Article POLITICS

ജിഷ പുറന്തള്ളല്‍ വികസനത്തിന്റെ രക്തസാക്ഷി

 

jisha


പെരുമ്പാവൂരിലെ കൊടുംപാതകത്തിന്റെ ഉത്തരവാദിത്തം അത് ചെയ്തവര്‍ക്കു മാത്രമല്ലെന്ന് അല്‍പ്പം കുറ്റബോധത്തോടെ കേരളീയ സമൂഹം മനസ്സിലാക്കിയിരിക്കുന്നു. ഞാനും നിങ്ങളും ഉത്തരവാദികളാണ് എന്ന് ഓരോ ആള്‍ക്കൂട്ടത്തിലും അഭിപ്രായമുയരുന്നു. ഇത് എത്രമാത്രം ആത്മാര്‍ത്ഥമാണ്? ആത്മവഞ്ചനയുടെ അംശമാണോ ഇതിലുമുള്ളത്? അല്ലെങ്കില്‍ അതില്‍ നമ്മുടെ പങ്ക് എന്താണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും പുറംതള്ളപ്പെടുന്നവര്‍ക്കും സഹജീവികള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരമോ ആദരവോ നല്‍കിയില്ല, അന്യോന്യം ഒറ്റപ്പെടുംവിധം അകല്‍ച്ചയ്ക്കു വഴിയൊരുക്കി അവനവന്റെ പാടുനോക്കി ജീവിച്ചുപോയി എന്നെല്ലാം ആത്മാലാപമാവാം. അതിനപ്പുറം നമ്മെ ഇങ്ങനെയാക്കിയ ഭരണകൂടം എന്നൊന്നുണ്ടല്ലോ. അതേക്കുറിച്ച് നാം എന്തിനാണ് മൗനം പാലിക്കുന്നത്? യഥാര്‍ത്ഥത്തില്‍, തുടരുന്ന ആ മൗനമല്ലേ ഏറ്റവും വലിയ പാതകം?

കനാല്‍ പുറമ്പോക്കിലെ ഒരു സെന്റ് ഭൂമിയില്‍ അടച്ചുറപ്പില്ലാത്ത ഒരു കുടിലിലാണ് ജിഷയുടെ കുടുംബം കഴിഞ്ഞുപോന്നത്. മൂന്നു പതിറ്റാണ്ടോളമായി, ആ കുടിലവിടെയുണ്ട്. അങ്ങനെ എത്രയോ പുറമ്പോക്കുകളിലും തെരുവുകളിലുമായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ അതേ ദാരുണാവസ്ഥ പങ്കിടുന്നുണ്ട്. ഏതു നിമിഷവും അക്രമിക്കപ്പെടുമെന്ന ഭീതിയോടെ പെണ്‍കുട്ടികളും അവരുടെ അമ്മമാരും അവിടെ ജീവിക്കുന്നു. അടച്ചുറപ്പുള്ള വീടിനൊപ്പം ജീവിക്കാനാവശ്യമായ തൊഴിലോ കൃഷി ചെയ്യാവുന്ന ഭൂമിയോ നല്‍കി അവരെ പുലര്‍ത്താന്‍ നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

അവര്‍ക്കു നല്‍കാന്‍ ഭൂമിയെവിടെ എന്നു കൈമലര്‍ത്തുന്ന ഗവണ്‍മെന്റിന് കോടികളുടെ നിക്ഷേപ സാധ്യതയും അതിന്റെ പ്രാന്തങ്ങളില്‍ പുളയ്ക്കുന്ന കണ്ണഞ്ചിക്കുന്ന ആനുകൂല്യങ്ങളും നീട്ടിയെത്തുന്ന ധനാഢ്യന് നല്‍കാന്‍ ഭൂമി എത്രവേണമെങ്കിലുമുണ്ട്. ആരെയും ഭൂമിയില്‍നിന്ന് ഇറക്കിവിട്ട് പുതിയ നിക്ഷേപകരെ പാര്‍പ്പിച്ചു നേടുന്ന നേട്ടത്തെയാണ് നാം വികസനമെന്ന് വിളിക്കുന്നത്. അതേ ഉത്സാഹം ഭൂരഹിതരും ദരിദ്രരും പുറമ്പോക്കില്‍ കഴിയുന്നവരുമായ മനുഷ്യര്‍ക്കു ഭൂമി നല്‍കാന്‍ കാണിച്ചിരുന്നെങ്കില്‍, കേരളത്തിന്റെ വികസനത്തിന് അതൊരു തുടക്കമാവുമായിരുന്നു. ജിഷമാരുടെ ജീവിതം അല്‍പ്പമെങ്കിലും സുരക്ഷിതമാവുമായിരുന്നു.

