Article POLITICS

വെറുക്കണം, ആണ്‍കേരളമെന്ന ശവപ്രതിഷ്ഠയെ

 

avijit2


ഞാനെവിടെയായിരുന്നു? നിരന്തരം ചുറ്റുപാടുകളെ നിരീക്ഷിച്ചുപോന്ന എന്റെ ശ്രദ്ധയില്‍ പെടാതെ പോയ ഒരു വാര്‍ത്ത ഇന്ന് എന്റെ ഏറ്റവും വലിയ വേദനയോ കുറ്റബോധമോ ആകുന്നു. എറണാകുളത്ത് കുറുപ്പംപടിയില്‍ ഒരു പെണ്‍കുട്ടി ഭീകരമാംവിധം അക്രമിക്കപ്പെടുകയും ബലാല്‍സംഗത്തിനു വിധേയമാവുകയും ജനനേന്ദ്രിയത്തില്‍ കുത്തും വയറില്‍ ചവിട്ടുമേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടി കൊല ചെയ്യപ്പെടുകയും ചെയ്തിട്ട് നാലുദിവസം കഴിഞ്ഞിരിക്കുന്നു. ഓടുന്ന ബസ്സിലോ തീവണ്ടിയിലോ നഗരത്തിലെ പാര്‍ക്കിലോ ലോഡ്ജിലോ അല്ല, തന്റെ അതീവ ദുര്‍ബ്ബലമായ ചെറ്റപ്പുരയില്‍ ദാരിദ്ര്യത്തിനും ഏകാന്തതക്കും നടുവിലാണ് ഈ ദളിത് പെണ്‍കുട്ടി ദാരുണമാംവിധം അക്രമിക്കപ്പെട്ടത്.

ദില്ലിയില്‍നിന്ന് നിര്‍ഭയ നമ്മെ പൊള്ളിച്ചു കടന്നുപോയിട്ട് ഏറെക്കാലമായില്ല. നാടുമുഴുവന്‍ ഉണര്‍ന്നു ജ്വലിച്ച വന്‍മുന്നേറ്റത്തിനു രാജ്യം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ഇവിടെ നമ്മുടെ കേരളത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടി സ്വന്തം വീട്ടിലിരുന്ന് പരീക്ഷക്കു തയ്യാറെടുക്കുന്നതിനിടെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഗുജറാത്ത് കൂട്ടക്കൊലകള്‍ക്കിടയില്‍ കേട്ട കഥകളിലെന്നപോലെ ജനനേന്ദ്രിയം കുത്തിപ്പിളര്‍ക്കുന്ന കൊടുംക്രൂരത ബലാല്‍സംഗത്തിന്റെയോ കൊലപാതകത്തിന്റെയോ കള്ളികളില്‍ അടയാളമിടാവുന്ന കുറ്റകൃത്യമല്ല. വേട്ടയിലും ഹിംസയിലും അഭിരമിക്കുന്ന മനുഷ്യേതരമായ ഒരുന്മാദത്തിന്റെ ചുടലനൃത്തമാണത്.

എല്ലാ കൊടുംപാതകങ്ങള്‍ക്കും ആഞ്ഞുവീശാനാവുംവിധം നമ്മുടെ കാലത്തെ ജീവിതങ്ങളെ അരക്ഷിതമാക്കിത്തീര്‍ത്തത് ആരൊക്കെയാണ്? സാമൂഹികമായ സുരക്ഷയെന്നത് ജനാധിപത്യ ഭരണ സംവിധാനത്തില്‍ പൗരന്റെ അവകാശമോ നിര്‍ബന്ധമോ അല്ലാതാക്കിയ സാഹചര്യമേതാണ്? ഒരു നിലവിളിയും കേള്‍ക്കാത്ത വിധം നമ്മുടെ കാതുകള്‍ കൊട്ടിയടച്ചതാരാണ്? കേള്‍ക്കുന്ന നിലവിളികളിലേക്ക് ഓടിയെത്തിയിരുന്ന ചടുല താരുണ്യങ്ങളെ തണുപ്പന്‍ മെയ്‌ക്കോലങ്ങളാക്കി ഉടച്ചു വാര്‍ത്തതാരാണ്? എന്റെ പിഴ എന്റെ പിഴ എന്ന് എന്നെക്കൊണ്ട് നിലവിളിപ്പിക്കുന്നത് ഏതവ്യവസ്ഥിതത്വം തന്ന മെയ് വഴക്കമാണ്? വീട്ടിലേക്കു നടന്നുപോകുന്ന പത്തുവയസ്സുകാരനെ കുത്തി വീഴ്ത്തുന്നത്, വീട്ടിലിരുന്ന പെണ്‍കുട്ടിയെ വലിച്ചു കീറുന്നത്, വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്യുന്നത് കഴിഞ്ഞ കുറച്ചു നാളുകളായുള്ള നമ്മുടെ വാര്‍ത്തകളില്‍ നടുക്കമുണര്‍ത്തുകയാണ്. അന്യോന്യം തിരിച്ചറിയാനോ തുണയ്ക്കാനോ ആവാത്തവിധം നമ്മെയൊക്കെ അകറ്റിക്കൊണ്ടേയിരിക്കുന്ന അപമാനവികമായ ഒരു ദര്‍ശനം നമുക്കിടയില്‍ നുരഞ്ഞും പുളഞ്ഞും കിടപ്പുണ്ട്.

