കേരളത്തിലെ രണ്ടു മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അഭിമാനിക്കാന്‍ ഏറെയുള്ള ഒരു തെരഞ്ഞെടുപ്പു ഫലമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും കൂടി കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം അംഗങ്ങളെ ജയിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. 1957ല്‍ പോലും സ്വതന്ത്രരുടെ പിന്തുണയോടെ മാത്രമേ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഇത്തവണ ചരിത്രം കുറിച്ച ജനവിധിയാണ് ഉണ്ടായതെന്നര്‍ത്ഥം.
ഇടതുപക്ഷേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പിന്തുണ നിര്‍ബന്ധമല്ലാത്ത ഗവണ്മെന്റ് രൂപീകരിക്കാനായാല്‍ കുറെകൂടി ഇടതുപക്ഷ സ്വഭാവമാര്‍ന്ന നയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. വലിയ തോതിലുള്ള വിലപേശല്‍ രാഷ്ട്രീയത്തിനു വഴങ്ങേണ്ടി വരില്ല. തൊഴിലാളികള്‍ക്കും കീഴാള വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ കിട്ടുന്ന വികസന സങ്കല്പ്പത്തിനു സാധ്യതയേറും. അതിനു പക്ഷെ, അമ്പത്തിയേഴിലെ ഗവണ്മെന്റിനെപ്പോലെ വലിയ ഇച്ഛാശക്തിയും പ്രതിബദ്ധതയും പ്രകടിപ്പിക്കാനാവണം. അന്നു തുടങ്ങിവെച്ചതും പൂര്‍ത്തീകരിക്കാത്തതുമൂലം പലപ്പോഴും വിപരീത ഫലങ്ങളിലേക്ക് വഴുതാനിടയാക്കിയതുമായ കാര്‍ഷിക/ ഭൂ പരിഷ്ക്കരണ ശ്രമങ്ങള്‍ക്കു തുടര്ച്ചയുണ്ടാക്കാനാവണം. മൂലധന ശക്തികളുടെ ഇരച്ചുകയറ്റത്തിനു മൂക്കു കയറിടണം. പുറന്തള്ളല്‍ വികസനത്തിന്റെ സ്ഥാനത്ത് ജനപക്ഷ വികസനം സാധ്യമാക്കണം.
അതെല്ലാം സാധ്യമാക്കാവുന്ന ഒരു ജനവിധിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ലഭിച്ചിരിക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ല. ജാതി മത സാമുദായിക വടംവലികളില്‍ കക്ഷിയാവേണ്ടതുമില്ല. 1987ല്‍ പരീക്ഷിച്ച തത്വാധിഷ്ഠിത മതേതര മുന്നണിയുടെ കുറെകൂടി വികസിച്ച രൂപമായി എല്‍ ഡി എഫിനെ ജനങ്ങള്‍ ഈ വിധിയിലൂടെ മാറ്റിയെടുത്തിരിക്കുന്നു. മത വര്‍ഗീയ പ്രവണതകള്‍ പ്രകടിപ്പിക്കുന്ന കൊച്ചു പ്രസ്ഥാനങ്ങളെ സമരമുഖത്തുതന്നെ ഉരിഞ്ഞെറിഞ്ഞിരിക്കുന്നു. ഒരു ശുദ്ധീകരണംകൂടി നിര്‍വ്വഹിക്കപ്പെട്ടു എന്നര്‍ത്ഥം.
എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനപക്ഷ പുരോഗമന നയസമീപനം സ്വീകരിക്കുമെങ്കില്‍ മാത്രമേ ഈ ജനവിധി സാര്‍ത്ഥകമാവുകയുള്ളു. കോര്‍പറേറ്റ് വികസനമെന്നോ പുറന്തള്ളല്‍ വികസനമെന്നോ വിളിക്കാവുന്ന ജനവിരുദ്ധ ഭ്രമങ്ങളിലേക്കാണ് കുതിപ്പെങ്കില്‍ അതു വലിയ തിരിച്ചടികള്‍ക്ക് ഇടയാക്കും. ബംഗാളിലെ ഇപ്പോഴും നീറുന്ന മുറിവുകളാണ് തിരുത്തല്‍ ശക്തിയാവേണ്ടത്.