ജിഷയുടെ അനുഭവം ഭരണകൂടത്തിന്റെ കണ്ണാണ് തുറപ്പിക്കേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളുമാണ് സമാധാനം പറയേണ്ടത്. പുറമ്പോക്കുകളില്‍ കഴിയുന്നത് പുറന്തള്ളപ്പെട്ട ജനതയാണ്. അവരുടെകൂടി സ്വത്താണ് പൊതുസമൂഹം അനുഭവിക്കുന്നത്. പൊതു വിഭവങ്ങളില്‍ തുല്യമായ അവകാശമാണുള്ളത്. എന്നിട്ടും അവര്‍ ദാരിദ്ര്യത്തിലും അരക്ഷിതത്വത്തിലും കഴിയുന്നു. നാം വിഴിഞ്ഞത്ത് തുറമുഖവും കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റിയും കണ്ണൂരില്‍ വിമാനത്താവളവും ഉണ്ടാക്കുന്നു. ആ പൊലിമ മതി വികസന നേട്ടവും വോട്ടുമാവാന്‍. ജീവിക്കാന്‍ മണ്ണിലിഴയുന്നവരെ മനുഷ്യരാക്കിത്തീര്‍ക്കാന്‍ പാടുപെട്ടവരുണ്ടായിരുന്നു. അവരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിക്കുന്നത് അവരേല്‍പ്പിച്ച പതാകയേന്തുന്നവരാണെന്നത് ചരിത്രത്തിന്റെ ക്രൂര വിനോദം.

ജിഷയുടെ കൊലപാതകികളെ എത്രയും വേഗം പിടികൂടുകയും മാതൃകാപരമായ ശിക്ഷ നല്‍കുകയും വേണം. അതേ സമയം, ജിഷയുടെ കുടുംബത്തെയും അതുപോലെയുള്ള പതിനായിരങ്ങളെയും അരക്ഷിതമായ അവസ്ഥയിലേക്ക് എറിഞ്ഞുകൊടുത്ത ഭരണകൂടത്തോട് പൊറുക്കാനാവുമോ? പലകാലം ഭരിച്ചവര്‍ ഇങ്ങനെയും ജീവിതമോ എന്നു സ്തംഭിച്ചു നില്‍ക്കുകയോ സഹതാപം ചൊരിയുകയോ ചെയ്യുന്നത് അത്ഭുതകരമായിരിക്കുന്നു. പൊടുന്നനെ ചൊവ്വയില്‍നിന്ന് അറ്റു വീണ കുടുംബമല്ല ജിഷയുടേത്. അവര്‍ക്ക് ദാരിദ്ര്യരേഖക്കു മുകളില്‍ എന്നു മുദ്രകുത്തിയ റേഷന്‍ കാര്‍ഡ് നല്‍കി പരിഹസിച്ച അധികാരികള്‍ അവരെ തിരിച്ചറിയുന്നതെങ്ങനെ? അങ്ങനെ എത്രയോ കുടുംബങ്ങള്‍ ഭരണകൂടത്തിന്റെ കാരുണ്യം കാത്ത് നിലവിളിച്ചുകൊണ്ടും യാചിച്ചുകൊണ്ടും കഴിയുന്നതായി അവര്‍ക്കറിയില്ലേ? ഓരോ പഞ്ചായത്തിലും ഭൂമിക്കും വീടിനും അപേക്ഷിച്ചവരുടെ പട്ടികയെങ്കിലും ഒന്നു വായിച്ചു നോക്കണം സാര്‍.

ജനപ്രതിനിധികള്‍ അവരുടെകൂടി പ്രതിനിധികളാണ്. ജനാധിപത്യ ഗവണ്‍മെന്റും അവരുടേതുകൂടിയാണ്. അക്കൂട്ടര്‍ക്കു നീതിയും ജീവിതവും കിട്ടുമ്പോഴേ ജിഷയ്ക്കു നീതിയാവുകയുള്ളു. ദുരന്താനന്തരം നല്‍കുന്ന സഹായധനമോ തൊഴിലോ വ്യവസ്ഥയുടെ ഓട്ടയടയ്ക്കല്‍ കൗശലങ്ങളാണ്. അവിചാരിത പാതകങ്ങള്‍ക്ക് ഇരയാകുന്നവരെ അങ്ങോട്ടു തള്ളിവിട്ടവര്‍തന്നെ, എന്തോ ആനുകൂല്യം നല്‍കുന്നു എന്ന മട്ടില്‍ അഭിനയിച്ചു ഫലിപ്പിക്കുകയാണ്. അവര്‍ക്ക് അവകാശപ്പെട്ടതിന്റെ ഒരു വിഹിതംപോലുമാവുന്നില്ല അപ്പോഴുമത്. ആ സഹായധനത്തിന് ഇടയാക്കാതെ മുഴുവന്‍ അരക്ഷിതരെയും പുറമ്പോക്കില്‍നിന്ന് വീണ്ടെടുക്കാനും ഇനിയമാരും പുറമ്പോക്കിലേക്കു തള്ളപ്പെടുകയില്ലെന്ന് ഉറപ്പിക്കാനും സാധിക്കണം. അതാണ് ജനപുരോഗതിയുടെ അഥവാ ജനകീയ വികസനത്തിന്റെ മുഖ്യ ബാധ്യത. അത് അംഗീകരിക്കാന്‍ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാണോ?

അങ്ങനെയാണെങ്കില്‍ പുറന്തള്ളല്‍ വികസനം എന്ന അജണ്ട വലിച്ചെറിയണം. കോര്‍പ്പറേറ്റ് വികസനമെന്ന വഞ്ചന അവസാനിപ്പിക്കണം. ദളിതരുടെയും കീഴാളരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും അധ്വാനിക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും വിവേചന ഭീകരതയ്ക്കിരയാവുന്നവരുടെയും പുറന്തള്ളപ്പെടുന്നവരുടെയും പരിസ്ഥിതിയുടെയും പക്ഷത്തുനിന്നുള്ള വികസന കാഴ്ച്ചപ്പാടുകള്‍ക്ക് ഊന്നല്‍ നല്‍കണം. ഭൂവവകാശം സംബന്ധിച്ച നിയമം പുതുക്കണം. ശിഥിലമായ സാമൂഹിക സുരക്ഷയുടെ വ്യവഹാര വലയങ്ങള്‍ പുതുക്കിപ്പണിയണം. കമ്പോള മത്സരങ്ങളുടെ ദയാരഹിതമായ അങ്കപ്പുറപ്പാടുകളില്‍നിന്ന് സാധാരണ ജീവിതങ്ങളെ മോചിപ്പിക്കണം. ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ പൗരാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ടുകൂടാ.

രണ്ടരപ്പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ ഇരച്ചുകയറ്റത്തിനിടെ നമ്മുടെതായ പലതും നമുക്കു കൈമോശം വന്നു. ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി പിന്‍വലിക്കപ്പെട്ടപ്പോള്‍ അടിസ്ഥാന ജീവിതങ്ങളിലുണ്ടായ മാറ്റം ആരും പരിഗണിച്ചില്ല. അധിനിവേശ മൂലധന താല്‍പ്പര്യങ്ങളുടെ ഇരകളായി പരുവപ്പെടുകയായിരുന്നു നാം. ഒരു വലിയ വിപണിയായി മൂലധനമൂര്‍ത്തികളുടെ ശക്തി പരീക്ഷണ താവളമായി കേരളം മാറി. അടുത്തവര്‍ അന്യരോ അപരരോ ആയി മാറി. ഈ വേര്‍പെടലുകളെ വീണ്ടും കൂട്ടിയോജിപ്പിക്കാനും ആരോഗ്യകരമായ ഒരു ജനസമൂഹത്തെ രൂപപ്പെടുത്താനും ഭരണകൂടത്തെയാണ് ആദ്യം മനുഷ്യോന്മുഖമായി പുതുക്കിയെടുക്കേണ്ടത്. പെരുകുന്നത് പുറന്തള്ളപ്പെടുന്നവരുടെ നിരയാവരുതെന്ന് ഉറപ്പിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടമാണ് നമുക്കുണ്ടാവേണ്ടത്. അതോര്‍മ്മിപ്പിക്കാനെങ്കിലും ഈ തെരഞ്ഞെടുപ്പു സന്ദര്‍ഭം പ്രയോജനപ്പെടണം.

6 മെയ് 2016

1 അഭിപ്രായം

  1. ഇന്ത്യയിലെ കാൽ ഭാഗം വരുന്ന ജനതക്ക് വിസർജിക്കാനുള്ള വസ്തു എന്താണെന്നറിഞ്ഞു കൂടാ എന്ന് അഹങ്കാരത്തോടെ പറയുന്ന ഒരു സം സ്ഥാനത്താണ് ഒര് സെന്റ് പുറംമ്പോക്കിൽ ഒകു ടിലിനകത്ത് ക്കുഴിക്കുത്തിമലമൂത്ര വിസർ ജനം നടത്തുന്ന ഒരു കുടുമ്പം. , സമീപ ത്തെ കിണറുകളിൽ നിന്നൊന്നും ഒരുതുളളി വെള്ളവും എടുക്കാൻ പാടില്ലാത്ത അവസ്ഥയിയിൽ.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )