറന്തള്ളപ്പെട്ടവരുമായ വലിയൊരളവ് അദ്ധ്യാപകര്‍ അവിടെയുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇനിയെങ്കിലും അദ്ധ്യാപക തെരഞ്ഞെടുപ്പുകളും നിയമനവും ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് അത് സഹായകമാവും. അതേസമയം, എല്‍ കെ ജിതലം മുതല്‍ കോഴയും അമിതഫീസും കൊടുത്തു പഠിക്കാന്‍ നിര്‍ബന്ധിതമാവുന്ന തലമുറകള്‍ കുറെകാലമായി സമാന്തര വിദ്യാലയങ്ങളില്‍ വളരുകയാണ്. അഴിമതിയെന്നു കേട്ടാല്‍ അരുതാത്തതെന്തോ എന്ന ഒരു തോന്നല്‍ അവര്‍ക്കുണ്ടാവുന്നത് എങ്ങനെയാണ്? അദ്ധ്യാപകരെ പോറ്റുന്നത് തങ്ങളുടെ പണമാണെന്ന് അവര്‍ക്കറിയാം. ധനവിദ്യയാണ് സര്‍വ്വ വിദ്യകളിലും പ്രധാനമെന്ന് അനുഭവംകൊണ്ട് പഠിക്കുന്നവരാണവര്‍. കോഴകൊടുത്തും സ്വാധീനശേഷി തെളിയിച്ചും ആരംഭിക്കുന്ന വിദ്യാഭ്യാസം ഒരു വിധത്തിലുള്ള മൂല്യവിചാരങ്ങളും ഉയര്‍ത്തിപ്പിടിക്കാനിടയില്ല. നല്ല പൗരന്മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം അത്തരം സ്ഥാപനങ്ങളില്‍ തെളിയുകയില്ല.

കുട്ടികളില്‍ വേര്‍തിരിവു സൃഷ്ടിക്കുന്നവര്‍ രാജ്യത്തെ പൗരന്മാരെത്തന്നെയാണ് രണ്ടായി പിളര്‍ക്കുന്നത്. വരേണ്യരും വിധേയരുമെന്നു പിരിയുന്നവര്‍ രണ്ടനുഭവലോകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് അവശ്യമുണ്ടായിരിക്കേണ്ട ബോധനിലവാരത്തെക്കുറിച്ച് ഒരു ജനാധിപത്യ ഭരണക്രമം പുലര്‍ത്തുന്ന കാഴ്ച്ചപ്പാട് അതിന്റെതന്നെ വിപരീതങ്ങളോട് കലഹിച്ചൊടുങ്ങുന്നത് നാം കാണുന്നു. അതു മാറ്റിയെടുക്കാനാവുമോ എന്നതായിരിക്കണം നമ്മെ അലോസരപ്പെടുത്തുന്ന ചിന്ത.

പ്രാഥമിക വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ മാത്രമേ ലഭ്യമാകൂ എന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടേണ്ടത്. കൂടുതല്‍ പണമോ അധികാരമോ വരേണ്യതയോ വച്ചുനീട്ടിയാല്‍ കൂടുതല്‍ ഉദാത്തമായതെന്തോ ലഭിക്കാനുണ്ട് എന്ന ചന്തബോധ്യം ജനാധിപത്യത്തിന്റെ അടിത്തറ ദുര്‍ബ്ബലപ്പെടുത്തുകയേയുള്ളു. അതിനാല്‍ അവയ്‌ക്കൊന്നും ഇടമില്ലാത്ത സമാവസരങ്ങളുടെ സ്‌കൂളുകളാണ് തുറക്കപ്പെടേണ്ടത്. കുട്ടികള്‍ക്കു നടന്നുപോകാവുന്ന ദൂരത്തു വിദ്യാലയങ്ങളുണ്ടാവണം. അവിടെ അവര്‍ക്കു സ്വന്തം ഭാഷയിലോ രണ്ടാം ഭാഷയിലോ പഠിക്കാനാവണം. ജീവിക്കുന്ന ചുറ്റുപാടുകളിലൂടെയുള്ള സ്‌കൂള്‍യാത്രതന്നെ പഠനപ്രവര്‍ത്തനമാകണം. പ്രകൃതിയുടെയും ജീവിതത്തിന്റെയും വൈവിദ്ധ്യമറിയണം. നടത്തമാരംഭിക്കുന്നതോടെ സ്‌കൂള്‍ബസ്സ് എന്ന സംവിധാനം ഉപേക്ഷിക്കാനാവണം. ഗതാഗതക്കുരുക്കുകളും അപകടങ്ങളും കുറയ്ക്കാനാവുമെന്നത് അതിന്റെ ഉപനേട്ടവുമായിരിക്കും.

1957ല്‍ അധികാരമേറ്റ ഇ എം എസ് മന്ത്രിസഭയുടെ വിദ്യാഭ്യാസനയവും ദൂരക്കാഴ്ച്ചയും തകര്‍ക്കാന്‍ നമുക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല. വിലപേശല്‍ യുക്തികള്‍കൊണ്ട് നാമതെല്ലാം പൊളിച്ചടുക്കി. കേരളീയമായ ഒരു ബോധനക്രമവും സാഹചര്യവും രൂപപ്പെടുത്താനുള്ള യത്‌നമായിരുന്നു മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല്. അതു മുന്നോട്ടുവച്ച നിലപാടുകളെയല്ല വിമോചന സമരം മുന്നോട്ടുവച്ച ജീര്‍ണധാരണകളെയാണ് നാം സ്വീകരിച്ചത്. ഒരു പടികൂടി കടന്ന് സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചപ്രകാരമുള്ള ഒരഴിച്ചുപണിക്ക് കുനിഞ്ഞു നിന്നുകൊടുക്കുക കൂടി ചെയ്തു നാം. നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും ഘടനാപരമായ അഴിച്ചുപണികള്‍ക്കും മുന്നോടിയായി വന്ന ഡി പി ഇ പി പരിഷ്‌ക്കാരങ്ങളെ ആദ്യം എതിര്‍ക്കുകയും പിന്നീടാഞ്ഞു പില്‍കുകയും ചെയ്തപ്പോള്‍ കേരളീയ മാതൃകകളെ നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു. അത് കേരളത്തിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ സത്തയൂറ്റാനും നവ മൂലധനശക്തികള്‍ക്ക് ജ്ഞാനസമ്പദ്ഘടനയുടെ തട്ടകമൊരുക്കാനും കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ഈ വിമര്‍ശനം ഉന്നയിച്ചത് പൊതുവിദ്യാഭ്യാസം ദുര്‍ബ്ബലമാകരുത് എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇത് പൊതു വിദ്യാഭ്യാസത്തിന് എതിരായ വിമര്‍ശനമാണ് എന്നു തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അധികാരബദ്ധ ബുദ്ധിജീവികളും പ്രസ്ഥാനങ്ങളുമുണ്ട്. അവരെല്ലാമാണ് പൊതുവിദ്യാഭ്യാസം ആരോഗ്യകരമായ സംവാദങ്ങളിലൂടെയാണ് പുതുക്കാനാവുക എന്ന സത്യം മറച്ചുവച്ചത്. ഡി പി ഇ പിയ്‌ക്കെതിരെ ആദ്യമുയര്‍ന്ന വലിയ പ്രതിഷേധവും വിമര്‍ശവും സീതാറാം യച്ചൂരിയില്‍(സാമ്പത്തിക നയം അവകാശവാദവും യാഥാര്‍ത്ഥ്യവും 1996 , പുറം 27) നിന്നായിരുന്നു.

yechu

പങ്കാളിത്ത ജനാധിപത്യത്തെ എന്നപോലെ ഡി പി ഇ പി യെയും അതിന്റെ അധിനിവേശ രാഷ്ട്രീയ അജണ്ടയെ കടന്നാക്രമിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് യെച്ചൂരി മുതിര്‍ന്നത്. ആ രാഷ്ട്രീയബോധ്യം നവമുതലാളിത്തത്തിന്റെ വ്യാജ സോഷ്യലിസ്റ്റ് ബദലുകളില്‍ ഭ്രമിച്ചുപോയവര്‍ക്കു മനസ്സിലായില്ലെന്നു മാത്രം.

ഡിപിഇപിയും എസ് എസ് എയും റൂസയും മുതല്‍ സ്വാശ്രയ കോളേജുകളും സ്വയംഭരണ കോളേജുകളും സ്വയംഭരണ സര്‍വ്വകലാശാലകളുംവരെ എത്തിനില്‍ക്കുന്ന ഘടനാസ്പദ പരിഷ്‌ക്കാരങ്ങളെയും വാണിജ്യ മൂലധന താല്‍പ്പര്യങ്ങളെയും ഇന്നു പിടിച്ചുകെട്ടുക പ്രയാസമായിരിക്കുന്നു. എന്നാല്‍ പ്രയാസകരമെങ്കിലും അനിവാര്യമായ ആ കടമ നിര്‍വ്വഹിക്കാതെ നമുക്കു മുന്നോട്ടുപോകാനാവില്ല. അതു തുടങ്ങാനാവുക പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പിലൂടെയാണുതാനും. നവമുതലാളിത്തം കയറൂരിവിട്ട വാണിജ്യവിദ്യാലയങ്ങളെ ഇനി മേയാനനുവദിച്ചുകൂടാ. പൊതു സമൂഹത്തിന് നിഷേധിക്കപ്പെടുന്ന ഒന്നും ധനത്തിന്റെയോ ജാതി-മത-സാമുദായിക – ലിംഗ പദവികളുടെയോ ബലത്തില്‍ ആര്‍ക്കും അനുവദിച്ചു കൊടുക്കേണ്ടതില്ല. വിപ്ലവകരമായ തീരുമാനം കൈക്കൊള്ളാനുള്ള ശേഷി കേരള ഗവണ്‍മെന്റ് പ്രകടിപ്പിക്കണം.

12 ജൂണ്‍ 2016

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )