Article POLITICS

ആരാണ് നമ്മെ അസഹിഷ്ണുതയുടെ ആയുധപ്പുരകളാക്കിയത്?

 

intolerance

അസഹിഷ്ണുതയുടെ കാലമെന്നാണ് വര്‍ത്തമാനത്തെ നാം വിശേഷിപ്പിക്കുന്നത്. നമുക്കു പുറത്തുള്ള ഒന്നായേ നാമതിനെ കണ്ടിട്ടുള്ളു. രാഷ്ട്രീയമോ വര്‍ഗീയമോ വംശീയമോ ആയ അസഹിഷ്ണുതകളുടെ ഇരകള്‍ വര്‍ധിക്കുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെടുകയോ അവഗണിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നത് നീതിബോധത്തിനോ നിയമത്തിനോ ജനാധിപത്യ വഴക്കങ്ങള്‍ക്കോ നിരക്കാത്ത വിധമാകുമ്പോഴാണ് അത് അസഹിഷ്ണുതയുടെ ഉത്പ്പന്നമാകുന്നത്.

വിയോജിപ്പ് ആരോഗ്യകരമായ വിമര്‍ശനമാണ്. വിമര്‍ശനം വ്യത്യസ്താഭിപ്രായങ്ങളുടെയോ നിരീക്ഷണങ്ങളുടെയോ വെളിപ്പെടലാണ്. അത് തന്നെയും ലോകത്തെയും ഒരു ദര്‍ശനത്തിലേക്ക് ചേര്‍ത്തുവയ്ക്കാനോ വിപുലീകരിക്കാനോ ഉള്ള ശ്രമംകൂടിയാണ്. യുക്തികൊണ്ട് അളന്നോളൂ എന്ന വിനീതമായ തുറന്നുകാട്ടലാണ്. അവ്വിധമുള്ള വിമര്‍ശകനെ ആശ്ലേഷിക്കുകയോ അകറ്റി നിര്‍ത്തുകയോ വേണമെങ്കില്‍ സയുക്തികമായ ഒരു വ്യവഹാരക്രമത്തെ ആശ്രയിക്കേണ്ടിവരും. അത് ശ്രമകരമാകുമ്പോള്‍ എളുപ്പവഴികള്‍ തേടുന്നവരുണ്ട്. പരാജിതരായ അവരുടെ ഒളിയുദ്ധവും അട്ടഹാസവുമാണ് അസഹിഷ്ണുതയുടെ ഉത്സവാഘോഷങ്ങള്‍.

സ്വന്തം നിലപാടിലും പൊതു സമൂഹത്തിലുമുള്ള അവിശ്വാസമാണ് ഒരാളെ അസഹിഷ്ണുതയിലേക്കു വീഴ്ത്തുന്നത്. താന്‍ പുണര്‍ന്നു നില്‍ക്കുന്ന ആശയലോകത്തിനോ അതിന്റെ പ്രകടന രൂപങ്ങള്‍ക്കോ ഭീഷണി നേരിടുന്നു എന്ന ഭീതി അന്ധതയിലേക്കു നയിക്കാനിടയാക്കുന്നു. അതിജീവിക്കുമെന്നുറപ്പില്ലാത്ത ആശയവും ലക്ഷ്യവേധത്തിനുതകാത്ത ആയുധവും അകംപൊള്ളയായ സംഘടനാരൂപവും അയാളെ കൂടുതല്‍ ഭീരുവാക്കുന്നു. തികഞ്ഞ ലക്ഷ്യബോധവും അതിനുതകുന്ന പ്രയോഗ സാധ്യതകളും തുറന്നു കിടക്കുന്ന ഒരാള്‍ വിയോജിപ്പുകളെ ഭയപ്പെടില്ല. ഇവ തമ്മിലുള്ള പൊരുത്തക്കേടാവട്ടെ, തീവ്രമായ മിഥ്യാഭിമാനത്തിലേക്കുംഅസഹിഷ്ണുതയിലേക്കും ആളുകളെയോ സംഘടനകളെയോ വലിച്ചെറിയുകയും ചെയ്യും.

പരാജിതരുടെ കുടില സൂത്രങ്ങളാണ് അസഹിഷ്ണുതയുടെ ആയുധപ്പുര. ബലപ്രയോഗത്തിന്റെ അധമ മാര്‍ഗങ്ങളാണ് അവരന്വേഷിക്കുക. അവഗണനയോ അതിയായ പരിഗണനയോ അത്യുക്തികളോ ചെവിതോറുമുള്ള മന്ത്രപ്പകര്‍ച്ചകളോ ആഭാസചേഷ്ടകളോ നുണപ്രചാരണങ്ങളോ സദാചാരപ്പരതലുകളോ ആയി ബലപ്രയോഗത്തിന് പുതിയ ആവിഷ്‌ക്കാരങ്ങളുണ്ടാകുന്നു. നവ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു വ്യവഹാര ഉപാധികളെല്ലാം ഇപ്രകാരം ദുരുപയോഗങ്ങള്‍ക്കു വിധേയമാകുന്നു.

തുറന്നും ഒളിഞ്ഞുമുള്ള അക്രമങ്ങള്‍ പരാജയപ്പെട്ടു പിന്‍വാങ്ങുന്ന ആശയങ്ങളുടെ അവസാന കിതപ്പുകളാണ്. നട്ടെല്ലു നിവര്‍ത്തി നില്‍ക്കുന്ന തന്റേടിയോട് നീയത്ര കേമനാവേണ്ട നിന്റെ ഉടുമുണ്ടിലൊരു കറകാണുന്നുവെന്ന് അവര്‍ ഓരിയിടും. ചിലപ്പോള്‍ പതിയിരുന്നാക്രമിക്കും. ചിലപ്പോള്‍, സംഘബലം ഉറപ്പാകുമ്പോള്‍ മാത്രം തടഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുകയോ അപഹസിക്കുകയോ കയ്യേറുകയോ ചെയ്യും. ആര്‍ക്കും വരാവുന്ന പിഴവുകള്‍ നമ്മുടെ അനിഷ്ടത്തിനിരയാവുന്നവര്‍ക്കു മാത്രം വന്നുകൂടാ എന്ന നിര്‍ബന്ധവും നമുക്കുണ്ട്. അതങ്ങു വളര്‍ത്തി വലിയ ഭൂകമ്പങ്ങളുണ്ടാക്കും. നാമോ നമ്മുടെ പ്രിയരോ വഴുതി വീഴുമ്പോള്‍ കണ്ണടക്കുന്നവര്‍ അപ്പുറത്തുള്ളവന്റെ തെന്നിവീഴലുകള്‍ പടമെടുത്തു വാട്‌സപ്പിലാഘോഷിക്കും. ഈ ബഹളങ്ങള്‍ക്കിടയില്‍ സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങളെ നാം നിസ്സാരമാക്കുകയോ കുഴിച്ചുമൂടുകയോ ആണ്. ഒന്നിപ്പിക്കേണ്ടവരെ, താരതമ്യേന നിസ്സാരമായ പ്രശ്‌നമുയര്‍ത്തി എപ്പോഴത്തേക്കുമായി അകറ്റുന്നത് ആര്‍ക്കു ഗുണംചെയ്യുന്ന കൃത്യമാണ്?

സമത്വ ദര്‍ശനങ്ങളുടെ അടിസ്ഥാന ധാരകളെയാണ് നാം തല്ലിക്കെടുത്തുന്നത്. നവോത്ഥാനാനന്തരം വളര്‍ന്നുവന്ന പുനരുത്ഥാന വിരുദ്ധവും അപകോളനീകരണബദ്ധവുമായ യുക്തിദര്‍ശനങ്ങളെയാണ് നാം നിരാകരിക്കുന്നത്. മത്സരങ്ങളും ഇതര ജീര്‍ണതകളും വിതയ്ക്കുന്ന ധനമൂലധനത്തിന്റെ സാംസ്‌ക്കാരിക അജണ്ടയാണ് നമ്മുടെ സമ്മതത്തോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. അരാജക സമൂഹമാണ് മത്സര മൂലധനത്തിനാവശ്യം. അതിന് ചവച്ചൂറ്റാനും ചതിച്ചു വീഴ്ത്താനും ചവിട്ടിമെതിയ്ക്കാനും ബലിമൃഗങ്ങള്‍ വേണം. അന്യോന്യം സംശയിക്കുകയും തോല്‍പ്പിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് നവമുതലാളിത്തത്തിന്റെ സ്വപ്നലോകം. സ്‌നേഹവും കലഹവും പൊള്ളയായിത്തീരുന്ന അത്തരമൊരു ലോകത്തെ നാമെന്തിന് സൃഷ്ടിക്കണം? സ്‌നേഹാദരങ്ങളോടെ അന്യോന്യം വിയോജിക്കുന്ന മാനവികതയാണ് പടുത്തുയര്‍ത്തേണ്ടത്. ബദലുകള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ അടിസ്ഥാന ഭൂമിക അതാവണം.

ചുരുക്കമിതാണ്. നമ്മില്‍ത്തന്നെയാണ് അസഹിഷ്ണുതയുടെ ആയുധശേഖരമുള്ളത്. നാം അസഹിഷ്ണുതയുടെ ആയുധപ്പുരകളായിരിക്കുന്നു. അതങ്ങിനെയാക്കിത്തീര്‍ത്തത് മതപുനരുത്ഥാന വാദവും നവമുതലാളിത്തവുമാണ്. സഹജമായ അതിജീവനത്വരയുടെ തണുപ്പിലാണ് രോഗകീടങ്ങള്‍ അടിഞ്ഞുകൂടിയത്. അതിനര്‍ത്ഥം അസഹിഷ്ണുതയ്ക്ക് ഒരു രാഷ്ട്രീയമുണ്ടെന്നാണ്. അതിനൊരു രീതിശാസ്ത്രവുമുണ്ട്. പുനരുത്ഥാനത്തിന്റെ അസഹിഷ്ണുത പുരോഗമന ജീവിതങ്ങളില്‍ വെളിപ്പെടുത്താനാവുന്ന കൗശലപ്രയോഗമാണത്. അഥവാ ധനക്കോയ്മയുടെ ദയാരഹിതമായ മത്സരാവേശം വിപ്ലവസംഘടനകളെ ശിഥിലമാക്കുന്ന രാസപ്രയോഗം. അതു തിരിച്ചറിയുക എന്നത് പരമ പ്രധാനമാണ്. ചിതറിച്ചുകളഞ്ഞ വിമോചന മുദ്രാവാക്യങ്ങളെ വീണ്ടെടുക്കാന്‍ മാനവികതയെ വീണ്ടെടുക്കണം.

എല്ലാം സഹിച്ചു നിശബ്ദമായി ഇരിക്കലല്ല സഹിഷ്ണുത. ജനാധിപത്യ വ്യവഹാര ക്രമങ്ങളെ വീണ്ടെടുക്കലാണ്. സമപരിഗണനയുടെ നിശ്ചയോദാരതയാണ് അതിനാവശ്യം. വിയോജിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം. അതിനനുവദിക്കലാണ് ജനാധിപത്യം. തടസ്സം നില്‍ക്കുന്നത് വ്യക്തികളെന്നോ സംഘടനകളെന്നോ നിരീക്ഷിക്കുന്നത് അപക്വമാവും. അവ്വിധമൊരു സാമൂഹിക സൃഷ്ടിയിലേക്ക് അഥവാ ശിഥിലീകരണത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കപ്പെടണം. മാനവികതയൂറ്റി മത്സരാവേശം നിറച്ച ധനാധികാരവാഴ്ച്ചയുടെ ഭൂതകാലത്തെ വിചാരണ ചെയ്യണം. അതിനു നാമുപയോഗിക്കുന്ന വാക്കുകളും ചെയ്യുന്ന കര്‍മ്മങ്ങളും വിമര്‍ശനാത്മകമായി വിലയിരുത്തുകയും ശ്രദ്ധാപൂര്‍വ്വം ഒരഴിച്ചുപണിക്ക് സ്വയം വിധേയമാവുകയും വേണം. സമത്വലോകമാണ് ബദലെന്നു പറയുന്നവര്‍ക്ക് എല്ലാ പോരാട്ടങ്ങള്‍ക്കുമൊപ്പം ഇങ്ങനെയൊരു പോരാട്ടംകൂടി ഏറ്റെടുക്കാനുള്ള ബാധ്യതയുണ്ട്. പുനരുത്ഥാന പ്രവണതകളും നവലിബറല്‍ മോഹക്കാഴ്ച്ചകളും ചേര്‍ന്നു സൃഷ്ടിക്കുന്ന വ്യാജസ്ഥലികളില്‍ മയങ്ങി വീഴാതിരിക്കാനുള്ള ശ്രദ്ധയുടെ ഭാഗമാണത്.

22 മെയ് 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )