ഇന്നലെ ദീപന് ശിവരാമന്റെ കൈപിടിച്ച് ഖസാക്കിലൂടെ നടന്നു. മുമ്പ് രവിയെ പിന്തുടര്ന്നേ മല കയറിയിട്ടുള്ളു. അന്നൊക്കെ കൂമന്‍കാവിലെ പടര്‍ന്നു പന്തലിച്ച മാവുകളിലും നാലഞ്ചു ഏറുമാടങ്ങളിലും തുടങ്ങുന്ന കാഴ്ച്ചകളുണ്ടായിരുന്നു. പിന്നെ ഖസാക്കിനു പിറകിലെ ചെതലിമലയുടെ വാരികളില്‍ കാട്ടു തേനിന്റെ വലിയ പാടുകള്‍. കുറുകുന്ന ചവറ്റിലക്കിളികളും മണിപ്രാവുകളും വണ്ണാത്തിപ്പുള്ളുകളും. വഴിമുറിച്ച് കാരപ്പൊന്തയിലേക്കു കയറുന്ന ദേവിയാന്‍ പാമ്പ്. റ്റെരോഡ്ക്റ്റെലുകളെപ്പോലെ വെയിലിന്റെ സ്ഫടിക മാനത്തേക്ക് നിലവിളിച്ചു പൊന്തുന്ന കാക്കകള്‍. സെയ്യദ് മിയാന്‍ ഷെയ്ഖിന്റെ കിഴവനായ പാണ്ടന്‍ കുതിര. മനുഷ്യവംശത്തിനു പിറകിലേക്കു നീളുന്ന ചരിത്രത്തിന്റെ ജൈവപരമ്പരകളെ ഇഴചേര്‍ത്തു കാഴ്ച്ചകള്‍ നെയ്യുമ്പോഴൊക്കെ രതിമൃതികളുടെ വര്ണനൂലുകള്കൊണ്ടേ അതു സാധ്യമായിട്ടുള്ളു. രവിയുടെ മാറിയുടുത്തുപോയ കച്ചയില്‍ ആരംഭിക്കാവുന്ന ദൃശ്യസാധ്യതകളുടെ ലോലനാരുകളെ ദീപന് നിഷ്ക്കരുണം പുറന്തള്ളുന്നു. മറ്റൊരു വഴിക്കാണ് അയാള്‍ മലകയറുന്നത്.
കാണുമെന്നു കരുതിയത് നിറസമൃദ്ധിയാണ്. ദൃശ്യാവിഷ്ക്കാരങ്ങളില്‍ അതു പ്രധാനവുമാണല്ലോ. നീല ഞരമ്പോടിയ കൈത്തണ്ടകളും അരക്കെട്ടുകളും നീല നിഴലിച്ച മലഞ്ചെരിവും ഇടിമിന്നലിന്റെ നീല വെളിച്ചവും നീല മുഖമുള്ള പാമ്പും ചലത്തിന്റെ മഞ്ഞപ്പൂക്കളും മഞ്ഞളിച്ച സമൃദ്ധമായ അടിവയറും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ജമന്തിപ്പൂക്കള്‍ നിറഞ്ഞ വനഭൂമിയും ചുവന്ന വെയിലും പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതകളും ചുവന്ന ചന്ദ്രക്കലപോലെയുള്ള നഖക്ഷതങ്ങളും കാട്ടുപോത്തിന്റെ തവിട്ടു പാടുകളും ചന്ദന നിറമുള്ള വയറും അന്തിവെളിച്ചത്തില്‍ കറുക്കുന്ന ചുമലുകളും തുടകളും. രവിക്കു പിറകെ നടന്ന കാലത്ത് ഏറെ മോഹിപ്പിച്ച ഖസാക്കനുഭവങ്ങളുടെ നിറങ്ങളായിരുന്നു ഇവ. വിജയന് കുറച്ചു മാത്രം എഴുതിയ കറുപ്പിന്റെ ഉടലനുഭവങ്ങളിലൂടെയാണ് ദീപനു നടക്കേണ്ടത്. അതുകൊണ്ടാണ് ഇതിഹാസത്തിന്റെ നിറപ്പൊലിമകള്ക്കകത്തു മറഞ്ഞുകിടന്ന അനുഭവങ്ങളുടെ പകര്‍ച്ച സാധ്യമാണെന്ന് ദീപനു തെളിയിക്കേണ്ടി വരുന്നത്.
