Article POLITICS

അമേരിക്കയുടെ മൂക്കിടിച്ചു പരത്തിയ രാഷ്ട്രീയ ബോക്‌സര്‍

5c5e57_7ceaf3e73e1a4d69a15a3d158e359f69~mv2

പോയ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കായികതാരം വിടവാങ്ങിയിരിക്കുന്നു. ലോകബോക്‌സിങ്ങിലെ ഇതിഹാസം മറയുന്നുവെന്നേ ചിലപ്പോള്‍ വാര്‍ത്താ തലക്കെട്ടുകള്‍ കാണുകയുള്ളു. റിങ്ങിനു പുറത്ത് അമേരിക്കന്‍ ജീവിതത്തിലെ വിവേചന ഭീകരതകളോട് സന്ധിയില്ലാതെ പൊരുതിയ കറുപ്പിന്റെ എരിവൂറുന്ന വിപ്ലവനായകനാണ് വിടവാങ്ങുന്നത്. ദീര്‍ഘമായ സമര പാരമ്പര്യത്തിന്റെ അവസാന കണ്ണികളിലൊന്ന്. ആഭ്യന്തര യുദ്ധത്തിന്റെ നിറമുള്ള കഥകള്‍ക്കു മുമ്പ് അടിമജീവിതം നയിച്ച ഒരു വംശത്തിന്റെ വീറുണര്‍ന്നാളിയ പൊള്ളുന്ന വെളിച്ചം. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍.

പതിനെട്ടാം വയസ്സില്‍ ലോകമറിയുന്ന കായികതാരമായി. ഒളിമ്പിക്‌സിന്റെ നാട്ടില്‍നിന്നു സ്വര്‍ണം നേടിവന്നു. ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ചു ഇരുപത്തിരണ്ടാം വയസ്സില്‍ വിസ്മയമായി. കറുത്ത അമേരിക്കയുടെ വേഗവും വീര്യവുമേറിയ താരസാന്നിദ്ധ്യം ലോകമറിഞ്ഞുതുടങ്ങി. ഈ കാലത്താണ് അമേരിക്കന്‍ ഭരണകൂടം വിയത്‌നാം അധിനിവേശ യുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടത്. ഞെട്ടിക്കുന്ന മറുപടിയാണ് ക്ലേ നല്‍കിയത്.

പതിനായിരം നാഴിക താണ്ടിച്ചെന്ന്, നിരപരാധികളായ സഹോദരരെ എനിക്കു വെടിവെച്ചുവീഴ്ത്താനാവില്ല. ഭീകരാധികാര സ്വരൂപമായ അമേരിയ്ക്കയ്ക്കുവേണ്ടി കറുത്തവരോ ദരിദ്രേെരാ ആയ കുറെപേരെ നേരിടാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അല്ലെങ്കില്‍തന്നെ, അവരെ ഞാന്‍ എന്തിന് വെടിവെയ്ക്കണം? അവരാരുമെന്നെ നീഗ്രോ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. കടന്നാക്രമിക്കുകയോ നായ്ക്കളെ വിട്ട് നായാടുകയോ ചെയ്തില്ല. എന്റെ ദേശീയത എന്നില്‍നിന്നു പിടിച്ചു പറിച്ചില്ല. അമ്മയെ ബലാല്‍സംഗം ചെയ്യാനോ അച്ഛനെ കൊല്ലാനോ മുതിര്‍ന്നില്ല. ആ പാവപ്പെട്ടവരെ ഞാനെന്തിന് വെടിവെയ്ക്കണം?. ഞാനൊരിക്കല്‍ പറഞ്ഞതാണ്. അതു വീണ്ടും പറയട്ടെ. എന്റെ ജനതയുടെ യഥാര്‍ത്ഥ ശത്രു ഇവിടെയാണുള്ളത്. നീതിക്കും സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടി പൊരുതുന്ന മനഷ്യരെ തകര്‍ക്കാനുള്ള ഉപകരണമായി മാറി എന്റെ ജനതയ്ക്ക് അപമാനമായിത്തീരാന്‍

ഞാനിഷ്ടപ്പെടുന്നില്ല. അതിലും ഭേദം എന്നെ തടവറയിലിടുകയാണ്. അല്ലെങ്കിലും നാലു നൂറ്റാണ്ടുകളായി നാം തടവറയിലാണല്ലോ.

അതൊരു കുറ്റപത്രമായിരുന്നു. തന്റെ വംശത്തിന്റെ നൂറ്റാണ്ടുകള്‍ കനംതീര്‍ത്ത അനുഭവവിമര്‍ശം. അതറിഞ്ഞവരൊക്കെ പൊള്ളിപ്പിടഞ്ഞു. മുറിവേറ്റ ഭരണാഭിമാനം മെഡലുകള്‍ തിരിച്ചെടുത്തും കളിക്കളത്തില്‍നിന്നു പുറന്തള്ളിയും തടവറയിലേക്കു നയിച്ചും അദ്ദേഹത്തെ ആദരിച്ചു! അപ്പോഴും ആ വിമര്‍ശനം ആളിനിന്നു: ആരാണ് ഞങ്ങളെ നീഗ്രോ എന്നു വിളിച്ച് അധിക്ഷേപിച്ചത്? ആരാണ് ഞങ്ങള്‍ക്കു നേരെ നായ്ക്കളെ തുറന്നു വിട്ടത്? ഞങ്ങളുടെ ദേശീയത ഞങ്ങളില്‍നിന്നു പിടിച്ചു പറിച്ചതാരാണ്? ഞങ്ങളുടെ അമ്മമാരെ ബലാല്‍സംഗം ചെയ്യുകയും പിതാക്കളെ കൊലപ്പെടുത്തുകയും ചെയ്തുപോന്നത് ആരാണ്? തീര്‍ച്ചയായും കിലോമീറ്ററുകള്‍ക്കകലെ കിടക്കുന്ന പാവപ്പെട്ട വിയത്‌നാംകാരല്ല. വെടിവെയ്‌ക്കേണ്ടത് അവരെയല്ല.

fCLPxjHഅധികാരത്തിനൊപ്പം നില്‍ക്കയേ വേണ്ടൂ. സാധ്യതകളുടെ മഹാകാശമാണ് തുറന്നു കിടക്കുന്നത്. മുഴുവന്‍ അമേരിക്കയുടെയും അഭിമാനമായി തിളങ്ങുമ്പോഴും മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ഖേദം അയാളെ വിട്ടുപോയില്ല. വംശവെറിക്കും യുദ്ധത്തിനുമെതിരായ ധാര്‍മികമുന്നേറ്റത്തിന് സ്വന്തം രാജ്യത്തോട് പൊരുതണമെന്ന് അയാളറിഞ്ഞു. ഒരു കുഞ്ഞേഷ്യന്‍ രാജ്യത്തെ അക്രമിച്ചു വശംകെട്ടുപോയ സിംഹപ്രതാപത്തെ അതിന്റെ നെറ്റിയിലടിഞ്ഞ അപമാനഭാരം ഇരട്ടിപ്പിച്ചുകൊണ്ട് കണക്കു പറഞ്ഞു മുഹമ്മദലി. ആഫ്രിക്കന്‍ അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകന്‍ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ആ ധീരതയെ അഭിവാദ്യം ചെയ്തു: കാഷ്യസ് ക്ലേ(മുഹമ്മദലി) പറഞ്ഞതുപോലെ നാമൊക്കെ കറുത്തവരും ദരിദ്രരുമാണ്. ഒരേ അടിച്ചമര്‍ത്തല്‍ വ്യവസ്ഥയുടെ ഇരകള്‍.

കുറ്റകൃത്യങ്ങളുടെ രക്തമെന്ന് കറുത്തവര്‍ അപഹസിക്കപ്പെട്ടു. അതേ കറുപ്പിന്റെ വേഗവും വീര്യവും വേണമായിരുന്നു അമേരിക്കന്‍ കായികരംഗത്തിന്. അമേരിക്കന്‍ സൈനികശേഷിയായും അതു പരിവര്‍ത്തിപ്പിക്കപ്പെട്ടു. പുറങ്കോട്ടയായി തീവെയിലും പ്രളയവും തടഞ്ഞ് അമേരിക്കന്‍ വരേണ്യ ധാര്‍ഷ്ട്യത്തെ എന്തിനു പുലര്‍ത്തണമെന്ന് കറുത്ത ചിന്തകള്‍ തിടം വച്ചു. റോബ്ബന്‍ ദ്വീപിലെ തടവറയില്‍ അടയ്ക്കപ്പെട്ട നെല്‍സന്‍ മണ്‌ഡേലയോട് ആ ചുമരുകള്‍ തകര്‍ന്നുവീഴുമെന്ന് വലിയ പ്രത്യാശയാണ് മുഹമ്മദലി നല്‍കിയത്.

പതിനെട്ടാം വയസ്സില്‍ റോം ഒളിമ്പിക്‌സില്‍ വേണ്ടി സ്വര്‍ണമെഡല്‍ നേടിയ, ഇരുപത്തിരണ്ടാം വയസ്സില്‍ സണ്ണി ലിസനെ തോല്‍പ്പിച്ച് ലോകഹെവിവെയ്റ്റ് ചാമ്പ്യനായ കാഷ്യസ് മെഴ്‌സിലസ് ക്ലേ എന്ന കറുത്ത താരം കളിക്കളത്തില്‍ അമേരിക്കന്‍ പതാകയുയര്‍ത്തുമ്പോള്‍ പുറത്ത് അമേരിക്കയുടെ വര്‍ണാധികാര ധിക്കാരങ്ങള്‍ക്കെതിരെ ജനാധിപത്യത്തിന്റെ കീഴാളപതാക പറത്തി. രാജിയാവാന്‍ തയ്യാറല്ല എന്നേ എപ്പോഴും അദ്ദേഹം നിശ്ചയിച്ചിട്ടുള്ളു. പിതാവ് കാഷ്യലസ് മെഴ്‌സിലസ് ക്ലേ സീനിയര്‍ തന്റെ പേര് കണ്ടെത്തിയതു തന്നെ പൂര്‍വ്വസൂരിയായ ഒരു പോരാളിയില്‍നിന്നാണ്. അടിമത്തത്തിനെതിരെയുള്ള പഴയൊരു സമര യോദ്ധാവായിരുന്നു അദ്ദേഹം. പേരില്‍ത്തന്നെയുണ്ട് പോരാളിയെന്ന സ്വയം പ്രഖ്യാപനം. അച്ഛനില്‍നിന്നു മകനിലേക്ക് അതു പകര്‍ന്നു.. ഒരു ഘട്ടത്തില്‍ ആ തുടര്‍ച്ച മറ്റൊരു വിധമാകാമെന്ന നിശ്ചയത്തിന്റെ ഫലമായാണ് മുഹമ്മദലി എന്ന നാമസ്വീകരണം. ആഫ്രിക്കനമേരിക്കന്‍ വംശജനായ ഒരാളുടെ അതിജീവന സമരങ്ങള്‍ക്ക് അതാവശ്യമായിരുന്നിരിക്കണം. തെക്കെ അമേരിക്കയിലെ അടിമജീവിതത്തിന്റെ പിന്തുടര്‍ച്ചക്കാരന് ലോകത്തെ പിടിച്ചുകുലുക്കാനുള്ള കായികബലവും അടിമത്തവിരുദ്ധ രാഷ്ട്രീയത്തിന്റെ സമരോര്‍ജ്ജവും ഉണ്ടാവാതെ വയ്യ.

റോമില്‍നിന്നു നേടിയ ഒളിമ്പിക്‌സ് മെഡല്‍ വലിയ അഭിമാനത്തോടെ നെഞ്ചില്‍ ചേര്‍ത്തുവച്ചിരുന്ന കാഷ്യലസ് ക്ലേ ജൂനിയര്‍ ഒഹിയാ നദിയിലേക്ക് അത് വലിച്ചെറിയുന്നത് അമേരിക്കന്‍ വംശവെറിയന്‍ ഭരണാധികാരത്തോടുള്ള പ്രതിഷേധമായാണ്. കറുത്തവര്‍ക്കു പ്രവേശനമില്ലാത്ത ഹോട്ടലുകള്‍ രാജ്യത്തിന്റെ അഭിമാനം തിളങ്ങുന്ന സ്വര്‍ണമെഡലിനെ പുറത്തിരുത്തിയപ്പോള്‍ തോറ്റജനതയിലെ ഏറ്റവും നിസ്സാരനായി, ബലംചോര്‍ന്നവനായി അയാള്‍ക്ക് സ്വയം അനുഭവപ്പെട്ടു കാണണം. സ്‌നേഹത്തിന്റെ പുതിയ ലോകംതേടിയാണ് അമേരിക്കയ്ക്കു പുറത്തുള്ള ഇസ്ലാമനുഭവത്തിലേക്ക് അയാള്‍ വലിച്ചടുപ്പിക്കപ്പെട്ടത്. 1975ലാണ് മുഹമ്മദലിയായി മാറിയത്. പിന്നീട് സൂഫിസത്തിന്റെ സ്‌നേഹ ധാരകളെയും അദ്ദേഹം വല്ലാതെ സ്‌നേഹിക്കുന്നുണ്ട്.

അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ലോകമെങ്ങും ഉയരുന്ന പ്രതിഷേധങ്ങളോടും പ്രക്ഷോഭങ്ങളോടുമുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായിരുന്നു അലിയുടെ. ജീവിതം. തലകുനിയ്ക്കാത്ത പോരാട്ട വീറിന് സലാം പറയുക. ബോക്‌സറെ സഖാവേ എന്നു നെഞ്ചോടു ചേര്‍ക്കുക. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരനാളുകളില്‍ അലിക്കു നമ്മെ വിട്ടുപോകാനാവില്ല.

5 മെയ് 2016
muhammad_ali_dr._king_ap_img

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )