Article POLITICS

ദേശീയപാത; സര്‍ക്കാര്‍ വീണ്ടുവിചാരത്തിനു സന്നദ്ധമാവണം

1z4jxqc

ദേശീയപാത വികസിപ്പിക്കുന്നതു സംബന്ധിച്ചു ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും പഠിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം. നിലവിലുള്ള പാതയുടെ വീതികൂട്ടുക എന്ന അജണ്ട മാത്രമാണോ അതോ കാല്‍ നൂറ്റാണ്ടിന്റെ കൂടി വികസനം മുന്നില്‍കണ്ടുള്ള പദ്ധതി ആസൂത്രണമാണോ നടപ്പാക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. നാലുവരിപ്പാതയോ ആറുവരിപ്പാതയോ മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിന് മുന്‍സര്‍ക്കാറിന്റെ കാലത്തു തയ്യാറാക്കിയ പദ്ധതിയില്‍ ചൂണ്ടിക്കാട്ടിയതുപോലെ മുപ്പതു മീറ്റര്‍ സ്ഥലമെടുപ്പേ ആവശ്യമുള്ളു. എന്നാല്‍ കാല്‍നൂറ്റാണ്ടിനു ശേഷവും തുടരേണ്ട വികസനം സംബന്ധിച്ച സങ്കല്‍പ്പമാണെങ്കില്‍ അത് ആറു വരിപ്പാതയില്‍ ഒതുങ്ങണമെന്ന് വാശിപിടിക്കാനാവില്ല.

ഇപ്പോള്‍തന്നെ നമ്മുടെ ദേശീയപാത വികസനം സംബന്ധിച്ച ലക്ഷ്യവും സ്വീകരിച്ച സമീപനവും തമ്മില്‍ പൊരുത്തമില്ല. കേരളത്തിന്റെ തെക്കു വടക്കു യാത്ര കുറഞ്ഞ ഇന്ധനമുപയോഗിച്ചു കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുക, മലിനീകരണവും അപകടവും കുറയ്ക്കുക, ഭാവിയുടെ വികസന കേന്ദ്രങ്ങളെയും വളരുന്ന നഗരങ്ങളെയും ഇഴചേര്‍ക്കുന്ന പുരോഗതിയുടെ അതിവേഗപാതവെട്ടുക തുടങ്ങിയ പ്രാഥമിക ലക്ഷ്യങ്ങള്‍തന്നെ നോക്കുക. നിലവിലുള്ള ദേശീയപാതകളുടെ അപര്യാപ്തത തെളിഞ്ഞു കാണാം.

അടുത്ത ഒരു ദശകത്തിലേക്കുപോലും നിലനില്‍പ്പില്ലാത്തതാണ് അരനൂറ്റാണ്ടുമുമ്പ് ആസൂത്രണം ചെയ്ത് ഇപ്പോഴും പൂര്‍ത്തീകരിക്കാനാവാതെ കിടക്കുന്ന നിലവിലെ പാതകള്‍. പഴയ കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക വാണിജ്യ കേന്ദ്രങ്ങളെ കണ്ണിചേര്‍ത്ത് രൂപപ്പെടുത്തിയ പാതാ സങ്കല്‍പ്പമാണ് അതിലുള്ളത്. വളഞ്ഞു പുളഞ്ഞുപോകുന്ന പാതകള്‍ ആ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കാന്‍ അന്ന് അനുയോജ്യമായിരുന്നു. ഇന്നു സ്ഥിതി മാറിയിരിക്കുന്നു. സര്‍ക്കാര്‍തന്നെ നിയോഗിച്ച കമ്മീഷനുകളും പഠന സംഘങ്ങളും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേയ്ക്കു മുന്നോടിയായി നടത്തിയ പഠനം ഒരിക്കല്‍ക്കൂടി വായിച്ചുനോക്കൂ. സമയലാഭമോ ഇന്ധന ലാഭമോ ഉണ്ടാക്കാന്‍ നിലവിലെ പാതാ വികസനം സഹായിക്കില്ലെന്ന് അന്നേ കണ്ടെത്തിയതാണ്.

അര നൂറ്റാണ്ടു മുമ്പ്, പുരോഗതിയുടെ അന്നത്തെ വേഗക്രമവും ആലോചനാ ശേഷിയുമുപയോഗിച്ചു തയ്യാറാക്കിയ പാതകള്‍ ദ്രുതഗതിയിലുള്ള പുതിയ കാലവികസനത്തെ അഭിസംബോധന ചെയ്യാന്‍ അപര്യാപ്തമാണ്. പുതിയ ആവശ്യകതകളെയോ നാഗരികകേന്ദ്രങ്ങളെയോ കണക്കിലെടുത്തുള്ള ഹൈവേ സാധ്യതകളാണ് അന്വേഷിക്കേണ്ടത്. എക്‌സ്പ്രസ് ഹൈവേതന്നെ ചില പരിമിതികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു പരിഹാരം കണ്ടെത്താനല്ല പാടേ വേണ്ടെന്നുവയ്ക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. ആ പദ്ധതി പുനരാലോചിക്കണം. എലിവേറ്റഡ് ഹൈവേയാണ് കേരളത്തിന് കൂടുതല്‍ സഹായകമാവുക.

നിലവിലെ ദേശീയപാതകള്‍ എത്രവീതി കൂട്ടിയാലും വശങ്ങളില്‍ എത്രഭൂമി അധികമായി ഒഴിച്ചിട്ടാലും വരുംകാല ആവശ്യകതയെ തൃപ്തിപ്പെടുത്താന്‍ അതിനു കഴിയില്ല. കാരണം വളഞ്ഞു പുളഞ്ഞു പോകുന്ന പാതകളെ ആശ്രയിക്കാന്‍ അതിവേഗവികാസക്രമങ്ങള്‍ക്കു സാധ്യമല്ല. പുതിയ കാലത്തെ ഹൈവേ കല്ലായിയിലെ തടിവ്യവസായമോ ഫറൂക്കിലെ ഓടു വ്യവസായമോ അല്ല കണക്കിലെടുക്കേണ്ടത്. പുതിയതായി രൂപപ്പെടുന്ന ഉത്പാദന വിതരണ വിനിമയ കേന്ദ്രങ്ങളെയാണ്. വികസനത്തിന്റെ വക്താക്കളും പ്രയോകാതാക്കളും ദേശീയപാതാ വിഷയത്തില്‍ ഇക്കാര്യം മറന്നുപോകുന്നത് എന്തുകൊണ്ടാണ്?

പാതകളെ സംബന്ധിച്ചുള്ള വികസന അജണ്ട ചര്‍ച്ചചെയ്യുമ്പോള്‍ ഏറ്റവും പ്രധാനം പൊതുഗതാഗത നയം രൂപപ്പെടുത്തുക എന്നതാണ്. ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ റോഡുകള്‍ വിഭാവനം ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, അക്കാര്യം അധികാരികള്‍ നിര്‍വ്വഹിക്കുന്നില്ല. നിയന്ത്രണമില്ലാത്ത വാഹനോപയോഗത്തിന്റെ കമ്പോളമായി നാം കേരളത്തെ വിട്ടുകൊടുത്തിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യകതകള്‍ക്കും സാധ്യതകള്‍ക്കും അനുസരിച്ചുള്ള വാഹനോപയോഗമാണ് അനുവദിക്കേണ്ടത്. പൊതുഗതാഗതത്തിന് ഊന്നല്‍ നല്‍കണം. അടിസ്ഥാന ജനവിഭാഗത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയ്ക്കാവണം മുന്‍ഗണന. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ഇച്ഛക്ക് വഴങ്ങിയുള്ള വികസനം സ്വന്തം സഹോദരന്മാരെ ജീവിതത്തില്‍നിന്നു പുറന്തള്ളാനേ സഹായിക്കുകയുള്ളു.

ഒരു ദശകത്തിനകം പുതിയ അതിവേഗ എലിവേറ്റഡ് ഹൈവേ തുറക്കുകയും നിലവിലുള്ള ദേശീയപാത മുപ്പതു മീറ്ററില്‍ ആറുവരിയായി അടിയന്തിരപ്രാധാന്യത്തോടെ പുതുക്കുകയും ചെയ്താല്‍ കേരളത്തിന്റ റോഡ് ഗതാഗതം സംബന്ധിച്ചുള്ള പ്രതിസന്ധി നീങ്ങും. പഴയ ഹൈവേകള്‍ ആറുവരിപ്പാതക്കു വേണ്ടതിലുമേറെ അനാവശ്യമായി ഭൂമിയെടുത്ത് വീതികൂട്ടുന്നത് കേരളത്തിന്റെ യാത്രാപ്രശ്‌നത്തിനും പരിഹാരമാവുകയില്ല. അതു റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥ താല്‍പ്പര്യങ്ങളുടെ താല്‍ക്കാലിക ലക്ഷ്യങ്ങളെ മാത്രമേ നിറവേറ്റുകയുള്ളു. ഒരു ദശകംകൊണ്ട് ഉപേക്ഷിക്കപ്പെടുമെന്ന് തീര്‍ച്ചയുള്ള ഒരു വികസനത്തിന് ലക്ഷക്കണക്കിന് ആളുകളെ പുറന്തള്ളണമെന്ന് ശഠിക്കുന്നതെന്തിനാണ്? അത്തരമൊരു ഹ്രസ്വകാല പദ്ധതിക്ക് പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതെന്തിനാണ്? അതിനും പുറമേ മൂന്നു പതിറ്റാണ്ടോളം ചുങ്കം പിരിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് നമ്മെത്തന്നെ തീറെഴുതുന്നതെന്തിനാണ്?

തുഗ്ലക്കുമാരുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ നാം അറിഞ്ഞിട്ടുണ്ട്. അവിടെത്തന്നെ തിരിഞ്ഞുകളിക്കാനാണ് നമുക്കു വാസന. കെട്ടിപ്പൊക്കുക, പൊളിച്ചുകളയുക ഉപയോഗിക്കുക,വലിച്ചെറിയുക എന്നിങ്ങനെയുള്ള ധനമുതലാളിത്ത ശീലങ്ങള്‍ക്ക് ഒരു ജനതയെ ബലിമൃഗങ്ങളാക്കുന്നത് സൂക്ഷിച്ചുവേണം. ജനങ്ങളാണ് രാജ്യം. രാജ്യവികസനം ജനങ്ങളുടെ പുരോഗതിയാണ്. അദാനിമാരോ മറ്റു കോര്‍പറേറ്റുകളോ തയ്യാറാക്കുന്ന രൂപരേഖയല്ല ജനാധിപത്യ സര്‍ക്കാറുകളെ നയിക്കേണ്ടത്. ദേശീയ പാത സംബന്ധിച്ച മുന്‍ പഠനങ്ങളും സമരസമിതികളും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അവധാനതയോടെ പരിശോധിക്കണം. പരിമിതമായ ബോധ്യങ്ങളില്‍ കുരുങ്ങി തങ്ങള്‍ നിശ്ചയിച്ചതേ നടത്തൂ എന്നു വാശി പിടിക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു ഗുണകരമാവില്ല.

നാല്‍പ്പത്തഞ്ചു മീറ്ററുണ്ടെങ്കിലേ അവര്‍ പണം അനുവദിക്കൂ എന്നൊക്കെ സാങ്കേതികത്വം പറയുന്നത് ജനാധിപത്യ സര്‍ക്കാറുകള്‍ക്കു ഭൂഷണമല്ല. കീഴ്ത്തട്ടു ഗവണ്‍മെന്റ് ഓഫീസുകളുടെ ശീലമാണത്. അത്തരം ചവപ്പു നാടകളില്‍ ഒരു ജനതയെ വരിഞ്ഞുമുറുക്കുന്നത് അഭിമാനകരമാണോ എന്ന് ജനപ്രതിനിധികളും ഗവണ്‍മെന്റും പറയട്ടെ. വികസനം അന്ധമായ മൂലധനത്തേരോട്ടമാകരുത്. അത് ജനങ്ങളുടെ ഇച്ഛകള്‍ക്ക് സാക്ഷാത്ക്കാരമുണ്ടാവലുമാണ്. പുതിയ ഗവണ്‍മെന്റ് വീണ്ടുവിചാരത്തിന് സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നു.

29 മെയ് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )