Article POLITICS

സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയം ജനാധിപത്യമല്ല മതരാഷ്ട്രീയമാണ്

muslim

രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ തുല്യാവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുന്നു. പ്രവേശനം നിഷേധിക്കപ്പെടുന്ന എല്ലായിടങ്ങളിലും ഇരച്ചുകയറുംവിധം ആവേശഭരിതമാണ് വരുന്ന വാര്‍ത്തകളെല്ലാം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ക്ഷേത്ര പ്രവേശനത്തിന് ദളിതര്‍ക്കൊപ്പം സ്ത്രീകളും സമരരംഗത്താണ്. പലയിടങ്ങളിലും വിലക്കു ലംഘിച്ച് മുന്നേറുന്നതും നാം കണ്ടു. മഹാരാഷ്ട്രയിലും സ്ത്രീകള്‍ തുല്യനീതിക്കുള്ള പോരാട്ടത്തിലാണ്. ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ നടത്തിയ മാര്‍ച്ച് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ മുംബെയിലെ ഹാജി അലി ദര്‍ഗയിലേക്ക് പ്രവേശിക്കാന്‍ മുസ്ലിം സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭം രാജ്യത്തെ യാഥാസ്ഥിതികരെ കുലുക്കിയുണര്‍ത്താന്‍ പര്യാപ്തമാണ്.

സ്ത്രീകളോടുള്ള വിവേചനം മത തത്വങ്ങള്‍ക്കെതിരാണ്. മതങ്ങള്‍ക്കകത്ത് ഉയര്‍ന്നുവന്ന പുരുഷാധിപത്യത്തിന്റെ നിശ്ചയങ്ങളാണ് അടിച്ചേല്‍പ്പിക്കപ്പെടുന്നത്. അതു മാറ്റണം. ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ കൂടിയായ സീനത്ത് ഷൗക്കത്തലി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നു. 2011 മുതല്‍ക്കാണ് ഹാജി അലി ദര്‍ഗയിലെ ശവകുടീരത്തിനടുത്ത് സ്ത്രീകള്‍ പ്രവേശിച്ചുകൂടാ എന്നു വിലക്കുണ്ടാവുന്നത്. മറ്റിടങ്ങളിലെല്ലാം വളരെക്കാലമായി നിലനിന്ന വിലക്കിനെതിരായാണ് സമരമെങ്കില്‍ ഈ ദര്‍ഗയില്‍ പുതിയ യാഥാസ്ഥിതികത്വം ഉണരുന്നതിനെതിരായാണ് സമരം. സ്ത്രീകളുടെ അശുദ്ധിയെ സംബന്ധിച്ച് പുതിയ ബോധോദയമുണ്ടായിരിക്കുകയാണ്. ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ വിലക്കിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകള്‍ക്ക് എവിടെയും വിലക്കില്ലെന്ന നിലപാടാണ് ഗവണ്‍മെന്റ് കോടതിയില്‍ സ്വീകരിച്ചത്. അതത്രയും ആശ്വാസകരമാണ്.

എന്നാല്‍ കാലങ്ങളായി തുടരുന്ന തെറ്റ് തിരുത്തുകയാണ് തങ്ങളെന്നാണ് ദര്‍ഗ കമ്മറ്റിയുടെ വാദം. ഇതിനെതിരെ ഹാജി അലി ഫോര്‍ ആള്‍ ഫോറം രൂപീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. മുംബെ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന മുസ്ലീംസ്ത്രീ കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രൊഫസര്‍ സീനത്ത് ഷൗക്കത്തലി ഇസ്ലാം തുല്യതയുടെ മതമാണെന്ന് ഓര്‍മിപ്പിച്ചു. ശവകുടീരങ്ങളില്‍ പോയി മരണത്തെയും ജീവിതത്തെയും അറിയണമെന്നും മരിച്ചുപോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമാണ് പ്രവാചകന്‍ പറഞ്ഞത്. അത് സ്ത്രീകളുടെ അവകാശമാണ്. സീനത്ത് അലി ആണധികാരങ്ങളെ നേരിടാന്‍ മുസ്ലീംസ്ത്രീകള്‍ക്ക് കരുത്തു പകര്‍ന്നു.

അഹമ്മദ് നഗറിലെ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര ക്ഷേത്രത്തിലും സ്ത്രീപ്രവേശനത്തിനുള്ള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ തൃപ്തി ദേശായി ഹാജി അലി ദര്‍ഗവിഷയത്തിലും പെണ്ണൊരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കാനെത്തി. ഹാജി അലി ഫോര്‍ ആള്‍ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് അവരാണ്. ശിവസേന നേതാക്കളിലൊരാളായ ഹാജി അറാഫത്ത് ഷെയ്ക്ക്, ദര്‍ഗയില്‍ പ്രവേശിച്ചാല്‍ തൃപ്തി ദേശായിയെ ചെരിപ്പൂരി അടിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ശിവസേനാ നേതാക്കള്‍ ഇത് പാര്‍ട്ടിയുടെ നയമല്ലെന്ന് തിരുത്തി. ദര്‍ഗയില്‍ പ്രവേശിക്കുമെന്ന തീരുമാനത്തില്‍ മുന്നോട്ടു പോവുകയാണ് മുസ്ലീം സ്ത്രീകള്‍.

ലിംഗസമത്വം ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. അത് നിഷേധിക്കാനാവില്ലെന്ന് ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതപരമായ വിഷയങ്ങളില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താനാവില്ല. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് വി ഗോപാല ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് വിലയിരുത്തല്‍. ഏപ്രില്‍ ആദ്യം ബോംബെ ഹൈക്കോടതിയുടെ സുപ്രധാനമായ വിധിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് ഗവണ്‍മെന്റിന്റെ അടിസ്ഥാന ചുമതലയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്ന വിധിയായിരുന്നു അത്. അതു നടപ്പാക്കി കിട്ടാനുള്ള പോരാട്ടമാണ് സ്ത്രീകള്‍ തുടരുന്നത്.

എണ്ണത്തിലും സാക്ഷരതയിലും മുന്നില്‍നില്‍ക്കുന്നവരാണ് കേരളത്തില്‍ സ്ത്രീകള്‍. ശബരിമലയില്‍ പ്രവേശനം വേണമെന്ന് ചില ഒറ്റപ്പെട്ട ശബ്ദങ്ങളുയര്‍ന്നുവെന്നല്ലാതെ സ്ത്രീകളുടെ പ്രസ്ഥാനമൊന്നും രൂപപ്പെടുകയുണ്ടായില്ല. അത്ര കടുത്ത വിശ്വാസമൊന്നും സ്ത്രീകളെ അലട്ടുന്നില്ലെന്ന് കരുതാമോ? അതല്ലെങ്കില്‍ പാരമ്പര്യവും കീഴ് വഴക്കവും തുടരേണ്ടതുതന്നെയാണെന്ന് ആണധികാരികള്‍ക്കു വശപ്പെടുകയാണോ അവര്‍? ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തെപ്പറ്റി ബോധ്യമേയില്ലെന്നു വരുമോ? മറുനാട്ടിലെ സ്ത്രീയുണര്‍വ്വ് കേരളത്തില്‍ പ്രകടമാകാതിരിക്കുന്നതിന്റെ പൊരുളെന്താവാം?

ശബരിമലയെ മുന്‍ നിര്‍ത്തിമാത്രം ഇത്തരം അഭിപ്രായങ്ങളിലെത്തുന്നത് ശരിയല്ലെന്നത് വാസ്തവം. പ്രത്യേകിച്ചും സമീപകാലത്ത് തൊഴിലെടുക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും പോരാടാനും രംഗത്തെത്തിയത് ചെറുതായി കണ്ടുകൂടാ. കോഴിക്കോട്ടെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഇരിക്കാനുള്ള സൗകര്യത്തിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യത്തിനുംവേണ്ടി സമരരംഗത്തിറങ്ങിയിട്ട് ഏറെയായില്ല. പിന്നീട് നേഴ്‌സുമാരുടെ പ്രക്ഷോഭങ്ങള്‍. മൂന്നാറിലെ പെണ്‍കൂട്ടായ്മയിലെത്തിയ ഉജ്വലമായ മുന്നേറ്റ ചരിത്രമാണത്. അവിടെയെല്ലാം തീവ്രമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സ്വാഭാവികമായ പൊട്ടിത്തെറികളായിരുന്നു. അവ ശിഥിലമാക്കാനാണ് ആണധികാര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ഉത്സാഹിച്ചത്.

ഇപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കാനുള്ള ഉത്സവം നടക്കുകയാണല്ലോ. അവിടെയും സ്ത്രീകള്‍ തഴയപ്പെടുന്നു. ജനസംഖ്യയില്‍ പകുതിയിലേറെയുള്ള ജനവിഭാഗത്തെ അവരുടെ മൗലികാവകാശങ്ങളില്‍നിന്ന് വിലക്കുന്നത് ആരാണ്? പെണ്ണവകാശങ്ങളെപ്പറ്റിയുള്ള ഉദ്‌ബോധനങ്ങളും പഠനങ്ങളും ഏറെ നടന്ന സംസ്ഥാനമാണ്. സ്ത്രീപഠന വിഭാഗങ്ങളുമുണ്ട് സര്‍വ്വകലാശാലകളില്‍. പക്ഷെ, സാമാന്യ നീതി നിഷേധിക്കപ്പെടുമ്പോള്‍ ദുര്‍ബ്ബലമായിപ്പോലും ഒരു സ്ത്രീ മുന്നേറ്റം രൂപപ്പെടുന്നില്ല. ഒരു സ്ത്രീയെപ്പോലും മത്സരരംഗത്തിറക്കാതെ ജനാധിപത്യ കേരളത്തില്‍ വോട്ടുചോദിക്കാന്‍ നെഞ്ചൂക്കു കാണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. ജനാധിപത്യത്തിന്റെ ബാലപാഠം മനസ്സിലാക്കാത്തവര്‍ എന്തിനു ജയിക്കണം എന്ന് ഒരു സ്ത്രീയും ചോദിക്കുന്നില്ല. പകുതി സീറ്റെങ്കിലും സ്ത്രീകളെ മത്സരിപ്പിച്ച് മാതൃകയാവാന്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുരുഷവീര്യം സമ്മതിക്കുന്നില്ല. വ്രതനിഷ്ഠയില്‍ കണിശതയുള്ള കേരളസ്ത്രീകള്‍ അവരുടെ നിശബ്ദമായ വഴക്കം തുടരുകയാണ്.

പാരമ്പര്യത്തെയും കീഴ് വഴക്കങ്ങളെയും താലോലിക്കുന്ന അയുക്തികമായ ഈ അഭ്യാസങ്ങള്‍ മതസങ്കുചിതത്വങ്ങളില്‍നിന്നും വര്‍ഗീയതയില്‍നിന്നും വലിയ ദൂരമൊന്നും പുലര്‍ത്തുന്നില്ല. ബഹുസ്വരമായ ജനാധിപത്യ വികാസത്തിന്റെ വാതിലുകളല്ല ഏകശാസനാത്മകമായ മതാധികാര രാഷ്ട്രീയത്തിന്റെ കവാടങ്ങളാണ് തുറക്കപ്പെടുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ പ്രവൃത്തിയില്‍ വിപരീത ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയ ജാഗ്രതയുള്ള കേരളം എന്ന വിശേഷണം അധികപ്പറ്റാണ് നമുക്ക്. സ്ത്രീയുണര്‍വ്വുകളെ ജനാധിപത്യത്തിന്റെ പുഷ്ടിപ്പെടലായി അംഗീകരിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്ന് രാജ്യം മുഴുവന്‍ സമരങ്ങള്‍കൊണ്ടു വിധിക്കുമ്പോള്‍ കേരളീയ സ്ത്രീകളുടെ സമരശുദ്ധി ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

28 ഏപ്രില്‍ 2016

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )