ഒമ്പതിനായിരം കോടി രൂപ ബാങ്കുകള്‍ക്ക് കുടിശ്ശിക വരുത്തി മുങ്ങിയ ഒരു കോര്‍പറേറ്റ് മുതലാളി നമ്മെ അത്ഭുതപ്പെടുത്തിയിരുന്നു. ഇനിമേലില്‍ അത്ഭുതം ഒരനുഭവമാവാനിടയില്ല. അതിന്റെ എട്ടിരട്ടിയായ 72,000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് കടക്കാരനായ ഗൗതം അദാനി എങ്ങോട്ടും പോയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രിയപ്പെട്ട തോഴനാണദ്ദേഹം. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ സകല ഇന്ത്യന്‍ മുതലാളിമാരും കയ്യൊഴിഞ്ഞപ്പോഴും മോഡിയെ തുണച്ചത് ഗൗതമാണ്. തുടര്‍ന്ന് 2002 മുതല്‍ അദാനിയുടെ വളര്‍ച്ചയും ഞെട്ടിപ്പിക്കുന്ന വേഗത്തിലായിരുന്നു.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും പറന്നെത്താന്‍ മോഡിക്ക് ആകാശയാനമൊരുക്കിയത് അദാനിയാണ്. അത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പണം തന്നാണ് വിമാനസേവനം ഉപയോഗിച്ചതെന്ന് അദാനി ഗ്രൂപ്പിന്റെ വിശദീകരണവുമുണ്ടായി. പ്രധാനമന്ത്രിയായ ശേഷവും നരേന്ദ്ര മോഡി ഗൗതമിനെ മറന്നില്ല. പോകുന്നിടത്തൊക്കെ കൂടെ കൂട്ടി. ഒരു പങ്ക് അദാനിക്കു കാത്തുവച്ചു. ആ സ്വാധീനത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ രാഷ്ട്രീയ മുതലാളിത്തത്തിന്റെ പൊതു താല്‍പ്പര്യങ്ങളിലേക്കു പടര്‍ന്നു. അങ്ങനെയാണ് വിഴിഞ്ഞത്തും അദാനി പതാകയുയര്‍ത്തിയത്. എതിരഭിപ്രായം പറഞ്ഞ പ്രതിപക്ഷത്തെയും സ്വന്തം വരുതിയിലാക്കാന്‍ അദാനിക്കു കഴിഞ്ഞു. രാഷ്ട്രീയ മുതലാളിത്തത്തിന് ഒരൊറ്റ താല്പ്പര്യമേയുള്ളുവെന്ന് അത് കേരളത്തെ പഠിപ്പിച്ചു.
എണ്‍പതുകളുടെ തുടക്കത്തില്‍ കുറെ നൂറുരൂപാ നോട്ടുകളുമായി ബോംബെയ്ക്കു പോയ ഗൗതം രണ്ടു വര്‍ഷം കൊണ്ട് കോടികളുടെ ആസ്തിയാണുണ്ടാക്കിയത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പുതിയ സാമ്പത്തിക നയം വന്നതോടെ അദ്ദേഹത്തിന്റെ വഴി സുഗമമായി. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ പുത്തന്‍ തലമുറയുടെ ശരിയായ പ്രതീകമായി അദ്ദേഹം മാറി. രാജ്യത്തിന്റെ സമ്പത്തും തൊഴിലാളികളുടെ അധ്വാനവും സാധാരണക്കാരുടെ ഉപഭോഗ തൃഷ്ണയും ഒരുപോലെ കൊള്ളയടിക്കാനുള്ള വൈഭവമാണ് ഒട്ടേറെ വ്യവസായ ഗ്രൂപ്പുകളായി പടര്‍ന്നു പന്തലിക്കാനുള്ള ശേഷിയായി വികസിച്ചത്. ഗൗതം അദാനിയെപ്പോലുള്ളവരെ ലോകകോര്പറേറ്റ് ചേരിയിലേക്ക് ഉയര്‍ത്തുകയെന്ന ബാധ്യത ഏറ്റെടുത്തിരിക്കുന്നത് ബി ജെ പി ഗവണ്മെന്റാണ്. അതിന് ആസ്തി സംഭരിക്കുന്നത് ദരിദ്രകോടികളുടെ പിച്ചപ്പാത്രത്തില്‍ കയ്യിട്ടു വാരിയാണ്.
ഒരു ശതമാനത്തിനു താഴെയുള്ള ധനാഢ്യ ചൂഷക ന്യൂനപക്ഷത്തിലേക്ക് അദാനിമാര്‍ വളരട്ടെ. അതിനു വേണ്ടി രാജ്യത്തെ പൊതുസമ്പത്ത് തീറെഴുതട്ടെ. ജനകോടികള്‍ തങ്ങള്‍ ചൂഷണത്തിനും പെരുംകൊള്ളക്കും വിധേയരാവുകയാണ് എന്നറിയാതെ വികസനം വികസനം എന്നാര്‍ത്തു തുള്ളട്ടെ. അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതല്ലാതെ മറ്റെന്താണ് ആഗ്രഹിക്കുന്നത്?
ഗൗതം അദാനി ഉള്‍പ്പെടെ നാലോ അഞ്ചോ കോര്‍പറേറ്റ് കമ്പനിയുടമകളാണ് പൊതു സമൂഹത്തിന് അവകാശപ്പെട്ട 1.4 ലക്ഷം കോടിരൂപ സ്വന്തം എക്കൗണ്ടിലേക്കു മറിച്ചിരിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കാനുള്ള തുക അഞ്ചു ലക്ഷം കോടി രൂപ വരുമെന്ന് കഴിഞ്ഞദിവസം രാജ്യസഭയില്‍ ഒരു എം പി ചൂണ്ടിക്കാട്ടുകയുണ്ടായി. അതീവ രഹസ്യമായാണ് ഗവണ്മെന്റും ബാങ്ക് മാനേജ്മെന്റും ഈ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. അമ്പതിനായിരം രൂപ കടമെടുത്ത പാവപ്പെട്ട കര്‍ഷകനെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും സ്വത്ത് ജപ്തിചെയ്യാനും ബ്ലേഡ് കമ്പനികളെക്കാള്‍ ആവേശം കാണിക്കുന്ന ബാങ്ക് അധികൃതരുണ്ട്. ആത്മഹത്യയിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ വലിയ ഉത്സാഹമാണ് ഗവണ്മെന്റിന്. അതേസമയം അഞ്ചു ലക്ഷം കോടി രൂപ തിരിച്ചടക്കാനുള്ളവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചുകൂടാ എന്ന് കനത്ത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖ അതീവ രഹസ്യമായിരിക്കണമെന്ന നിഷ്ക്കര്‍ഷ ഏതു ജനാധിപത്യാവകാശത്തെയാണ് സംരക്ഷിക്കുക?
കാര്‍ഷിക ലോണിന്റെ കുടിശ്ശിക തീര്‍ക്കാന്‍ 72,000 കോടിരൂപ മതിയാകും. അതെടുത്തത് ദരിദ്രരായ സാധാരണക്കരായതിനാല് അവര്‍ക്ക് കാലാവധി നീട്ടി ലഭിക്കില്ല. പേരുവിവരം രഹസ്യമായിരിക്കില്ല. ഒറ്റ രൂപപോലും ഇളവനുവദിക്കില്ല. വീടോ ഭൂമിയോ ഉണ്ടെങ്കില്‍ അത് ജപ്തിചെയ്യും. അല്ലെങ്കില്‍ തടവുശിക്ഷ തീര്‍ച്ച. അതുമല്ലെങ്കില്‍ ആത്മഹത്യയാവാം. ഗോപുരങ്ങളുയര്ത്താനോ വിമാനം പറത്താനോ അല്ല അവര്‍ കടമെടുത്തത്. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഭക്ഷണം ഉത്പ്പാദിപ്പിക്കാനാണ്. മണ്ണില്‍ അധ്വാനിക്കുന്നവന് നടു നിവര്‍ത്താനാണ്. അത് അടിസ്ഥാന വികസനമാണെന്ന് ഗവണ്മെന്രിന് തോന്നിയിട്ടില്ല. ചതിച്ചോ കൊന്നോ പണമുണ്ടാക്കിവരൂ എന്നു തലമുറകളെ പ്രേരിപ്പിക്കുന്ന അധാര്‍മികതയുടെ ജനാധിപത്യമായിരിക്കുന്നു നമ്മുടേത്.
ജെഡിയുവിന്റെ രാജ്യസഭാംഗം പവന്വര്മ കഴിഞ്ഞ മെയ് 7ന് രാജ്യസഭയില്‍ ആരോപിച്ചത് സങ്കല്‍പ്പിക്കാനാവാത്ത ആനുകൂല്യങ്ങളാണ് അദാനിക്ക് മോഡി സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നതെന്നാണ്. പ്രധാനമന്ത്രി പോകുന്ന രാജ്യങ്ങളിലെല്ലാം കൂടെ ഗൗതം അദാനിയുമുണ്ട്. എന്തു ബന്ധമാണ് ഈ വ്യവസായ ഗ്രൂപ്പുമായി ഗവണ്മെന്റിനുള്ളത്? വര്‍മ ചോദിക്കുന്നു. ഗുജറാത്തിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അവരുടേതായിരിക്കുന്നു. മുണ്ഡ്രയില്‍ മാത്രം അത് 7,350 ഹെക്ടര്‍ വരും. പ്രത്യേക സാമ്പത്തിക മേഖലയായി സവിശേഷാധികാരത്തോടെ വിരാജിക്കുന്ന ഗ്രൂപ്പിന് രാജ്യത്തെ മര്‍മ്മ പ്രധാനമായ തുറമുഖങ്ങളും പ്രാന്തപ്രദേശങ്ങളും വിട്ടു നല്കാന് ഗവണ്മെന്റ് മടിക്കുന്നില്ല. എന്തുതരം ബന്ധമായിരിക്കും ഗവണ്മെന്റിനും രാഷ്ട്രീയ നേതാക്കള്‍ക്കും ഇവരോടൊക്കെ ഉണ്ടായിരിക്കുക?
മുപ്പതുകളുടെ തുടക്കത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ പുരോഗതി സംബന്ധിച്ച സാമ്പത്തിക കാഴ്ച്ചപ്പാട് രൂപീകരിക്കുമ്പോള്‍ അന്നത്തെ വലിയ മുതലാളിമാരായ ടാറ്റയും ബിര്‍ളയും സ്വകാര്യ-പൊതു മേഖലകള്‍ക്ക് തുല്യ പരിഗണന നല്‍കുന്നതാകും ഉചിതമെന്നാണ് പറഞ്ഞത്. അത്രയും വിവേകം അവര്‍ക്കുണ്ടായിരുന്നു. പൊതു സമൂഹത്തോടുള്ള പരിഗണനയും ബഹുമാനവും അതിലുണ്ട്. എന്നാല്‍ പൊതു വിഭവവും സമ്പത്തും അധ്വാനവും ഉപയോഗിച്ച് സ്വകാര്യ സംരംഭമായിത്തീരുന്ന മാന്ത്രികത പുതിയ കോര്‍പറേറ്റ് മുതലാളിത്തത്തെപ്പോലെ അവര്‍ ശീലിച്ചിട്ടില്ലായിരുന്നു.
ജീവിതസുരക്ഷയില്നിന്ന് പൊതു സമൂഹത്തെ പുറന്തള്ളി തടിച്ചു കൊഴുക്കുന്ന ജനവിരുദ്ധ സംഘങ്ങള്‍ക്ക് ചുവന്ന പരവതാനി വിരിച്ച് സ്വാഗതം പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരിച്ചറിയണം. ജനവിരുദ്ധതയുടെ കാര്‍മികത്വം ജനാധിപത്യ വ്യവഹാരമെന്ന് തെറ്റിദ്ധരിച്ചുകൂടാ. കോര്‍പറേറ്റ് മുതലാളിത്തവും രാഷ്ട്രീയ മുതലാളിത്തവുംകൂടി നമ്മെ മോഹിപ്പിച്ചും ചവിട്ടിമെതിച്ചും കൊല്ലുകയാണ്. നമ്മെയൂറ്റിയ സമ്പത്ത് വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യ നിക്ഷേപങ്ങളായി കുമിയുന്നു. പുതിയ അധിനിവേശങ്ങളില്‍ ശത്രുവാരെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്തവിധം അന്ധരോ അടിമകളോ ആയി നാം മാറിയിരിക്കുന്നു. ഇവര്‍ പിന്തുടരുന്ന ക്രമങ്ങളെ നമുക്കു കീഴ്മേല്‍ മറിച്ചേ പറ്റൂ. എല്ലാം ആദ്യം തുടങ്ങണം. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അര്‍ത്ഥം ഏറ്റവും കീഴാളരായ മനുഷ്യരില്‍നിന്നു പഠിക്കുകയും ശീലിക്കുകയും വേണം.
9 മെയ് 2016