സീറ്റുകളുടെ കാര്യത്തില്‍ തൊണ്ണൂറ്റൊന്ന് നിസ്സാര സംഗതിയല്ല. ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിരിക്കുന്നു. 2011ല്‍ ഇരു പാര്‍ട്ടികള്‍ക്കു കിട്ടിയത് 64,44,746 വോട്ടുകളാണ്. പത്തു ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ ഈ മിന്നുന്ന വിജയത്തിന് ഒരു മറുവശമുണ്ട്. രാഷ്ട്രീയ ബലാബലത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. വലതുപക്ഷ ചേരി ദുര്ബ്ബലമാകുന്നില്ലെന്നു മാത്രമല്ല ശക്തിപ്പെടുകയുമാണ്. യു ഡി എഫിനു ലഭിക്കുന്ന വോട്ടുകളില്‍ കുറവൊന്നും വരാതെതന്നെ മറ്റൊരു തീവ്ര വലതുപക്ഷ ചേരി വളര്‍ന്നു വന്നിരിക്കുന്നു. 1982ല്‍ 2,63,331 വോട്ടുകളുണ്ടായിരുന്ന ബി ജെ പി 2011ല്‍ അതു പത്തര ലക്ഷമാക്കിയാണ് ഉയര്‍ത്തിയതെങ്കില്‍ അഞ്ചു വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഇരുപതു ലക്ഷത്തിനു മുകളിലെത്തിച്ചിരിക്കുന്നു. ഒപ്പമുള്ള ബി ഡി ജെ എസിന്റെ വോട്ടുകള്‍കൂടി നോക്കിയാല്‍ മുപ്പതു ലക്ഷത്തിനു മുകളിലാവുന്നു. (2016ലെ ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ല. പ്രസിദ്ധീകരിച്ച നിയോജകമണ്ഡലങ്ങളിലെ ഫലങ്ങളെ ആശ്രയിച്ചുള്ള കണക്കാണ് സൂചിപ്പിക്കുന്നത്). ഇത്തവണ സി പി എമ്മും സി പി ഐയുംകൂടി എഴുപത്തിനാലു ലക്ഷത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. 2,60,19,284 വോട്ടര്‍മാരില്‍ എഴുപത്തിയെട്ടു ശതമാനത്തോളം പേര് വോട്ടു രേഖപ്പെടുത്തിയപ്പോഴാണത്. വലതുപക്ഷ – തീവ്ര വലതുപക്ഷ മുന്നണികളാവട്ടെ ഒരു കോടിയിലേറെ വോട്ടുകളാണ് നേടിയിരിക്കുന്നത്.
കേരളീയ പൗരസമൂഹത്തില്‍ നിലനിന്നുപോന്ന ഇടതുപക്ഷാഭിമുഖ്യത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ ഏറെക്കാലമായി ശ്രമിക്കുന്ന പാര്‍ട്ടിയാണ് സി പി എം. ക്ഷേമപദ്ധതികളും വികേന്ദ്രീകൃത ആസൂത്രണവും സാക്ഷരതാ പരിപാടിയും നടപ്പാക്കുമ്പോള്‍ അങ്ങനെയൊരു രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂലധനാധിനിവേശവും അതിനു വഴങ്ങുന്ന ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും സ്ഥിതിഗതികള്‍ മാറ്റി മറിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക വലതുസ്വഭാവങ്ങളിലേക്ക് മാത്രം ചാഞ്ഞുകൊണ്ടിരുന്നു. നവലിബറല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളും നവറിവൈവലിസത്തിന്റെ അരങ്ങേറ്റവും ആ പ്രവണതയ്ക്കു വേഗമേറ്റിക്കൊണ്ടുമിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും വേര്‍തിരിയുന്ന അതിര് വരമ്പുകള്‍ അപ്രത്യക്ഷമായി. ഒരു സാങ്കല്‍പ്പിക വരകൊണ്ടുമാത്രം അതടയാളപ്പെടുന്നു. ഒരേ വികസന സങ്കല്‍പ്പം പകുത്തുകൊണ്ട് നവമുതലാളിത്തത്തിനും അതനുവദിച്ച ഉദാരജനാധിപത്യത്തിന്റെ സൗഭാഗ്യങ്ങള്‍ക്കും വഴങ്ങാന്‍ ഇടതു വലതു ഭേദമില്ലാതെ അധികാരബദ്ധ രാഷ്ട്രീയ കേരളം സന്നദ്ധമായി. മൂലധനത്തോടൊപ്പം ഇരമ്പിയെത്തിയ ജീര്‍ണതകളും അവര്‍ക്കുമേല്‍ പെയ്യാതെ വയ്യ. അന്യോന്യം വേര്‍തിരിവുകള്‍ നഷ്ടമാകുമ്പോള്‍ കളംമാറിക്കളി എളുപ്പമായി. പേരുകൊണ്ടുമാത്രം ഒരു ബദല്‍ സ്വപ്നം അവശേഷിപ്പിച്ചു. സമരങ്ങളില്‍നിന്നും സാമൂഹികാസമത്വം നേരിടുന്നവരോ പ്രാന്തവല്ക്കരിക്കപ്പെടുന്നവരോ ആയ മനുഷ്യരുടെ ക്ഷോഭങ്ങളില്നിന്നുമുള്ള മാറിനടത്തം ഇടതുപക്ഷത്തെ മധ്യ / ഉപരിവര്‍ഗ രാഷ്ട്രീയ ധാരകളാക്കിത്തീര്ത്തു.
അതിര്‍ത്തികള്‍ മായുകയും അധികാരബദ്ധ രാഷ്ട്രീയത്തിന്റെ ഒരു സഖ്യകക്ഷിയായി ചുരുങ്ങുകയും ചെയ്യുമ്പോഴും ഒരു ക്ഷുഭിത ഭൂതകാലത്തിന്റെ നിറപ്പകിട്ടുകൊണ്ട് കമ്യൂണിസ്റ്റു പ്രസ്ഥാനം എപ്പോഴും വേറിട്ടു നിന്നിട്ടുണ്ട്. അടിസ്ഥാന ജനതയുടെ പിടച്ചിലുകളെ അവഗണിക്കുകയോ ചവിട്ടിയരയ്ക്കുകയോ ചെയ്യുമ്പോള്‍ മാത്രം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിര്വീര്യമായിട്ടുണ്ട്. നന്ദിഗ്രാമിനും സിംഗൂരിനും ശേഷമുള്ള ബംഗാളിന്റെ ചിത്രമതാണ്. അതല്ല വഴിയെന്ന് വലിയ തിരുത്തു വരുത്തി മാത്രമേ ഭൂരിപക്ഷ ജനതയുടെ വിശ്വാസം തിരിച്ചുപിടിക്കാനാവൂ. ജനകീയ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള സമരങ്ങളും മുന്നേറ്റങ്ങളും മാത്രമേ രാഷ്ട്രീയ ബലാബലത്തില്‍ വ്യത്യാസം വരുത്തുകയുള്ളു.
ഭരണവും സമരവും ദ്വിമുഖമായ രാഷ്ട്രീയ സമരങ്ങളാണെന്ന പ്രസിദ്ധമായ പഴയ രാഷ്ട്രീയനയം ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്. അതൊക്കെ ഇനി സാധ്യമാണോ സിപിഎമ്മിനും സിപിഐക്കുമെന്ന് അറിയില്ല. പക്ഷെ, ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ അവര്‍ അഭിമുഖീകരിച്ചേ മതിയാകൂ. വലതുപക്ഷ രാഷ്ട്രീയത്തിനും മനോഭാവത്തിനും കേരളത്തില്‍ പിന്തുണ വര്‍ധിക്കുകയാണ്. ആദ്യമത് രണ്ടോ മൂന്നോ ലക്ഷത്തിന്റെ വ്യത്യാസമായിരുന്നെങ്കില് ഇപ്പോള്‍ ഇരുപതു ലക്ഷത്തിലേറെയായാണ് പെരുകിയത്.
നാലു ലക്ഷത്തിലേറെ അംഗസംഖ്യയുള്ള സി പി എമ്മിന് മൂന്നര പതിറ്റാണ്ടുകൊണ്ട് നാലിരട്ടി വര്‍ധനവുണ്ടായെന്ന് അവകാശപ്പെടാം. എണ്‍പതുകളുടെ തുടക്കത്തില്‍ 1,04,085 അംഗങ്ങള്‍ മാത്രമുള്ള കാലത്ത് ഇടതു വലത് വോട്ടുകളുടെ വ്യത്യാസം ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. സി പി എമ്മിന്റെ അംഗസംഖ്യ നാലിരട്ടി കൂടിയപ്പോള്‍ ഈ വ്യത്യാസത്തിലുണ്ടായ വര്‍ധന ഇരുപത് ഇരട്ടിയിലേറെയായി. അതിനര്‍ത്ഥം രാഷ്ട്രീയ ബലാബലത്തില്‍ മാറ്റമുണ്ടാക്കണമെങ്കില്‍ ഇപ്പോള്‍ തുടരുന്ന പല നയ സമീപനങ്ങളും പുനപ്പരിശോധിക്കേണ്ടിവരും എന്നാണ്.
സംഘബോധം രൂപപ്പെട്ടത് വിപ്ലവകരമായാണെങ്കിലും ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നത് വിവേകരഹിതവും അയുക്തികവുമായ രീതിയിലാണെന്നു വന്നിരിക്കുന്നു. തികഞ്ഞ മതാത്മകതയുടെയും വംശവെറിയുടെയും ലക്ഷണങ്ങള്‍ മിക്ക കൂട്ടായ്മകളെയും തീണ്ടിയിട്ടുണ്ട്. തങ്ങള്‍ക്കു കൂടുതല്‍ വിശുദ്ധിയും അവകാശവുമുണ്ട് എന്ന മട്ടിലുള്ള അപബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മിഥ്യാഭിമാന പ്രകടനങ്ങളും ധാര്‍ഷ്ഠ്യവും പെരുകിയിരിക്കുന്നു. ഇത് മിക്കവാറും എല്ലാ കൂട്ടായ്മകളുടെയും പൊതു സ്വഭാവമാവുകയാണ്. ഹിംസയും അവഹേളനവും കയ്യേറ്റവും കലഹവും നടത്തുന്നത് ഐക്യപ്പെടേണ്ടവര്‍ തമ്മിലാണ്. ഉദാര ജനാധിപത്യത്തിന്റെ വിപണിമൂല്യങ്ങളാണ് പുതിയ മാനവികതയെ നിര്‍ണയിക്കുന്നത്. അത് സമരൈക്യങ്ങളുടെ സ്ഥാനത്ത് ശിഥിലീകരണത്തിന്റെ പ്രവണതകള്‍ വിതയ്ക്കുന്നു. ഇടതുപക്ഷവും ആ വഴിയെ ബഹുദൂരം പോയിക്കഴിഞ്ഞു. ജനകീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നേ മാനവിക മൂല്യങ്ങളും സമരവീര്യവും തിരിച്ചു പിടിക്കാനാവൂ.
ജനങ്ങളില്‍ ഉണര്‍വ്വിന്റെയും മുന്നേറ്റത്തിന്റെയും അനുഭവമാണ് സൃഷ്ടിക്കേണ്ടത്. അതവരെ പുറന്തള്ളലിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടല്ല വേണ്ടത്. ആശ്രയവും സംരക്ഷണവും പൗരാവകാശവും സര്‍ഗാത്മകതയും അനുവദിച്ചുകൊണ്ടാവണം. അങ്ങനെ മാത്രമേ രാഷ്ട്രീയ പൊതു ബോധ്യത്തില്‍ വിപ്ലവകരമായ പരിവര്ത്തനമുണ്ടാക്കാനാവൂ.
21 മെയ് 2016