രവിയെ സാക്ഷി മാത്രമാക്കിയിരിക്കുന്നു. രവി ഉണ്ടായിരുന്ന ഖസാക്ക് ഇതാണെന്ന് രവിയെത്തന്നെ ഓര്‍മ്മിപ്പിക്കുകയാണ് ദീപന്. എനിക്കകത്തിരുന്ന് രവിയായിരിക്കണം ഖസാക്കു കണ്ടത്. പാമ്പു പിടിച്ചു നടന്ന നൈസാമലി മൊല്ലാക്കക്കു പ്രിയങ്കരനായി പിന്നെ നിഷേധിയായി, നാടുവിട്ടു ബീഡിക്കമ്പനി നടത്തി, പരാജയപ്പെട്ടു തൊഴിലാളി നേതാവായി, ലോക്കപ്പില്‍ വെളിപാടുണ്ടായി സെയ്യദ് മിയാന്‍ ഷെയ്ഖിന്റെ ഖാലിയാരായി വളര്‍ന്നുകൊണ്ടിരുന്നത് നാടകത്തിലുണ്ട്. അയാളിലൂടെയാണ് മാറുന്ന ലോകം ഖസാക്കിലേക്ക് എത്തിനോക്കിയത്. ഖസാക്കിലേക്കു വന്ന രവി വെറും കാഴ്ച്ചക്കാരനോ യാത്രികനോ ആയിരിക്കെ ചെതലിയുടെ താഴ് വരയില്‍ ഒരു നാള് പ്രത്യക്ഷപ്പെട്ട നൈസാമലി ഖസാക്കിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നവനായി. ഖസാക്കിന്റെ ആത്മീയതയുടെയും മാന്ത്രികകര്മ്മങ്ങളുടെയും വഴിയേ പോകുമ്പോഴും നാഗരികതയുടെയും വിപ്ലവത്തിന്റെയും അടയാളങ്ങള്‍ ഖസാക്കില്‍ വിതക്കുന്നത് നൈസാമലിയാണ്.
ജന്മിയായ ശിവരാമന് നായരും തുന്നല്ക്കാരന് മാധവന് നായരും മൊല്ലാക്കയും തിത്തിബിയുമ്മയും ചക്രുറാവുത്തരും കുപ്പുവച്ചനും കുട്ടാടന്‍ പൂശാരിയും മൈമൂനയും ആബിദയും കുഞ്ഞാമിനയും അപ്പുക്കിളിയും ഇന്സ്പെക്റ്ററും ചായക്കട നടത്തുന്ന അലിയാരുമൊക്കെ ഖസാക്കിലുണ്ട്. അവരുടെ ജീവിതം വേറിട്ടൊരു ഉടലാഖ്യാനത്തോടെ തെളിഞ്ഞു. നാടകം കാണാനെത്തുംമുമ്പെ ചില സുഹൃത്തുക്കളെങ്കിലും ഓര്‍മിപ്പിച്ചിരുന്നു. ഇതു നോവലല്ല. പതിവു നാടകംപോലുമല്ല. ഒരു പ്രമേയത്തിന്റെയും ക്രമാനുഗതമായ വികാസം അതില്‍ കണ്ടെന്നു വരില്ല. പതിവു സംഘര്‍ഷങ്ങളും പരിഹാരങ്ങളും തെളിഞ്ഞു കണ്ടേക്കില്ല. ചില ചിത്രങ്ങള്‍. ഖസാക്കിന്റെ ഉടല് ഭൂപടം. എങ്കിലും ഖസാക്കാണല്ലോ എന്ന ഗൃഹാതുരത മോഹിപ്പിച്ചുവെന്നു പറയണം. ആയിരം രൂപ ടിക്കറ്റെടുത്ത് ഖസാക്കിന്റെ ജന്മപരമ്പരകളെയും കര്മ്മപാശത്തെയും അറിയാന്‍ ഉത്സുകനായി.
പൗര്‍ണമി രാത്രിയില്‍ ആയിരത്തൊന്നു വെള്ളക്കുതിരകളുമായി പണ്ട് സയ്യിദ് മിയാന്‍ ഷെയ്ഖ് വന്നതുപോലെ മിന്നുന്ന ചൂട്ടു വീശി ഖസാക്കുകാര് വേദിയിലെത്തി. തീകൊണ്ടാണ് ദീപന് കളി തുടങ്ങിയത്. തീയിലൂടെയാണ് സെയ്യിദ് മിയാന്‍ ഷെയ്ഖിന്റെ മന്ത്രങ്ങള്‍ വിസ്മയിപ്പിച്ചത്. മണ്ണും ജലവും അഗ്നിയും കാറ്റും തുടുപ്പിച്ച കാഴ്ച്ചയുടെ ആകാശത്തേക്ക് ദീപന് എടുത്തെറിയുകയാണ്. അയാള്‍ കൈവിടുവിച്ചിരിക്കുന്നു. തുടക്കത്തില്‍ വല്ലാതെ ഒറ്റയ്ക്കായതുപോലെ എനിക്കു തോന്നി. അപരിചിതമായ ഏതോ ഒരിടത്ത് ഒറ്റയ്ക്കെത്തിയതുപോലെ. നോവലിലെന്നപോലെ രവിയുടെ വരവും ഓത്തുപള്ളിയിലെ കഥ പറയലും പരിചിതമായ തുടക്കമായെങ്കിലും രവിയെ വിട്ട് ഖസാക്കിന്റെ ജീവിത വൈവിദ്ധ്യങ്ങളിലേക്കും അതിന്റെ പ്രകൃത്യാസ്പദങ്ങളിലേക്കും സൂക്ഷ്മമായ സഞ്ചാരമായി പിന്നീട്.
ആവിഷ്ക്കൃതമായ സന്ദര്‍ഭങ്ങളെക്കാള്‍ എന്നെ ആനന്ദിപ്പിച്ചത് നോവലിലെ തിരസ്കൃത സന്ദര്‍ഭങ്ങളാണ്. എളുപ്പത്തിലുണര്ത്താവുന്ന സ്പര്‍ശങ്ങളെ വകഞ്ഞുമാറ്റി ഉടലിളക്കത്തിന്റെ അപൂര്‍വ്വവും അസാധാരണവുമായമായ വേഗക്രമങ്ങളിലൂടെ അദ്ധ്വാനത്തിന്റെ ലാവണ്യവീക്ഷണത്തെ പുതുക്കിക്കളഞ്ഞു ദീപന്. സുരതവും മരണവും കണ്മുന്നില് തെളിഞ്ഞു. അഗ്നിയും ജലവും എല്ലാറ്റിനെയും ഉയിര്‍പ്പിച്ചു. പച്ചയായി വര്ണ്ണപ്പകര്ച്ചയായി പ്രകൃതി നിറയുന്നത് ഉടലനക്കത്തിന്റെ വേഗ വിന്യാസത്തില്‍ അറിഞ്ഞു. ഏതോ ഭാഷയില്‍ സംസാരിക്കുന്നത് ഞാനറിഞ്ഞില്ല. ഖസാക്കിനെ തൃക്കരിപ്പൂരുകാര് പാട്ടിലാക്കിയോ എന്ന് ഉത്ക്കണ്ഠപ്പെട്ടില്ല. വേദി വലുതായതും ഇല്ലാതായതും അരങ്ങിലേക്ക് കാണികളെ ഇഴ ചേര്‍ത്തതും പുതിയ പരീക്ഷണമല്ലെങ്കിലും ഖസാക്കിനു സ്വാഭാവികതയേറ്റി.
ഓരോ ഗ്രാമത്തിലുമുണ്ട് ഇത്രമേല്‍ വൈവിദ്ധ്യമുള്ള മനുഷ്യരെന്ന് ഈ നാടകം എന്നോടു പറഞ്ഞു. ബഹുസ്വരതയെപ്പറ്റി പറയുകയും എല്ലാ സ്വരവും ഒന്നാക്കി ഒറ്റവേഷമാക്കി ആനന്ദിക്കുകയും ചെയ്യുന്ന പുതുകാലം മായ്ച്ചുകളയുന്നതെന്തെന്ന് അതെന്നോടു പറഞ്ഞു. മൊല്ലാക്കയുടെയും ജന്മി തേവാരത്തു ശിവരാമന് നായരുടെയും തീര്‍പ്പും കൂര്‍പ്പുമുള്ള വേഗങ്ങളില്നിന്നു വളരെ വ്യത്യസ്തമാണ് കുപ്പുവച്ചന്റെ അനുഭവവേഗമെന്ന് അരങ്ങാണു പഠിപ്പിച്ചത്. മുങ്ങാങ്കോഴിയുടെ പരിവര്‍ത്തനങ്ങളെയും മാധവന്നായരുടെ നീറ്റലുകളെയും രവിയുടെ സംഘര്‍ഷങ്ങളെയും മറ്റൊരു ഭാഷയില്‍ വായിക്കാനായി. തീയില്‍ സെയിദ് മിയാന്ഷെയ്ഖ് പൗരാണികമായ ഭാഷയിലെഴുതിയത് ഖാലിയാര് പകര്‍ത്തി. അതിനു പുതിയ വ്യാഖ്യാനമുണ്ടായി തൃക്കരിപ്പൂരുകാരുടെ രംഗഭാഷയില്‍. മണ്ണുകൊണ്ടും അഗ്നികൊണ്ടും ഖസാക്കിനെ ഇനി എവിടെയും വരയ്ക്കാമെന്ന് നാമറിഞ്ഞു. വിജയന്റെ ഭാഷയെ അതിന്റെ വശ്യതകളോടെ പുതിയ രംഗഭാഷയിലേക്കു പകര്‍ത്തുകയായിരുന്നു സംവിധായകന്. അരങ്ങിലെ ലഭ്യതകളുടെ സാദ്ധ്യവിതാനം ഭാഷയെ നിയന്ത്രിക്കുമെന്നു തീര്‍ച്ച. ആ പരിമിതിയാണ് നാടകത്തെ ഉജ്വലമാക്കുന്നത്.
ഇതൊരു നിരൂപണമല്ല. നാടകം എങ്ങനെയായിരിക്കണമെന്ന പിടിവാശിയൊന്നുമില്ലാതെ നാടകം കാണുന്ന ഒരാളുടെ വൈകാരിക പ്രകടനം മാത്രം. തൃക്കരിപ്പൂര്‍ കെ എം കെ സ്മാരക കലാസമിതിയെയും സംവിധായകനെയും അരങ്ങും പിന്നാമ്പുറവും കാത്ത പ്രഗത്ഭമതികളെയും അഭിവാദ്യം ചെയ്യട്ടെ. ഇങ്ങനെയൊരന്വേഷണത്തിന് കരുത്തും പ്രേരണയുമായ തൃക്കരിപ്പൂരുകാരെ മുഴുവന്‍ അഭിനന്ദിക്കുന്നു.
25 മെയ് 2016