തെരഞ്ഞെടുപ്പുത്സവത്തിന്റെ അവസാന ചടങ്ങുകളേ ബാക്കിയുള്ളു. ജനവിധി എന്ന അനുഷ്ഠാനം പൂര്‍ത്തിയായി. മൂന്നാം നാള് അതിന്റെ ഫലം വെളിപ്പെടും. തുടര്‍ന്നുള്ള കൊട്ടും കുരവയും ഘോഷ യാത്രകളും വെടിക്കെട്ടും തീര്‍ന്നാല്‍ ഇത്തവണത്തെ കൊടിയിറക്കമായി.
ഗംഭീരമായെന്നു പറയാതെ വയ്യ. ഇത്രയും കൊടിതോരണങ്ങളും ശബ്ദഘോഷങ്ങളും എഴുന്നള്ളത്തുകളും അടുത്തൊന്നും കണ്ടിട്ടില്ല. മൂന്നുകോടി മുപ്പതു ലക്ഷം ജനങ്ങളുടെ നൂറ്റി നാല്‍പ്പതു പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടത് 2,60,19,284 വോട്ടര്‍മാരായിരുന്നു. അതില്‍ എഴുപത്തിയെട്ടു ശതമാനത്തോളം പേര് വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ മുമ്പു മൂന്നു തവണയേ ഇതില്‍ക്കവിഞ്ഞ സമ്മതിദാന നിരക്ക് ഉണ്ടായിട്ടുള്ളു. 1960ലെ 85.7 ശതമാനമാണ് ഏറ്റവും ഉയര്‍ന്നത്. 1987ലെ 80.53ഉം 1977ലെ 79.2ഉം ആണ് തൊട്ടു പിറകിലുള്ളത്.
1960 ലും 1977ലും കോണ്‍ഗ്രസ്സ് മുന്നണികള്ക്കായിരുന്നു നേട്ടമുണ്ടായത്. 1987 ല്‍ ഇടതുപക്ഷവും നേട്ടം കൊയ്തു. ഇത്തവണ വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പ്രവചനം പ്രയാസകരമാണ്. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ജനങ്ങളെയാകെ കുലുക്കിയുണര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലെ പ്രശ്ന പരിഹാരത്തിന് നിയമങ്ങളുടെ പിന്ബലമുണ്ടാക്കാനുള്ള ആദ്യ സര്‍ക്കാറിന്റെ ശ്രമങ്ങളാണ് ജാതി മത ജന്മി വിഭാഗങ്ങളെ ഏകോപിപ്പിച്ചതും അറുപതിലെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാക്കിയതും. ജാതി മത വര്‍ഗീയതകള്‍ക്കെതിരായ ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിത നിലപാടാണ് 1987ലെ തെരഞ്ഞെടുപ്പ് ഉജ്വലമാക്കിയത്. 1977 പക്ഷെ നമുക്ക് അത്ഭൂതമായിരുന്നു. അടിയന്തിരാവസ്ഥയോട് മലയാളി പ്രതികരിച്ചത് മറ്റെങ്ങും കാണാത്ത വിധമായിപ്പോയി! ഇത്തവണ എന്താണുണ്ടായത്?
രണ്ടു പ്രധാന സംഗതികളാണ് ഏറെ അനുഭവിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടതും. ഒന്ന്, നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായുണ്ടായ ഘടനാപരമായ പരിഷ്ക്കാരങ്ങളും അവ സൃഷ്ടിച്ച പ്രാന്ത പ്രശ്നങ്ങളുമാണ്. മിശ്ര സമ്പദ്ഘടനയും ക്ഷേമ രാഷ്ട്ര സങ്കല്‍പ്പവും പൂര്‍ണമായും കയ്യൊഴിക്കപ്പെട്ടു. ഏറ്റുമുട്ടലുകളുടെയും കീഴ്പ്പെടലുകളുടെയും തുറന്ന വിപണിയിലേക്കാണ് നാം എടുത്തെറിയപ്പെട്ടത്. ചന്തയുടെ യുക്തിയായി നമ്മുടെ സദാചാരം. അഴിമതിയും കൊള്ളയും കുറ്റകരമല്ലാതാവുന്നത് അങ്ങനെയാണ്. അതേ നയസമീപനങ്ങളുടെ ഓരം ചേര്‍ന്ന് പഴയ മതാധികാര രൂപങ്ങള്‍ തിരിച്ചു വരാനാരംഭിച്ചതാണ് രണ്ടാമത്തെ ആഘാതം. അത് രാജ്യം മുഴുവന്‍ ഏകശാസനാധികാരത്തിന്റെ ബ്രാഹ്മണിക്കല്‍ വ്യവഹാരങ്ങളെ പുനരാനയിക്കാനുള്ള തീവ്രശ്രമങ്ങളാണ് തുടങ്ങിവെച്ചത്. നവലിബറല്‍ കോര്‍പറേറ്റ് ധനവാഴ്ച്ചതന്നെയാണ് അതിനും തണല്‍ വിരിച്ചത്. യഥാര്‍ത്ഥത്തില്‍ ധനാധികാരത്തിന്റെ ശിഖരങ്ങളിലൂടെയാണ് ബ്രാഹ്മണിക്കല്‍ ഭൂതപ്പിശാചുകള് ഒച്ചവച്ചെത്തുന്നതെന്ന് നാം കണ്ടു. എന്നാല്‍ നമ്മുടെ രാഷ്ട്രീയ മുതലാളിത്തത്തിന് ഇത് രണ്ടും രണ്ടായി കാണാനായിരുന്നു താല്‍പ്പര്യം. ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ ഞങ്ങളാണ് ഞങ്ങളാണ് ഉത്തമമെന്ന് പരസ്യവാക്യമെഴുതി മത്സരിക്കുകയായിരുന്നു മുന്നണികള്‍. എന്നാല്‍ വര്‍ഗീയത ഊര്‍ജ്ജം സംഭരിക്കുന്ന മൂലധനാധികാരത്തിന്റെ വ്യവഹാരങ്ങളെ അവര്‍ കുറ്റപ്പെടുത്തിയില്ല. രാഷ്ട്രീയ മുതലാളിത്തത്തിന്റെയും അന്നദാതാക്കള്‍ മറ്റാരുമല്ലല്ലോ.
ഫാസിസത്തിന് ചോറുകൊടുക്കുന്നവര് മറുകൈകൊണ്ടു നല്കിയ ഭിക്ഷയാണ് രാഷ്ട്രീയ മുതലാളിത്തത്തിന്റെ മൂലധനം. അവര്‍ക്കു കുരക്കാനാവുന്ന ശബ്ദത്തിന് പരിധിയുണ്ട്. ആ ഭിക്ഷയാണ് തെരുവുകളില്‍ വര്‍ണപ്പൊലിമകള്‍ തീര്‍ത്തത്. ശ്രദ്ധിച്ചവര്‍ക്കറിയാം. തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവുമേറെ പണമൊഴുകിയത് ഇത്തവണയാണ്. പാതയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗ്സ്, അച്ചടി ദൃശ്യ മാധ്യമങ്ങളിലെ തുടര്‍ച്ചയായ പരസ്യങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, ബഹുവര്‍ണ പോസ്റ്ററുകള്‍, ആഴ്ച്ചകള്‍ നീണ്ട വാഹന പ്രചാരണം, റോഡ് ഷോകള്‍, കൊടി തോരണങ്ങള്‍, വാദ്യഘോഷങ്ങള്‍, കനത്ത ചൂടിലും വീടുകള്‍ തോറും പലവട്ടമുള്ള കാമ്പെയിനുകള്‍, കുടുംബ യോഗങ്ങള്‍, റാലികള്‍, പൊതു സമ്മേളനങ്ങള്‍ എന്നിങ്ങനെ ഓരോന്നും പണച്ചെലവുള്ളതായിരുന്നു. ഓരോ മണ്ഡലത്തിലും കോടികളുടെ ചെലവു വന്നിരിക്കണം.
സ്വന്തം പ്രതിനിധിയെ കണ്ടെത്താന്‍ ഇത്രയേറെ കോടി രൂപ ചെലവഴിക്കാന്‍ മാത്രം സമ്പന്നമായ പൗരസമൂഹമാണോ കേരളത്തിലേത്? രാഷ്ട്രീയ പാര്‍ട്ടികളെന്ന കൈവഴികളായി ചാലിട്ടെത്തിയ പണത്തിന്റെ ഉറവ എവിടെയാണ്? കോര്‍പറേറ്റുകളെ വെല്ലുന്ന പരസ്യങ്ങള്‍ നല്കാന് മുന്നണികളെ പ്രാപ്തമാക്കിയത് ആരാണ്? ദരിദ്രരുടെ രാഷ്ട്രീയ കേരളം രാഷ്ട്രീയ മുതലാളിത്തത്തിന് വഴിമാറിയത് എങ്ങനെയാണ്? ആരുടെ താല്‍പ്പര്യമാണ് ഇവര്‍ക്കിനി സംരക്ഷിക്കാനാവുക? ചെലവഴിച്ച കോടികള്‍ ഏതു വിധത്തിലാവും ഇവര്‍ തിരിച്ചു പിടിക്കുക? ആത്യന്തികമായ നഷ്ടം ജനങ്ങള്‍ക്കാണെന്ന ബോധ്യം ജനനേതാക്കള്‍ക്ക് ഇല്ലാതെപോയോ?
പണത്തിന്റെ പൊലിമയില്‍ ദരിദ്രകേരളത്തെ മുക്കിത്താഴ്ത്തി. അവശരും പുറന്തള്ളപ്പെട്ടവരും നിരാലംബരുമായ മനുഷ്യരെ ഹോളിയാഘോഷത്തിലെന്നപോലെ നിറത്തില്‍ കുളിപ്പിച്ചു. അവരുടെ ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന് അവരെ വിശ്വസിപ്പിച്ചു. അവര്‍ക്കുകൂടി അവകാശപ്പെട്ട പൊതുസമ്പത്തിന്റെ ധൂര്‍ത്തും കെട്ടുകാഴ്ച്ചകളും അല്‍പ്പംപോലും മനക്ലേശമില്ലാതെയാണ് മുന്നണികള്‍ നടത്തിയത്. ഒരു നിരത്തു നന്നാക്കിയാല്‍, ഒരു പാലം പണിഞ്ഞാല്‍ അതിന്റെ ചെലവ് നികുതിപ്പണത്തിനു പുറമേ ചുങ്കമായി പലമടങ്ങിരട്ടിയാക്കി തിരിച്ചു പിടിക്കുന്ന ഭരണസംവിധാനമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിനു മുടക്കിയ കോടികള്‍ ഏതു ചുങ്കപ്പുരകള്‍ വഴിയാണോവോ തിരിച്ചു പിടിക്കാന്‍ പോകുന്നത്.
ഒരാള്‍ക്കു പരമാവധി ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്. ഒബ്സര്‍വര്‍മാര്‍ ചീറിപ്പാഞ്ഞു പോകുന്നുണ്ടായിരുന്നു എങ്ങും. കേരളത്തില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ അമിതമായി പണമൊഴുകിയെന്ന് കണ്ടെത്തിയില്ല അവരാരും. ആരും അയോഗ്യരാക്കപ്പെട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ നല്കുന്ന കണക്ക് അംഗീകരിക്കപ്പെടും. നാം കണ്ണു കാണാത്തവരും ബധിരരുമായ ജനമാണ്. കണ്ടതും കേട്ടതും നമ്മെച്ചോര്ത്തിക്കൊണ്ടുപോയ മൂലധന കൗശലത്തിന്റെ കലാപ്രകടനങ്ങള്‍ മാത്രം. ഒരു ദിവസം അവര്‍ വരും, എന്റെ നാട്ടിലെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ എന്നു കവി പറഞ്ഞത് ആരെക്കുറിച്ചാണ്? പുറന്തള്ളല്‍ വികസനത്തിന്റെ ഇരകളെപ്പറ്റിയല്ലേ? ദളിതരെയും തൊഴിലാളികളെയും ആദിവാസികളെയും ഭൂരഹിതരെയും തൊഴില്‍രഹിതരെയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും കുറിച്ചല്ലേ? അവര്‍ എപ്പോഴാണ് വരിക?
17 മെയ് 2016
കേരളത്തിലെ ഒരു അട്ടപ്പാടി അല്ല പത്തു അട്ടപ്പാടികളിലെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പിന് ചിലവഴിച്ച പൈസ കൊണ്ട് കഴിയുകയില്ലേ ? അതുപോലെ ബീഫു ഫെസ്റ്റു നടത്തേണ്ടതും ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആയിരുന്നില്ലേ ?
LikeLike