തീര്‍ച്ചയായും അത് സ്വയംഭൂവല്ല. കണ്ണില്ലാത്ത മത്സരത്തിന് നാമെല്ലാം തീറെഴുതിയതാണ്. അഥവാ ലാഭേച്ഛാ സംസ്‌കൃതി അതെല്ലാം നിഷ്‌ക്കരുണം കവര്‍ന്നെടുത്തതാണ്. തോറ്റുകൊണ്ടേയിരിക്കുന്ന ഒരു ജനതയ്ക്ക് ഇനി താഴാനിടമില്ല. അതിനാല്‍ അധികാരവും മദമാത്സര്യങ്ങളും ഇല്ലാതാക്കിയ മാനവിക മൂല്യങ്ങളെ നമുക്കു തിരിച്ചു പിടിക്കാതെ വയ്യ. പെണ്ണുങ്ങള്‍ നയിക്കട്ടെ അവരുടെ ജീവിക്കാനുള്ള അവകാശമുറപ്പിക്കുന്ന പ്രക്ഷോഭം. അപമാനംകൊണ്ട് നിവരാത്ത ശിരസ്സുമായി ആണുങ്ങള്‍ക്കും അവരെ തുണയ്ക്കാം. ദില്ലിയിലുണര്‍ന്നവരെല്ലാം ഉറങ്ങിക്കാണില്ല. കേരളത്തിന്റെ തെരുവുകളിലും നീതിയുടെ അഗ്നിനാളമെരിയട്ടെ.

എവിടെപ്പോയി വിപ്ലവകാരികള്‍, എവിടെപ്പോയി ബുദ്ധിജീവികള്‍ എന്നെല്ലാം മറ്റുള്ളവരെ പ്രതീക്ഷിച്ചും പഴിച്ചും കഴിയുന്നവരെ വെറുതെ വിടാം. സമരബന്ധുക്കളില്‍നിന്നേ സാമൂഹിക സുരക്ഷയുടെയും നീതിബോധത്തിന്റെയും കനലുകളാളുകയുള്ളു.

2 മെയ് 2016

 

1 അഭിപ്രായം

 1. ഇനി നേതാവെങ്ങാനും അപ്പിയിട്ടാലോ? അഥവാ ഫോര്‍ത്ത് എസ്റ്റേറ്റ്‌ന്‍റെ രാജ്യഭാരം!!
  ————————————————————————

  ജിഷയുടെ ഭീകര മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ദിനങ്ങള്‍ വൈകി. വായനക്കാരെ അറിയിക്കേണ്ട വിധം അറിയിച്ചതുമില്ല. ആ ഭീകരവും ദാരുണവുമായ കൊല ജനങ്ങളില്‍ ഒരു ചാഞ്ചാട്ടവും ഉണ്ടാക്കിയില്ല.

  സാമ്മൂഹ്യമാധ്യമങ്ങളുടെ ഇടപെടല്‍ കുറച്ചൊക്കെ പ്രശനങ്ങളെ ജനങ്ങളില്‍ വൈകാരികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

  എന്ത് കൊണ്ട് മയിന്‍സ്ട്രീം മാധ്യമപട അരങ്ങൊഴിഞ്ഞു?

  കാരണം രണ്ടു. തെരെഞ്ഞെടുപ്പും വികസനവും. കൈനിറയെ പണം, അവിടുന്നും ഇവിടുന്നും പിടുങ്ങാം!!!

  നേതാക്കളുടെ ആസനം താങ്ങി നടന്നാല്‍ മറ്റൊരു ഗുണം കൂടിയുണ്ട്.

  ഇനി നേതാവെങ്ങാനും അപ്പിയിട്ടാലോ? സമ്പൂര്‍ണ സായൂജ്യം!!!
  .
  .

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )