കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്കൂളിനു പിറകെ മലപ്പുറം ഒളവട്ടൂരിലെ മാങ്ങാട്ടുമുറി എല്‍.പി സ്കൂളും അടച്ചുപൂട്ടാന്‍ പോകുന്നു. മാനേജ്മെന്റ് ഹൈക്കോടതി വിധി നേടിക്കഴിഞ്ഞു. വിധി നടപ്പാക്കാനെത്തുന്ന എ ഇ ഒയ്ക്ക് കനത്ത എതിര്‍പ്പു നേരിടാനാവാതെ പിന്തിരിയേണ്ടി വന്നു. കോടതി വിധികള്‍ എപ്പോഴും തടഞ്ഞു നിര്‍ത്താനാവുമോ എന്നറിയില്ല. ഇനിയും മാനേജര്‍മാര്‍ കോടതികളെ സമീപിക്കും. നിയമത്തിലെ വകുപ്പുകള്‍ വ്യാഖ്യാനിച്ച് അനുകൂലവിധി സമ്പാദിക്കും. തടയുന്നവര്‍ പതുക്കെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുമായിരിക്കും.
സ്കൂള്‍ നില്ക്കുന്ന ഭൂമിക്ക് ഉപയോഗ വിനിമയ മൂല്യം കൂടുന്ന മുറയ്ക്ക് ലാഭകരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനം വേണ്ടെന്നു വയ്ക്കുന്നത് പുതിയ മത്സരമുതലാളിത്തത്തിന്റെ കാലത്ത് തെറ്റാവുകയില്ലല്ലോ. സാമൂഹിക ഉത്തരവാദിത്തം പാലിക്കാന്‍ തങ്ങള്മാത്രം എന്തിന് നിര്ബന്ധിക്കപ്പെടണം എന്ന സംശയവും അവരുന്നയിക്കാം. നേരത്തേ സ്കൂളുകള്‍ നടത്തിയപ്പോള്‍ ലഭിച്ചിരുന്ന ആദരവോ അംഗീകാരമോ ഇപ്പോള്‍ ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ടാവാം. അതെല്ലാം കച്ചവട ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ കയ്യടക്കിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികളില്‍നിന്ന് കൂടിയ ഫീസു വാങ്ങുന്നതോ അദ്ധ്യാപകര്‍ക്കു ഏറ്റവും തുച്ഛമായ മാസക്കൂലിയും അധമമായ പരിചരണവും നല്കുന്നതോ അവരുടെ മാന്യതക്കു കളങ്കമേല്‍പ്പിക്കുന്നില്ല. അവരെ വണങ്ങുന്ന അധികാര കേന്ദ്രങ്ങളെയേ നാം കണ്ടിട്ടുള്ളു.
നാം നിയന്ത്രണമില്ലാതെ സ്വീകരിച്ച നവലിബറല്‍ സാമ്പത്തിക നയത്തിന്റെയും അതടിച്ചേല്‍പ്പിച്ച പരിഷ്ക്കരണങ്ങളുടെയും സ്വാഭാവിക പരിണതികളാണ് പൊതു വിദ്യാഭ്യാസത്തിന് ആഘാതമേല്പ്പിക്കുന്നതെന്ന് ഇപ്പോഴെങ്കിലും നാം തിരിച്ചറിയുന്നുണ്ടോ? ഉണ്ടെങ്കില്‍ സ്കൂളുകള്‍ അടയ്ക്കാനുള്ള കോടതിവിധിയ്ക്കെതിരെ കലഹിച്ചതുകൊണ്ടു മാത്രമായില്ല. ഏതെങ്കിലും ചില മാനേജര്‍മാരുടെ സാമൂഹിക ഉത്തരവാദിത്തക്കുറവായി വിഷയത്തെ ചുരുക്കിയിട്ടും കാര്യമില്ല. കേരളത്തിലെ സമ്പന്ന വര്‍ഗത്തിന്റെ സമാന്തര വിദ്യാഭ്യാസം ഇംഗ്ലീഷ്മീഡിയം നഴ്സറി മുതല്‍ ഓട്ടോണോമസ് കോളേജുകള്‍വരെ സൃഷ്ടിക്കാനിരിക്കുന്ന അപകടത്തെപ്പറ്റി എണ്‍പതുകളുടെ തുടക്കത്തില്‍തന്നെ വിദ്യാഭ്യാസ ചിന്തകനായ തായാട്ടു ശങ്കരന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഭരണകൂടങ്ങള്‍ ഓരോ ഘട്ടത്തിലും സ്വീകരിച്ച പരിഷ്ക്കാര നിലപാടുകള്‍ മൂലധന നിക്ഷേപത്തിന്റെ താല്‍പ്പര്യങ്ങളെ മാത്രമേ പരിരക്ഷിച്ചുള്ളു. അതിന്റെ ശിക്ഷയാണ് നാം അനുഭവിക്കുന്നത്.
പൊതു വിദ്യാലയങ്ങളിലൂടെ മാത്രമേ പ്രാഥമിക വിദ്യാഭ്യാസം അനുവദിക്കൂ എന്നു തീരുമാനിക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനാവുമോ? ഏതു ഭാഷയും പഠിക്കാം. ഏതു ഭാഷയിലൂടെയും പഠിക്കാം. അത്തരം സാധ്യതകള്‍ ഇപ്പോള്‍ പൊതു വിദ്യാലയങ്ങളില്‍ ലഭ്യവുമാണ്. സമാന്തരമായി വളര്‍ന്നു പൊതു വിദ്യാഭ്യാസത്തെ വിഴുങ്ങുന്ന ധനാഢ്യ കച്ചവട വിദ്യാഭ്യാസത്തെ ഇനി മൂക്കു കയറിടുകയല്ല പുറന്തള്ളുകയാണ് വേണ്ടത്. തുടക്കത്തിലായിരുന്നെങ്കില്‍ നിയന്ത്രണം ആവാമായിരുന്നു. ആ ഘട്ടം എപ്പൊഴേ പിന്നിട്ടു കഴിഞ്ഞു. എയ്ഡഡ് സ്ഥാപനങ്ങളെ കടുത്ത നാശത്തിലേക്കോ വലിയ ലാഭക്കച്ചവടത്തിലോക്കോ വഴുതാനനുവദിക്കരുത്. ശംബളം കൊടുക്കുന്ന ഗവണ്മെന്റു തന്നെ നിയമനം നടത്തണം. മുണ്ടശ്ശേരി ആറു പതിറ്റാണ്ടു മുമ്പു വെച്ച നിര്‍ദ്ദേശം ഇപ്പോഴും സംഗതമാണ്. പി എസ് സി വഴിയാകണം അദ്ധ്യാപകരെ കണ്ടെത്തല്‍.
ഗവണ്മെന്റിനെ ഉപദേശിക്കുന്ന നമുക്കും വലിയ ഉത്തരവാദിത്തമുണ്ട് പൊതു വിദ്യാലയങ്ങള്‍ നില നിര്‍ത്താന്‍. കൊച്ചു കുഞ്ഞുങ്ങളെ അണ്‍എയ്ഡഡ് കച്ചവട ശാലയിലേക്ക് അയക്കില്ലെന്ന് തീരുമാനിക്കണം. സ്വകാര്യ മൂലധന ശക്തികള്‍ക്കും അവരുടെ ലോബികള്‍ക്കും വഴങ്ങി പൊതു സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലി കഴിച്ചുകൂടാ. പണക്കാര്‍ക്കുമാത്രം എത്തിച്ചേരാന്‍ കഴിയുന്നിടത്തു വേണം മക്കള്‍ പഠിക്കുക എന്ന നിശ്ചയത്തില്‍ ഒരു പുറന്തള്ളല്‍ ത്വരയുണ്ട്. ദരിദ്രനാരായണന്മാരുടെയോ സാമൂഹിക വിവേചനങ്ങള്‍ക്ക് ഇരയാകുന്നവരുടെയോ കൂടെയല്ല എന്റെ കുട്ടികള്‍ പഠിക്കേണ്ടത് എന്ന തെരഞ്ഞെടുപ്പാണത്. പുതിയ അയിത്തവും അതിന്റെ അനുഷ്ഠാനമുറകളും രൂപപ്പെട്ടിരിക്കുന്നു. വിവേചന ഭീകരതകളെ എതിര്‍ത്ത പഴയ വിപ്ലവകാരികളുടെ വീരചരിതം പാടുന്നവര്‍ പലരും പുതിയ പിന്തിരിപ്പന് അനുഷ്ഠാനങ്ങള്‍ക്കു പിറകെ പായുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ സമരങ്ങളില്‍ സജീവമായി നിറഞ്ഞു നില്ക്കുന്നവര് സമാന്തര വിദ്യാലയങ്ങളിലേക്കാണ് സ്വന്തം കുഞ്ഞുങ്ങളെ അയക്കുന്നത്. ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാവുകയാണ്.
പൂട്ടുന്ന സ്കൂളുകള്‍ തടയുന്നതിനെക്കാള്‍ പ്രധാനമാണ് പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നത്. ലാഭ നഷ്ടങ്ങളല്ല സാമൂഹികമായ ഉത്തരവാദിത്തമാണ് സ്കൂളുകളില്‍ കാണേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പറയുകയുണ്ടായി. അടിസ്ഥാന വിദ്യാഭ്യാസം സാക്ഷരതയിലേക്കും സാമാന്യമായ പൊതു ജ്ഞാന മണ്ഡലത്തിലേക്കുമുള്ള ഒരു ജനതയുടെ പ്രവേശനമാണ് നിര്‍വ്വഹിക്കേണ്ടത്. അതെല്ലാവരും നേടണം. തുടര്‍ന്നുള്ള വിദ്യാഭ്യാസം വ്യക്തികളുടെ ആത്മനിഷ്ഠമായ അഭിലാഷങ്ങളുടെ വഴിക്കല്ല വിടേണ്ടത്. ഒരു രാജ്യത്തെ പൗരസമൂഹത്തിന് ഓരോ കാലയളവിലും അത്യാവശ്യമായി ലഭ്യമാകേണ്ട മാനവ വിഭവ ശേഷിയും വൈദഗ്ധ്യവും ആസൂത്രണം ചെയ്യണം. അതിനനുസരിച്ച അളവിലാണ് ഉന്നത/ സാങ്കേതിക വിദ്യാഭ്യാസ പദ്ധതികള്‍ സംവിധാനം ചെയ്യേണ്ടത്. അതാവട്ടെ, പൊതു സമൂഹത്തിന്റെ ചെലവിലായിരിക്കുകയും വേണം. നിലനില്‍ക്കുന്ന സാമൂഹികാസമത്വങ്ങള്‍ പരിഹരിക്കും വിധത്തിലും പഠനവൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലും സൗജന്യമായ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കണം. ഒരാള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിനു വേണ്ടിയാവണം എന്നര്‍ത്ഥം.
ആത്മനിഷ്ഠമായ ലക്ഷ്യത്തോടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് പഠിക്കാന്‍ തോന്നുന്നവര്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കേണ്ടതില്ല. പ്രത്യേക സ്ഥാപനങ്ങള്‍വഴി അവസരമുണ്ടാക്കാം. അതിനു വേണ്ടിവരുന്ന ചെലവ് അവര്‍തന്നെ കണ്ടെത്തുന്നതാണ് ഉചിതം. ഇത് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ രീതിയാണെന്ന് , അപ്രായോഗികമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞൊഴിയുന്നവരുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ മിക്കതും പിന്തുടരുന്ന സമീപനമാണിതെന്ന് അവര്‍ ശ്രദ്ധിക്കുന്നില്ല. നമ്മുടെ പ്രശ്നം നമുക്കിത്രയൊന്നും ആസൂത്രണം ചെയ്യാനോ നടത്താനോ ഉള്ള ശേഷിയില്ലെന്ന വിചാരമാണ്. മുതലാളിത്ത വികാസത്തിന്റെ വഴിയെ തുഴഞ്ഞ് അതുമാത്രമാണ് വഴിയെന്ന് കീഴ്പ്പെട്ടുപോയ അധമബോധമാണ്. പണമുള്ളവര്ക്കെന്താ പഠിക്കാന്‍ പണം മുടക്കിക്കൂടേ എന്നു നിഷ്ക്കളങ്കമായി ചോദിക്കുന്നവരുണ്ട്. അവര്‍ വിദ്യാഭ്യാസത്തെ പൊതു സമൂഹത്തിന്റെ ആവശ്യമായി കാണുന്നവരല്ല. പണമുണ്ടെങ്കില്‍ അതു വീട്ടില്‍ വച്ചാല്‍മതി, വിദ്യാഭ്യാസം സമൂഹത്തിന്റെ ചെലവില്‍ സമൂഹത്തിന് വിദഗ്ധ സേവനം ലഭ്യമാക്കാനുള്ളതാണ് എന്ന സമീപനമാണ് ഉയരേണ്ടത്. പഠിക്കാനുള്ള വഴിയെക്കുറിച്ചല്ല സമൂഹത്തിന്റെ ഏതു തുറയില്‍ തന്റെ സേവനം ഉറപ്പാക്കണം എന്നതിനെക്കുറിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശിക്കാനിരിക്കുന്ന ഓരോരുത്തരും ആലോചിക്കേണ്ടത്. അതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്.
ഇതൊക്കെ വെറും സ്വപ്നമെന്ന് അധിക്ഷേപിക്കപ്പെടാം. മാറ്റിമറിക്കാന്‍ ചില സ്വപ്നങ്ങളെങ്കിലും വേണമല്ലോ. രാജ്യത്തിന്റെ പുരോഗതിക്കാണ് വിദ്യാഭ്യാസമെന്ന അടിസ്ഥാന കാഴ്ച്ചപ്പാട് നമുക്കൊരു ഫലിതമായാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അതു മാറ്റാനാവില്ലേ? അല്ലാതെ ഏതുതരം ബദലാണ് നമ്മെ രക്ഷിക്കുക? ധനത്തിനു കീഴ്പ്പെടുന്ന വിദ്യയെ അതില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്രാസ്തിത്വത്തില്‍ നിവര്‍ത്തി നിര്‍ത്താനാവണം. ആ വഴിയേ ചുവടുവെക്കാനായില്ലെങ്കില് അടച്ചുപൂട്ടലുകളും പുറന്തള്ളലുകളും തടുത്തു നിര്‍ത്താനാവില്ല.
28 മെയ് 2016