തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചിരിക്കുന്നു. പ്രധാന പാതകള്‍ക്കരികെ കാഴ്ച്ചയെത്തുന്ന കോണുകളിലെല്ലാം കോടികള്‍ ചെലവഴിച്ച ഹോര്‍ഡിംഗ്സ് ഉയര്‍ന്നിട്ട് നാളുകളായി. ഏതൊരു കോര്‍പറേറ്റ് കമ്പനിയോടും ഏറ്റുമുട്ടാന്‍ പ്രാപ്തമായ വ്യവസായമായി കേരളത്തിലെ മുന്നണി രാഷ്ട്രീയം മാറിക്കഴിഞ്ഞു എന്നതിന്റെ അറിയിപ്പു പലകകൂടിയാണത്. നോട്ടീസുകളും പോസ്റ്ററുകളും ചുമരെഴുത്തുകളും ഫ്ളക്സ് ബോര്‍ഡുകളും പതിവുപോലെ നിരന്നിട്ടുണ്ട്. പൊതുയോഗങ്ങളും കുടുംബയോഗങ്ങളുമുണ്ട്. വീടുകള്‍ കയറിയിറങ്ങുന്ന സ്ക്വാഡുകള്‍ക്ക് വര്‍ധിച്ച താപനില ഒരു തടസ്സമായിട്ടില്ല. വാട്സപ്പും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള നവസാമൂഹികമാധ്യമങ്ങളും ദൂരദര്‍ശന ചാനലുകളും പത്രമാസികകളും ഈ കാര്‍ണിവലിനെ കൊഴുപ്പിക്കുന്നു.
കണ്ണഞ്ചിക്കുന്ന വര്‍ണങ്ങളും ചെകിടടപ്പിക്കുന്ന ശബ്ദങ്ങളും ധൃതികൂടിയ സഞ്ചാരങ്ങളും പുതിയ ഐക്കണുകളുടെ ഉയിര്‍പ്പും ജനാധിപത്യോത്സവത്തെ ഗംഭീരമാക്കിയിരിക്കുന്നു. സ്വതന്ത്രമായ പണവിനിമയങ്ങളുടെ തുറസ്സുകളിലേക്ക് ഒരു ജനത അമ്പരപ്പോടെ നോക്കിനില്ക്കുന്നു. ഇക്കാലത്ത് ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയമെന്ന് സ്വയം വിശ്വസിപ്പിക്കാനോ സാധൂകരിക്കാനോ ശ്രമിക്കുന്നു. അന്ധമായ വിധേയത്വത്തിന് അതല്ലാതെന്തു ചെയ്യാനാവും?
മുതലാളിത്ത രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും പ്രതിസന്ധിയും നാമറിഞ്ഞിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ മുതലാളിത്തം എന്ന ഒരു പുതിയ പ്രതിഭാസം രൂപപ്പെട്ടത് ശ്രദ്ധിച്ചില്ല. പഴയ കാല വ്യവസായ മുതലാളിത്തത്തിന്റെ ഘട്ടം കഴിഞ്ഞതോടെ സേവന വ്യവസായം, സഹായ വ്യവസായം എന്നിങ്ങനെ മുതലാളിത്ത വ്യവഹാരം സൂക്ഷ്മമായപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനവും ആ ഗണത്തിലേക്ക് കടന്നു നില്‍ക്കാനുള്ള വെമ്പല്കാണിച്ചു. സാമ്പത്തികവും രാഷ്ട്രീയവുമായ പുതിയ വ്യവസ്ഥയായി രാഷ്ട്രീയ മുതലാളിത്തം അടയാളപ്പെട്ടു തുടങ്ങി. പ്രതിഫലേച്ഛയോടെത്തന്നെ സാമ്പത്തിക വരേണ്യ വിഭാഗവും രാഷ്ട്രീയ വരേണ്യ വിഭാഗവും തമ്മിലുണ്ടാക്കുന്ന സഹകരണമാണ് ഈ പുതിയ വ്യവസ്ഥയ്ക്ക് ആധാരമെന്ന് രാഷ്ട്രീയ മുതലാളിത്തം എന്ന ഒരു ലേഖനത്തില്‍ ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസറും എഴുത്തുകാരനുമായ റണ്ടാള്‍ ജി ഹൊള്കോമ്പെ വിശദീകരിക്കുന്നു.
സാമ്പത്തിക താല്പ്പര്യങ്ങളുടെമേല് രാഷ്ട്രീയ നിയന്ത്രണം എന്നത് മുതലാളിത്തത്തിന്റെ രാഷ്ട്രീയവത്ക്കരണമാണ്. ജനാധിപത്യ ഘട്ടത്തിലെ രാഷ്ട്രീയം അങ്ങനെയായിരിക്കും. എന്നാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക നിയന്ത്രണമെന്നത് രാഷ്ട്രീയ മുതലാളിത്തമാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന് സംഭവിച്ചത് അതാണ്. സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു കീഴ്പ്പെട്ടേ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനാവൂ എന്ന പരിതാപകരമായ അവസ്ഥയാണത്. അത്തരമൊരു ഘട്ടത്തില്‍ ജനാധിപത്യ വ്യവഹാരങ്ങള്‍ക്കു തുടരാനാവില്ലെന്നും എളുപ്പം ഫാഷിസത്തിലേക്കു നീങ്ങുമെന്നും രാഷ്ട്രീയ മുതലാളിത്തത്തെക്കുറിച്ചു പഠിച്ച പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഷ്ട്രീയ മുതലാളിത്തം രംഗപ്രവേശം ചെയ്യുന്നതോടെ, സാമൂഹിക ക്ഷേമത്തിന് സാമ്പത്തിക വളര്‍ച്ചയെന്ന സമീപനം മാറുന്നു. സാമ്പത്തിക വികാസത്തിന് അനുസൃതമായ സാമൂഹിക ഘടന മതിയെന്ന് ദയാരഹിതവും സമൂഹവിരുദ്ധവുമായ തിരുത്തലുണ്ടാകുന്നു. അത്, പുറന്തള്ളലുകള്‍ക്കും പ്രാന്തവല്‍ക്കരണങ്ങള്‍ക്കും വേഗമേറ്റുന്നു. മനുഷ്യ പുരോഗതിയുടെ സ്ഥാനത്ത് സാമ്പത്തിക വികസനമെന്ന ബദലൊരുക്കുന്നു. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തുടരുമ്പോഴും ഒരേ രാഷ്ട്രീയ മുതലാളിത്തത്തിന്റെ സിദ്ധാന്തവും പ്രയോഗവും നടപ്പാക്കുന്ന പുതിയ വരേണ്യവിഭാഗം സൃഷ്ടിക്കപ്പെടുകയാണ്. ആ സാഹചര്യത്തിലാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പാര്‍ട്ടികള്‍ വികസനം വികസനം എന്നു വിളിച്ചു കൂവുക. പുതിയ കൂട്ടായ്മയുടെ മുദ്രാവാക്യവും മാനിഫെസ്റ്റോയുമാണത്.
ഏതൊരു മുതലാളിത്ത വിഭാഗത്തെയുംപോലെ രാഷ്ട്രീയ മുതലാളിത്തവും തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളും അജണ്ടകളും രഹസ്യമാക്കി വെക്കാന്‍ ബദ്ധശ്രദ്ധമായിരിക്കും. ലഘുപ്രശ്നങ്ങളെയോ അവഗണനീയ വിഷയങ്ങളെയോ വലിയ പ്രാധാന്യത്തോടെ അവര്‍ ചര്‍ച്ച ചെയ്യും. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ തീണ്ടുകയേയില്ല. കാരണം അതവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ മുറിവേല്‍പ്പിക്കും. പുറന്തള്ളപ്പെടുന്നവരെ പരിഗണിച്ചാല്‍ നവലിബറല്‍ സാമ്പത്തിക മത്സരങ്ങളില്‍ അയോഗ്യരാവും. വ്യവസായങ്ങളുടെ നിലനില്‍പ്പ് രാഷ്ട്രീയ വ്യവസായത്തിലും പ്രധാനമാണ്. ധനവരേണ്യ രൂപരേഖയ്ക്കനുസരിച്ച് രാഷ്ട്രീയ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യവഹാരങ്ങളെയും അഴിച്ചു പണിയുകയാണ് രാഷ്ട്രീയ മുതലാളിത്തം ആദ്യം ചെയ്യുക. ഭിന്ന പദാവലികളെയും രീതിശാസ്ത്രത്തെയും അത്ഭുതകരമായ രീതിയില്‍ സ്വാംശീകരിക്കാനുള്ള ശേഷിയും അതു പ്രകടമാക്കുന്നു.
പരിഷ്ക്കരിക്കപ്പെടുന്ന ഗവണ്മെന്റ് നയങ്ങളൂടെ ഗുണഫലമനുഭവിക്കുന്ന ഒരു ശതമാനംപേര്‍ സമ്പന്നവരേണ്യ പദവിയിലെത്തുന്നു. അതിന് ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്ന തൊണ്ണൂറ്റൊമ്പത് ശതമാനം പേര് വിപരീത വഴിയിലും. 2011ല്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, രാഷ്ട്രീയ മുതലാളിത്തം ഏല്‍പ്പിക്കുന്ന വലിയ വിപത്തായി ഇതിനെ നിരീക്ഷിച്ചിരുന്നു. അമേരിക്കപോലുള്ള വികസിത രാജ്യങ്ങളിലല്ലേ അത് എന്നു സമാധാനിക്കാനാവില്ല. ദരിദ്ര വികസ്വര രാജ്യങ്ങളിലെല്ലാം സാമ്പത്തിക പുനസംവിധാന അജണ്ടയോടൊപ്പം സജീവമായി നിര്‍വ്വഹിക്കപ്പെട്ട പുനസംഘടനയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേത്. ഇടത് വലത് ഭേദമില്ലാതെ വലിയ ആവേശത്തോടെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ മുതലാളിത്ത സ്ഥാപനങ്ങളായി പരകായ പ്രവേശം ചെയ്തത്. രാഷ്ട്രീയ മുതലാളിത്തത്തിന്റെ പ്രാഥമിക സവിശേഷത അത് ജനതയെ രണ്ടായി തിരിക്കുന്നു എന്നതാണ്. വരേണ്യ ന്യൂനപക്ഷവും ദരിദ്ര സാധാരണ ഭൂരിപക്ഷവും. രാഷ്ട്രീയ നേതൃത്വങ്ങള്‍ വരേണ്യ ന്യൂനപക്ഷത്തിന്റെ ഭാഗമാകാന്‍ ഉത്സാഹിക്കുന്നു. ആ പക്ഷത്തിന്റെ നയനടത്തിപ്പിനുള്ള ഉപകരണമാകുന്നു.
1989ല്‍ ബര്‍ലില്‍ മതിലിന്റെ തകര്‍ച്ചയും 1991ല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും യാഥാര്‍ത്ഥ്യമായതോടെ മുതലാളിത്തം സകലതും വിഴുങ്ങാനുള്ള ശേഷി പ്രകടിപ്പിച്ചു തുടങ്ങി. എണ്‍പതുകളില്‍ താരതമ്യ സാമ്പത്തിക വ്യവസ്ഥാ പഠനം എന്ന ഒരു പഠനശാഖ സജീവമായിത്തുടങ്ങിയിരുന്നു. പ്രധാനമായും മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള താരതമ്യപഠനമായിരുന്നു പഠനവിഷയം. ചില പഠനങ്ങളില്‍ ഫാസിസത്തെ പ്രത്യേക സാമ്പത്തിക വ്യവസ്ഥയായി അവതരിപ്പിച്ചിട്ടുമുണ്ട്. ഈ ശാഖ തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയോടെ മരവിപ്പു നേരിട്ടു. പുതിയ നൂറ്റാണ്ടു പക്ഷെ പുതിയ സാഹചര്യം തുറന്നിരിക്കുന്നു. എന്നാല്‍ അതു തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ മുഖ്യധാരാ ഇടതുപക്ഷം രാഷ്ട്രീയ മുതലാളിത്തത്തിന്റെ പ്രകടന പത്രികകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ നിയമസഭാ തെരഞ്ഞെടുപ്പുരംഗം നോക്കൂ. ധനമുതലാളിത്തത്തിന്റെ കളിസ്ഥലമായിരിക്കുന്നു. പ്രചാരണ രംഗം മാത്രമല്ല, പ്രകടന പത്രികകളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും എല്ലാം ശരിയാകും എന്ന മട്ടില്‍ രാഷ്ട്രീയേതര മുഖംമൂടി ചാര്‍ത്തുന്നു. നവമുതലാളിത്തം അടിച്ചേല്‍പ്പിച്ച ദുരിതങ്ങളെപ്പറ്റി എണ്ണിപ്പറയാനോ പരിഹാരം തേടാനോ ആരും ഒരുക്കമല്ല. അവശേഷിച്ച സാമൂഹിക സുരക്ഷപോലും കവര്‍ന്നെടുക്കുന്ന പരിഷ്ക്കരണങ്ങളോടാണ് ഭ്രമം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എന്നു മാറ്റിനിര്‍ത്തലുകള്‍ തുടരുന്നു. പുറന്തള്ളല്‍ ഉത്സവങ്ങളാണ് വരേണ്യവികസനം. പുതിയ ബ്രാഹ്മണിസവും പുതിയ രാഷ്ട്രീയ മുതലാളിത്തവും അന്യോന്യം ആശ്ലേഷിച്ചു നില്‍പ്പാണ്. ഇതിലേതു വര്‍ജ്യം ഏതെടുക്കാം എന്നു മുറിച്ചു നോക്കുന്നവരുണ്ട്. അവര്‍ പതുക്കെയാണെങ്കിലും നിരാശപ്പെടേണ്ടി വരും.
പഴയ വീര്യത്തോടെ ജനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതിന് സാധാരണക്കാരായ മനുഷ്യര്‍ അനുഭവങ്ങളെ സത്യസന്ധമായും അന്ധഭക്തി കൂടാതെയും വിശകലനം ചെയ്തു തുടങ്ങണം. ധനാധികാര ശക്തികള്‍ക്കോ അവയാല്‍ നിയന്ത്രിക്കപ്പെടുന്ന ജനനിരാസ രാഷ്ട്രീയത്തിനോ പരിഹരിക്കാനാവാത്തവിധം ജനവും അധികാരവും തമ്മിലുള്ള അകലം കൂടുകയാണ്. അതിനര്‍ത്ഥം ഇതു ജനാധിപത്യമല്ലാതാവുന്നു എന്നുതന്നെ. ജനപക്ഷ രാഷ്ട്രീയത്തെ നവ മുതലാളിത്ത നിയന്ത്രണങ്ങളില്‍നിന്നു മോചിപ്പിക്കാനായില്ലെങ്കില് ഈ തെരഞ്ഞെടുപ്പുകള്‍ അര്‍ത്ഥശൂന്യമാവും.
5 മെയ് 2016